2013 മേയ് 13.
അന്നൊരു തിങ്കളാഴ്ചയായിരുന്നു.
കുണ്ടറ സി.ഐയാണ് ഞാന്‍ അക്കാലത്ത്. കഴക്കൂട്ടത്തെ ഭാര്യവീട്ടില്‍ നില്‍ക്കുമ്പോഴാണ് ഒരു മെസേജ് എത്തിയത്. കുണ്ടറയില്‍ ഒരു കൊലപാതകം നടന്നിരിക്കുന്നു.
കുണ്ടറയില്‍ മുളവന കോട്ടപ്പുറം എന്ന സ്ഥലത്താണു സംഭവം. ചിറ്റുമലയിലേക്കുള്ള റോഡിനു വലതുവശത്തുള്ള ഒരു കോണ്‍ക്രീറ്റ് വീട്.
ആലീസ് വര്‍ഗീസ് എന്ന അമ്പത്തിയേഴുകാരി ഒറ്റയ്ക്കായിരുന്നു അവിടെ താമസം. ഭര്‍ത്താവ് വര്‍ഗീസിനു ഗള്ഫിലാണു ജോലി. ഇവര്‍ക്കു മക്കളില്ല.
വര്‍ഗീസിനു രണ്ടു മൂന്നു ദിവസമായി ആലീസിനെ ഫോണില്‍ കിട്ടുന്നില്ല. മൂന്നാമത്തെ ദിവസം വര്‍ഗീസ് ഈസ്റ്റ് കല്ലടയിലുള്ള ഒരു സുഹൃത്തിനെ വിളിച്ച് സ്ഥലത്തു പോയി ഒന്ന് അന്വേഷണം നടത്തി വരാന്‍ പറഞ്ഞു. സ്ഥലത്തെത്തിയ സുഹൃത്തിനു വീട് അടഞ്ഞു കിടക്കുന്നതാണു കാണാന്‍ കഴിഞ്ഞത്.
അയാള്‍ വിവരം വര്‍ഗീസിനെ വിളിച്ചറിയിച്ചു. വര്‍ഗീസിന് എന്തോ സംശയം തോന്നി. എവിടെയും പോകുന്നതായി ആലീസ് അയാളോടു പറഞ്ഞിരുന്നില്ല. എത്താന്‍ സാധ്യതയുള്ള ബന്ധുവീടുകളിലൊന്നും ആലീസ് എത്തിയിട്ടുമില്ല.
ഒടുവില്‍ ഒരു ബന്ധു തന്നെ സ്ഥലത്തെത്തി. വീട് അടഞ്ഞു തന്നെ കിടക്കുകയാണ്. അയാള്‍ വീടിനു ചുറ്റും നടന്നു നോക്കി. വീടിനു പിന്നിലുള്ള കിച്ചന്റെ വെന്റിലേറ്ററിലൂടെ അകത്തേക്കു നോക്കിയ അയാള്‍ക്കു നടുക്കുന്ന ഒരു ദൃശ്യമാണു കാണാന്‍ കഴിഞ്ഞത്.
കിച്ചണ്സ്ലാബിനു താഴെ വെറും നിലത്ത് ആലീസ് കഴുത്തറുത്തു മരിച്ചു കിടക്കുന്നു. നഗ്നത മറയ്ക്കാന്‍ അവരുടെ ശരീരത്തിലുള്ളത് ഒരു തോര്‍ത്തു മാത്രം.
തുടര്‍ന്നാണു ബന്ധുക്കളും പരിസരവാസികളും കൂടി പോലീസിനെ വിളിച്ചു വരുത്തിയത്.
വാതില്‍ പൊളിച്ചു പോലീസ് അകത്തു കയറിയപ്പോള്‍ സംഭവത്തിന്റെ ചിത്രം കൂടുതല്‍ വ്യക്തമായി. കഴുത്തറുക്കപ്പെട്ട ആലീസ് ചോരയില്‍ കുളിച്ചാണു മരിച്ചു കിടക്കുന്നത്. മൃതദേഹം ചീഞ്ഞുവീര്ത്തു ദുര്‍ഗന്ധം വഹിക്കുന്ന അവസ്ഥയിലായതിനാല്‍ മരണം നടന്നിട്ട് ഒന്നോ രണ്ടോ ദിവസമെങ്കിലുമായിട്ടുണ്ടെന്നു വ്യക്തമായിരുന്നു.
മലര്‍ന്നു കിടക്കുന്ന മൃതദേഹത്തിന്റെ ഒരു കൈ പകുതി മടക്കിയ നിലയില്‍ ഒരു മുദ്രാവാക്യം വിളി പോലെ മുകളിലേക്ക് എടുത്തു വെച്ചിരുന്നു. ആ കൈക്കുള്ളില്‍ ഒരു കത്തി പിടിച്ചിട്ടുണ്ട്. ആ കത്തി കൊണ്ടു തന്നെയാണു കഴുത്തറുക്കപ്പെട്ടിരിക്കുന്നത് എന്നതു പരിശോധനയില്‍ വ്യക്തമായി.
ആലീസ് തന്നെ കഴുത്തറുത്തു എന്നു തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു കൊലയാളി ഇതു ചെയ്തത്. പക്ഷേ, ഒരാള്‍ സ്വന്തം കഴുത്തറുക്കുന്ന രീതിയിലായിരുന്നില്ല ആലീസിന്റെ കഴുത്തിലെ മുറിവ്. അതുമാത്രമല്ല, നഗ്നയായി ഒരു സ്ത്രീ മരിക്കാന്‍ തീരുമാനിക്കുകയുമില്ല.
കൊലപാതകമാണെന്നതിനു പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമായ തെളിവ്...
സാമാന്യം അണിഞ്ഞൊരുങ്ങി നടന്നിരുന്ന ആലീസിന്റെ ദേഹത്ത് ഒരു തരി പൊന്നു പോലുമുണ്ടായിരുന്നില്ല. വീട്ടിലെ അലമാരകളും ഡ്രോയറുകളുമെല്ലാം വലിച്ചു വാരിയിട്ട നിലയില്‍.
സയന്റിഫിക് അസിസ്റ്റന്റ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ മറ്റൊരു തെളിവു കൂടി കിട്ടി. ആലീസിന്റെ കഴുത്തറുത്ത കൊലപാതകി ബാത്റൂമിനുള്ളില് കയറി തന്റെ ശരീരത്തിലേക്കു ചീറ്റിത്തെറിച്ച ചോര കഴുകിക്കളഞ്ഞ ശേഷമാണ് അവിടം വിട്ടത്.
വീടിന്റെ എല്ലാ വാതിലുകളും ഭദ്രമായി പൂട്ടിയിരുന്നു. കൃത്യം നടത്തിയ ശേഷം അയാള്‍ മുന്‍വാതില്‍ പൂട്ടിയ ശേഷം വീട്ടുമതിലില്‍ താക്കോല്‍ ഭദ്രമായി വെച്ചിരുന്നു. ഇതെല്ലാം ചെയ്യും മുമ്പേ ആലീസിന്റെ മൊബൈല്‍ തകര്‍ക്കാനും അയാള്‍ മറന്നില്ല.
ബലാത്സംഗം, ഭവനഭേദനം, കവര്‍ച്ച, കൊലപാതകം എന്നിവയാണു നടന്നിരിക്കുന്നത്. പക്ഷേ, കുറ്റവാളി ആര്?
സംഭവം നടന്നത് എന്നാണെന്നതിനേപ്പറ്റി പോലും വ്യക്തമായ ധാരണയില്ല...
അതിനേപ്പറ്റി ഒരു ചിത്രം ഉണ്ടാക്കിയെടുക്കുകയായിരുന്നു ആദ്യദൗത്യം.
ആലീസ് താമസിക്കുന്ന എം.വി സദനു സമീപത്തു മറ്റു വീടുകളുണ്ടെങ്കിലും ആരുമായും അധികം അടുപ്പം പുലര്‍ത്താത്ത പ്രകൃതമാണ് അവരുടേത്. അത്യാവശ്യം തയ്യല്‍ ജോലികളൊക്കെ ഏറ്റെടുത്തു ചെയ്യുമെന്നു മാത്രം.
രണ്ടു ദിവസം മുമ്പു വരെ ആലീസ് മത്സ്യം വാങ്ങിച്ചിട്ടുണ്ടെന്നു അവിടുത്തെ പതിവു മീന്വില്പനക്കാരി സ്ഥിരീകരിച്ചു.
ജൂണ്‍ 11-നു രാവിലെ ആലീസ് കൊല്ലത്തുള്ള തന്റെ അനിയത്തിയെ വിളിച്ചിരുന്നു. അന്ന് അവളുടെ വീട്ടിലേക്കു ചെല്ലുമെന്ന് ആലീസ് പറഞ്ഞെങ്കിലും അതുണ്ടായില്ല. ആ യാത്ര മുറിച്ചത് ആലീസിന്റെ കൊലയാളിയാകാം...
അതായത്, പതിനൊന്നാം തീയതി ഉച്ചയ്ക്കു മുമ്പേ ആലീസ് കൊല്ലപ്പെട്ടു. പക്ഷേ, പട്ടാപ്പകല്‍ കൊലയാളി വീട്ടില്‍ കടന്നതെങ്ങനെ?
രണ്ടു സാധ്യതകളാണുള്ളത്...
പരിചയക്കാരനോ ബന്ധുവോ ആണെങ്കില്‍ ആലീസ് വാതില്‍ തുറന്നു കൊടുത്തിട്ടുണ്ടാവാം. പക്ഷേ, അത്തരമൊരാള്‍ ഇത്തരമൊരു കൃത്യത്തിനു പകല്‍സമയം തെരഞ്ഞെടുക്കുമോ? - ഒരിക്കലുമില്ല... അപ്പോള്‍ കൊലയാളി അപരിചിതന് തന്നെ...
എങ്കില്‍ അയാള്‍ എങ്ങനെ ഉള്ളില്‍ കടന്നു..?
ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്കു ഞങ്ങളെ എത്തിച്ചത് ആലീസിന്റെ മൃതദേഹത്തില്‍ കണ്ട തോര്‍ത്താണ്.
ബാത്റൂം വീടിനു പുറത്താണ്. കുളിക്കാന്‍ വേണ്ടി ബാത്റൂമില്‍ കയറിയ ആലീസ് തിരികെ വീടിനുള്ളില്‍ പ്രവേശിക്കുന്നതിനു മുമ്പേ കൊലയാളി അതിനുള്ളില്‍ കടന്നിട്ടുണ്ടാവണം... അതെ, അതു തന്നെയാണു സാധ്യത...
അതു കേന്ദ്രീകരിച്ചു തന്നെയായിരുന്നു അന്വേഷണവും.
ആലീസിന്റെ വീടിനു സമീപത്തുള്ള ചെറുപ്പക്കാരില്‍ തുടങ്ങി പരിസരപ്രദേശത്തെ സ്ഥിരം കുറ്റവാളികളിലേക്കും അന്വേഷണം നീണ്ടു.
ഭവനഭേദനം, മോഷണം, കവര്‍ച്ച... ഇവ മൂന്നിലും ഒരു പ്രത്യേക രീതി വിജയം കണ്ടാല്‍ കുറ്റവാളി അത് ആവര്‍ത്തിക്കുന്നതായാണ് അനുഭവം. കുണ്ടറ സംഭവവുമായി സാമ്യമുള്ള കേസുകളും നിരീക്ഷണവിധേയമായി.
വഴിവക്കില്‍ തന്നെയുള്ള വീടായതിനാല്‍ ഒരാള്‍ക്കു കൃത്യം നടത്തിയതിനു ശേഷം രക്ഷപ്പെടാന്‍ എളുപ്പമാണ്.
അതിനിടെ ഒരു രഹസ്യവിവരം കിട്ടി - ഗിരീഷിനെ കുറച്ചു ദിവസമായി ഈ പരിസരപ്രദേശങ്ങളില്‍ കാണാറുണ്ട്...
ആരാണീ ഗിരീഷ് എന്നല്ലേ...?
ജയില്‍ തറവാടെന്നു നമ്മള് തമാശയായി പറയാറില്ലേ... അത് അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കിയ കറ തീര്‍ന്ന കുറ്റവാളി..!
അതിനൊപ്പം ഒരു വിശേഷണം കൂടി ചേര്‍ക്കണം... അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തവന്..!