Tuesday, June 25, 2019 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 06 Oct 2018 01.52 AM

ആറു സഹോദരന്മാരെയും അമ്മയെയും വധിച്ചു; തടങ്കലില്‍ പീഡനം മൂന്നുമാസം

uploads/news/2018/10/254483/bft3.jpg

ഇരുപത്തിയൊന്നാം വയസില്‍ ഐ.എസ്‌. തടവറയിലെത്തിയതാണു നാദിയ മുറാദ്‌. അവിടെ മൂന്നു മാസത്തോളം അടിമയാക്കപ്പെട്ടു. കൊടിയ മര്‍ദനത്തിനിരയായി. അരണ്ട വെളിച്ചത്തില്‍ പലരും ചേര്‍ന്നു കൂട്ടമാനഭംഗത്തിനിരയാക്കി. നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു. ഒടുവില്‍ എല്ലാം നഷ്‌ടപ്പെട്ടു ബാക്കി കിട്ടിയ ജീവനുമായൊരു രക്ഷപ്പെടല്‍. അവിടെ തുടങ്ങുന്നു, നാദിയ മുറാദ്‌ എന്ന പോരാട്ടവീര്യത്തിന്റെ ഉത്ഭവം. നാലു വര്‍ഷത്തിനിപ്പുറം സമാധാന നൊബേല്‍ എന്ന അംഗീകാരനിറവില്‍ എത്തുമ്പോഴും, ആ പുരസ്‌കാരം മുറാദിനു നീറുന്ന ചില ഓര്‍മപ്പെടുത്തലാണ്‌.
2014 ഓഗസ്‌റ്റ്‌. വടക്കന്‍ ഇറാഖിലെ കോച്ചോ ഗ്രാമത്തിലേക്ക്‌ ഇസ്ലാമിക്‌ ജിഹാദികള്‍ ഇരച്ചുകയറുന്നതുവരെ മുറാദിന്റെ ലോകം സുന്ദരമായിരുന്നു. വെളുത്തു കൊലുന്നനെയുള്ള പെണ്‍കുട്ടി. ബ്രൗണ്‍ നിറത്തിലുള്ള തലമുടി. വടക്കന്‍ ഇറാഖിലെ സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമത്തില്‍ അവളുടെ ജീവിതം ശാന്തമായിരുന്നു. പക്ഷേ, കറുത്ത കൊടി പാറിച്ചു ജിഹാദി ട്രക്കുകളും പിക്കപ്പ്‌ വാനുകളും ആ വഴി വന്നതോടെ അവളുടെ ലോകം മാറി. മറ്റനേകം യസീദി പെണ്‍കുട്ടികളുടേതുപോലെ തന്നെ.
ഐ.എസ്‌. പോരാളികള്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. തെരുവില്‍ അവര്‍ മുന്നൂറോളം ആണുങ്ങളുടെ തലയറുത്തു മുന്നേറി. അതില്‍ മുറാദിന്റെ സഹോദരന്മാരുമുണ്ടായിരുന്നു. എട്ടുസഹോദരന്മാരില്‍ ആറുപേരുടെയും തലയറുത്തത്‌ അവളുടെ കണ്‍മുന്നിലായിരുന്നു. മുറാദിനെയും രണ്ടു സഹോദരിമാരെയും അവരുടെ ബന്ധുക്കളായ പെണ്‍കുട്ടികളെയും ഭീകരര്‍ ബലമായി പിടിച്ചുകൊണ്ടുപോയി, ലൈംഗിക അടിമയാക്കാന്‍. പ്രായമായ അമ്മയെക്കൊണ്ടു പ്രയോജനമില്ലെന്നു കണ്ട്‌ അവരെ വെടിവച്ചുകൊന്നു. മുറാദിനെ അവര്‍ പിടിച്ചുകൊണ്ടുപോയത്‌ മൊസൂളിലേക്കായിരുന്നു. ഐ.എസ്‌. സ്വയം പ്രഖ്യാപിച്ച സാമ്രാജ്യത്തിന്റെ ശക്‌തിദുര്‍ഗത്തിലേക്ക്‌. അവിടെയെത്തിയതും ഭീകരതയുടെ കോട്ടയിലകപ്പെട്ടു അവള്‍.
ആയിരക്കണക്കിനു യസീദി സ്‌ത്രീകളെയാണു ഒരു കെട്ടിടത്തിനുള്ളില്‍ പാര്‍പ്പിച്ചിരുന്നത്‌. അവരെ പലര്‍ക്കും കൈമാറി. വലിയ തടിച്ചുകൊഴുത്തൊരാള്‍ മുറാദിനെ കൂട്ടിക്കൊണ്ടുപോയി. അലറി വിളിച്ചിട്ടും ഫലമുണ്ടായില്ല. അയാള്‍ ചവിട്ടി നിലത്തിട്ടു. തല്ലിച്ചതച്ചു. പിന്നെ മാനം കവര്‍ന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ മെലിഞ്ഞ മറ്റൊരാള്‍ മുറിയിലേക്കു വന്നു. അയാള്‍ വസ്‌ത്രങ്ങള്‍ അഴിപ്പിച്ചു. മേക്കപ്പ്‌ ഇടുവിച്ചു. അതും ഭീകരമായ മറ്റൊരു രാത്രി...
രക്ഷപ്പെടാന്‍ ശ്രമിച്ചതാണ്‌. അപ്പോഴേയ്‌ക്കും ഗാര്‍ഡുകള്‍ പിടികൂടി. അവര്‍ ഒരു മുറിക്കുള്ളില്‍ പൂട്ടി. അതിനകത്തുവച്ച്‌ അവള്‍ ബോധംകെട്ടു വീഴുംവരെ അവര്‍ ഉപദ്രവിച്ചു. പിന്നീടങ്ങോട്ടു കൂട്ടമാനഭംഗത്തിന്റെ ദിനങ്ങളായിരുന്നു. ഇരയെ പലരും പല തവണ വേട്ടയാടി. ഓരോദിവസവും ഉണരുന്നതുതന്നെ മാനഭംഗത്തിലേക്ക്‌. മരിച്ച അമ്മയെയും സഹോദരങ്ങളെ കൂടി അവള്‍ക്ക്‌ ഓര്‍ക്കാന്‍ പറ്റിയില്ല. ജീവിച്ചിരുന്നവര്‍ അത്രയ്‌ക്കു വേട്ടയാടപ്പെടുന്ന ദിനങ്ങളായിരുന്നു അത്‌.
യസീദി സ്‌ത്രീകളോടു കൊടുംപകയായിരുന്നു ജിഹാദികള്‍ക്ക്‌. കുര്‍ദിഷ്‌ ഭാഷ സംസാരിക്കുന്ന അവരെ നിര്‍ബന്ധിച്ച്‌ ഇസ്ലാം മതത്തിലേക്കു മാറ്റുന്നതില്‍ ജിഹാദികള്‍ ആനന്ദം പൂണ്ടു. പലരെയും അടിമച്ചന്തയില്‍ വിറ്റു.
മറ്റു പലരെയും ബലപ്രയോഗത്തിലൂടെ വിവാഹം ചെയ്‌തു. അങ്ങനെയൊരു ദുര്‍വിധിയാണു നാദിയ മുറാദിനെയും കാത്തിരുന്നത്‌. ജിഹാദികളിലൊരാള്‍ കൈക്കരുത്തിലൂടെ അവളെ ഭാര്യയാക്കി. അടിച്ചും മര്‍ദിച്ചും അവളെ ഇംഗിതത്തിന്‌ ഇരയാക്കി. ചോരയുടെ ഗന്ധം വീര്‍പ്പുമുട്ടിച്ച നാളുകള്‍. എങ്ങും വെടിയൊച്ച. എങ്ങനെയും രക്ഷപ്പെടാന്‍ മനസു കൊതിച്ചു. ഒടുവില്‍ അതു സാധിച്ചു. മൊസൂളിലെ ഒരു മുസ്ലിം കുടുംബത്തിന്റെ സഹായത്തോടെ അവള്‍ തടവില്‍നിന്ന്‌ ഒളിച്ചോടി. കള്ളരേഖകളുടെ ബലത്തില്‍ കുറേ കിലോമീറ്ററുകള്‍ താണ്ടി കുര്‍ദിസ്‌താന്‍ പ്രവിശ്യയിലെത്തി. യസീദി സ്‌ത്രീകളുടെ ക്യാമ്പില്‍ അഭയം തേടി.
അവിടുന്നങ്ങോട്ട്‌ മുറാദ്‌ നടന്നത്‌ പ്രതിരോധത്തിന്റെ കരുത്തിലേക്കായിരുന്നു. യസീദി പെണ്‍കുട്ടികളെ സഹായിക്കുന്ന സംഘടനയുടെ സഹായത്തോടെ അവള്‍ ജര്‍മനിയിലുള്ള സഹോദരിയുടെ അടുത്തെത്തി. അവിടെ നിന്നുകൊണ്ട്‌ " നമ്മുടെ പേരാട്ടം"എന്നൊരു വേദി രൂപീകരിച്ച്‌ ജിഹാദികള്‍ക്കെതിരേ പോരാട്ടത്തിനു തുടക്കമിട്ടു. പോകെപ്പോകെ പീഡനങ്ങള്‍ക്കെതിരായ ലോകത്തിന്റെ ശബ്‌ദമായി മാറി അവള്‍. ജിഹാദി കൂട്ടക്കൊലയ്‌ക്കും മാനഭംഗങ്ങള്‍ക്കുമെതിരേ മുറാദ്‌ ലോകരാജ്യങ്ങളുടെ പിന്തുണ ഇരന്നു. ലെബനീസ്‌ ബ്രിട്ടീഷ്‌ അഭിഭാഷകയായ അമല്‍ ക്ലൂണി എന്ന സന്നദ്ധപ്രവര്‍ത്തകയെ ഒപ്പം കിട്ടിയതോടെ ആ പോരാട്ടത്തിനു കൂടുതല്‍ കരുത്തായി. അങ്ങനെയാണു"ദ്‌ ലാസ്‌റ്റ്‌ ഗേള്‍" എന്ന പേരില്‍ മുറാദിന്റെ പുസ്‌തകമിറങ്ങുന്നത്‌.

ബിനോയ്‌ തോമസ്‌

Ads by Google
Saturday 06 Oct 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW