Tuesday, October 23, 2018 Last Updated 26 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 23 Sep 2018 10.31 AM

ആദ്യദിനം ഉറക്കം ഐ.സി.യുവില്‍; രണ്ടാം ദിനം പോലീസ് ക്ലബിലെ എസി മുറിയില്‍: ഉച്ചയ്ക്ക് മീന്‍ കറി കൂട്ടിയുളള ഊണ്, അത്താഴം ചപ്പാത്തിയും ചിക്കനും

police custody

കോട്ടയം: പോലീസ് കസ്റ്റഡിയില്‍ ആദ്യദിനം ബിഷപ് ഫ്രാങ്കോ ഉറങ്ങിയത് മെഡിക്കല്‍ കോളജ് ആശുപത്രി ഐ.സി.യുവില്‍. ഇന്നലെ അദ്ദേഹത്തിന് പോലീസ് ക്ലബിലെ എ.സി. മുറിയാണു ലഭിച്ചത്. നെഞ്ചുവേദനയുണ്ടെന്നു പരാതിപ്പെട്ടതിനെത്തുടര്‍ന്നു വെള്ളിയാഴ്ച രാത്രി 10.40നാണു കോട്ടയത്തേക്കു കൊണ്ടുവരുന്നതിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ബിഷപ്പിനെ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.വി.എല്‍. ജയപ്രകാശിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. ഇ.സി.ജിയില്‍ നേരിയ വ്യതിയാനം കണ്ടതിനെത്തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. അവിടെയായിരുന്നു ഉറക്കം.

രാവിലെ വീണ്ടും ഡോ. വി.എല്‍. ജയപ്രകാശ് എത്തി പരിശോധന നടത്തി. ആരോഗ്യനില തൃപ്തികരമാണെന്നു കണ്ടെത്തിയതോടെ ഡിസ്ചാര്‍ജ് അനുവദിക്കാമെന്നു പോലീസിനെ അറിയിച്ചു. ഇതിനിടെ, ഒരു ചായ കുടിച്ചു. ഡിസ്ചാര്‍ജ് രേഖകള്‍ കരസ്ഥമാക്കി പത്തരയോടെയാണു ബിഷപ്പിനെ പോലീസ് ക്ലബ്ബിലേക്കു കൊണ്ടുപോയത്. നാലു പോലീസ് വാഹനങ്ങളുടെ അകമ്പടിയില്‍ കനത്ത സുരക്ഷയിലാണു ബിഷപ്പിനെ പോലീസ് ക്ലബില്‍ എത്തിച്ചത്. അവിടെവച്ചായിരുന്നു പ്രഭാത ഭക്ഷണം. പോലീസ് കാന്റീനില്‍നിന്നു അപ്പവും മുട്ടക്കറിയുമാണു നല്‍കിയത്. ഇതിനിടെ ബിഷപ്പിനുള്ള മരുന്നുകളും വസ്ത്രങ്ങളുമായി ഒരു സഹായിയെത്തി.

പിന്നീട് പാലാ കോടതിയിലേക്കു കൊണ്ടുപോകുന്നതിനുളള ഒരുക്കങ്ങള്‍ തുടങ്ങി. അപ്പോഴാണു കോടതിയില്‍ ഹാജരാക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട മെഡിക്കല്‍ രേഖകള്‍ മെഡിക്കല്‍ കോളജ് അശുപത്രില്‍നിന്നും വാങ്ങിയില്ലെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ ബിഷപ്പിനെ കൊണ്ടുപോയി മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങാന്‍ തീരുമാനിച്ചു. ഇതിനുള്ള ഒരുക്കങ്ങളും ജില്ലാ ആശുപത്രിയില്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ ഇതു വിവാദമാകുമെന്ന തോന്നല്‍ ചില ഉദ്യോഗസ്ഥര്‍ക്കുണ്ടായി. അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങി. ഈ റിപ്പോര്‍ട്ട് കിട്ടിയശേഷമാണ് 12.30ന് ബിഷപ്പിനെയുമായി അന്വേഷണ സംഘം പാലായ്ക്കു തിരിച്ചത്.യാത്രയിലുടനീളം ബിഷപ് പോലീസില്‍നിന്നു വെള്ളം വാങ്ങി കുടിച്ചു. എം.സി. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഇറഞ്ഞാല്‍, തിരുവഞ്ചൂര്‍, അയര്‍ക്കുന്നം, കിടങ്ങൂര്‍ വഴിയാണ് വാഹനവ്യൂഹം പാലായില്‍ എത്തിയത്. ആദ്യം കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ഉച്ചകഴിഞ്ഞ് 2.20നാണ് ബിഷപ്പിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീട് ബിഷപ് ഫ്രാങ്കോയെ പോലീസ് ക്ലബിലേക്ക് കൊണ്ടുവരുന്നത് വഴി മൂന്നരയോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും എത്തിച്ചു. ആശുപത്രില്‍ ഒരുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനകള്‍ക്ക് ശേഷം അഞ്ചു മണിയോടെ വീണ്ടും പോലീസ് ക്ലബിലേക്ക്.

മീന്‍ കറി കൂട്ടിയുളള ഊണായിരുന്നു ഉച്ചഭക്ഷണം. അത്താഴത്തിനായി ചപ്പാത്തിയും ചിക്കന്‍ കറിയും കൊണ്ടുവന്നെങ്കിലും ഉച്ച ഭക്ഷണം വൈകിയതിനാല്‍ ബിഷപ് കഴിച്ചില്ല. പോലീസ് ക്യാമ്പില്‍ തയാറാക്കുന്ന ഭക്ഷണമാണു ബിഷപ്പിനായി എത്തിച്ചത്. പോലീസ് ക്ലബിന്റെ മുകള്‍നിലയിലെ എ.സി. മുറിയാണു ബിഷപ്പിന്റെ താമസത്തിനായി ഒരുക്കിയത്. അന്വേഷണ സംഘത്തിലെ രണ്ടു ഉദ്യോഗസ്ഥരും ബിഷപ്പിനൊപ്പം മുറിയില്‍ ഉണ്ടായിരുന്നു. മുറിക്ക് പുറത്തും നാലു പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW