Friday, December 14, 2018 Last Updated 18 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 06 Oct 2018 01.53 AM

തുടരുന്ന ഇന്ത്യാ-റഷ്യ സൗഹൃദം

uploads/news/2018/10/254486/editorial.jpg

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്‌ ഇന്നലെ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒപ്പുവച്ച വിവിധ കരാറുകള്‍. ഇതില്‍ ഏറ്റവും പ്രധാനം 3500 കോടി രൂപയുടെ വ്യോമ പ്രതിരോധ സംവിധാനത്തിനുള്ള കരാറാണ്‌. ലോകത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും സുസജ്‌ജമായ വ്യോമവേധ മിസൈല്‍ സംവിധാനമാണ്‌ എസ്‌-400. 40 കിലോമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെ ആക്രമണ ശേഷിയുള്ള ഈ മിസൈല്‍ സംവിധാനം വരുമ്പോള്‍ ഇന്ത്യയുടെ പ്രതിരോധ ശേഷി ഏറെ വര്‍ധിക്കും. ഇന്ത്യയുടെ നാലുപാടുമുള്ള രാജ്യങ്ങളില്‍ ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ എസ്‌-400 സംവിധാനത്തിന്റെ വരവ്‌ ഇന്ത്യക്ക്‌ ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്‌. നിലവില്‍ റഷ്യയടക്കം അഞ്ചു രാജ്യങ്ങളാണ്‌ ഈ മിസൈല്‍ ഉപയോഗിക്കുന്നത്‌. അതില്‍ ചൈനയും ഉള്‍പെടുന്നു എന്നതും ശ്രദ്ധേയമാണ്‌.

ഇന്ത്യയുടെ ഏറ്റവും വലിയ സ്വപ്‌നപദ്ധതിയായ, മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കുന്ന ഗഗന്‍യാനിന്‌ റഷ്യ സഹകരണവും പ്രഖ്യാപിച്ചിട്ടുണ്ട്‌. ആദ്യമായി ബഹിരാകശാത്തു പോയ ഇന്ത്യക്കാരനായ രാകേശ്‌ ശര്‍മയുടെ യാത്ര 1984-ല്‍, അന്നത്തെ സോവിയറ്റ്‌ യൂണിയന്റെ സോയൂസ്‌ പേടകത്തിലായിരുന്നു. ഈ സഹകരണത്തിന്റെ തുടര്‍ച്ചയായാണ്‌ ഇപ്പോള്‍ ഗഗന്‍യാനിനുള്ള പിന്തുണ. റഷ്യക്ക്‌ മേധാവിത്വമുള്ള ബഹിരാകാശ ഗവേഷണം, ആണവോര്‍ജം, റെയില്‍വേ, പ്രതിരോധം തുടങ്ങിയ മേഖലകളിലായി എട്ട്‌ കരാറുകളാണ്‌ ഒപ്പുവച്ചിരിക്കുന്നത്‌. തീവ്രവാദത്തിനെതിരേ പോരാടാനും മയക്കുമരുന്ന്‌ കള്ളക്കടത്ത്‌ തടയാനും ഇരു രാജ്യങ്ങളും കൈകോര്‍ക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സിവില്‍ ആണവ കരാറും പുതുക്കിയിട്ടുണ്ട്‌. ഇന്ത്യയില്‍ പുതിയ ആറ്‌ ആണവ റിയാക്‌ടറുകള്‍ റഷ്യ സ്‌ഥാപിക്കും. നിലവില്‍ കൂടംകുളം ആണവ നിലയം റഷ്യന്‍ സഹായത്തോടു കൂടിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഈ മാതൃക പിന്തുടരാനാണ്‌ ഇരു രാജ്യങ്ങളുടെയും തീരുമാനം.

സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ ഇന്ത്യയുടെ ശക്‌തരായ കൂട്ടാളികളാണ്‌ റഷ്യ. സോഷ്യലിസ്‌റ്റ്‌ ഭരണക്രമത്തോട്‌ ജവാഹര്‍ലാല്‍ നെഹ്‌റുവിന്‌ ഉണ്ടായിരുന്ന മമതയായിരുന്നു ഈ ബന്ധത്തിന്റെ അടിത്തറ. അന്നുമുതല്‍ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. റഷ്യയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയുമാണ്‌ ഇന്ത്യ. ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന്റെ മുഖ്യ പങ്കും റഷ്യയുടെ വകയാണ്‌. ഈ ഗണത്തിലേക്കാണ്‌ അടുത്തിടെ ആണവോര്‍ജം പ്രധാന ഭാഗമായത്‌. ഇനി വാണിജ്യ, സാമ്പത്തിക മേഖലകളിലും സഹകരണം വര്‍ധിപ്പിക്കുകയാണ്‌. തങ്ങളുടെ താത്‌പര്യത്തിനു വിരുദ്ധമായ ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങള്‍ക്കെതിരേ ഉപരോധം ഏര്‍പെടുത്തുന്ന കാറ്റ്‌സാ നിയമം അനുസരിച്ച്‌ ഇന്ത്യക്കെതിരേ അമേരിക്ക ഉപരോധം ഏര്‍പെടുത്തുമോ എന്നതാണ്‌ ഇനി അറിയേണ്ടത്‌.

അടുത്തിടെ റഷ്യയില്‍ നിന്ന്‌ ആയുധങ്ങള്‍ വാങ്ങിയ ചൈനയ്‌ക്കെതിരേ അമേരിക്ക ഉപരോധം കൊണ്ടുവന്നിരുന്നു. ചൈനയെ എതിര്‍പക്ഷത്തു കാണുന്ന അമേരിക്ക ഇന്ത്യയെ തന്ത്രപരമായ കൂട്ടാളിയായാണ്‌ കാണുന്നത്‌. തങ്ങളുടെ പങ്കാളികളുടെ പ്രതിരോധ ആവശ്യങ്ങള്‍ക്ക്‌ എതിരു നില്‍ക്കില്ലെന്നാണ്‌ ഇന്ത്യാ-റഷ്യ കരാറിനെക്കുറിച്ച്‌ അമേരിക്ക പ്രതികരിച്ചത്‌. അമേരിക്കയും റഷ്യയും തമ്മില്‍ ശീതയുദ്ധം നിലനിന്ന കാലമത്രയും ഇന്ത്യ റഷ്യക്ക്‌ ഒപ്പമായിരുന്നു. അക്കാലമത്രയും പാകിസ്‌താനെ പിന്തുണച്ച അമേരിക്ക പിന്നെ ഇന്ത്യയെയും സൗഹൃദവലയത്തിലാക്കി. ഇന്ത്യ സാമ്പത്തികശക്‌തിയായി വളരുന്നതായിരുന്നു അമേരിക്കയെ ആകര്‍ഷിച്ചത്‌. ഈ പുതുബന്ധത്തിലും ഇന്ത്യ റഷ്യയെ മറന്നില്ല. ഇനിയും അതിശക്‌തമായി ഈ സൗഹൃദം തുടരുന്നത്‌ ഇരു രാജ്യങ്ങള്‍ക്കും ഒരു പോലെ ഗുണകരമാണ്‌.

Ads by Google
Saturday 06 Oct 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW