Monday, June 17, 2019 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 06 Oct 2018 01.51 AM

മുക്‌വേഗ്‌ വെറുമൊരു ഗൈനക്കോളജിസ്‌റ്റല്ല; 'ഭ്രാന്തിനും' അവിടെ ചികില്‍സയുണ്ട്‌!

uploads/news/2018/10/254482/bft4.jpg

കോംഗോയിലുള്ളവര്‍ക്ക്‌ ഡെനിക്‌ മുക്‌വേഗ്‌ വെറുമൊരു ഡോക്‌ടറല്ല. ഒരു അത്ഭുത മനുഷ്യനാണ്‌. പീഡനം ഉഗ്രമുറിവേല്‍പ്പിച്ചവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്ന ദൈവത്തിന്റെ
കൈ....
1999-ല്‍ ദക്ഷിണ ബുക്കാവുവിലെ പാന്‍സി ആശുപത്രിയില്‍നിന്നാണ്‌ ദൈവത്തിന്റെ ആ കൈ ആദ്യം നീണ്ടുതുടങ്ങിയത്‌. പീഡനത്തിനിരയായി ജീവന്‍മാത്രം ബാക്കിയായ ഒരു സ്‌ത്രീയെ ആരോ ചിലര്‍ ചേര്‍ന്ന്‌ ഗൈനക്കോളജിസ്‌റ്റായ ഡോ. മുക്‌വേഗിന്റെ ആശുപത്രിയിലെത്തിച്ചു. ചോരയില്‍ കുളിച്ച പെണ്‍കുട്ടി. പീഡനത്തിനുശേഷം അവളുടെ ജനനേന്ദ്രിയത്തിലേക്കു തോക്ക്‌ കയറ്റി വെടിയുതിര്‍ത്തിരുന്നു. ഇടുപ്പ്‌ പാടേ തകര്‍ന്നനിലയില്‍. ആരോ ഭ്രാന്തന്മാര്‍ ചെയ്‌തതാണെന്നാണ്‌ ആദ്യം കരുതിയത്‌. പിന്നീട്‌ അതേ വര്‍ഷം സമാനമായ 45 "ഭ്രാന്തുകള്‍" കണ്ടെന്ന്‌ മുക്‌വേഗ്‌.
കഴിഞ്ഞ 15 വര്‍ഷവും മുക്‌വേഗ്‌ കണ്ടത്‌ അതുതന്നെയായിരുന്നു. പീഡനത്തിനപ്പുറം തകര്‍ത്തുടച്ച പെണ്‍മേനികള്‍. കൊടും ക്രൂരയ്‌ക്കിരയായി മരണത്തിലേക്കു നീങ്ങിയ പലരെയും ഡോക്‌ടര്‍ മെല്ലെ തിരിച്ചുവിളിച്ചു. പീഡനപര്‍വങ്ങളുടെ അരണ്ട നാളുകളില്‍നിന്നു ജീവിതത്തിന്റെ പുത്തന്‍ ഏടിലേക്ക്‌.
450 കിടക്കകളുള്ള പാന്‍സി ആശുപത്രിയില്‍ വര്‍ഷം മൂവായിരത്തി അഞ്ഞൂറിനടുത്ത്‌ സ്‌ത്രീകളാണ്‌ മാരക മുറിവുകളുമായി എത്തുന്നത്‌. എല്ലാവരും പീഡനത്തിന്റെ ഇരകളല്ലെന്നു മാത്രം. ഇവരില്‍ നിവൃത്തിയില്ലാത്തവര്‍ക്കു മുക്‌വേഗ്‌ ശരിക്കും ദൈവമാണ്‌. സൗജന്യ ചികില്‍സയും ശസ്‌ത്രക്രിയയും നടത്തുന്ന ദൈവദൂതന്‍.ഇരയ്‌ക്കു ചികില്‍സ നല്‍കുക മാത്രമല്ല മുക്‌വേഗ്‌. വേട്ടക്കാര്‍ക്കെതിരേ ഇടിമുഴക്കമാകുകയാണ്‌ അദ്ദേഹം. അറുപത്തിമൂന്നുകാരനായ ഭിഷഗ്വരന്റെ പേര്‌ മുമ്പും പലകുറി നൊബേല്‍ പുരസ്‌കാരത്തിനു ശിപാര്‍ശ ചെയ്യപ്പെടാനുള്ള കാരണം തന്നെ മറ്റൊന്നല്ല.
"പ്ലദോയേ പോര്‍ ലാ വീ" (ജീവിതത്തിനായി കേഴല്‍) എന്ന തന്റെ ആത്മകഥയില്‍ ഡോ. ഡെനിക്‌ മുക്‌വേഗ്‌ കുറിച്ചിട്ടത്‌ താന്‍ കണ്ട ഭയവിഹ്വലതകളുടെ ലോകത്തെക്കുറിച്ചായിരുന്നു. ജനിച്ചുവളര്‍ന്ന ദക്ഷിണ കിവുവില്‍ കണ്ട അതിന്റെ കറുത്ത ഏടുകളെക്കുറിച്ച്‌. അതാണു പാന്‍സിയിലൊരു ആതുരസേവനകേന്ദ്രം തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്നും മുക്‌വേഗിന്റെ വാക്കുകള്‍.
2015 -ല്‍ ഡെനിക്‌ മുക്‌വേഗ്‌ എന്ന അത്ഭുത ഡോക്‌ടറെക്കുറിച്ചു സിനിമയുണ്ടായി. "ദ്‌ മാന്‍ ഹു മെന്‍ഡ്‌സ്‌ വിമന്‍" എന്ന പേരില്‍. അതോടെ മുക്‌വേഗിനെ ലോകം കൂടുതല്‍ അടുത്തറിഞ്ഞു. പോരാട്ടവീര്യത്തിന്റെ പ്രതീകമെന്നോണം... പ്രായത്തിന്റെ അവശതകളൊന്നും മുക്‌വേഗിനെ തളര്‍ത്തുന്നില്ല. കോംഗോയുടെ കിഴക്കന്‍ പ്രവിശ്യകളില്‍ സ്‌ത്രീകള്‍ക്കെതിരേ നടമാടുന്ന കൊടിയ ക്രൂരതകള്‍ക്കുനേരേ ഡോക്‌ടര്‍ ഇപ്പോഴും പ്രതിരോധത്തിന്റെ വെടിയൊച്ചയാണ്‌. ശത്രുക്കളുടെ തിരിച്ചടി ഭയക്കാത്ത പച്ചയായ മനുഷ്യന്‍. (2012-ല്‍ തലനാരിഴയ്‌ക്കാണ്‌ മുക്‌വേഗ്‌ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടത്‌). "നമ്മള്‍ രാസായുധ പ്രയോഗത്തിനും അണ്വായുധ പ്രയോഗങ്ങള്‍ക്കുമൊക്കെ എതിരേ നിയന്ത്രണങ്ങളുടെ അതിര്‍ത്തിസീമ കെട്ടിപ്പെടുത്തിയില്ലേ. മാനഭംഗത്തെ ആയുധമാക്കുന്നതിനെതിരെയും അങ്ങനെയൊന്നു കെട്ടിപ്പടുത്തിക്കൂടേ?"- ലോകത്തോട്‌ സമാധാന നൊബേല്‍ ജേതാവിന്റെ ചോദ്യാസ്‌ത്രം.

Ads by Google
Saturday 06 Oct 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW