Saturday, February 16, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 30 Sep 2018 12.34 AM

ഒരു ഫാസിസ്‌റ്റ് പ്രണയകഥ

uploads/news/2018/09/252679/sun2.jpg

അവസാനം ഞാനിന്ന്‌ അവളെ ഔദ്യോഗികമായി എന്റെ ജീവിതപങ്കാളിയാക്കാന്‍ തീരുമാനിച്ചു. അതിനും ഏതാനും മണിക്കൂറുകള്‍ മുന്‍പ്‌ ഞാന്‍ ഞങ്ങളുടെ ആത്മഹത്യയെ പറ്റിയും ആലോചിച്ചുറപ്പിച്ചു. ഇനിയുള്ളത്‌ ഏതാനും മണിക്കൂറുകള്‍! അതിനുമുന്‍പ്‌ ചെയ്‌തു തീര്‍ക്കാന്‍ ഈ ഒരു കടമ കൂടി! അവള്‍ക്ക്‌ ഒരു മേല്‍വിലാസം വേണം. ഞങ്ങളുടെ ബന്ധത്തിന്‌ ഒരു പേര്‌ വേണം. മരണത്തിലെങ്കിലും എല്ലാ അര്‍ത്ഥത്തിലും എനിക്ക്‌ അവളുടേതാകണം. നീണ്ട പതിനാറുവര്‍ഷം എനിക്കുവേണ്ടി കാത്തിരുന്നവള്‍ക്ക്‌, ഞാന്‍ അത്രയെങ്കിലും ചെയ്യണം!
ഉത്തരവിട്ടു മാത്രം പരിചയമുള്ള എനിക്ക്‌, അവളില്‍ ഈ കാര്യം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. അപേക്ഷിക്കാന്‍ അറിയുകയുമില്ല. രാഷ്‌ട്രത്തലവനാണ്‌ ഞാന്‍! ഒരു ജനതയുടെ മുഴുവന്‍ നായകന്‍.
വിഷയം അവതരിപ്പിച്ചേ മതിയാവൂ! വിവാഹം.. അധികം താമസിയാതെ മരണം.
വിവാഹം അവളെ ഒന്ന്‌ അമ്പരപ്പിക്കും. ഒരുപക്ഷേ, പൊട്ടിത്തെറിക്കും, അല്ലെങ്കില്‍ പൊട്ടിക്കരയും.
മരണം മറ്റെല്ലാവരെയുംപോലെ അവളും പ്രതീക്ഷിക്കുന്ന ഒന്നാണ്‌. ആരുടെ കൈകൊണ്ട്‌, എങ്ങനെ, എപ്പോള്‍ എന്ന ചോദ്യങ്ങളേ ഉണ്ടായിരുന്നുള്ളു. അധികം വൈകില്ല! ശത്രുക്കള്‍ അടുത്ത്‌ എത്തികഴിഞ്ഞു. ദുര്‍ബലമെങ്കിലും ശൗര്യം ഒട്ടും കൈവിടാതെ ഒരു ചെറിയ വിഭാഗം സൈന്യം ചെറുത്തു നില്‍ക്കുന്നുണ്ട്‌. കൂടെ ഈ രാഷ്‌ട്രത്തെയും വംശത്തെയും എന്നെയും സ്‌നേഹിക്കുന്ന ഒരുകൂട്ടം ജനങ്ങള്‍, ആയുധമെടുത്ത്‌ പൊരുതുന്നുമുണ്ട്‌. പക്ഷെ ഒന്നിനും, ഇനി ഒന്നിനും വിധിയെ മാറ്റിമറിക്കാന്‍ കഴിയില്ല. മരണം അല്ലെങ്കില്‍ കീഴടങ്ങല്‍, മുന്നില്‍ രണ്ടുവഴി മാത്രം! അവള്‍ക്കു മുന്നില്‍ ചോദ്യചിഹ്നങ്ങളുമായി അങ്ങനെ നില്‍ക്കുമ്പോഴും മനസ്‌ കലുഷിതമായിരുന്നു.
വിവാഹം.. പിന്നെ അധികം വൈകാതെ ആത്മഹത്യ! ഞാന്‍ ഒരു വിധത്തില്‍ വിഷയം അവള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ലോകത്തില്‍ ഈ വിധം വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ആദ്യത്തെയും അവസാനത്തെയും കാമുകന്‍ ഞാനായിരിക്കും! അണിയിക്കാന്‍ രത്നമോതിരമോ കണ്ണില്‍ പ്രതീക്ഷകളോ ഇല്ലാതെ!
'എന്തിന്‌? ഈ വൈകിയ വേളയില്‍ ഇനി ഇതെല്ലാം എന്തിന്‌?' സ്വാഭാവികമായും ഞാന്‍ അവളില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന ചോദ്യം. പക്ഷെ അതുണ്ടായില്ല. പൊട്ടിത്തെറിയോ പൊട്ടിക്കരച്ചിലോ ഉണ്ടായില്ല.
അല്ലെങ്കിലും തീരുമാനങ്ങള്‍ എടുത്തിരുന്നത്‌ എന്നും ഞാന്‍ മാത്രമായിരുന്നു. നിസ്സംഗത പണ്ടേ അവള്‍ അലങ്കാരമായി സ്വീകരിച്ചിരുന്നു. പക്ഷെ ഇന്ന്‌ ആ കണ്ണുകളില്‍ നിറവുണ്ടായിരുന്നു. അതിന്റെ അര്‍ത്ഥം എനിക്ക്‌ വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല.
'നിനക്ക്‌ എന്നോട്‌ ഒന്നും ചോദിക്കാനില്ലേ? ഒന്നും പറയാനില്ലേ?' ഞാന്‍ അസ്വസ്‌ഥതയോടെ ചോദിച്ചു.
അവള്‍ ചിരിച്ചു. തുളുമ്പുന്ന കണ്ണുകള്‍ എന്റെ കണ്ണുകളില്‍ ഉടക്കിയപ്പോള്‍ ഞാന്‍ അസ്വസ്‌ഥതയോടെ മുഖംതിരിച്ചു. അവള്‍ വിട്ടില്ല. അടുത്തുവന്ന്‌ എന്റെ മുഖം കയ്യിലെടുത്ത്‌ കണ്ണുകളിലേക്ക്‌ ഉറ്റു നോക്കി.
'പ്രിയനേ...' വാക്കുകള്‍ കണ്ടെത്താന്‍ അവള്‍ ബുദ്ധിമുട്ടുന്നുവോ? അതോ ശബ്‌ദം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണോ, അവള്‍ ഒരു നിമിഷം നിശ്‌ചലയായി എന്നെ നോക്കി. പിന്നെ തുടര്‍ന്നു.
'നിന്റെ കണ്ണുകളില്‍ ഇപ്പോള്‍ സ്‌നേഹത്തിന്റെ തിളക്കമുണ്ട്‌. മുന്‍പെന്നത്തേക്കാളും കൂടുതല്‍! അവ പറയുന്നുണ്ട്‌ നീ എന്നെപ്പറ്റി എത്രത്തോളം ഉത്‌ക്കണ്‌ഠപ്പെടുന്നു എന്ന്‌. എന്നെ സംബന്ധിച്ചിടത്തോളം അതിലും വലിയ സന്തോഷം മറ്റൊന്നില്ല.'
ഞാന്‍ എന്ത്‌ ചോദിക്കുന്നു അവള്‍ എന്ത്‌ പറയുന്നു. ഞാന്‍ വീണ്ടും ചോദിച്ചു.
'ഞാന്‍ ചോദിച്ചത്‌ ആത്മഹത്യയെക്കുറിച്ചാണ്‌!'
മറുപടി ഒരു ചിരിയായിരുന്നു. അവളുടെ ചുണ്ടുകളുടെ കോണില്‍ നിന്നും ഊറിവന്ന ഒരു ചിരി. പിന്നെ അതൊരു പൊട്ടിച്ചിരിയായി. ഉറക്കെ! എന്റെ മുന്നില്‍ അത്ര ശബ്‌ദത്തില്‍ ചിരിക്കാന്‍ അവള്‍ക്കും അപൂര്‍വ്വം ചില സുഹൃത്തുക്കള്‍ക്കും മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. അതും അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ സ്വകാര്യ നിമിഷങ്ങളില്‍. സദാസമയവും എന്നെ ചുറ്റിപ്പറ്റിയുള്ള കണ്ണുകളും കാതുകളും കാതങ്ങള്‍ ദൂരെയെന്ന്‌ ഉറപ്പുള്ളപ്പോള്‍ മാത്രം! പക്ഷെ, ഇന്ന്‌ ഈ ബങ്കറിനുള്ളിലെ ഈ കുടുസുമുറിക്കു പുറത്ത്‌ അവളുടെ ചിരി പലതവണ പ്രതിധ്വനിച്ചിട്ടുണ്ടാവാം. പുറത്ത്‌, അതുകേട്ട്‌ എന്റെ അനുചരന്മാരും, പടത്തലവന്മാരും, ഉപദേശകരും അത്ഭുതത്തോടെ പരസ്‌പരം നോക്കുന്നുണ്ടാവാം. പക്ഷെ അതൊന്നും എന്നെ ബാധിക്കുന്നില്ല. ഞാന്‍ അവളുടെ വാക്കുകള്‍ക്ക്‌ വേണ്ടി കാതോര്‍ക്കുകയാണ്‌.
'എന്റെ വോള്‍ഫ്‌...' അവളുടെ കൈകള്‍ എന്റെ ഇരുചുമലിലിലും അമര്‍ന്നു. ഇത്ര അധികാരത്തോടെ അവള്‍ എന്നെ ഇതുവരെ സ്‌പര്‍ശിച്ചിട്ടില്ല.
'മരിക്കാന്‍ എനിക്ക്‌ ഭയമില്ല!' അവള്‍ ഒന്ന്‌ നിര്‍ത്തി.
'ഓര്‍മയില്ലേ! ഒരിക്കലല്ല.. രണ്ടു തവണ മരണത്തെ വരിക്കാന്‍ ശ്രമിച്ചവളാണ്‌ ഞാന്‍. രണ്ടുവട്ടവും മടുത്തിട്ട്‌... നിന്റെ സ്‌നേഹത്തിനും സാമീപ്യത്തിനും സമയത്തിനും വേണ്ടി കാത്തിരുന്ന്‌ കാത്തിരുന്ന്‌ മടുത്തിട്ട്‌... ആ എനിക്ക്‌ നിന്നോടൊപ്പം മരണത്തിലേക്ക്‌ സഞ്ചരിക്കാന്‍ എന്തിനു ഭയം! സന്തോഷത്തോടെ, പൂര്‍ണ്ണമായ മനസോടെ ഞാന്‍ അനുസരിക്കും. നിന്നെ അനുഗമിക്കും.'
ഇപ്പോള്‍ മറുപടിയില്ലാതായതു എനിക്കാണ്‌. ശരീരം തളരുന്നുണ്ടോ? ഞാന്‍ പതിയെ പുറകിലെ മേശയില്‍ കയ്യൂന്നി. തളര്‍ച്ച ആരും അറിയരുത്‌. അവസാനനിമിഷംവരെ ശരീരവും മനസും തളരുന്നത്‌ ആരും അറിയരുത്‌. ആ മുറിയിലെ വൈദ്യുതി ബള്‍ബുകളുടെ അരണ്ട വെളിച്ചം ഒന്ന്‌ മങ്ങിത്തെളിഞ്ഞു. അടുത്തെങ്ങോ ബോംബിങ്‌ നടക്കുന്നു. ഞാന്‍ അവളെ നോക്കി. അപ്പോഴും ആ ചിരി മാഞ്ഞിട്ടില്ല. ഭയത്തിന്റെ ലാഞ്ചനപോലും ഇല്ല ആ മുഖത്ത്‌. എന്നെക്കാള്‍ ശക്‌തയാണ്‌ അവള്‍.
അവള്‍ എന്നെ അടുത്തുള്ള ആ കുഴിഞ്ഞ സോഫയിലേക്ക്‌ നയിച്ചു. അവള്‍ തുടരുകയാണ്‌. എനിക്ക്‌ വിശ്വാസം തരികയാണ്‌.
'എന്നെ വിശ്വസിക്കൂ. ഈ ജന്മത്തിന്റെ പാതിയില്‍കൂടുതല്‍ നിനക്കുവേണ്ടി കാത്തിരിക്കുക എന്ന കര്‍മ്മം മാത്രം ചെയ്‌തവളാണ്‌ ഞാന്‍. ആ ഞാന്‍ നിന്നെ അനുഗമിക്കാനുള്ള ഒരവസരവും വൃഥാവിലാക്കില്ല! ജീവിതത്തില്‍ നേടാന്‍ കഴിയാഞ്ഞത്‌ മരണത്തിലൂടെ നേടാന്‍ വന്ന ഈ അവസരം ഞാന്‍ പാഴാക്കില്ല. ഈ കണ്ണുകളിലെ പ്രണയത്തിന്റെ തിളക്കം അണയുമ്പോള്‍, ഈ ശരീരത്തിലെ ജീവന്റെ തുടിപ്പ്‌ നിലയ്‌ക്കുമ്പോള്‍...കൂടെ എന്റെ ജീവന്റെ തിരിയും അണയും.'
പലതവണ കേട്ടതാണെങ്കിലും എനിക്ക്‌ ചിരിയാണ്‌ വന്നത്‌. എന്റെ കണ്ണുകളില്‍ പ്രണയത്തിന്റെ തിളക്കം ഉണ്ടത്രേ. ഈ ലോകത്തില്‍ അങ്ങനെ പറയുന്ന ഒരേ ഒരാള്‍ ഇവളായിരിക്കും. കഥകള്‍ പലതുണ്ട്‌. ഞാന്‍ സ്‌ത്രീലമ്പടനാണെന്നും, വിചിത്രമായ ലൈംഗിക അഭിരുചി ഉള്ളവനാണെന്നും, എന്തിന്‌, സ്വവര്‍ഗ്ഗരതിക്കാരന്‍ ആണെന്ന്‌ കൂടി പറയുന്നവരുണ്ട്‌. പക്ഷെ മറ്റാരും, എനിക്ക്‌ പ്രണയിക്കാന്‍ അറിയാമെന്ന്‌ പറഞ്ഞിട്ടില്ല. എന്റെ മുഖത്തുവിരിഞ്ഞ ചിരി കണ്ടിട്ടാവണം അവള്‍ പറഞ്ഞത്‌ഃ
'പക്ഷെ, ഒന്നുണ്ട്‌! അന്നും ഇന്നും നിങ്ങളുടെ ഓമനയായ വളര്‍ത്തു നായിനെ നോക്കുമ്പോളാണ്‌ ഈ കണ്ണുകള്‍ കൂടുതല്‍ തിളങ്ങാറുള്ളത്‌. അതിനോടാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ സ്‌നേഹം. പാതി കാര്യവും പാതി കളിയുമായിട്ടാണ്‌ അവള്‍ പറഞ്ഞത്‌. അവള്‍ക്ക്‌ എന്റെ വളര്‍ത്തുനായയായ ബ്രൗണിയോട്‌ കടുത്ത അസൂയയായിരുന്നു. എന്നും അവളെക്കാള്‍ ഞാന്‍ ബ്രൗണിയെ സ്‌നേഹിക്കുന്നു എന്ന്‌ പരാതിയായിരുന്നു. അവളുടെ പരാതികളെ അവഗണിക്കാന്‍ കഴിയില്ല. സത്യമാണ്‌, സ്‌നേഹവും സമയവും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ ഞാന്‍ കൂടുതല്‍ സമയം ചിലവഴിച്ചത്‌ ബ്രൗണിയോടൊപ്പം ആണ്‌. കൂടുതല്‍ തലോടിയത്‌ ബ്രൗണിയെയാണ്‌! അവള്‍ തുടക്കം മുതലേ ദൂരത്തായിരുന്നു. തൊട്ടരികിലുള്ളപ്പോഴും ദൂരത്തില്‍!
തുടക്കം! ആ സായാഹ്നം എനിക്കിപ്പോഴും ഓര്‍മയുണ്ട്‌. ഞാന്‍ അവളെ ആദ്യമായി കാണുമ്പോള്‍ അവള്‍ക്കു പതിനേഴു വയസ്സാണ്‌. അന്ന്‌ നാട്ടിലെ പ്രശസ്‌തനായ ഒരു ചിത്രകാരന്റെ സഹായിയായിരുന്നു അവള്‍.
ഞാന്‍ അന്ന്‌ രാഷ്‌ട്രീയത്തില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്ന ഒരുവനും. തികച്ചും അവഗണിക്കപ്പെട്ട ഒരു ബാല്യവും ദാരിദ്ര്യവും വിശപ്പുംമാത്രം കൈമുതലായുള്ള എനിക്ക്‌, സ്വന്തമായൊരു മേല്‍വിലാസം ഉണ്ടാക്കാന്‍ പലതും ചെയ്യേണ്ടിയിരുന്നു. ചിത്രങ്ങള്‍ അതില്‍ ഒന്നായിരുന്നു. സമ്മേളനവേദികളില്‍, വീഥികളില്‍, പത്രത്താളുകളില്‍, മുഖചിത്രങ്ങളില്‍ എന്റെ ചിത്രങ്ങള്‍ നിറയണം. ജനങ്ങള്‍ എന്നെ കാണണം. തിരിച്ചറിയണം! അങ്ങനെയാണ്‌ ആ ചിത്രകാരനെ കണ്ടുപിടിച്ചത്‌. പോകെ പോകെ ആ ചിത്രകാരന്‍ വരയ്‌ക്കുന്നത്‌ എന്റെ ചിത്രങ്ങള്‍ മാത്രമായി എന്നത്‌ മറ്റൊരു സത്യം.
ആസന്നമായ തിരഞ്ഞെടുപ്പിനുള്ള ചിത്രങ്ങള്‍ പകര്‍ത്താനാണ ആ സന്ധ്യയ്‌ക്ക് ഞാന്‍ സ്‌റ്റുഡിയോയില്‍ എത്തിയത്‌്. സ്‌റ്റുഡിയോയുടെ മുന്‍വാതില്‍ കടന്ന്‌, അകത്ത്‌ ചെന്ന ഞാന്‍ കണ്ടത്‌ കോവണികള്‍ക്കു മുകളില്‍ എന്തോ തിരയുന്ന ആ കൊച്ചുസുന്ദരിയുടെ പിന്‍വശമാണ്‌. ശബ്‌ദംകേട്ട്‌ തിരിഞ്ഞു നോക്കി എന്നെ കണ്ടതും അവള്‍ തിടുക്കത്തില്‍ താഴേക്കിറങ്ങി വന്നു. അവളുടെ കണ്ണുകള്‍ അസാധാരണമായി എന്നെ അടിമുടി ഉഴിഞ്ഞു. എന്തോ തിരയുന്ന പോലെ! ഏതോ മുന്‍പരിചയം പോലെ! എനിക്കും എന്റെ കണ്ണുകളെ തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല. അവള്‍ അവളുടെ ബോസിന്‌ വൈനും എനിക്ക്‌ ചുടുകാപ്പിയും പകര്‍ന്നു തന്നു. ആ കൂടിക്കാഴ്‌ചയുടെ സമ്മാനമായി ഞാന്‍, മറ്റൊരാള്‍ക്കുവേണ്ടി പോക്കറ്റില്‍ കരുതിയ ഷേക്‌സ്പീരിയന്‍ നാടകത്തിന്റെ ടിക്കറ്റ്‌ അവള്‍ക്ക്‌ സമ്മാനിച്ചു. ആ നാടകത്തിന്‌ കാണിയായി അവളുടെ തൊട്ടരികില്‍ ഞാനും ഉണ്ടായിരുന്നു. അന്നാദ്യമായി ഞങ്ങള്‍ ഒരുമിച്ചു സമയം ചിലവഴിച്ചു. അതായിരുന്നു തുടക്കം.
'പ്രായക്കൂടുതല്‍ ഉണ്ടെങ്കിലും ആദ്യനോട്ടത്തില്‍തന്നെ, നിങ്ങളുടെ ഈ കണ്ണുകളും തൊപ്പിയും നീളന്‍ കോട്ടും എനിക്ക്‌ ഇഷ്‌ടപ്പെട്ടു.' അവള്‍ അന്ന്‌ കളിയായി പറഞ്ഞു.
ഒരുപക്ഷെ അത്‌ അന്ന്‌ അവിടെ അവസാനിക്കുമായിരുന്നു. പക്ഷെ രണ്ട്‌ ദിവസം കഴിഞ്ഞ്‌ അപ്രതീക്ഷിതമായി അവളുടെ ഒരു കുറിപ്പ്‌ വന്നു.
'മിസ്‌റ്റര്‍, മനോഹരമായ ഒരു സായാഹ്നഹ്നം എനിക്ക്‌ സമ്മാനിച്ചതിന്‌ നന്ദി പറയാനാണ്‌ ഈ കുറിപ്പ്‌. ഇനിയൊരിക്കല്‍കൂടി അങ്ങനെ കുറച്ചുസമയം കിട്ടിയിരുന്നെങ്കിലെന്ന്‌ ആശിക്കുന്നു. തിരക്കുള്ള ആളാണെന്നറിയാം. അത്യാഗ്രഹം ആണെങ്കില്‍ സദയം ക്ഷമിക്കുമല്ലോ! കാത്തിരിക്കുന്നു...'
അന്നെനിക്ക്‌ അവളെക്കാള്‍ ഇരട്ടിയിലധികം പ്രായമുണ്ട്‌. രാഷ്‌ട്രത്തലവന്‍ ആകുന്നതിനു മുന്‍പാണ്‌. അധികാരത്തിലേക്കുള്ള ചവിട്ടുപടികള്‍ ചവിട്ടി തുടങ്ങിയിട്ടേ ഉള്ളു. പക്ഷെ ജനത്തിന്‌ ഞാന്‍ അപരിചിതനും അല്ല. എന്റെ പ്രസംഗങ്ങളും പുസ്‌തകവും അതിനോടകം തന്നെ രാജ്യത്തു ചര്‍ച്ചാവിഷയമായിരുന്നു. അവള്‍ക്ക്‌ എന്നോട്‌ തോന്നിയ മുന്‍പരിചയം ഒരു പക്ഷെ അതായിരിക്കും. പക്ഷെ എനിക്ക്‌ അവളോട്‌ തോന്നിയത്‌ എന്താണ്‌! ഞാന്‍ അവളെയാണോ അതോ അവള്‍ എന്നെയാണോ കീഴടക്കിയത്‌? ഉത്തരമില്ല!
അന്നുവരെ മറ്റൊന്നിനും എന്റെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗത്തില്‍നിന്നും എന്നെ വ്യതിചലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്റെ അന്നത്തെ അവസ്‌ഥയില്‍, പണവും പെണ്ണും ഒരു വിഷയമായിരുന്നില്ല. ഒന്ന്‌ കണ്ണടച്ചാല്‍ പലതും കൈപ്പിടിയില്‍ ഒതുങ്ങും. അത്രത്തോളം സ്വാധീനം ഞാന്‍ നേടിയിരുന്നു. പക്ഷെ അതല്ല എന്റെ ലക്ഷ്യം. എന്നിട്ടും പെട്ടെന്ന്‌ എവിടെ നിന്നാണ്‌ ഇവള്‍ എന്റെ ജീവിതത്തില്‍ പൊട്ടിവീണത്‌? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍!
വര്‍ഷങ്ങള്‍ പലത്‌ സൂക്ഷ്‌മതയോടെ, നിഷ്‌ഠയോടെ ഞാന്‍ ഒരു കര്‍മ്മത്തില്‍ വ്യാപൃതനായിരുന്നു. രാഷ്‌ട്രനിര്‍മ്മാണം എന്ന ശ്രമകരമായ കര്‍മ്മത്തില്‍! ചെറുതില്‍ ചെറുതായ കാര്യങ്ങള്‍പോലും സൂക്ഷ്‌മതയോടെ, വിശദമായി പഠിച്ചു വിശകലനം ചെയ്‌തു പടുത്തുയര്‍ത്തേണ്ട ഒന്ന്‌! ഓരോരോ പൗരനെയും രാഷ്‌ട്രഹിതത്തിനായി വാര്‍ത്തെടുക്കേണ്ട ചുമതല! എന്റെ മറ്റെല്ലാ സ്വപ്‌നങ്ങളെയും ബലികൊടുത്ത്‌ ഞാന്‍ സൃഷ്‌ടിച്ച വലിയ സ്വപ്‌നം. എന്റെ ആ സ്വപ്‌നത്തെ രാജ്യത്തിന്റെ മുന്നോട്ടുള്ള മാര്‍ഗ്ഗരേഖകളാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ്‌ ഞാന്‍. ഒരണു പോലും അതില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ല!
സങ്കീര്‍ണ്ണമായ മാനസികാവസ്‌ഥയുടെ അവസാനം ഞാന്‍ സ്വയം ഏറ്റെടുത്തതാണ്‌ ആ ദൗത്യം. യുദ്ധത്തില്‍ തോറ്റു സര്‍വ്വവും നഷ്‌ടപെട്ട ഒരു രാജ്യത്തിലെ, തോറ്റു കീഴടങ്ങിയ ഒരു സൈന്യത്തിലെ ഒരു സാധാരണ സൈനികനായിരുന്നു ഞാന്‍. രാഷ്‌ട്രത്തിന്‌ വന്ന ജീവന്റെയും സ്വത്തുക്കളുടെയും നഷ്‌ടങ്ങള്‍ വലുതായിരുന്നു. അതൊന്നും എന്നെ വേവലാതിപ്പെടുത്തിയില്ല. അതെല്ലാം ഇന്നല്ലെങ്കില്‍ നാളെ, തിരിച്ചു പിടിക്കാം. പക്ഷെ കീഴടങ്ങലിന്റെ അപമാനം വരുത്തിയ നഷ്‌ടം അതിലും ഭീകരമായിരുന്നു. രാജ്യത്തിന്‌ നഷ്‌ടമായത്‌ അതിന്റെ വീര്യമായിരുന്നു.
രാഷ്‌ട്രത്തിന്റെ ആത്മവീര്യം!
കുനിഞ്ഞ ശിരസോടെ ഒരു ജനത!
കുനിഞ്ഞ ശിരസോടെ ആ ജനതയ്‌ക്ക് ശക്‌തി നല്‍കേണ്ട സൈന്യം!
കുനിഞ്ഞ ശിരസോടെ സൈന്യത്തിന്‌ ഊര്‍ജ്‌ജം നല്‍കേണ്ട ഭരണകൂടം! മരണമായിരുന്നു ഇതിലും ഭേദം! വീരമൃത്യുവായിരുന്നു ഈ അപമാനത്തേക്കാള്‍ അഭികാമ്യം! സൈനികനായത്‌ രാഷ്‌ട്രത്തിനുവേണ്ടി മരിക്കാനാണ്‌. കീഴടങ്ങാനല്ല!

(തുടരും)

സാന്‍വി

Ads by Google
Sunday 30 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW