Monday, June 17, 2019 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 06 Oct 2018 01.52 AM

അഴിമതിയുടെ വാതില്‍ തുറന്ന്‌ ബ്രൂവറികളും ഡിസ്‌റ്റിലറിയും

uploads/news/2018/10/254484/bft2.jpg

പരമരഹസ്യമായി സംസ്‌ഥാനത്ത്‌ മദ്യ നിര്‍മാണശാലകള്‍ ആരംഭിച്ചതിനു പിന്നിലെ അഴിമതി ഒന്നൊന്നായി പുറത്തു വന്നതോടെ അതു മൂടിവയ്‌ക്കാനുള്ള വെപ്രാളത്തിലാണു സര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ ലളിതമായ പത്തു ചോദ്യങ്ങള്‍ കഴിഞ്ഞ മാസം 29 ന്‌ ഞാന്‍ ചോദിക്കുകയുണ്ടായി. ഒന്നിനു പോലും ഇതുവരെ തൃപ്‌തികരമായ മറുപടി നല്‍കാന്‍ എക്‌സൈസ്‌ മന്ത്രിക്കോ മുഖ്യമന്ത്രിക്കോ കഴിഞ്ഞിട്ടില്ല. പകരം എന്നെ അപഹസിച്ച്‌ എക്‌സൈസ്‌ വകുപ്പിനെക്കൊണ്ട്‌ ആദ്യം പത്രക്കുറിപ്പ്‌ ഇറക്കി. പിന്നീട്‌ വസ്‌തുതകള്‍ വളച്ചൊടിച്ചും മുട്ടുന്യായങ്ങള്‍ നിരത്തിയും മുഖ്യമന്ത്രി രംഗത്തെത്തി. അതേ വാഗദഗതികളുമായി പിന്നാലെ എക്‌സൈസ്‌ മന്ത്രിയും വന്നു.

ഇവര്‍ മാത്രം എങ്ങനെ അറിഞ്ഞു?
ബ്രൂവറികളും ഡിസ്‌റ്റലറിയും അനുവദിച്ചതു നാലു പേര്‍ക്കു മാത്രം. അനുവദിക്കുന്ന വിവരം ഇവര്‍ മാത്രം എങ്ങനെ അറിഞ്ഞു എന്നതാണു കാതലായ ചോദ്യം. 19 വര്‍ഷമായി മദ്യനിര്‍മാണശാലകള്‍ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാല്‍ തന്നെ അനുവദിക്കേണ്ടതില്ലന്നും 1999ലെ നയപരമായ തിരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞു അത്‌ നിരസിക്കുകയായിരുന്നു പതിവ്‌. അതിനാല്‍, ആരും അപേക്ഷിക്കാറില്ല. പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ഉടന്‍ കുറച്ചുപേര്‍ മണംപിടിച്ച്‌ വന്നതാണോ?

നയപരമായ തീരുമാനമോ?

1999 ലാണ്‌ മദ്യനിര്‍മാണ ശാലകള്‍ തുടങ്ങേണ്ടതില്ലന്ന സുപ്രധാനമായ തീരുമാനം ഉണ്ടാകുന്നത്‌. അന്ന്‌ ഇ.കെ. നയനാരായിരുന്നു മുഖ്യമന്ത്രി. 98 ല്‍ കുറച്ച്‌ മദ്യശാലകള്‍ക്ക്‌ അനുമതി നല്‍കിയതോടെ ലൈസന്‍സിനുള്ള അപേക്ഷകരുടെ പ്രളയമായി. അങ്ങനെയാണ്‌ നയനാര്‍ സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു പുതിയവ അനുവദിക്കേണ്ടതില്ലന്ന്‌ തിരുമാനിച്ചതും. പിണറായിയെ പോലെ ഇതൊന്നും മന്ത്രി സഭയില്‍ കൊണ്ടുവരേണ്ട കാര്യമില്ലെന്ന്‌ അന്നു നയനാര്‍ ചിന്തിച്ചില്ല. അദ്ദേഹം മന്ത്രിസഭയില്‍ കൊണ്ടുവന്നു.1999 സെപ്‌റ്റംബര്‍ 24 ലെ മന്ത്രിസഭാ യോഗം അജന്‍ഡയ്‌ക്ക്‌ പുറത്തുള്ള ഇനം രണ്ടായിട്ടാണ്‌ തിരുമാനം എടുത്തത്‌. ഇതു വെറും എക്‌സിക്യുട്ടീവ്‌ ഉത്തരവാണെന്നാണ്‌ ഇപ്പോള്‍ വാദിക്കുന്നത്‌. അത്‌ നയപരമായ തിരുമാനം തന്നെയായിരുന്നു.

ശ്രീചക്രാ ഫയല്‍ സംസാരിക്കുന്ന തെളിവ്‌

പ്രതിപക്ഷത്തിന്റെ ആരോപണത്തിന്റെ മുന ഒടിക്കുന്നതിന്‌ ഇടതുമുന്നണിയുമായി ബന്ധമുളള ഏജന്‍സികള്‍ കഴിഞ്ഞദിവസം പുറത്ത്‌ വിട്ട ശ്രീചക്രാ ഡിസ്‌റ്റലറീസുമായി ബന്ധപ്പെട്ട ഫയല്‍ തന്നെ സര്‍ക്കാരിന്റെ കള്ളക്കളികള്‍ പുറത്തു കൊണ്ടു വരുന്നതിനുള്ള ഉത്തമമായ തെളിവാണ്‌. 1999 ലെ ഉത്തരവ്‌ നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ നയപരമായ തിരുമാനം എടുത്ത്‌ മന്ത്രിസഭാ തീരുമാനത്തിന്‌ വിധേയമായി മാത്രമേ ശ്രീചക്രയ്‌ക്ക്‌ ഡിസ്‌റ്റലറിക്കുള്ള അനുമതി നല്‍കാവൂ എന്നാണ്‌ ഉദ്യേഗസ്‌ഥര്‍ ഫയലില്‍ കുറിച്ചിരിക്കുന്നത്‌. അഡീ. ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ ഉള്‍പ്പടെയുള്ള ഉദ്യോഗസ്‌ഥര്‍ ഇതംഗീകരിച്ചു. പക്ഷേ, മന്ത്രിസഭയില്‍ വയ്‌ക്കണമെന്ന ഉദ്യോഗസ്‌ഥരുടെ നിര്‍ദേശം തള്ളി, ഈ സ്‌ഥാപനത്തിനു തൃശൂര്‍ ജില്ലയില്‍ കോമ്പൗണ്ട്‌ ആന്‍ഡ്‌ ബ്‌ളെന്‍ഡിങ്‌ ആന്‍ഡ്‌ ബോട്ടലിങ്‌ യൂണിറ്റ്‌ സ്‌ഥാപിക്കുന്നതിന്‌ അനുമതി നല്‍കാമെന്ന്‌ മന്ത്രി ടി.പി. രാമകൃഷ്‌ണന്‍ ഫയലില്‍ കുറിച്ചു. മുഖ്യമന്ത്രി അതംഗീകരിച്ചതോടെ തിരുമാനമായി. 99 ലെ ഉത്തരവ്‌ പരിഷ്‌കരിച്ച ശേഷം മാത്രമേ ഡിസ്‌റ്റലറി അനുവദിക്കാവൂ എന്ന്‌ എക്‌സൈസ്‌ കമ്മിഷണര്‍ ഋഷിരാജ്‌ സിംഗ്‌ കുറിച്ചിരുന്നു.

അപേക്ഷകളില്‍ ക്രമക്കേട്‌
മദ്യനിര്‍മാണ ശാലകള്‍ക്കുള്ള അപേക്ഷകളില്‍ പ്രകടമായ ക്രമക്കേടാണുള്ളത്‌. അനുവദിച്ച നാല്‌ അപേക്ഷകളില്‍ രണ്ടിലും സ്‌ഥലത്തെക്കുറിച്ച്‌ അവ്യക്‌തതയുണ്ട്‌. അപേക്ഷയോടൊപ്പം വയ്‌ക്കേണ്ട രേഖകള്‍ എന്തൊക്കെയാണെന്ന്‌ 1975 ലെ കേരളാ ഫോറിന്‍ ലിക്വര്‍ റൂള്‍സിലും 1967 ലെ ബ്രൂവറി റൂള്‍സിലും നിശ്‌ചയിട്ടുണ്ട്‌. പക്ഷേ ശ്രീചക്രയുടെ കാര്യത്തില്‍ സ്‌ഥലത്തിന്റെ വിശാദംശം ഒന്നുമില്ല. സര്‍വേ നമ്പര്‍ പോലും കാണുന്നില്ല.

കണ്ണില്‍പ്പൊടിയിടാന്‍ പ്രാഥമിക അംഗീകാര വാദം

തത്വത്തില്‍ അനുമതി മാത്രമേ നല്‍കിയിട്ടുള്ളു എന്നാണ്‌ സര്‍ക്കാര്‍വാദം. ഇതു കണ്ണില്‍പ്പൊടിയിടുന്നതിനാണ്‌. ബ്രൂവറി റൂള്‍സിലോ ഫോറിന്‍ ലിക്വര്‍ റൂള്‍സിലോ പ്രാഥമികാനുമതി എന്നൊരു വകുപ്പില്ല. ലൈസന്‍സ്‌ നല്‍കുന്നതിനുള്ള അനുമതി എന്നാണ്‌ ഉത്തരവുകളില്‍ കാണുന്നത്‌. ഈ അനുമതി ലഭിച്ചാല്‍ പിന്നീട്‌ നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെങ്കില്‍ ലൈസന്‍സ്‌ നല്‍കാന്‍ എക്‌സൈസ്‌ കമ്മിഷണര്‍ ബാധ്യസ്‌ഥനാണ്‌.

അന്വേഷണത്തെ ഭയപ്പെടുന്നതെന്തിന്‌ ?
എത്ര മൂടിവച്ചാലും, സത്യം പുറത്തുവരുമെന്ന യാഥാര്‍ഥ്യം സി.പി.എം. മനസിലാക്കണം. വന്‍ തുക കോഴയായി കൈമറിഞ്ഞ അഴിമതിയാണിത്‌. അതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയും രണ്ടാംപ്രതി എക്‌സൈസ്‌ മന്ത്രിയുമാണ്‌. പ്രളത്തിന്റെ മറവില്‍ ഇവര്‍ രണ്ടു പേരും ചേര്‍ന്ന്‌ നടത്തിയ ഇടപാടാണിത്‌. ഒന്നും മറച്ചുവയ്‌ക്കാനില്ലങ്കില്‍, എല്ലാം ചട്ടപ്രകാരം ആണെങ്കില്‍ എന്തിനാണ്‌ അന്വേഷണത്തെ ഇവര്‍ ഭയപ്പെടുന്നത്‌ ?
കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ മദ്യരാജാക്കന്‍മാരുമായി സി.പി.എം. ഉണ്ടാക്കിയ അവിശുദ്ധകരാര്‍ അനുസരിച്ചാണ്‌ എല്ലാ ബാറുകളും തുറന്നുകൊടുത്തത്‌. അതിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോള്‍ നടന്നത്‌.

കിന്‍ഫ്രാ പാര്‍ക്കിലും അഴിമതി

എറണാകുളത്തെ കിന്‍ഫ്രാ പാര്‍ക്കില്‍ പവര്‍ ഇന്‍ഫ്രാടെക്‌ ലിമിറ്റഡിന്‌ അനുമതി കൊടുത്തതിലും
അഴിമതി വ്യക്‌തം. ഇവര്‍ക്ക്‌ ഇവിടെ സ്വന്തമായോ പാട്ടവ്യവസ്‌ഥയിലെ ഭൂമിയില്ല. സി.പി.എമ്മിന്റെ ഉന്നത നേതാവിന്റെ മകനായ കിന്‍ഫ്രാ ജനറല്‍ മാനേജര്‍ (പ്രോജക്‌റ്റ്‌) ചട്ടങ്ങള്‍ ലംഘിച്ച്‌ നല്‍കിയ അനുമതി പത്രത്തിന്റെ ബലത്തില്‍ മാത്രമാണ്‌ ലൈസന്‍സിനുള്ള അനുമതി അനുവദിച്ചിരിക്കുന്നത്‌.

പേടിപ്പെടുത്തുന്ന ജലചൂഷണം
പാലക്കാട്ടെ ഏലപ്പുള്ളിയില്‍ അപ്പോളോ ബ്രൂവറിയുടെ കാര്യം മാത്രം എടുക്കുക. അഞ്ച്‌ ലക്ഷം ഹെക്‌ട്രാ ലിറ്റര്‍ ബിയര്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുമെന്നാണു പറയുന്നത്‌. ഇതിന്‌ 10 കോടി ലിറ്റര്‍ വെള്ളം മഴ നിഴല്‍പ്രദേശമായ ഇവിടെ കൃഷിക്കോ കുടിക്കാനോ പോലും ആവശ്യത്തിനു വെള്ളമില്ല. ജലചൂഷണത്തിനെതിരേ വന്‍ പ്രക്ഷോഭം നടന്ന പ്ലാച്ചിമടയ്‌ക്ക്‌ 12 കി.മി ഉള്ളിലാണ്‌ ഈ പ്രദേശം.

പഠനങ്ങള്‍ നടന്നില്ല
മദ്യത്തിന്റെ ലഭ്യതയെക്കുറിച്ചു പഠനങ്ങള്‍ നടത്താതെയാണ്‌ പുതിയ നിര്‍മാണശാലകള്‍ക്ക്‌ അനുമതി നല്‍കിയത്‌. നിലവിലുള്ള നിര്‍മാണശാലകള്‍ പോലും ശേഷിയുടെ പകുതിയേ ഉപയോഗിക്കുന്നുള്ളു. ഒരു മാസം 20 ലക്ഷം കെയ്‌സ്‌ വിദേശമദ്യമാണ്‌ സംസ്‌ഥാനത്ത്‌ വില്‍ക്കുന്നത്‌. പ്രതിമാസം 40 ലക്ഷം കെയ്‌സ്‌ ഉല്‍പ്പാദിക്കാനുളള ശേഷി ഡിസ്‌റ്റലറികള്‍ക്കുണ്ട്‌. അതായത്‌ പുറത്തുനിന്നു വരുന്ന എട്ട്‌ ശതമാനം മദ്യം കൂടി ഇവിടെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നു വ്യക്‌തം.

ഇതാണോ സര്‍, മദ്യവര്‍ജനം?
പല സര്‍ക്കാരുകള്‍ ഇത്രയുംകാലം നിരസിച്ച കാര്യം പുനരാംരംഭിക്കുമ്പോള്‍ അതു പ്രകടനപത്രികയിലും മദ്യനയത്തിലും പ്രഖ്യാപിക്കേണ്ടതല്ലേ? അതിന്‌ മുഖ്യമന്ത്രിയും എക്‌സൈസ്‌ മന്ത്രിയും തരുന്ന മറുപടി കേട്ടാല്‍ ചിരിച്ചു പോകും. മദ്യവര്‍ജനമാണ്‌ ഈ സര്‍ക്കാരിന്റെ നയമെന്നും അതിനായി കൂടുതല്‍ ശക്‌തമായി ഇടപെടല്‍ നടത്തുമെന്നും പ്രകടപത്രികയിലും മദ്യനയത്തിലും പറയുന്നില്ലേ എന്നാണ്‌ മുഖ്യമന്ത്രിയുടെ മറുചോദ്യം.

മന്ത്രിസഭയില്‍ കൊണ്ടുവരാത്തതിന്റെ രഹസ്യം

നയംമാറ്റം എന്തുകൊണ്ട്‌ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്‌തില്ല? മന്ത്രി സഭയില്‍ കൊണ്ടു വന്നില്ല? ബജറ്റിലോ നയപ്രഖ്യാപനത്തിലോ പ്രഖ്യാപിച്ചില്ല? എന്റെ ചോദ്യങ്ങള്‍ക്കു രസകരമായ മറുപടിയാണ്‌ കിട്ടുന്നത്‌. അതിന്റെയൊന്നും ആവശ്യമില്ലെന്നാണു മുഖ്യമന്ത്രിയുടെയും എക്‌സൈസ്‌ മന്ത്രിയുടെയും നിലപാട്‌. ഒരു കലുങ്ക്‌ നിര്‍മിക്കണമെങ്കില്‍ പോലും ബജറ്റില്‍ പ്രഖ്യാപിക്കുന്ന പതിവുള്ള ഇടതുമുന്നണി ബ്രൂവറികളും ഡിസ്‌റ്റലറികളും കൂട്ടത്തോടെ അനുവദിക്കുമ്പോള്‍ അത്‌ ബജറ്റില്‍നിന്ന്‌ എന്തിനു മറച്ചുവച്ചു? ഇ.കെ. നയനാരും വി.എസ്‌. അച്യുതാനന്ദനും വേണ്ടെന്ന്‌ പറഞ്ഞത്‌ പിണറായി എന്തിന്‌ തുടങ്ങി?

വി.എസ്‌. ചെയ്‌തതും മണ്ടത്തരമോ?

2008 ലെ വി.എസ്‌. സര്‍ക്കാര്‍ അനുമതി നിഷേധിച്ചതും 99 ലെ ഉത്തരവിന്റെ പിന്‍ബലത്തിലാണ്‌. അപ്പോള്‍ അതും മണ്ടത്തരമാണെന്നാണോ പിണറായി സര്‍ക്കാര്‍ പറയുന്നത്‌? ഇപ്പോള്‍ ലൈസന്‍സ്‌ നല്‍കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിലും 99 ലെ ഈ ഉത്തരവ്‌ ഉദ്ധരിക്കുന്നുണ്ട്‌.

രമേശ്‌ ചെന്നിത്തല

(പ്രതിപക്ഷ നേതാവ്‌)

Ads by Google
Saturday 06 Oct 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW