Monday, June 17, 2019 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 01.55 AM

രാഷ്‌ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണവും സുപ്രീം കോടതി വിധിയും

uploads/news/2018/10/254202/bft3.jpg

സമൂഹത്തിലെ പ്രമാണിമാരോ ശ്രേഷ്‌ഠന്‍മാരോ സമ്പന്നരോ കുലീനരോ വിദ്യാഭ്യാസത്തില്‍ മുന്തിയവരോ ആയ ആളുകളാണ്‌ ഏതു രാജ്യത്തായാലും രാഷ്‌ട്രീയ രംഗത്തെ നേതൃത്വത്തില്‍ ഉണ്ടാവുക.
മുതലാളിത്ത രാജ്യങ്ങളില്‍ മാത്രമല്ല, കമ്യൂണിസ്‌റ്റ്‌ രാജ്യങ്ങളില്‍പോലും ഇതാണ്‌ സ്‌ഥിതി. തിയറി ഓഫ്‌ എലൈറ്റ്‌ ഇക്കാര്യം അടിവരയിട്ടു ചൂണ്ടിക്കാട്ടുകയും ചെയ്‌തിട്ടുള്ളതാണ്‌. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യകാലത്ത്‌ എലൈറ്റ്‌ വിഭാഗത്തിന്റെ ഭരണം തന്നെയാണ്‌ നിലവില്‍ വന്നത്‌. ഈ കുലീനാധിപത്യത്തിന്റെ അന്ത്യം കുറിക്കപ്പെടുകയും ക്രിമിനലുകളുടെ രാഷ്‌ട്രീയാധിപത്യം രാജ്യത്ത്‌ നിലവില്‍ വരികയും ചെയ്‌തിരിക്കുകയാണ്‌. ഇപ്പോള്‍ എലൈറ്റ്‌ ക്ലാസിനേക്കാള്‍ നമ്മുടെ രാജ്യത്തെ രാഷ്‌ട്രീയ രംഗത്തിന്‌ നേതൃത്വം നല്‍കുന്നത്‌ കടുത്ത ക്രിമിനല്‍ നടപടികളില്‍ക്കൂടി കോടികള്‍ ഉണ്ടാക്കി യവരും കള്ളപ്പണക്കാരും കരിഞ്ചന്തക്കാരും രാജ്യദ്രോഹികളും ഒക്കെയാണ്‌. രാജ്യത്തെ പാര്‍ലമെന്റു കളിലും നിയമ സഭകളിലും ഇക്കൂട്ടര്‍ക്കാണ്‌ മുന്‍തൂക്കം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
ജനാധിപത്യം രാഷ്‌ട്രമീമാംസയില്‍ ഏറ്റവും ഉന്നതമായ ഒന്നാണ്‌. പാര്‍ലമെന്ററി ജനാധിപത്യമാണ്‌ ഇന്ത്യയില്‍ നിലവിലുള്ളത്‌. ഇതിനെതിരെയാണ്‌ രാജ്യത്തെ ക്രിമിനലുകള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിരിക്കുന്നത്‌. ഭരണഘടന തുടങ്ങു ന്നതുതന്നെ ജനങ്ങളുടെ പരമാധികാരം വിളംബരം ചെയ്‌തുകൊണ്ടാണ്‌.
ജനപ്രതിനിധി സഭയിലേക്ക്‌ ഓരോ സംസ്‌ഥാനത്തിലേ യും നിയമനിര്‍മാണസഭയിലേയുമുള്ള തെരഞ്ഞെടുപ്പുകള്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്‌ഥാന ത്തിലായിരിക്കണം എന്ന്‌ 326 -ാം വകുപ്പ്‌ പ്രഖ്യാപിക്കുന്നു. ഇതനുസരിച്ച്‌ കേന്ദ്രത്തിലേയും സംസ്‌ഥാനങ്ങളിലേയും സര്‍ക്കാരുകള്‍ അവയുടെ ഭരണാധികാരം സമാര്‍ജിക്കുന്നത്‌ മുറപ്രകാരമുള്ള കാലയളവുകളില്‍ സംസ്‌ഥാന നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്ന ജനങ്ങളില്‍നിന്നാണ്‌. ഇതിനു പുറമേ സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ്‌ അധികാരം കൈകാര്യം ചെയ്യുന്നവര്‍ നിയമസഭയോടും ജനങ്ങളോടും ഉത്തരവാദിത്വമുള്ളവരാണ്‌. അങ്ങനെ ഭരണകാര്യങ്ങളില്‍ ഏതാനും സ്വാര്‍ഥമതികളായ വ്യക്‌തികളുടെ ഹിതങ്ങളല്ല, മറിച്ച്‌ ജനഹിതമാണ്‌ നടപ്പിലാക്കുന്നത്‌.
നിര്‍ഭാഗ്യവശാല്‍ ഇന്ന്‌ ഇന്ത്യന്‍ രാഷ്‌ട്രീയം ക്രിമിനലുകളും ആ വിഭാഗത്തില്‍പ്പെട്ടവരും കൈയടക്കിയിരിക്കുകയാണ്‌. തെരഞ്ഞെടുപ്പുരംഗം ഫലപ്രദമായി പരിഷ്‌കരിക്കപ്പെടാതെ ഇന്ത്യന്‍ ജനാധിപത്യത്തിന്‌ ഭാവിയില്ലെന്ന അഭിപ്രായത്തിലേക്ക്‌ രാജ്യത്തെ ജനാധിപത്യവാദികള്‍ മാറുന്ന സ്‌ഥിതിയും സംജാതമായിരിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ ഉന്നത കോടതിയായ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും രാഷ്‌ട്രീയത്തിലെ ക്രിമിനലുകള്‍ക്കെതിരേ വിധി പുറത്തുവന്നിരിക്കുന്നത്‌.
ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും ക്രിമിനല്‍ കുറ്റാരോപിതരുടെ സാന്നിധ്യം പാര്‍ലമെന്റിലും സംസ്‌ഥാന നിയമസഭകളിലും വര്‍ധിച്ചുവരുന്നതായാണു കണക്കുകള്‍ വെളിപ്പെടുത്തുന്നത്‌. 2014- ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച 542 പേരില്‍ 184 പേരും, 2009 ല്‍ 158 പേരും കൊടും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരായിരുന്നെന്നു പഠനങ്ങള്‍ വെളിവാക്കുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവര്‍ക്ക്‌ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന്‌ അയോഗ്യത കല്‍പ്പിക്കാന്‍ പാര്‍ലമെന്റ്‌ നിയമനിര്‍മ്മാണം നടത്തണമെന്ന്‌ സുപ്രീംകോടതിയുടെ അഞ്ച്‌ അംഗ ഭരണഘടനാ ബെഞ്ച്‌ ഏകകണ്‌ഠമായി നിര്‍ദേശിച്ചിരിക്കുകയാണ്‌. രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്‌ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്‌ചാത്തലം വെബ്‌സെറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി ബഞ്ച്‌ വിധിച്ചു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക്‌ മാത്രമാണ്‌ ജനപ്രാതിനിധ്യ നിയമപ്രകാരം നിലവില്‍ മത്സരിക്കാന്‍ അയോഗ്യതയുള്ളത്‌.
അയോഗ്യത കല്‍പിക്കാനും അതിനായി പാര്‍ലമെന്റിനു വേണ്ടി നിയമം ഉണ്ടാക്കാനും ഈ കോടതിക്കു കഴിയില്ല. അത്‌ പാര്‍ലമെന്റാണ്‌ ചെയ്യേണ്ടതെന്ന്‌ കോടതി ചൂണ്ടിക്കാട്ടി.
തെരഞ്ഞടുപ്പ്‌ കമ്മിഷന്‌ നല്‍കുന്ന ഫോറത്തില്‍ സ്‌ഥാനാര്‍ഥികള്‍ എല്ലാ വിവരങ്ങളും രേഖപ്പെടുത്തണമെന്ന്‌ കോടതി നിര്‍ദേശിച്ചു. ക്രിമിനല്‍ കേസുളളവരുടെ അംഗത്വം റദ്ദാക്കാനും അവര്‍ മത്സരിക്കുന്നത്‌ വിലക്കാനും രാഷ്‌ട്രീയ പാര്‍ട്ടികളെ നിര്‍ബന്ധിക്കുന്ന നിയമം കൊണ്ടുവരണമെന്നും കോടതി പറഞ്ഞു. സ്‌ഥാനാര്‍ഥികള്‍ തങ്ങളുടെ കേസുകളുടെ വിവരം പാര്‍ട്ടിയെ അറിയിക്കണം. സ്‌ഥാനാര്‍ഥികളുടെ കേസുകളുടെ വിവരം പാര്‍ട്ടികള്‍ വെബ്‌സെറ്റില്‍ പ്രസിദ്ധീകരിക്കണം. നാമനിര്‍ദേശ പത്രിക നല്‍കിയതു മുതല്‍ 3 തവണയെങ്കിലും ഈ വിവരങ്ങള്‍ ഇലക്‌ട്രോണിക്‌ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം.
ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കേണ്ടത്‌ നമ്മുടെ രാജ്യത്തിനും ലോകത്തിനു തന്നെയും ആവശ്യമാണ്‌. ഇതിനു നേരെ ഉയര്‍ന്നിട്ടുള്ള വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടുകയും, അതിനെ നിലനിര്‍ത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്‌ക്കുകയുമാണ്‌ പരമോന്നത കോടതി ചെയ്‌തിട്ടുള്ളത്‌. അതുകൊണ്ടുതന്നെ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുളള ബാധ്യത ഇന്നത്തെ ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുണ്ട്‌.

അഡ്വ. ജി. സുഗുണന്‍

(ലേഖകന്‍ സി.എം.പി കേന്ദ്ര സെക്രട്ടേറിയറ്റ്‌ അംഗമാണ്‌.ഫോണ്‍: 9847132428
Email: avdgsugunangmail.com)

Ads by Google
Friday 05 Oct 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW