കന്യാസ്ത്രീ നല്കിയ പീഡനപരാതിയില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ലൈംഗീകശേഷിക്ഷമത പരിശോധനയ്ക്കു വിധേയമാക്കാന്‍ പോകുകയാണ്. ഒരു വ്യക്തിയുടെ ലൈംഗീകശേഷി തെളിയിക്കുന്നതിനുള്ള പരിശോധനയാണ് പൊട്ടനസി ടെസ്റ്റ്. ലൈംഗീക കുറ്റകൃത്യങ്ങളില്‍ നിയമത്തിന്റെ അനുവാദത്തോട് കൂടിയാണ് ഈ പരിശോധന നടത്താറുള്ളത്.
പൊട്ടന്‍സി ടെസ്റ്റിന്റെ ആദ്യ ഘട്ടത്തില്‍ രക്ത പരിശോധനയാണ് നടത്തുക. പ്രമേഹമോ വൃക്ക സംബന്ധമായ അസുഖങ്ങളോ ഉണ്ടോയെന്ന് അറിയാനാണ് രക്ത പരിശോധന. ഇത്തരം അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ലൈംഗീകശേഷി കുറയാനുള്ള സാധ്യത കൂടുതലാണ്.
പൊട്ടന്‍സി ടെസ്റ്റില്‍ പ്രധാനമായും മൂന്നു മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. സെമന്‍ അനാലിസിസ്, പീനൈല്‍ ഡോപ്ലര്‍ അള്‍ട്രാസൗണ്ട്, വിഷ്വല്‍ ഇറക്ഷന്‍ എക്സാമിനേഷന് എന്നീ മാര്‍ഗങ്ങളിലൂടെയാണ്.
സെമന്‍ അനാലിസിസ്
പുരുഷ ബീജത്തിന്റെ പരിശോധനയാണ് സെമന്‍ അനാലിസിസിലൂടെ നടത്തുന്നത്. ബീജത്തിന്റെ അളവ് കണ്ടെത്തുക എന്നതാണ് പ്രധാനം. പുരുഷന്മാരിലെ വന്ധ്യത, ലൈംഗീക ശേഷി നിര്‍ണ്ണയിക്കുന്നതില്‍ ബീജത്തിന്റെ അളവ് നിര്‍ണ്ണായകമാണ്. എന്നാല്‍ ഉദ്ധാരണശേഷിയെ ഈ പരിശോധനയിലൂടെ കണ്ടെത്താന്‍ വിഷമമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പീനൈല്‍ ഡോപ്ലര്‍ അള്‍ട്രാസൗണ്ട്
ഈ പരിശോധനയിലൂടെ ഉദ്ധാരണശേഷി ആണ് വിലയിരുത്തുന്നത്. ലിംഗത്തില്‍ മരുന്ന് കുത്തിവെച്ച ശേഷം പല തവണകളായി അള്‍ട്രാസൗണ്ട് സ്കാന്‍ ചെയ്യുന്നതാണ് രീതി. ഇതിലൂടെ ലിംഗത്തിലേയ്ക്കുള്ള രക്തയോട്ടത്തിന്റെ ഗതി മനസിലാക്കാനാണ് ഇതു ചെയ്യുന്നത്. സ്കാനിങ്ങിലൂടെ രക്തയോട്ടം നടക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസിലാക്കാനാകും. രക്തയോട്ടം നടക്കാത്ത സാഹചര്യമാണെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നമാണത്.
വിഷ്വല്‍ ഇറക്ഷന്‍ എക്സാമിനേഷന്
ഇതിലൂടെ സാധാരണഗതിയിലിരിക്കുന്നതും ഉദ്ധരിച്ചതുമായ രണ്ട് അവസ്ഥകളിലും ലിംഗത്തെ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ലൈംഗീക ശേഷിക്കുറവോ പ്രശ്നമോ ഉണ്ടോയെന്ന് കണ്ടെത്താന്‍ ഈ പരിശോധനയിലൂടെ സാധിക്കും. എന്നാല്‍ ഏതു മാര്‍ഗത്തിലൂടെയും ഒരു വ്യക്തിയുടെ ലൈംഗീക ശേഷി സംബന്ധിച്ച വിവരങ്ങള്‍ ക്യത്യമായി കണ്ടെത്തുക എന്നത് വിഷമകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.