Saturday, February 16, 2019 Last Updated 12 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 30 Sep 2018 12.34 AM

നിലയ്‌ക്കാത്ത ഹ്യദയങ്ങള്‍...

uploads/news/2018/09/252682/sun1.jpg

സെപ്‌തംബര്‍ 29. ലോകഹൃദയദിനം. ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയിലൂടെ 23 പേര്‍ക്ക്‌ ജീവിതം തിരിച്ചു നല്‍കിയ ഡോ. ജോസ്‌ ചാക്കോ പെരിയപുറം 18000 ലധികം ഹൃദയശസ്‌ത്രക്രിയകള്‍ പുര്‍ത്തിയാക്കിയ റിക്കാര്‍ഡിന്‌ ഉടമയാണ്‌. കേരളത്തിലെ ആദ്യഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി നടപ്പാക്കിയതിന്റെ അപുര്‍വ ബഹുമതിയും അദ്ദേഹത്തിന്‌ സ്വന്തം.
ഹൃദയത്തിന്റെ കാവലാളാണ്‌ ഡോ. ജോസ്‌ ചാക്കോ പെരിയപുറം. 23 പേര്‍ക്ക്‌ ഹൃദയം മാറ്റിവെച്ചുകൊണ്ട്‌ ഡോ. പെരിയപുറം തന്റെ ഭാഷ ഹൃദയത്തിന്റേതാണെന്നു തെളിയിച്ചു. ഇതിനു പുറമെ 18000 ത്തോളം ഹൃദയശസ്‌ത്രക്രിയയും ഡോ. ചാക്കോ പെരിയപുറത്തിന്റെ ഔദ്യോഗികസേവനത്താളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മറ്റുള്ളവരില്‍നിന്നു രക്‌തം സ്വീകരിക്കില്ലെന്നു നിര്‍ബന്ധമുള്ള 40 പേരെ ഡോക്‌ടര്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയരാക്കി. അതില്‍ 39ഉം വിജയിച്ചു. ഹാര്‍ട്ട്‌ കെയര്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ സാരഥികൂടിയായ ഡോ. ജോസ്‌ ചാക്കോ പെരിയപുറം ഹൃദയമാറ്റ ശസ്‌ത്രക്രിയയുടെ നാള്‍വഴികളില്‍ ദൈവത്തിന്റെ കരസ്‌പര്‍ശം ഏറ്റുവാങ്ങിയ അനുഭവങ്ങളിലൂടെ...

2003 ഡിസംബര്‍ 25
നക്ഷത്രവിളക്കുകള്‍ ഉണ്ണിയേശുവിന്റെ പിറവിക്കുവേണ്ടി കാത്തിരുന്ന പുണ്യദിനം. എബ്രഹാമും അന്ന്‌ തന്റെ വീട്ടില്‍ പുല്‍ക്കൂടൊരുക്കി. കാവല്‍മാലാഖമാരുടെ ഇടയില്‍ ലോകത്തിന്റെ സകലദുഃഖങ്ങളും നെഞ്ചേറ്റാനെന്നവണ്ണം കരുണാമയന്റെ കനിവാര്‍ന്ന പുഞ്ചിരികണ്ട്‌ എബ്രഹാമിന്റെ ഹൃദയം ത്രസിച്ചു. ദുഃഖങ്ങളുടേയും സഹനത്തിന്റെയും നീണ്ട യാത്രയ്‌ക്കൊടുവിലാണ്‌ എബ്രഹാമിന്റെ ഹൃദയം വീണ്ടും സന്തോഷമാര്‍ന്നു മിടിച്ചത്‌. പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളുടെ വേലിയേറ്റമുയര്‍ത്തിക്കൊണ്ട്‌ അന്നേരം തന്റെ വീട്ടിലേക്കു കടന്നുവന്ന ഒരു കുടംബത്തെക്കണ്ട്‌ എബ്രഹാം വാക്കുകള്‍ കിട്ടാനാവാതെ ഗദ്‌ഗദകണ്‌ഠനായി. തന്റെ തന്നെ ഹൃദയത്തിന്റെ അനന്തരാവകാശികളായിരുന്നു എബ്രഹാമിന്റെ വീട്ടിലേക്കു വന്ന ആ കുടുംബം. അവിടേക്കെത്തിയ പത്മിനി എന്ന അമ്മയ്‌ക്ക് തന്റെ ഭര്‍ത്താവിന്റെ ഹൃദയമിടിപ്പായിരുന്നു കേള്‍ക്കേണ്ടിയിരുന്നതെങ്കില്‍, സുനിലിനും സുമിത്തിനും സുമിതയ്‌ക്കും തങ്ങളുടെ അച്‌ഛന്റെ ഹൃദയത്തുടിപ്പുകളായിരുന്നു വേണ്ടിയിരുന്നത്‌. ആ ഹൃദയം പക്ഷേ, എബ്രഹാമിന്റെ ശരീരത്തിലായിരുന്നു മിടിച്ചുകൊണ്ടിരുന്നത്‌ എന്നുമാത്രം. വാക്കുകള്‍കൊണ്ട്‌ മൗനത്തെ മുറിവേല്‍പ്പിക്കാതെ അവര്‍ ഭര്‍ത്താവിന്റെയും അച്‌ഛന്റെയും ഹൃദയതാളം ആവോളമറിഞ്ഞു. ആ താളഗതിയില്‍ അവരുടെ കണ്ണുകളില്‍നിന്നു കണ്ണീരൊഴുകുന്നത്‌് പക്ഷേ, സ്വയം കണ്ണുനിറഞ്ഞൊഴുകി കാഴ്‌ചയിടറിയ എബ്രഹാമിനു കാണാന്‍ കഴിഞ്ഞില്ല. ഹൃദയമാറ്റത്തിന്റെ കേരളത്തിലെ പ്രഥമസ്‌പന്ദനമായി മാറിയ രണ്ടാളുകളായിരുന്നു ഹൃദയത്തിന്റെയുടമ സുകുമാരനും ഹൃദയം സ്വീകരിച്ച എബ്രഹാമും. ഹൃദയത്തിന്റെ ഭാഷയില്‍ രണ്ടു സംസ്‌കാരങ്ങള്‍ ഒന്നായി മാറിയ നിമിഷം. അതിനു നിമിത്തമായതു പക്ഷേ, ഒരു ദുരന്തവും.

പറന്നുവന്ന ദുരന്തം
എറണാകുളം ജില്ലയിലെ പറവൂര്‍ പെരുമ്പടന്ന സ്വദേശിയായിരുന്നു സുകുമാരന്‍. കര്‍ഷകനായിരുന്നെങ്കിലും വേനല്‍ക്കാലത്ത്‌ റോഡരികില്‍ കരിക്കുവില്‍പ്പന നടത്തി സുകുമാരന്‍ ജീവിതം ഉന്തിത്തള്ളി മുന്നോട്ടുനീക്കി. റോഡിന്റെ ഇരുവശത്തും പരന്നുകിടക്കുന്ന പാടം. ചെറായി ബീച്ചിലേക്കുള്ള ആ റോഡിലൂടെ വാഹനങ്ങള്‍ ഇടതടവില്ലാതെ പൊയ്‌ക്കോണ്ടിരുന്നു.
2003 മേയ്‌ 11.
കൊടുംചൂടിനു തെല്ലും ആശ്വാസമുണ്ടായിരുന്നില്ല. ദാഹമകറ്റാനായി ആളുകള്‍ സുകുമാരനില്‍നിന്നു കരിക്കു വാങ്ങിക്കുടിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണത്‌ സംഭവിച്ചത്‌. കണ്ണടച്ചുതുറക്കുന്നതിനു മുന്നേ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ഒരു ബൈക്ക്‌ നിയന്ത്രണംതെറ്റി സുകുമാരനെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സുകുമാരന്‍ തലയിടിച്ചാണ്‌ വീണത്‌. പരിക്ക്‌ ഗുരുതരമായിരുന്നു. അടുത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. വൈകാതെ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയിലേക്കു സുകുമാരനെ കൊണ്ടുപോയി. ഡോക്‌ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ പിറ്റേന്ന്‌ സുകുമാരന്‌ മസ്‌തിഷ്‌കമരണം സംഭവിച്ചു. സുകുമാരനെ വെന്റിലേറ്ററിലേക്കു മാറ്റി.

ഹൃദയമിടിപ്പിന്റെ കൂട്ടുകാരന്‍
ജോസ്‌ ചാക്കോ പെരിയപുറം ഹൃദയമിടിപ്പിനോടൊപ്പം സഞ്ചരിക്കുന്ന ഡോക്‌ടറായിരുന്നു. എം.ബി.ബി.എസ്സിനുശേഷം ഇംഗ്ലണ്ടില്‍നിന്നും ഉപരിപഠനം കഴിഞ്ഞ്‌ തിരിച്ചെത്തിയ ഡോ. പെരിയപുറം 1996ല്‍ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചേര്‍ന്നു. ലോകത്ത്‌ ആദ്യമായി ഹൃദയം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ നടത്തിയ ഡോ. ക്രിസ്‌ത്യന്‍ ബര്‍ണാഡ്‌ ആയിരുന്നു ഡോ.ചാക്കോയുടെ ആരാധ്യപുരുഷന്‍. 1967 ലാണ്‌ ദക്ഷിണാഫ്രിക്കയിലെ ഗ്രൂട്ട്‌ സ്‌കൂര്‍ ആശുപത്രിയില്‍ വച്ച്‌ ഡോ. ക്രിസ്‌ത്യന്‍ ബര്‍ണാഡ്‌ ഹൃദയമാറ്റ ശസ്‌ത്രക്രിയ വിജയകരമായി നിര്‍വഹിച്ചത്‌. ഒരു വാഹനാപകടത്തില്‍ തെറിച്ചുവീണ്‌ മസ്‌തിഷ്‌കമരണം സംഭവിച്ച ഡെന്നിസ്‌ ഡാര്‍വല്‍ എന്ന യുവതിയുടെ ഹൃദയമായിരുന്നു അന്ന്‌ സ്വീകരിച്ചത്‌.
കൊച്ചിയിലെ ആശുപത്രിയില്‍ ചേര്‍ന്നതു മുതല്‍ ചാക്കോ പെരിയപുറത്തിന്റെ മനസ്സില്‍ ഹൃദയമാറ്റ ശസ്‌ത്രക്രിയയുടെ വിജയസാധ്യതകളായിരുന്നു നിറഞ്ഞുനിന്നത്‌. കേരളത്തില്‍ അന്നോളം ഹൃദയക്കൈമാറ്റം നടന്നിട്ടുണ്ടായിരുന്നില്ല. ഇന്ത്യയില്‍ രണ്ടുപേര്‍ക്കു ഹൃദയമാറ്റശസ്‌ത്രക്രിയ നടന്നിട്ടുമുണ്ടായിരുന്നു. ഡോ. ചാക്കോ അദ്ദേഹം ആശുപത്രി ഉടയുമായി തന്റെ ആശയം പങ്കുവച്ചു. അദ്ദേഹം ഈ നിര്‍ദ്ദേശത്തോടു യോജിക്കുകയും പ്രോത്സാഹനം കൊടുക്കുകയും ചെയ്‌തു. 2001ല്‍ ഹാര്‍ട്ട്‌ പ്ലാന്റേഷന്‍ യൂണിറ്റ്‌ ആശുപത്രിയില്‍ പ്രവര്‍ത്തനസജ്‌ജമായി. പക്ഷേ, ദാതാവും സ്വീകര്‍ത്താവുമില്ലാതെ ശസ്‌ത്രക്രിയ നടക്കില്ലല്ലോ. ഡോ. പെരിയപുറം കാത്തിരുന്നു. അപ്പോഴും അദ്ദേഹം തന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു.

എബ്രഹാമിന്റെ സങ്കടം
ആലപ്പുഴ ജില്ലയിലെ മാന്നാര്‍ സ്വദേശിയായ എബ്രഹാമിന്‌ ഗള്‍ഫിലായിരുന്നു ജോലി. അച്‌ഛനും അമ്മയും നേരത്തെ മരിച്ചുപോയ എബ്രഹാം തന്റെ ജീവിതപ്രതീക്ഷകളുമായി അധ്വാനിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഒരു ദിവസം വല്ലാത്ത ക്ഷീണംതോന്നുകയും ജോലിയെടുക്കാന്‍ വയ്യാതാവുകയും ചെയ്‌തു. പല ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഗള്‍ഫില്‍ ജോലിചെയ്യാന്‍ പറ്റാതായതോടെ എബ്രഹാം ആലപ്പുഴയിലെ വീട്ടിലേക്കു തിരിച്ചുപോന്നു. 34 വയസ്സായിരുന്നു അപ്പോള്‍ എബ്രഹാമിന്‌. ഒരു ദിവസം ഹുദാ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ ഹരിപ്പാട്‌ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ എബ്രഹാം പങ്കെടുത്തു. അവിടെ പരിശോധനയ്‌ക്ക് വിധേയനായ എബ്രഹാമിന്റെ ഹൃദയം ഏതാണ്ട്‌ പൂര്‍ണമായും നിലയ്‌ക്കാന്‍ പോവുകയാണെന്നു ഡോക്‌ടര്‍ കണ്ടെത്തി. അവിടെയുള്ള ഒരു ഡോക്‌ടര്‍ എബ്രഹാമിനെ ഡോ. പെരിയപുറത്തിന്റെ സമീപത്തേക്കു പറഞ്ഞുവിട്ടു. 2003 ഫെബ്രുവരി അവസാനവാരത്തിലായിരുന്നു അത്‌. എബ്രഹാമിനെ പരിശോധിച്ച ചാക്കോ ഡോക്‌ടര്‍ക്ക്‌ ഹൃദയം മാറ്റിവെക്കുകയല്ലാതെ മറ്റു പോംവഴികളില്ലെന്നു മനസ്സിലായി. അദ്ദേഹം ഇക്കാര്യം എബ്രഹാമിനെ അറിയിച്ചു. പക്ഷേ, അപ്പോഴും ഒരു ദാതാവിനെ കിട്ടേണ്ടിയിരുന്നു. അതുവരെ തന്റെ ഹൃദയത്തിന്റെ മിടിപ്പു നിലയ്‌ക്കാതെ താന്‍ കാത്തുസൂക്ഷിക്കുമെന്ന്‌ എബ്രഹാം ഡോക്‌ടര്‍ക്കു ഉറപ്പുനല്‍കി. അത്രയ്‌ക്ക് ആത്മവിശ്വാസമായിരുന്നു എബ്രഹാമിന്‌. ഹൃദ്‌രോഗിയായ ഒരു വ്യക്‌തിക്ക്‌ അവശ്യം വേണ്ട മാനസികാവസ്‌ഥയാണിതെന്ന്‌ ഡോക്‌ടര്‍ക്ക്‌ അറിയാമായിരുന്നു.

കേരളത്തിലെ ക്രിസ്‌ത്യന്‍ ബര്‍ണാഡ്‌
എബ്രഹാം പരിശോധന കഴിഞ്ഞുപോയി രണ്ടുമാസത്തിനുശേഷമാണ്‌ അപകടത്തില്‍ പരിക്കേറ്റ സുകുമാരനെ ആശുപത്രിയില്‍ കൊണ്ടുവരുന്നതും മസ്‌തിഷ്‌കമരണം സംഭവിക്കുന്നതും. ചാക്കോ ഡോക്‌ടര്‍ ഒരു നിമിഷം സംശയിച്ചു. മസ്‌തിഷ്‌കമരണം സംഭവിച്ച സുകുമാരന്റെ ഹൃദയം ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തിന്റെ വീട്ടുകാര്‍ തന്നെ ഹൃദയശൂന്യനെന്നു വിളിക്കുമോ എന്നു ഭയപ്പെട്ടു. എന്നാല്‍, എല്ലാ ആശങ്കകളേയും ദൂരീകരിച്ചുകൊണ്ടായിരുന്നു വീട്ടുകാരുടെ പ്രതികരണം. അവര്‍ എല്ലാവരും ഒരേ മനസ്സോടെ സമ്മതംകൊടുത്തു. 2003 മെയ്‌ 13ന്‌ കേരളത്തിലെ ആദ്യഹൃദയക്കൈമാറ്റ ശസ്‌ത്രക്രിയ നടന്നു. സുകുമാരന്റെ ഹൃദയം, എബ്രഹാമിന്റെ ശരീരത്തില്‍ മിടിച്ചുതുടങ്ങി. ശസ്‌ത്രക്രിയ വിജയമായി. ഡോ. പെരിയപുറം കേരളത്തിലെ ക്രിസ്‌ത്യന്‍ ബര്‍ണാഡായി. സുകുമാരന്റെ വീട്ടുകാര്‍ എബ്രഹാമില്‍ സുകുമാരന്റെ ഹൃദയമിടിപ്പറിഞ്ഞു. മരിച്ചുപോയിട്ടും മരിക്കാത്ത ഹൃദയത്തിലൂടെ അവര്‍ സുകുമാരനെ തിരിച്ചറിഞ്ഞു. പക്ഷേ, ഡോ. പെരിയപുറത്തിന്റെ നിര്‍ദേശങ്ങള്‍ വേണ്ടവിധം പാലിക്കാതിരുന്ന എബ്രഹാമിന്റെ ശരീരത്തില്‍ സുകുമാരന്റെ ഹൃദയം ഒരു വര്‍ഷവും ഒന്‍പതു മാസവും മാത്രമേ മിടിച്ചുള്ളൂ. എങ്കിലും ഡോ. പെരിയപുറത്തിന്റെ നാമം വൈദ്യശാസ്‌ത്രചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടു. ഹൃദയമാറ്റത്തിന്റെ സന്ദേശവാഹകനായി അദ്ദേഹം മാറി.

മൂന്നാം ഹൃദയവുമായി ഒരാള്‍
ഇന്ത്യയില്‍ മൂന്നാമത്തെ ഹൃദയവുമായി ജീവിക്കുന്ന ഒരേയൊരു വ്യക്‌തിയാണ്‌ പാലക്കാട്‌് സ്വദേശി ഗിരീഷ്‌. ബാംഗ്ലൂരില്‍ വിപ്രോയില്‍ ജോലിചെയ്യുന്നതിനിടയിലാണ്‌ ഗിരീഷിനെ ചുമയുടെ രൂപത്തില്‍ അസുഖം പിന്തുടരുന്നത്‌. ബാംഗ്ലൂരിലും പാലക്കാട്ടും പരിശോധന നടത്തിയ ഗിരീഷിനോട്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞത്‌, ഹൃദയത്തിന്റെ ആയുസ്സുതീര്‍ന്നിരിക്കുന്നു എന്നാണ്‌. ഹൃദയമാറ്റ ശസത്രക്രിയയാണ്‌ ഏകമാര്‍ഗമെന്നും അവര്‍ തീര്‍പ്പുകല്‌പിച്ചു. ഗിരീഷിന്റെ സഹോദരി എറണാകുളത്തായിരുന്നു താമസം. അവരുടെ നിര്‍ദേശപ്രകാരം ഗിരീഷ്‌ ഡോ. പെരിയപുറത്തെ കണ്ടു. ദാതാവിനായി കാത്തിരുന്നു. 2013 ജൂണ്‍ 4ന്‌ മസ്‌തിഷ്‌കമരണം സംഭവിച്ച വ്യക്‌തിയുടെ ഹൃദയം കോലഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്നു ലഭിച്ചു. ശസ്‌ത്രക്രിയ വിജയകരമായി പര്യവസാനിച്ചു. എന്നാല്‍, 9 മാസത്തിനുശേഷം മാറ്റിവെച്ച ഹൃദയത്തിന്റെ വാല്‍വിന്‌ അണുബാധയുണ്ടായി. ചികില്‍സയ്‌ക്കിടയില്‍ ഹൃദയസ്‌തംഭനവും സംഭവിച്ചു. സി.പി.ആര്‍ (കാര്‍ഡിയോ പള്‍മനറി റിസസിറ്റേഷന്‍) ചെയ്‌ത് ഗിരീഷിന്റെ ജീവന്‍ തിരിച്ചുപിടിച്ച്‌ വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ വീണ്ടും ഹൃദയസ്‌തംഭനം സംഭവിച്ചു. യാതനകളുടെ അടിക്കടിയുള്ള തിരിച്ചടിയുണ്ടായെങ്കിലും ഗിരീഷ്‌ പിടിച്ചുനിന്നു. 2014 മാര്‍ച്ച്‌ 6ന്‌ രണ്ടാമതൊരു ഹൃദയമാറ്റ ശസ്‌ത്രക്രിയയും കൂടി നടത്താന്‍ തീരുമാനിച്ചു. ഇത്തവണ ഒരു പോലീസുകാരന്റെ ഹൃദയമാണ്‌ ഗിരീഷിനു ലഭിച്ചത്‌. ആ ഹൃദയത്തിന്റെ മിടിപ്പിലാണ്‌ ഗിരീഷ്‌ ഇപ്പോഴും ജീവിക്കുന്നത്‌. തന്റെ പഴയ കമ്പനിയില്‍ സാധാരണ ജീവിതം ആസ്വദിക്കുന്നു. മൂന്നുഹൃദയങ്ങളുടെ മിടിപ്പറിഞ്ഞ അപൂര്‍വവ്യക്‌തിയായും ഗിരീഷ്‌ അറിയപ്പെടുന്നു.

കാലനെ തോല്‍പ്പിച്ച ലാലിച്ചന്‍
എറണാകുളം ജില്ലയിലെ ആരക്കുന്നം കടപ്പുറത്തുവീട്ടില്‍ ശശീന്ദ്രന്റേയും ശാന്തയുടേയും മൂത്തമകളായി ജനിച്ച ശ്രുതിക്ക്‌ ഒരു വൃക്കയേ ഉണ്ടായിരുന്നുള്ളൂ. പതിനേഴാം വയസ്സായപ്പോള്‍ ശ്രുതിയുടെ ഹൃദയം പിണക്കം നടിച്ചുതുടങ്ങി. അവര്‍ ഡോ. പെരിയപുറത്തെ ആശ്രയിച്ചു. ആദ്യം രണ്ട്‌ ബ്ലോക്കായിരുന്നു പരിശോധനയില്‍ തെളിഞ്ഞത്‌. പിന്നീട്‌ ഹൃദയം ക്രമാതീതമായി വികസിച്ചുവരുന്ന ഡൈലേറ്റഡ്‌ കാര്‍ഡിയോ മയോപ്പതി എന്ന അസുഖമായി. അതും പോരാഞ്ഞ്‌ രക്‌തധമനികളെ ബാധിക്കുന്ന ടക്കയാസു എന്ന അസുഖവും ശ്രുതിയെ ആക്രമിച്ചു. ചുമ, ഛര്‍ദ്ദി, തളര്‍ച്ച തുടങ്ങി നടക്കാന്‍വരെ ബുദ്ധിമുട്ടായപ്പോള്‍ ഹൃദയം മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചു. കോഴഞ്ചേരിയില്‍ ഒരു കടയിലെ ജീവനക്കാരനായിരുന്നു ലാലിച്ചന്‍. ജോലികഴിഞ്ഞ്‌ കൂട്ടുകാരനൊപ്പം ബൈക്കില്‍ വീട്ടിലേക്കു പുറപ്പെട്ടു. വൈകുന്നേരം മുതല്‍ ചെറിയ മഴയുണ്ടായിരുന്നു. രാത്രിയായപ്പോള്‍ മഴയ്‌ക്കു ശക്‌തികൂടി. കൂരിരുട്ടിലും മഴയിലും അവര്‍ ബൈക്കില്‍ മുന്നോട്ടുപോയി. ഒരു നിമിഷം. പെട്ടെന്ന്‌ ബൈക്കിന്റെ മുന്നിലേക്കു ഒരു പോത്ത്‌ എവിടെനിന്നോ ചാടിവന്നു. ബൈക്ക്‌ വെട്ടിത്തിരിക്കാന്‍ കഴിയുന്നതിനുമുന്നേതന്നെ പോത്തിനെ ഇടിച്ചിരുന്നു. ലാലിച്ചന്‍ തെറിച്ചു റോഡിലേക്കു വീണു. അബോധാവസ്‌ഥയില്‍ അയാള്‍ അവിടെക്കിടന്നു. ലാലിച്ചന്റെ വിധിയായി എത്തിയത്‌ കാലന്റെ വാഹനരൂപത്തിലായിരുന്നു. കൂരിരുട്ടും മഴയുമായിരുന്നതിനാല്‍ ഏറെനേരത്തേക്കു ആരുമൊന്നുമറിഞ്ഞില്ല. പിന്നീട്‌ ഏറെക്കഴിഞ്ഞ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്‌തിഷ്‌കമരണം നടന്നുകഴിഞ്ഞിരുന്നു.
2013 ലെ ലോക അവയവദാന ദിനമായ ആഗസ്‌ത് 13ന്‌ ലാലിച്ചന്റെ ഹൃദയം ശ്രുതിയില്‍ മിടിച്ചുതുടങ്ങി. കോട്ടയത്തുനിന്നും പോലീസ്‌ അകമ്പടിയോടെ ഒരു മണിക്കൂറിനുള്ളില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ലാലിച്ചന്റെ ഹൃദയം എത്തിക്കുകയും ശസ്‌ത്രക്രിയ നടത്തുകയുമായിരുന്നു. ശാരീരികമായി ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും ശ്രുതി ലാലിച്ചന്റെ ഹൃദയവുമായി എറണാകുളം മുളന്തുരുത്തിയിലെ ഒരു ലാബില്‍ ജോലി ചെയ്‌തു ജീവിക്കുന്നു. കാലനും തോല്‍പ്പിക്കാന്‍ പറ്റാത്ത ഹൃദയത്തുടിപ്പുമായി.

പറന്നുവന്ന ഹൃദയം
പാറശ്ശാല സ്വദേശി നീലകണ്‌ഠശര്‍മ വക്കീലായിരുന്നു. ഭാര്യ ജോലിക്കിറങ്ങിയതിനുശേഷമായിരുന്നു ശര്‍മ വക്കീല്‍ അന്ന്‌ കുളിമുറിയില്‍ കയറിയത്‌. ഏറെനേരം കഴിഞ്ഞിട്ടും വക്കീലിനെ കാണാഞ്ഞപ്പോള്‍ ഡ്രൈവര്‍ അകത്തുകയറി കുളിമുറിയുടെ വാതിലില്‍ മുട്ടി. അകത്തിനുനിന്നും ഞരക്കത്തോടെയുള്ള ശബ്‌ദം കേട്ടു. വാതിലിന്റെ കുറ്റി ഈരുന്ന ശബ്‌ദം പുറത്തുനില്‍ക്കുന്ന ഡ്രൈവര്‍ക്ക്‌ കേള്‍ക്കാമായിരുന്നു. തീരെ അവശനായി തളര്‍ന്നുകിടക്കുകയായിരുന്നു ശര്‍മ. ഡ്രൈവറും അയല്‍ക്കാരും ചേര്‍ന്ന്‌ ശര്‍മയെ കുടുംബ ഡോക്‌ടറുടെ അടുത്തെത്തിച്ചു. പക്ഷാഘാതംവന്നു വീണതായിരുന്നു ശര്‍മ. ഉടന്‍തന്നെ ശര്‍മയെ തിരുവനന്തപുരം ശ്രീചിത്തിരയിലേക്കു മാറ്റി. എക്കോ ടെസ്‌റ്റ് എടുക്കാന്‍ കൊണ്ടുപോകും വഴി ശര്‍മയ്‌ക്ക് അപസ്‌മാരമിളകി ബോധരഹിതനായി. പിന്നീട്‌ കണ്ണുതുറന്നിട്ടില്ല. തലയ്‌ക്കകത്തുണ്ടായ രക്‌തസ്രാവം നീക്കം ചെയ്യാന്‍ ശസ്‌ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അടുത്തദിവസം ശര്‍മയുടെ മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ചു. അവയവങ്ങള്‍ ദാനംചെയ്യാന്‍ ശര്‍മയുടെ ഭാര്യ സമ്മതപത്രം ഒപ്പിട്ടുകൊടുത്തു.
ചാലക്കുടി സ്വദേശി മാത്യു അച്ചാടന്‍ ഏതാണ്ട്‌ ഇതേ കാലത്താണ്‌ ഡോ. പെരിയപുറത്തിനെ കാണാനെത്തുന്നത്‌. ഓട്ടോ ഡ്രൈവറായിരുന്നു അച്ചാടന്‍. ആദ്യമാദ്യം വല്ലാത്ത കിതപ്പായിരുന്നു അച്ചാടന്‌. പരിശോധനയില്‍ ഹൃദയം തകരാറിലായിരിക്കുന്നു. മാറ്റിവെച്ചാല്‍ ജീവിക്കാമെന്നായി അവസ്‌ഥ. അച്ചാടന്‍ കാത്തിരുന്നു. ചാക്കോ ഡോക്‌ടറും.
നീലകണ്‌ഠശര്‍മയുടെ അവയവങ്ങള്‍ ദാനംചെയ്യാമെന്നു ഭാര്യ സമ്മതിച്ചതോടെ കാര്യങ്ങള്‍ വളരെ ദ്രുതഗതിയിലായി. തിരുവനന്തപുരത്തുനിന്നും ഹൃദയം എറണാകുളത്ത്‌ പെട്ടെന്നെത്തിക്കാന്‍ ഒരേയൊരു മാര്‍ഗമേ കണ്ടുള്ളൂ. ആകാശമാര്‍ഗം. പിന്നെ അമാന്തിച്ചില്ല. വിമാനമാര്‍ഗം ശര്‍മയുടെ ഹൃദയം പറന്നുവന്ന്‌ മാത്യു അച്ചാടന്റെ നെഞ്ചിന്‍കൂടിലേക്കു ചേക്കേറി. നീലകണ്‌ഠശര്‍മയുടെ ഹൃദയം മാത്യു അച്ചാടന്റെ ശരീരത്തിലിരുന്നു മിടിച്ചുകൊണ്ടേയിരിക്കുന്നു.

വൈശാഖ്‌ കളക്ഷന്‍സ്‌
വൈശാഖ്‌ കളക്ഷന്‍സ്‌ എന്ന തുണിക്കടയുടെ ഉടമസ്‌ഥനാണ്‌ ജോസഫ്‌ റോണി. പലരും ചോദിക്കും:
'ജോസഫേ, ആരായീ, വൈശാഖ്‌. മകനാ?'
ചോദ്യംകേട്ട്‌ ജോസഫ്‌ പറയും:
'അല്ല, എന്റെ ഹൃദയത്തിെന്റയുടമയാണ്‌ വൈശാഖ്‌'
അതു പറയുമ്പോള്‍ ജോസഫിന്റെ ഓര്‍മകള്‍ക്കു ചിറകുമുളയ്‌ക്കും.
വല്ലാര്‍പാടം സ്വദേശി ജോസഫ്‌ റോണി ഇന്റീരിയര്‍ ഡിസൈനിംഗ്‌ കോണ്‍ട്രാക്‌ടറായിരുന്നു. ജീവിതം അല്ലലില്ലാതെ മുന്നോട്ടുപോയ്‌ക്കൊണ്ടിരുന്നു. ജോലി ആവശ്യാര്‍ത്ഥം ജോസഫ്‌ കുറച്ചുകാലം കാസര്‍ഗോഡ്‌ ആയിരുന്നു. അവിടെയുള്ള ഒരു സുഹൃത്തിന്റെ വിവാഹത്തലേന്ന്‌ ആഘോഷം നടക്കുന്നു. പാട്ടിനൊത്ത്‌ ജോസഫ്‌ റോണിയും ചുവടുവെച്ചു. അല്‍പ്പനേരം കഴിഞ്ഞതും ജോസഫിന്‌ കലശലായ നെഞ്ചുവേദന തുടങ്ങി. ഉടന്‍തന്നെ പരിയാരം മെഡിക്കല്‍കോളജിലെത്തിച്ചു. ആന്‍ജിയോപ്ലാസ്‌റ്റി ചെയ്‌തു. എങ്കിലും ഹൃദയത്തിലേക്കുള്ള രക്‌തചംക്രമണത്തിന്‌ പ്രശ്‌നം നിലനിന്നു.
ശ്വാസംമുട്ടല്‍ അസഹനീയമായി. ഭക്ഷണം കഴിക്കാനുള്ള ഒരു പ്ലേറ്റുപോലും കൈയിലെടുത്തുപിടിക്കാന്‍ പറ്റാത്ത അവസ്‌ഥ. ഈയവസ്‌ഥയിലാണ്‌ ജോസഫ്‌ ഡോ. പെരിയപുറത്തെ കാണുന്നത്‌. ഹൃദയം മാറ്റിവെക്കുക എന്നതായിരുന്നു ജോസഫിന്റെ മുന്നിലുണ്ടായിരുന്ന ഏകപോംവഴി.
ആലപ്പുഴയിലെ സുജാതയുടെ മകനായിരുന്നു വൈശാഖ്‌. മക്കളുടെ ചെറുപ്പകാലത്തുതന്നെ ഭര്‍ത്താവ്‌ നഷ്‌ടപ്പെട്ട സുജാത അവരെ പൊന്നുപോലെ വളര്‍ത്തിക്കൊണ്ടുവന്നു. വൈശാഖ്‌ ബി.കോം വിദ്യാര്‍ത്ഥിയായിരുന്നു. ഒരിക്കല്‍ അമ്പപ്പുഴയില്‍ തന്റെ കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കുകൊണ്ട്‌ തിരിച്ചുവരികയായിരുന്നു വൈശാഖ്‌. വഴിയില്‍വച്ചുനടന്ന അപകടത്തില്‍ വൈശാഖ്‌ മസ്‌തിഷ്‌കമരണത്തിന്‌ ഇടയായി. അമ്മ സുജാത അവയവ ദാനത്തിന്‌ സമ്മതപത്രം ഒപ്പിട്ടുനല്‍കി.
അധികം വൈകാതെ വൈശാഖിന്റെ ഹൃദയം ജോസഫ്‌ റോണിയുടെ ഹൃദയത്തില്‍ മിടിച്ചുതുടങ്ങി. വൈശാഖ്‌ എന്ന മകന്‍ നഷ്‌ടപ്പെട്ടെങ്കിലും സുജാതക്ക്‌ ജോസഫ്‌ റോണി എന്ന മകനെ ലഭിച്ചു. വിധിനിയോഗത്താല്‍ രണ്ടു കുടുംബങ്ങള്‍ ഇന്ന്‌ ഒരു കുടംബമാണ്‌.
സുജാത നിത്യവും ജോസഫിന്റെ വിശേഷങ്ങള്‍ തിരക്കും. ഡോ. ചാക്കോ പെരിയപുറം ജോസഫിന്റെ നിസ്സാഹയതയിലേക്കു ഒരു തുക കൊടുത്തു സഹായിച്ചു. ആ തുക കൊണ്ട്‌ ജോസഫ്‌ റോണി ഒരു തുണിക്കട തുടങ്ങി. അതാണ്‌ വൈശാഖ്‌ കളക്ഷന്‍സ്‌.

സേവനം ഹൃദയഭാഷയില്‍
ഹൃദയമാറ്റ ശസ്‌ത്രക്രിയക്കുള്ള ഭീമമായ ചികില്‍സാ ചെലവോര്‍ത്ത്‌, ശസ്‌ത്രക്രിയ വേണ്ടെന്നു തീരുമാനിച്ച പലരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍, ജോസ്‌ ചാക്കോ പെരിയപുറം എന്ന ഡോക്‌ടറുടെ സമീപനവും സാമൂഹ്യപ്രവര്‍ത്തകരുടെ കാരുണ്യം നിറഞ്ഞ സഹായവുംകൊണ്ട്‌ പലതും യാഥാര്‍ത്ഥ്യമായി. കാലം മുന്നേറിയപ്പോള്‍ ചിലര്‍ക്ക്‌ ഹൃദയമാറ്റ ശസ്‌ത്രക്രിയ സാമ്പത്തികലാഭത്തിനുള്ള ഉപാധിയായി മാറിക്കൊണ്ടിരിക്കുന്നു എന്നൊരു അഭിപ്രായം കൂടി ഡോക്‌ടര്‍ക്കുണ്ട്‌.
മസ്‌തിഷ്‌കമരണം ഈയടുത്തകാലത്ത്‌ വ്യാജമായി സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌ എന്ന ചില വാര്‍ത്തകള്‍ ഡോക്‌ടറുടെ നിഗമനം ശരിവയ്‌ക്കുന്നു. സേവനം ഹൃദയത്തിന്റെ ഭാഷയിലാകണമെന്നാണ്‌ ഡോ. ജോസ്‌ ചാക്കോ പെരിയപുറം എന്ന ഈ ഹൃദയവിദഗ്‌ധന്‍ നമ്മോട്‌ പറയുന്നത്‌.

ഉമ ആനന്ദ്‌

Ads by Google
Sunday 30 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW