Sunday, June 16, 2019 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 24 Sep 2018 10.17 AM

അവിഹിതത്തിന് കൂട്ടുനിന്നവര്‍ സുരക്ഷിതര്‍, സത്യം വിളിച്ചുപറഞ്ഞാല്‍ വിലക്ക്, അവഹേളനം: സിസ്റ്റര്‍ ലൂസി; സഭാ നേതൃത്വത്തിന്റെ കണ്ണില്‍ അനുസരണയില്ലാത്ത കര്‍ത്താവിന്റെ മണവാട്ടി

Sister Lucy

മാനന്തവാടി: അവിഹിതത്തിന് കൂട്ടുനിന്നവരും തെളിവുനശിപ്പിക്കാന്‍ ഒത്താശ ചെയ്തവരും സുരക്ഷിതര്‍. ദുര്‍ന്നടപ്പുകളെ ചോദ്യം ചെയ്യുന്നവര്‍ക്ക് വിലക്കും അവഹേളനവും. വയനാട് കാരയ്ക്കാമല മഠത്തിലെ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഷേന്‍ അംഗമായ സിസ്റ്റര്‍ ലൂസിയുടെ അനുഭവം ഇതാണ് വ്യക്തമാക്കുന്നത്.

13 തവണ ബിഷപ് ബലാത്സംഗം ചെയ്ത കന്യാസ്ത്രീയെ സിസ്റ്റര്‍ ലൂസി സന്ദര്‍ശിച്ച് അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതും ബിഷപിനെതിരേ പ്രതീകരിച്ചതും സഭാ നിയമം പ്രകാരം ദൈവഹിതമല്ലെന്നാണ് കാരയ്ക്കാല സെന്റ് മേരീസ് പള്ളി വികാരിയുടെ വിശദീകരണ കുറിപ്പ് വ്യക്തമാക്കുന്നത്. അതേസമയം കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരിയായിരുന്ന ഫാ. റോബിന്‍ പീഡിപ്പിച്ച പെണ്‍കുട്ടി ജന്മം നല്‍കിയ ചോരക്കുഞ്ഞിനെ ഒളിപ്പിക്കാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്ന കന്യാസ്ത്രീകളടക്കമുള്ളവര്‍ക്കെതിരേ പരസ്യമായ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന ചോദ്യത്തിന് സഭാ നേതൃത്വത്തിന് മറുപടിയില്ല.

ഫാ. റോബിനുമായുള്ള ശാരീരിക ബന്ധത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജന്മം നല്‍കിയ ചോരക്കുഞ്ഞിനെ രാത്രിയുടെ മറവില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഒരു വൈദീകനും മൂന്ന് കന്യാസ്ത്രീകളും പ്രതികളാണ്. പ്രതികള്‍ നല്‍കിയ കേസില്‍ രണ്ടു കന്യാസ്ത്രീകളെയും ഒരു ഡോക്ടറെയും മാത്രമാണ് സുപ്രീംകോടതി കേസില്‍ നിന്ന് ഒഴിവാക്കിയത്. പെണ്‍കുട്ടിയുടെ പ്രസവം നടന്ന ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടറും കന്യാസ്ത്രീകളുമാണിവര്‍. ഏഴാം പ്രതി സിസ്റ്റര്‍ ലിസ് മരിയ, എട്ടാം പ്രതി സിസ്റ്റര്‍ അനീറ്റ, മറ്റ് പ്രതികളായ ഫാ. തോമസ് ജോസഫ് തേരകം, ഡോ. സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവര്‍ വിചാരണ നേരിടണമെന്നാണ് രാജ്യത്തെ പരമോന്നത കോടതി നിര്‍ദേശിച്ചത്. ഇവര്‍ക്കെതിരേ സഭ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഇവര്‍ക്ക് സഭാ ശുശ്രൂഷകള്‍ ചെയ്യുന്നതില്‍ വിലക്കുമില്ല. ഇതില്‍ നിന്ന് സഭയുടെ നിലപാട് വ്യക്തം.

ഫാ. റോബിന്‍ നിരപരാധിയാണെന്നും അദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമുളള സന്ദേശങ്ങളാണ് രൂപതാ കേന്ദ്രത്തില്‍ നിന്ന് ആദ്യം പുറത്തുവന്നിരുന്നത്. എന്നാല്‍ അധികം വൈകാതെ കുട്ടിയുടെ പിതാവ് ഫാ. റോബിന്‍ ആണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞു. ബ്രഹ്മചര്യം നിത്യവ്രതമായി സ്വീകരിച്ച പുരോഹിതന്‍ അവിഹിത ബന്ധത്തിലേര്‍പ്പെട്ടുവെന്ന് ഇതിലൂടെ തെളിഞ്ഞു. കൊട്ടിയൂര്‍ പീഡനക്കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

തന്റെ മകള്‍ പൂര്‍ണമായ സമ്മതത്തോടു കൂടിയാണ് ഫാ. റോബിനുമായി ശാരീരിക വേഴ്ചയിലേര്‍പ്പെട്ടതെന്നാണ് കേസിലെ സാക്ഷികളായ മാതാപിതാക്കള്‍ കോടതിയില്‍ മൊഴി നല്‍കിയത്. സഭാ നിയമം പ്രകാരം ഫാ. റോബിന്‍ ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നതിന് ഇതിലും വലിയ തെളിവ് വേറെയില്ല. ഈ വിഷയത്തില്‍ രൂപതാ നേതൃത്വം അപക്വമായ നിലപാട് സ്വീകരിച്ച് വിഷയം സങ്കീര്‍ണമാക്കി സഭക്ക് കൂടുതല്‍ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തല്‍ വൈദീകര്‍ക്കുണ്ട്.

കൊട്ടിയൂരിലെ പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിനെ വയനാട് വൈത്തിരിയിലെ അനാഥാലയത്തില്‍ രഹസ്യമായി എത്തിക്കാന്‍ രാത്രിക്ക് ഒറ്റക്കിറങ്ങിത്തിരിച്ചത് ഒരു പറ്റം കന്യാസ്ത്രീകളും ഒരു കന്യാസ്ത്രീയുടെ മാതാവുമായിരുന്നു.

2017 ഫെബ്രുവരി ഏഴിന് രാവിലെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. വൈകീട്ട് ഏഴുമണിയോടെ ക്രിസ്തുരാജ ആശുപത്രിയിലെ കന്യാസ്ത്രീകള്‍ ആശുപത്രിയുടെ വാഹനത്തിലാണ് ശിശുവിനെയുംകൊണ്ട് വയനാട്ടിലേക്കു പുറപ്പെട്ടത്. വാഹനം ഓടിച്ചത് സിസ്റ്റര്‍ അനീറ്റയായിരുന്നു. കന്യാസ്ത്രീ ലിസ് മരിയയുടെ മാതാവ് തങ്കമ്മയെയും കൂടെ കൂട്ടി. ഇവരും കേസില്‍ പ്രതിയാണ്. പാതിരാത്രിക്കാണ് കന്യാസ്ത്രീകള്‍ വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിയത്. എട്ടിന് രാവിലെ കുട്ടിയെ പ്രവേശിപ്പിച്ചതായാണ് ദത്തെടുക്കല്‍ കേന്ദ്രത്തിലെ രേഖകളിലുള്ളത്. മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ ആരുമില്ലാതെ കന്യാസ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു കുഞ്ഞിനെ വയനാട്ടിലേക്ക് കൊണ്ടുവന്നത്.

മറ്റാരുടെയെങ്കിലും നിര്‍ദേശമില്ലാതെ കന്യാസ്ത്രീകള്‍ ഇങ്ങനെ ചെയ്യില്ലെന്നും സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നുമുള്ള യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. സിസ്റ്റര്‍ ലൂസി തൃശൂരിലേക്കാണെന്ന് പറഞ്ഞ് എറണാകുളത്ത് കന്യാസ്ത്രീകളുടെ സമരപന്തലില്‍ ഐക്യദാര്‍ഡ്യവുമായി എത്തിയത് സഭയുടെ കണ്ണില്‍ വലിയ നിയമലംഘനമായി. അതേ സമയം വൈദീകന്റെ അവിഹിത ബന്ധം ഒളിപ്പിക്കാന്‍ കൂട്ടുനിന്ന വിഷയം ഗൗനിക്കുന്നുമില്ല.

ഇവിടെയാണ് സിസ്റ്റര്‍ ലൂസിയുടെ നിലപാടുകള്‍ക്ക് പ്രസക്തിയേറുന്നത്. കന്യാസ്ത്രീകള്‍ വൈദീകരോട് വിധേയത്വം പുലര്‍ത്തിയും അവരുടെ അടിമപണി ചെയ്തും കാലം കഴിക്കേണ്ടവരല്ല എന്ന് പലതവണ സിസ്റ്റര്‍ ലൂസി തുറന്നടിച്ചിട്ടുണ്ട്. പൊതുസമൂഹത്തില്‍ തന്റേടി എന്ന പേരുള്ള സിസ്റ്റര്‍ ലൂസി സഭാ നേതൃത്വത്തിന്റെ കണ്ണില്‍ അനുസരണയില്ലാത്ത കര്‍ത്താവിന്റെ മണവാട്ടിയാണ്.

2005 ല്‍ സിസ്റ്റര്‍ ലൂസി എഴുതിയ കവിതാ സമാഹാരം പ്രസിദ്ധീകരിക്കാന്‍ സഭാ നേതൃത്വം അനുവാദം കൊടുത്തിരുന്നില്ല. പിന്നീട് 2018 ല്‍ അവര്‍ സ്വന്തമായി സ്‌നേഹമഴ എന്ന പേരില്‍ കവിതാ സമാഹാരം പുറത്തിറക്കി. ക്രിസ്തീയ ഭക്തി ഗാന വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂളില്‍ നിന്ന് ഒരിക്കല്‍ സിസ്റ്റര്‍ ലൂസിയെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിയമപോരാട്ടത്തിലൂടെ സിസ്റ്റര്‍ ലൂസി തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിപ്പിച്ചിരുന്നു. കോടികളുടെ കെട്ടിടങ്ങള്‍ നിര്‍മിച്ചുകൂട്ടുമ്പോഴും മഠത്തിന് സ്വന്തമായി വാഹനമില്ലാത്തതില്‍ പ്രതിഷേധിച്ച് സിസ്റ്റര്‍ സ്വന്തമായി വാഹനം വാങ്ങിയതും നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

Ads by Google
സ്വന്തം ലേഖകന്‍
Monday 24 Sep 2018 10.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW