Saturday, February 16, 2019 Last Updated 12 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 30 Sep 2018 12.34 AM

സംവിധാനമേഖലയില്‍ പെണ്‍തരംഗം

uploads/news/2018/09/252681/sun4.jpg

മലയാള സിനിമയില്‍ അഭിനയരംഗത്ത്‌ സ്‌ത്രീകള്‍ സജീവമായിരുന്നു എക്കാലവും. നായികമാരായും വില്ലത്തികളായും സ്വഭാവനടികളായും ഹാസ്യതാരമായുമൊക്കെ അവര്‍ സിനിമയില്‍ നിറഞ്ഞു നിന്നു. എന്നാല്‍ സിനിമയുടെ പിന്നില്‍ പഴയകാലത്ത്‌ സ്‌ത്രീസാന്നിദ്ധ്യം നന്നെ വിരളമായിരുന്നു. സംവിധായികമാര്‍ എന്ന ഗണത്തില്‍ മഷിയിട്ട്‌ നോക്കിയാല്‍പോലും സ്‌ത്രീകളെ കാണാനില്ല എന്നതായിരുന്നു അവസ്‌ഥ. 1973 ല്‍ നടി വിജയനിര്‍മ്മല സംവിധാനം ചെയ്‌ത 'കാറ്റ്‌ വിതച്ചവന്‍' എന്ന ചിത്രമാണ്‌ മലയാള സിനിമയിലെ ആദ്യത്തെ സ്‌ത്രീസംവിധായികയുടെ സാന്നിദ്ധ്യം അറിയിച്ച സിനിമ. എന്നാല്‍ വിജയനിര്‍മ്മലയ്‌ക്ക് വേണ്ടി ഐ.വി.ശശിയാണ്‌ ഈ ചിത്രം ചെയ്‌തു കൊടുത്തതെന്ന വിവാദം ആദ്യസംവിധായിക എന്ന റിക്കാര്‍ഡിന്റെ ശോഭ കെടുത്തി. എന്നാല്‍ 1976 ല്‍ നടി ഷീല സംവിധാനം ചെയ്‌ത യക്ഷഗാനം അവരുടെ പ്രതിഭയുടെ കയ്യൊപ്പുകൊണ്ട്‌ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായി. 1979 ല്‍ ശിഖരങ്ങള്‍ എന്നൊരു ചിത്രം കുടി സംവിധാനം ചെയ്‌തെങ്കിലും എന്തുകൊണ്ടോ അവര്‍ ഈ രംഗത്ത്‌ സജീവമായില്ല. മാത്രമല്ല ഷീലയുടെ ചുവടുപിടിച്ച്‌ മറ്റ്‌ നടികളോ സിനിമയ്‌ക്ക് പുറത്തു നിന്നുളള സ്‌ത്രീകളോ സംവിധാനമേഖലയിലേക്ക്‌ കടന്നുവരാന്‍ താത്‌പര്യം കാണിച്ചില്ല.
അപര്‍ണാ സെന്‍, മീരാ നായര്‍ തുടങ്ങി ഒട്ടേറെ വനിതകള്‍ ഇതര ഭാഷകള്‍ വഴി സംവിധാന രംഗത്ത്‌ വെന്നിക്കൊടി പാറിച്ചപ്പോഴും പ്രബുദ്ധകേരളം മാത്രം ഇക്കാര്യത്തില്‍ മാറി നിന്നു.
മലയാളത്തില്‍ പിന്നീടും ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍ നടന്നുവെങ്കിലും ഒന്നും ശ്രദ്ധേയമായില്ല. അഞ്‌ജലി മേനോന്റെ കടന്നുവരവാണ്‌ ഈ ദുസ്‌ഥിതിക്ക്‌ പ്രകടമായ മാറ്റം കൊണ്ടു വന്നത്‌. മഞ്ചാടിക്കുരു എന്ന കന്നിചിത്രങ്ങളിലുടെ നിരവധി ദേശീയ-അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ അവര്‍ പുതിയ ചില റിക്കാര്‍ഡുകളും സൃഷ്‌ടിച്ചു. ഇന്ത്യയിലെ വനിതാ സംവിധായകരില്‍ നടി സുഹാസിനി അടക്കമുളളവരുടെ സംവിധാന സംരംഭങ്ങള്‍ പുരസ്‌കാരങ്ങള്‍ നേടിയെങ്കിലും ജനപ്രീതിയിലും വാണിജ്യവിജയത്തിലും അമ്പേ പരാജയമായിരുന്നു. ഇവിടെയാണ്‌ അഞ്‌ജലി മേനോന്റെ പ്രസക്‌തി. അവര്‍ തിരക്കഥ എഴൂതി അന്‍വര്‍ റഷീദ്‌ സംവിധാനം ചെയ്‌ത ഉസ്‌താദ്‌ ഹോട്ടല്‍ എന്ന ചിത്രം ബ്ലോക്ക്‌ബസ്‌റ്റര്‍ ചലച്ചിത്രങ്ങളില്‍ ഒന്നായി. ഈ വിജയത്തില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ അഞ്‌ജലി തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ബാംഗ്ലുര്‍ ഡെയ്‌സ് അന്‍പത്‌ കോടി ക്ലബ്ബില്‍ കടന്നു എന്നു മാത്രമല്ല ഒരു വനിതാ സംവിധായികയുടെ ക്രഡിറ്റ്‌ ലിസ്‌റ്റില്‍ ചേക്കേറുന്ന ആദ്യത്തെ സൂപ്പര്‍ഹിറ്റ്‌ മൂവി എന്ന വിശേഷണത്തിന്‌ അര്‍ഹമായി.
അഞ്‌ജലിയുടെ മൂന്നാം ചിത്രമായ 'കൂടെ' പ്രളയക്കെടുതികള്‍ക്കിടയിലും തിയറ്ററുകള്‍ നിറച്ച ചിത്രമാണ്‌.
അഞ്‌ജലിയുടെ മുന്നേറ്റം ഒട്ടേറെ വനിതകള്‍ക്ക്‌ പ്രചോദനമായി കഴിഞ്ഞിരിക്കുന്നു. കൂടുതല്‍ വനിതാ സംവിധായകര്‍ ഈ മേഖലയില്‍ സജീവമാകാനുളള തീവ്രശ്രമത്തിലാണ്‌.
അഞ്‌ജലിക്ക്‌ ശേഷം രേവതി എസ്‌ വര്‍മ്മ എന്ന മലയാളി സംവിധായിക മാഡ്‌ ഡാഡ്‌ എന്ന തമിഴ്‌ ചിത്രവുമായി വന്നു. ശ്രീബാല മേനോന്‍ ലവ്‌ 24 ബൈ 7 എന്ന ചിത്രവും പിന്നാലെ വന്നു.
പി.ടി.ഉഷയുടെ ജീവിതത്തിന്‌ ചലച്ചിത്രഭാഷ്യം ഒരുക്കിക്കൊണ്ടാണ്‌ രേവതി എസ്‌ വര്‍മ്മ ഈ വര്‍ഷം എത്തുന്നത്‌. പ്രിയങ്കാ ചോപ്രയാണ്‌ പി.ടി. ഉഷയായി വേഷമിടുന്നത്‌.
30 ലധികം തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങള്‍ക്ക്‌ കോസ്‌റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ച പരിചയമാണ്‌ റോഷ്‌നി ദിനകറിന്‌ സംവിധായികയാവാനുളള ധൈര്യം നല്‍കിയത്‌.
പൃഥ്വിരാജും പാര്‍വതിയും നായികാ നായകന്‍മാരായി അഭിനയിച്ച 'മൈ സ്‌റ്റോറി' എന്ന സിനിമയിലുടെ റോഷ്‌നി സംവിധായികയായി അരങ്ങേറി. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. 18 കോടി ബജറ്റില്‍ റോഷ്‌നി തന്നെ നിര്‍മ്മിച്ച ചിത്രം പോര്‍ച്ചുഗലിലും സ്‌പെയിനിലുമാണ്‌ ഷൂട്ട്‌ ചെയ്‌തത്‌.
2006 ലെ മികച്ച കോസ്‌റ്റ്യൂം ഡിസൈനര്‍ക്കുള്ള കര്‍ണ്ണാടക സ്‌റ്റേറ്റ്‌ അവാര്‍ഡ്‌ കരസ്‌ഥമാക്കിയ റോഷ്‌നി സംവിധാനരംഗത്ത്‌ കുടുതല്‍ സജീവമാകാനുളള തയ്യാറെടുപ്പുകളിലാണ്‌.
ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കുറിച്ച്‌ ഡോക്യൂമെന്ററി ഒരുക്കി ദേശീയ അംഗീകാരം സ്വന്തമാക്കിയ സൗമ്യ സദാനന്ദന്‍ 'മാംഗല്യം തന്തുനാനേന' എന്ന ഫീച്ചര്‍ സിനിമയുമായാണ്‌ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നത്‌. കുഞ്ചാക്കോ ബോബനും നിമിഷ സജയനുമാണ്‌ ഈ ചിത്രത്തിലെ മുഖ്യ അഭിനേതാക്കള്‍.
2009 ല്‍ നടി ഗീതു മോഹന്‍ദാസ്‌ ഒരുക്കിയ ഹ്രസ്വചിത്രം ഒട്ടേറെ ചലച്ചിത്രമേളകളില്‍ വന്‍സ്വീകാര്യത നേടിയിരുന്നു. 2014 ല്‍ ലയേഴ്‌സ് ഡൈസ്‌ എന്ന ഹിന്ദി ചിത്രവുമായി വന്ന ഗീതു ഈ വര്‍ഷം 'മൂത്തോന്‍' എന്ന പേരില്‍ നിവിന്‍പോളി നായകനാകുന്ന ഫീച്ചര്‍ഫിലിമുമായി വീണ്ടും രംഗത്ത്‌ എത്തിയിരിക്കുകയാണ്‌.
സംവിധാനരംഗത്ത്‌ മാത്രമല്ല നിര്‍മ്മാണം, ഛായാഗ്രഹണം, ചമയം, വസ്‌ത്രാലങ്കാരം, എഡിറ്റിംഗ്‌ എന്നിങ്ങനെ സമസ്‌ത മേഖലകളിലും സ്‌ത്രീമുന്നേറ്റം തുടരുകയാണ്‌.
വിപ്ലവകരമായ മറ്റൊരു മാറ്റം ആദിവാസി മേഖലയില്‍ നിന്നുളള ആദ്യസംവിധായികയുടെ സാന്നിദ്ധ്യമാണ്‌. ആദിവാസികള്‍ക്കിടയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗമാണ്‌ പണിയര്‍. ഇക്കൂട്ടത്തില്‍ നിന്നെത്തുന്ന ലീല എന്ന സംവിധായിക ഏറെ മൗലികമായ പ്രമേയമാണ്‌ തന്റെ ആദ്യ സംവിധാന സംരംഭത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്‌.
ആദിവാസികളുടെ ഇതിഹാസപുരുഷനായ കരിന്തണ്ടന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക്‌ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തതും മറ്റൊരു സംവിധായികയായ ഗീതു മോഹന്‍ദാസാണ്‌.
വയനാട്‌ നടവയല്‍ സ്വദേശിയായ ലീലയ്‌ക്ക് ഔപചാരിക വിദ്യാഭ്യാസമില്ല. ഡോക്യൂമെന്ററികള്‍ ഒരുക്കിയ അനുഭവപരിചയവുമായണ്‌ ലീല പ്രഥമ മുഴൂനീള സിനിമ ഒരുക്കുന്നത്‌. 8 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ലീല ഒരുക്കിയ 'നിഴലുകള്‍ നഷ്‌ടപ്പെടുന്ന ഗോത്രഭൂമി' എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധേയമായിരുന്നു. പണിയസമുദായത്തിലെ ഭൂരഹിതകര്‍ഷകരുടെ ജീവിതത്തെയും അനുഷ്‌ഠാനങ്ങളെയും അടിസ്‌ഥാനമാക്കിയുളള ചിത്രമായിരുന്നു ഇത്‌.
ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവും പ്രമുഖ ഛായാഗ്രഹകനും സംവിധായകനുമായ രാജീവ്‌ രവിയുടെ മേല്‍നോട്ടത്തിലുളള ഫേസ്‌ വണ്‍ കളക്‌ടീവ്‌ എന്ന കമ്പനിയാണ്‌ ലീലയുടെ പ്രഥമ ചലച്ചിത്ര സംരംഭമായ കരിന്തണ്ടന്‍ വിതരണത്തിനെടുത്തിട്ടുളളത്‌. 'കരിന്തണ്ടന്‍' എന്ന സിനിമയില്‍ നടന്‍ വിനായകനാണ്‌ മുഖ്യവേഷത്തിലെത്തുന്നത്‌.
വനിതാ സംവിധായകരുടെ ധീരമായ പരീക്ഷണങ്ങള്‍ക്ക്‌ എല്ലാവിധ പിന്‍തുണയുമായി പുതുതലമുറയിലെ പുരുഷസംവിധായകരും അണിനിരക്കുന്നതായും വിലയിരുത്തപ്പെടുന്നു. ലിംഗഭേദമോ വിവേചനമോ അല്ല സിനിമകളുടെ ഉളളടക്കത്തിലെ പുതുമയും പരിചരണരീതിയിലെ വേറിട്ട സമീപനവുമാണ്‌ പ്രധാനം എന്ന വിശ്വാസത്തിന്‌ പുതുകാല സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം മുന്‍തൂക്കം നല്‍കുന്നു.

സജില്‍ ശ്രീധര്‍

Ads by Google
Sunday 30 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW