Saturday, February 16, 2019 Last Updated 11 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 30 Sep 2018 12.34 AM

പത്രവിതരണക്കാരന്‍

uploads/news/2018/09/252680/sun3.jpg

തീവണ്ടി കുതിച്ചുകൊണ്ടിരുന്നു. എയര്‍കണ്ടീഷന്‍ഡ്‌ സൗകര്യത്തിലുള്ള യാത്ര ആയതുകൊണ്ട്‌ രാത്രിയായതുപോലും അറിഞ്ഞില്ല. ഇനി വൈകേണ്ട. തളര്‍ന്ന കണ്ണുകള്‍ അയാളെ ഉറക്കത്തിലേക്ക്‌ വലിച്ചടുപ്പിച്ചു. കിടന്നതേ ഉറങ്ങി.
താഴത്തെ ബര്‍ത്താണ്‌ തീവണ്ടി യാത്രയില്‍ അയാള്‍ക്ക്‌ പഥ്യം. ജനാലയോട്‌ ചേര്‍ന്നുളള സീറ്റ്‌ കിട്ടിയാലുള്ള യാത്രാസുഖം ഒന്നു വേറെയാണ്‌! തന്നെയുമല്ല ജനല്‍ കര്‍ട്ടന്‍ രണ്ടരികിലേക്കും വകഞ്ഞ്‌ മാറ്റിവച്ചാല്‍ പ്രകൃതി സൗന്ദര്യം ആവോളം നുകരുകയും ചെയ്യാം. കിടക്കാന്‍ മുകള്‍ ബര്‍ത്തിലേക്ക്‌ പാടുപെട്ട്‌ കയറേണ്ട ആവശ്യവും ഇല്ല. പറഞ്ഞിട്ടു കാര്യമില്ല. കിട്ടിയതു അപ്പര്‍ ബര്‍ത്ത്‌. അല്ലെങ്കിലും അങ്ങനെയാണ.്‌ ആഗ്രഹിക്കുന്നതിന്‌ വിപരീതമേ സംഭവിക്കു. ഓഹരി വിപണിയില്‍ പൊതുവെ പറഞ്ഞു കേള്‍ക്കുന്ന കാര്യമാണ്‌; എല്ലാവരും വില്‍ക്കുമ്പോള്‍ വാങ്ങണം; മറിച്ചായാല്‍ വില്‍ക്കണം എന്നൊക്കെ. പക്ഷെ സംഭവിക്കാറുള്ളത്‌ മറിച്ചായിരിക്കും. അതെന്തെങ്കിലുമാവട്ടെ.
ത്രീടയര്‍ സംവിധാനത്തില്‍ നടുവിലെ ബര്‍ത്ത്‌ കിട്ടാതിരുന്നത്‌ എന്തുകൊണ്ടും ഭാഗ്യമായി. അല്ലെങ്കില്‍ വലിഞ്ഞു കയറുകയും വേണം ഉറക്കം കെടുകയും ചെയ്യും. ഇതിനൊക്കെപ്പുറമെ സഹയാത്രികരുടെ സൗകര്യവും നോക്കണം.
താഴത്തെ ബര്‍ത്ത്‌ കിട്ടിയിരുന്നെങ്കില്‍ എന്ന്‌ അയാള്‍ ആശിച്ചു. എന്നാല്‍ പകല്‍ സമയത്ത്‌ അല്‌പമൊന്നുറങ്ങണമെന്ന്‌ വന്നാല്‍.... രാത്രി വൈകിയും മൊബൈല്‍ ഫോണില്‍ വിരലൊന്നമര്‍ത്തണമെന്ന്‌ തോന്നിയാല്‍... അതൊന്നും ഇപ്പോള്‍ തന്നെ ബാധിക്കുന്ന കാര്യങ്ങളേയല്ല. എല്ലാം തനിക്കനുകൂലമാക്കിക്കാണാന്‍ അയാള്‍ കണ്ടുപിടിച്ച ന്യായങ്ങളുടെയും ഉപന്യായങ്ങളുടെയും ലിസ്‌റ്റ് നീണ്ടുപോയി.
ഇങ്ങനെയൊക്കെയാണെങ്കിലും പകലുറങ്ങാതെ കഴിച്ചുകൂട്ടാനായിരുന്നു അയാളുടെ നിയോഗം. താഴത്തെ ബര്‍ത്തിന്റെ അവകാശികളെ ഇപ്പോള്‍ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞിരിക്കുന്നു. പാലക്കാട്ടുകാരന്‍ നാരായണ സ്വാമി. മിതഭാഷി. കാഴ്‌ചയില്‍ സൗമ്യന്‍. അപരന്‍ താന്‍ ജോലി ചെയ്യുന്ന സ്‌ഥാപനത്തിന്റെ പേര്‌ പറഞ്ഞെങ്കിലും ഓര്‍മയില്‍ വരുന്നില്ല. പേരും തഥൈവ. അടുത്തറിഞ്ഞപ്പോഴാണ്‌ മനസ്സിലായത്‌ ബാങ്കിലും സര്‍ക്കാര്‍ സര്‍വ്വീസിലും ഒക്കെയായി ജോലി ചെയ്യുന്നവരാണ്‌ കമ്പാര്‍ട്ട്‌മെന്റിലെ മിക്ക യാത്രക്കാരും എന്ന്‌. സ്‌ഥാപനം നല്‍കുന്ന ഇളവ്‌ പ്രയോജനപ്പെടുത്തി യാത്ര ചെയ്യുന്നവര്‍. സ്വന്തം പണംകൊണ്ട്‌ യാത്ര ചെയ്യുന്ന താനാണപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ക്കിടയിലെ സമ്പന്നന്‍! അല്‌പനേരത്തേക്കാണെങ്കിലും അയാള്‍ക്ക്‌ അഭിമാനം തോന്നി.
ഈ അസൗകര്യങ്ങള്‍ക്കിടയിലും രണ്ടാളും ഉച്ചയുറക്കം പാസ്സാക്കിയിരിക്കുന്നു! ഭാഗ്യവാന്മാര്‍! ഇനിയിപ്പോള്‍ എപ്പോഴാണാവോ അവര്‍ ഉറങ്ങാന്‍ കിടക്കുക? എപ്പോള്‍ ഉറങ്ങാന്‍ കിടന്നാലും തനിക്കെന്താ? ഒന്നുമില്ല.
താഴത്തെ ബര്‍ത്തുകാരന്റെ കാര്യമാണു ശരിക്കും കഷ്‌ടം. നേരത്തിനും കാലത്തിനുമല്ലാതെ ഒന്നുറങ്ങണമെന്നു വച്ചാല്‍ അയാളുടെ ഗതിയെന്താവും? തന്റെ കാര്യം തന്നെ ഭേദം. അയാള്‍ വീണ്ടും സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചു. അല്‌പം തണുപ്പിന്റെ ആധിക്യമുണ്ടാകാമെന്നുള്ളത്‌ ശരി. അതിനാണല്ലോ കമ്പിളി പുതപ്പും മറ്റും തരുന്നത്‌. അയാള്‍ കട്ടികുറഞ്ഞ വെളുത്തു നരച്ച ഷീറ്റ്‌ ദേഹത്തേക്ക്‌ വലിച്ചിട്ട്‌ അതിന്മേല്‍ കമ്പിളി വിരിക്കാന്‍ ആയാസപ്പെട്ടു. മുമ്പെന്നപോലെ കിടന്ന മാത്രയില്‍ ഉറങ്ങിപ്പോയി.
ഇതിനിടയില്‍ സംഭവിച്ച പുകില്‍ കേള്‍ക്കണോ? മദ്ധ്യബര്‍ത്തുകാരനും താഴത്തെ ബര്‍ത്തുകാരനും ഇതിനോടകം മിത്രങ്ങളായി കഴിഞ്ഞിരുന്നു. യാത്രാരംഭത്തില്‍ തന്റെ സീറ്റില്‍ മദ്ധ്യ ബര്‍ത്തിന്റെ ഉടമ ഇരിക്കുന്നത്‌ കണ്ടപ്പോള്‍ താഴത്തെ ബര്‍ത്തുകാരന്റെ രൗദ്രഭാവം എന്തായിരുന്നു!
എന്റെ സീറ്റാണ്‌ ഹേ. മാറി തരണം. അമ്പേ മൂര്‍ച്ചയുള്ള വാക്കുകള്‍.
ഒന്നിരുന്നു പോയെന്ന്‌ വച്ച്‌. സീറ്റ്‌ ഒഴിഞ്ഞ്‌ കൊടുക്കുമ്പോള്‍ മദ്ധ്യബര്‍ത്തുകാരന്റെ മുഖത്ത്‌ നീരസം പ്രതിഫലിക്കുന്നുണ്ടായിരുന്നു.
ഇപ്പോള്‍ താഴത്തെ ബര്‍ത്തുകാരന്‍ അങ്ങേയറ്റം വിനീതന്‍. എന്ന്‌ പറഞ്ഞാല്‍ പോരാ വീനീതനില്‍ വിനീതന്‍. കണ്ട്‌ പഠിക്കേണ്ടത്‌ തന്നെ. മുകള്‍ ബര്‍ത്തിലായതുകൊണ്ടും ഉറങ്ങുകയാണെന്ന്‌ ധരിച്ചതുകൊണ്ടുമാവാം അമ്മാതിരി സൗഹൃദം താനുമായി ഉണ്ടാവാതിരുന്നത്‌.
യാത്രയുടെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച്‌ അവരുടെ സൗഹൃദവും ഏറിക്കൊണ്ടിരുന്നു.
നേരം പരുപരാ വെളുത്തുതുടങ്ങുന്നു. ഏതോ സ്‌റ്റേഷനില്‍ നിന്നും വണ്ടി പുറപ്പെട്ടിട്ട്‌ അധികസമയമായിട്ടില്ല.
പേപ്പര്‍, പേപ്പര്‍. പത്രവിതരണക്കാരന്റെ ആഗമനമായി. ദിനപത്രങ്ങളുടെ ഒരു നീണ്ട നിരതന്നെ അയാള്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു.
വെളുപ്പാന്‍ കാലത്തുള്ള നിശബ്‌ദതയെ ഭേദിച്ചുകൊണ്ടുള്ള തീവണ്ടിയുടെ ചക്‌ ചക്‌ ശബ്‌ദം. അതിനേയും അതിജീവിക്കുമാറ്‌ അയാള്‍ തുടര്‍ന്നും വിളിച്ചുകൂവുന്നുണ്ടായിരുന്നു.
വിമാന ദുരന്തം. ഇരുന്നൂറോളം പേര്‍ക്ക്‌ ദാരുണാന്ത്യം.
ഒട്ടേറെപ്പേര്‍ മരിച്ചെന്നറിഞ്ഞിട്ടും കേട്ടവര്‍ക്കാര്‍ക്കും വലിയ വികാരമൊന്നും തോന്നിയില്ല. ഒറ്റപ്പെട്ട കൊലപാതകവും ഒന്നിലേറെപ്പേരുടെ അപകട മരണങ്ങളുമൊക്കെ നിത്യേന മനസ്സാകെ മരവിച്ച അവസ്‌ഥയാണ്‌. തീവണ്ടി അപകടമാണെങ്കിലും ബസ്സപകടമാണെങ്കിലും ബന്ധപ്പെട്ട വകുപ്പ്‌ മന്ത്രിയുടെ രാജി കൊണ്ട്‌ തീര്‍ന്നു. അതിനും ഇപ്പോള്‍ വിരാമമായെന്നു തോന്നുന്നു. കൂട്ടമാനഭംഗവും വാര്‍ത്തയേ അല്ലെന്നായിരിക്കുന്നു.
ഒരു പ്രമുഖ പത്രസ്‌ഥാപനത്തിലെ സുഹൃത്തിനോട്‌ ഒരിക്കല്‍ അയാള്‍ ചോദിച്ചു:-
'നിങ്ങളുടെ പത്രവും ഇപ്പോള്‍ ഈ വഴിക്കാണല്ലൊ. നിറച്ചും പൈങ്കിളി വാര്‍ത്തകള്‍'.
ഉടന്‍ വന്നു പ്രായോഗികത്തിലൂന്നിയുള്ള ഉത്തരം.
'എല്ലാം പത്രങ്ങളും ഇപ്പോള്‍ ആ പാതയിലൂടെയല്ലേ, സുഹൃത്തേ. വായനക്കാരുടെയും വരിക്കാരുടെയും എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ചില്ലറ പൊടിക്കൈകളൊക്കെ വേണ്ടേ? '
ഉറക്കത്തില്‍ നിന്നുണരാതെ രണ്ടുപേരും അവരവരുടെ ഇഷ്‌ടപത്രങ്ങള്‍ സ്വായത്തമാക്കുന്നത്‌ അയാള്‍ നോക്കിക്കണ്ടു. പിന്നെ, അവര്‍ ഉറക്കച്ചടവോടെ താന്താങ്ങളുടെ ബാഗുകള്‍ പരതുന്നതും ഒരാള്‍ നാണയത്തുട്ടും മറ്റേയാള്‍ കടലാസ്സ്‌ നോട്ടും കൈമാറുന്നതും; ബാക്കി ലഭിച്ചതെത്രയെന്നു നോക്കുക പോലും ചെയ്യാതെ ബാഗിലേക്ക്‌ തിരുകി ഉറക്കം തുടരുന്നതും.
പത്രം ഒരെണ്ണം വാങ്ങിയാലോ എന്ന്‌ അയാള്‍ക്കും തോന്നി. ഉണര്‍ന്ന്‌ കിടക്കുകയുമാണല്ലൊ. വേണ്ടെന്ന്‌ വയ്‌ക്കുകയേയുള്ളു ഇനി പോംവഴി. പത്രവിതരണക്കാരന്‍ കണ്‍മുന്നില്‍ നിന്ന്‌ മറഞ്ഞു കഴിഞ്ഞിരിക്കുന്നു. പോരാത്തതിന്‌ തരാതരം പത്രങ്ങള്‍ ഈ കമ്പാര്‍ട്ടുമെന്റില്‍ തന്നെയുള്ളവര്‍ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്‌.
ഉറക്കം വിട്ടകന്നെങ്കിലും അയാള്‍ എണീറ്റില്ല. മുകള്‍ ബര്‍ത്തിലായതുകൊണ്ട്‌ അങ്ങനെയൊന്നും എഴുന്നേല്‍ക്കണ്ട ആവശ്യവും ഇല്ല. താഴെ ബര്‍ത്തുകളിലുള്ളവര്‍ വീണ്ടും ഒരുറക്കത്തിനുള്ള പുറപ്പാടാണെന്ന്‌ തോന്നുന്നു. തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്ന്‌ സമയം പോക്കുകയാണ്‌്. അയാള്‍ സാവധാനം എണീറ്റുവന്ന്‌ താഴത്തെ ബര്‍ത്തിന്റെ അരികുചേര്‍ന്ന്‌ ഇരുന്നു. ശബ്‌ദം ഉണ്ടാക്കാതെ എന്നാല്‍ ആകാംക്ഷയോടെയും അതീവ ദു:ഖത്തോടെയും അയാള്‍ പത്രമൊരെണ്ണമെടുത്ത്‌ നിവര്‍ത്തി. അതിദാരുണമായിരുന്നിരിക്കുമല്ലോ അവരുടെയെല്ലാം അന്ത്യം എന്നോര്‍ത്ത്‌ അയാള്‍ വ്യസനിച്ചു. എന്നിട്ട്‌ കേട്ട വാര്‍ത്തയ്‌ക്കായി ആദ്യ പേജില്‍ പരതി. വീണ്ടും വീണ്ടും പരതി. ഇരുനൂറോളം പേര്‍ക്ക്‌ സംഭവിച്ച മഹാദുരന്തം. ചെറുതും ഇടത്തരവും ഇപ്പോഴിപ്പോഴായി വലിയതുമായ ഇത്തരം വാര്‍ത്തകളുടെയൊക്കെ പ്രാധാന്യം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ തിരച്ചിലില്‍ ആദ്യ പേജില്‍ കാണാതെ പോയ വാര്‍ത്തയ്‌ക്കായി അയാള്‍ ഉള്‍പേജുകളിലൂടെ ഊളിയിട്ടു.
തീവണ്ടി മറ്റൊരു സ്‌റ്റേഷനിലേക്കടുക്കുന്നതിന്റെ സൂചന. പത്രസ്‌ഥപാനങ്ങളെ പരോക്ഷമായി സഹായിക്കുന്ന പത്ര വിതരണക്കാരന്‍ സ്‌റ്റേഷനിലെ ആള്‍ക്കുട്ടത്തിനിടയിലൂടെ വിദൂരതയിലേക്ക്‌ ഓടിയകന്നുകഴിഞ്ഞിരുന്നു.

ജോര്‍ജ്‌ വലിയമറ്റത്ത്‌

Ads by Google
Sunday 30 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW