Monday, June 17, 2019 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 08 Oct 2018 12.11 AM

കര്‍ഷകര്‍ ഉണരണം, അല്ലെങ്കില്‍ ആര്‍.സി.ഇ.പി. കരാര്‍ അന്തകനാകും

uploads/news/2018/10/254919/2.jpg

ഇന്ത്യ ഒപ്പിടാനൊരുങ്ങുന്ന ആര്‍.സി.ഇ.പി(റീജിയണല്‍ കോംപ്രിഹെന്‍സീവ്‌ എക്കണോമിക്‌ പാര്‍ട്ട്‌ണര്‍ഷിപ്പ്‌) സ്വതന്ത്ര വ്യാപാരക്കരാറിന്റെ ചര്‍ച്ച അന്തിമഘട്ടത്തില്‍. അടുത്ത മാസം സിംഗപ്പുരില്‍ ചേരുന്ന 16 അംഗരാജ്യങ്ങളുടെ ഉച്ചകോടിയില്‍ കരട്‌ കരാറൊപ്പിടുമെന്നാണു സൂചന.
ഇതിനോടകം ഇന്ത്യ ഏര്‍പ്പെട്ട രാജ്യാന്തര സ്വതന്ത്ര വ്യാപാരക്കരാറുകളുടെ തിരിച്ചടി കര്‍ഷകര്‍ അനുഭവിച്ചുവരികയാണ്‌. ഇതിന്റെ പശ്‌ചാത്തലത്തില്‍വേണം ചൈനയുള്‍പ്പെടെ 15 രാജ്യങ്ങളുമായി വീണ്ടും അതിര്‍ത്തികളില്ലാത്തതും നികുതിരഹിതവുമായ കരാറുകളില്‍ ഇന്ത്യ ഒപ്പിടുന്നത്‌ പരിശോധിക്കേണ്ടത്‌.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കുള്ളിലും വിവിധ മന്ത്രാലയങ്ങളിലും ആര്‍.സി.ഇ.പി. കരാറിനെതിരേ അഭിപ്രായം ഉയരുന്നുണ്ടെന്നതും യാഥാര്‍ഥ്യം.
ആര്‍.സി.ഇ.പി. കരാറെന്ത്‌?
പത്ത്‌ തെക്ക്‌ കിഴക്ക്‌ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്‌ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഈസ്‌റ്റ്‌ നേഷന്‍സ്‌ അഥവാ ആസിയാന്‍. മലേഷ്യ, ലാവോസ്‌, ഇന്തോനീഷ്യ, കംബോഡിയ, മ്യാന്മാര്‍(ബര്‍മ), ബ്രൂണെ, ഫിലിപ്പീന്‍സ്‌, സിംഗപ്പുര്‍, തായ്‌ലന്‍ഡ്‌, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ്‌ ആസിയാനില്‍ അംഗങ്ങളായിട്ടുള്ളത്‌. ഇതിനോടകം ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ആസിയാന്‍ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ആസിയാന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, ചൈന, ന്യൂസിലന്‍ഡ്‌, ദക്ഷിണ കൊറിയ എന്നീ ആറ്‌ രാജ്യങ്ങളും ചേര്‍ന്നതാണ്‌ പുതിയതായി രൂപീകരിക്കുവാനൊരുങ്ങുന്ന സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി.
തെക്കുകിഴക്കന്‍ ഏഷ്യയിലെ പതിനാറ്‌ രാജ്യങ്ങളെ കോര്‍ത്തിണക്കി സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ടാക്കണമെന്ന ചൈനയുടെ നിര്‍ദേശവും പശ്‌ചിമേഷ്യയില്‍ സംയോജിത സാമ്പത്തിക പങ്കാളിത്തം ശക്‌തിപ്പെടുത്തണമെന്ന ജപ്പാന്റെ അഭിപ്രായവും ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ 2011ല്‍ ആസിയാന്‍ രാജ്യങ്ങള്‍ മുന്‍കൈയെടുത്ത്‌ ഈ പുത്തന്‍ പങ്കാളിത്തത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്‌. 2012ലാണ്‌ ഇന്ത്യ ചര്‍ച്ചകളില്‍ പങ്കാളിയാകുന്നത്‌. കേന്ദ്രം ഭരിച്ച യു.പി.എ. സര്‍ക്കാര്‍ ഈ ചര്‍ച്ചകള്‍ക്കു പച്ചക്കൊടി കാണിച്ചപ്പോള്‍ സംയോജിത സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രാബല്യത്തിലാക്കുവാനുള്ള നീക്കവും ഊര്‍ജിതമായി.
ആര്‍.സി.ഇ.പി ലക്ഷ്യമിടുന്നത്‌
ചരക്കുവ്യാപാരം, സേവനമേഖല, നിക്ഷേപം, ബൗദ്ധികസ്വത്തവകാശം, സാമ്പത്തിക സാങ്കേതിക സഹകരണം, മത്സരക്ഷമത, സാമ്പത്തിക വ്യാപാരരംഗങ്ങളിലെ പ്രശ്‌നപരിഹാരം എന്നീ തലങ്ങളില്‍ ശക്‌തമായ കൂട്ടായ്‌മയും അതിര്‍വരമ്പുകളില്ലാത്ത തുറന്ന സമീപനവും ലക്ഷ്യംവയ്‌ക്കുന്നതാണു പുതിയ ഉടമ്പടി. ഇതിന്റെ അടിസ്‌ഥാനത്തില്‍ അഞ്ചു തലങ്ങളില്‍ നടന്ന കൂടിയാലോചനകളാണു പരിസമാപ്‌തിയിലേയ്‌ക്കടുക്കുന്നത്‌.
കരാറിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്‌
1. ഗാട്ട്‌, ലോകവ്യാപാര സംഘടന, ആസിയാന്‍ കരാറുകളിലൂടെ വിവിധ രാജ്യങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇറക്കുമതി നിയന്ത്രണങ്ങളും ഇറക്കുമതിച്ചുങ്കവും എടുത്തുകളയുകയോ പരമാവധി കുറയ്‌ക്കുകയോ ചെയ്യുകയാണ്‌. നിലവിലുള്ള ഇറക്കുമതിച്ചുങ്കത്തിന്റെ 90 ശതമാനവും കരാറൊപ്പിടുന്ന ദിവസംതന്നെ വെട്ടിച്ചുരുക്കണമെന്നാണ്‌ ഇതിനോടകം നടന്ന 23 റൗണ്ട്‌ ചര്‍ച്ചകളിലും പങ്കാളിത്ത രാജ്യങ്ങള്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.
2. സേവനമേഖല: പരസ്‌പര പൂരകങ്ങളായി 16 അംഗരാജ്യങ്ങളും ഉയര്‍ന്ന നിലവാരത്തിലുള്ളതും സുസ്‌ഥിരവുമായ സേവനമേഖലകള്‍ ലോകവ്യാപാരസംഘടനയുടെ നിബന്ധനകള്‍ക്കനുസരിച്ചുള്ളത്‌ കൂടുതല്‍ ശക്‌തിപ്പെടുത്താനുള്ള കൂടിയാലോചന തുടരുന്നു. ഈ തലത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം വളരെ പരിമിതമാണ്‌. എന്നാല്‍, ഇന്ത്യ പ്രതീക്ഷവയ്‌ക്കുന്നത്‌ വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ വിദഗ്‌ദ്ധര്‍ക്ക്‌ ലഭിക്കാവുന്ന തൊഴിലവസരമാണ്‌.
3. നിക്ഷേപരംഗം: വിവിധ അംഗരാജ്യങ്ങള്‍ നിക്ഷേപങ്ങള്‍ക്കുള്ള അവസരമൊരുക്കും. ഹ്രസ്വ ദീര്‍ഘകാല നിക്ഷേപങ്ങളുടെ പ്രോത്സാഹനത്തിനും പരിപോഷിപ്പിക്കലിനും മാത്രമല്ല ലക്ഷ്യം. വിവിധ മേഖലകളില്‍ ഏകജാലകസംവിധാനങ്ങളും സമ്പൂര്‍ണ ഉദാരവല്‍ക്കരണവും പുത്തന്‍ സാമ്പത്തിക കരാര്‍ ലക്ഷ്യമിടുന്നു. ഇവ ഇന്ത്യക്ക്‌ എത്രമാത്രം നേട്ടമുണ്ടാക്കാമെന്നു കണ്ടറിയണം.
4. ബൗദ്ധികസ്വത്തവകാശം: ഇന്ത്യയുടെ ആരോഗ്യമേഖലയില്‍ ആഗോളകുത്തകകളുടെ നിയന്ത്രണമില്ലാത്ത കടന്നുകയറ്റം ഉറപ്പാണ്‌. ജീവന്‍രക്ഷാമരുന്നുകള്‍ക്കുപോലും വന്‍വില നല്‍കേണ്ടിവരും. 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ ആരോഗ്യമേഖല രാജ്യാന്തര കുത്തകകളില്‍ കേന്ദ്രീകരിക്കുന്നത്‌ വന്‍ പ്രത്യാഘാതമുണ്ടാക്കും.
5. സാങ്കേതികവിദ്യകളുടെ പങ്കുവയ്‌ക്കല്‍: അംഗരാജ്യങ്ങളുടെ സമഗ്രവളര്‍ച്ചയ്‌ക്ക്‌ പരസ്‌പരം സഹകരിച്ചുള്ള ആധുനിക സാങ്കേതികവിദ്യകളുടെ ക്രിയാത്മകമായ പങ്കുവയ്‌ക്കലുകളും ആര്‍.സി.ഇ.പി കരാര്‍ ലക്ഷ്യമിടുന്നു.

പത്ത്‌ ആസിയാന്‍ അംഗരാജ്യങ്ങളും ഇന്ത്യയുള്‍പ്പെടെ ആറ്‌ രാജ്യങ്ങളുമാണ്‌ ആര്‍.സി.ഇ.പിയില്‍ അംഗങ്ങളെന്നു സൂചിപ്പിക്കുന്നുണ്ടെങ്കിലും 16 രാജ്യങ്ങളായി അംഗസംഖ്യപരിമിതപ്പെടുത്തുന്നില്ല. ഇതിനര്‍ഥം വിദൂരഭാവിയില്‍ പുതിയ സാമ്പത്തികപങ്കാളികള്‍ കൂട്ടായ്‌മയിലേക്ക്‌ കടന്നുവരുമെന്നാണ്‌. മധ്യഏഷ്യയിലെയും തെക്കനേഷ്യയിലെയും ഇതരരാജ്യങ്ങളും പസഫിക്‌ മഹാസമുദ്രത്തിലെ ദ്വീപുസമൂഹങ്ങളും. 16 രാജ്യങ്ങള്‍ ഈ പങ്കാളിത്തത്തില്‍ പങ്കുചേരുമ്പോള്‍ തന്നെ ലോകത്തിലെ 300 കോടിയിലേറെ ജനങ്ങളും ലോകവ്യാപാരത്തിന്റെ 42 ശതമാനവുമാണ്‌ ഉള്‍ക്കൊള്ളുന്നത്‌.
ആര്‍.സി.ഇ.പിയുടെ നാള്‍വഴികള്‍
2011 നവംബര്‍ 14-19വരെ ഇന്തോനീഷ്യയില്‍ നടന്ന ആസിയാന്‍ രാജ്യങ്ങളുടെ 19-ാം ഉച്ചകോടിയിലാണ്‌ ആദ്യമായി സംയോജിത സാമ്പത്തിക പങ്കാളിത്തമെന്ന ആശയം അവതരിപ്പിക്കുന്നത്‌. തുടര്‍ന്ന്‌ 2012 ഓഗസ്‌റ്റ്‌ 25 മുതല്‍ സെപ്‌റ്റംബര്‍ ഒന്ന്‌ വരെ കമ്പോഡിയയില്‍ ചേര്‍ന്ന ആസിയാന്‍ രാജ്യങ്ങളിലെയും ഇന്ത്യയുള്‍പ്പെടെ പങ്കാളിത്ത രാജ്യങ്ങളിലേയും സാമ്പത്തികകാര്യമന്ത്രിമാരുടെ സമ്മേളനം 16 രാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാര കരാറിനെക്കുറിച്ചു പ്രഖ്യാപനം നടത്തി. 2012 നവംബര്‍ 18-20വരെ കമ്പോഡിയയില്‍ ചേര്‍ന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഇതിനായുള്ള ചട്ടക്കൂട്‌ രൂപീകരിച്ചു. തുടര്‍ന്നാണു ചര്‍ച്ചകള്‍ക്ക്‌ ആരംഭംകുറിച്ചത്‌.
ചൈനയുടെ കുതിപ്പും ഇന്ത്യയുടെ കിതപ്പും
ആഗോള സാമ്പത്തിക മുന്നേറ്റത്തിന്‌ ഇന്ത്യന്‍ വിപണി കീഴടക്കുകമാത്രമല്ല 16 രാജ്യങ്ങളുള്‍ക്കൊള്ളുന്ന ഈ മേഖലയില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളുടെ ഇടപെടലുകളും ഒഴിവാക്കുക എന്നതാണ്‌ ആര്‍.സി.ഇ.പി. കരാറിലൂടെ ചൈന ലക്ഷ്യമിടുന്നത്‌. എക്കാലവും വിവിധ തലങ്ങളില്‍ ശത്രുതവച്ചുപുലര്‍ത്തുന്ന ചൈനയുടെ വ്യാപാരതന്ത്രത്തിനു മുമ്പില്‍ ഇന്ത്യ തലവച്ചുകൊടുത്താല്‍ സ്വന്തം സാമ്പത്തിക അടിത്തറയെ ബാധിക്കുമെന്നു വൈകിയവേളയിലെങ്കിലും നമ്മുടെ വിദഗ്‌ദ്ധന്മാര്‍ക്ക്‌ ബോധ്യപ്പെട്ടതു നല്ലതുതന്നെ. ഇക്കാലമത്രയും ആസിയാന്‍ രാജ്യങ്ങളില്‍നിന്ന്‌ കാര്‍ഷികോല്‍പന്നങ്ങളുടെയും നാണ്യവിളകളുടെയും അനിയന്ത്രിതമായ ഇറക്കുമതിയില്‍ ഇന്ത്യയുടെ കാര്‍ഷിക സമ്പദ്‌ഘടന തകര്‍ന്നടിഞ്ഞിട്ടും പലരും മുഖംതിരിഞ്ഞു നില്‍ക്കുകയായിരുന്നു.
ചൈനയുള്‍പ്പെടുന്ന സംവിധാനത്തില്‍ വ്യവസായലോബിക്ക്‌ എതിര്‍പ്പ്‌ ഉയര്‍ന്നപ്പോള്‍ കരാറില്‍ തുടരണോയെന്നു പുനര്‍ചിന്തയ്‌ക്ക്‌ അവസരമൊരുങ്ങുന്നു. ചൈന ഇതിനോടകം ഇന്ത്യന്‍ വിപണിയില്‍ സജീവസാന്നിധ്യമായിരിക്കുമ്പോല്‍ ആര്‍.സി.ഇ.പി കരാറുകൊണ്ട്‌ ഒന്നും നഷ്‌ടപ്പെടാനില്ലെന്നും അതേസമയം ചൈനയുടെ വിപണി കീഴടക്കാന്‍ അവസരമുണ്ടാകുമെന്നും വാദിക്കുന്ന സാമ്പത്തികബുദ്ധിജീവികളും നമ്മുടെ ഇടയിലുണ്ട്‌.
ആര്‍.സി.ഇ.പി ഉയര്‍ത്തുന്ന ആശങ്കകള്‍
കരാറിന്റെ ഇതുവരെയും നടന്ന ചര്‍ച്ചകള്‍ ജനങ്ങളുടെ ഇടയില്‍ ഒട്ടേറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്‌. പൊതുസമൂഹത്തിനു കരാര്‍ സംബന്ധിച്ചുള്ള വിവരണങ്ങളം റിപ്പോര്‍ട്ടുകളും ലഭ്യമാകുന്നില്ല. കരാറിന്റെ ഗുണദൂഷ്യഫലങ്ങള്‍ ബാധിക്കുന്ന മേഖലകളിലുള്ള ജനങ്ങളുമായി ചര്‍ച്ചകള്‍ നടത്താനോ അഭിപ്രായങ്ങളിയാനോ സംശയങ്ങള്‍ ദൂരീകരിക്കാനോ ശ്രമങ്ങളൊന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല.
കാര്‍ഷികമേഖല കോര്‍പ്പറേറ്റ്‌ തലത്തിലേക്ക്‌ മാറുകയും ഗ്രാമീണ കര്‍ഷകര്‍ പെരുവഴിയിലാകുന്ന സാധ്യതകളുമേറെ. നികുതിരഹിത ഇറക്കുമതിയുടെ മറവില്‍ ചെറുകിട ഉല്‍പാദനമേഖലകള്‍ പ്രതിസന്ധിയിലാകും. ക്ഷീരോല്‌പാദനമേഖല തകരും. കരാറുമായിട്ട്‌ മുന്നോട്ടുപോകുമ്പോഴും ഇതുമൂലമുണ്ടാകുന്ന സാമൂഹിക പ്രതിസന്ധികളെക്കുറിച്ചു വിദഗ്‌ദ്ധതലങ്ങളില്‍ ഗൗരവമുള്ള പഠനവുമില്ല. ഫെഡറല്‍ സംവിധാനത്തിലെ സംസ്‌ഥാനങ്ങളുമായി ചര്‍ച്ച നടത്താനും കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. ബൗദ്ധിക സ്വത്തവകാശക്കരാറിന്റ ബാക്കിപത്രമായി ജീവസംരക്ഷണമരുന്നുകളുടെ നിയന്ത്രണം ആഗോള കമ്പനികളുടെ കൈകളിലേയ്‌ക്ക്‌ എത്തുകയും വില കുതിച്ചുയരുകയും ചെയ്യും.
കര്‍ഷകര്‍ പ്രക്ഷോഭത്തിലേയ്‌ക്ക്‌
ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ മരണമണിയാണ്‌ ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്നത്‌. പ്രതീക്ഷകളെല്ലാം നഷ്‌ടപ്പെട്ട്‌ തെരുവിലിറങ്ങിയിരിക്കുന്ന കര്‍ഷകര്‍ക്കിനി പിന്തിരിയാനാവില്ല. സംഘടിച്ചുനീങ്ങേണ്ടത്‌ അടിയന്തരമാണ്‌. വിവിധ സംസ്‌ഥാനങ്ങളില്‍ ആഞ്ഞടിക്കുന്ന കര്‍ഷകപ്രക്ഷോഭത്തില്‍നിന്നു കരുത്തുനേടുവാന്‍ കേരളത്തിലെ കര്‍ഷകസമൂഹത്തിനുമാകണം. ദേശീയ തലത്തില്‍ അണപൊട്ടിയൊഴുകുന്ന കര്‍ഷകപ്രക്ഷോഭങ്ങള്‍ നമുക്ക്‌ പാഠവും മുന്നറിയിപ്പുമാണ്‌. ഇവരോട്‌ ഐക്യദാര്‍ഢ്യപ്പെടുകമാത്രമല്ല പങ്കാളികളും ഭാഗഭാക്കുകളുമാകുവാന്‍ കര്‍ഷകര്‍ക്കു സാധിക്കണം. അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട്‌ കര്‍ഷകസംഘടനകള്‍ പൊതുവായ വിഷയങ്ങളില്‍ യോജിക്കണം. യുപിയിലെയും മദ്ധ്യപ്രദേശിലെയും മഹാരാഷ്‌ട്രയിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകരുടെയും നമ്മുടെയും ആവശ്യങ്ങള്‍ ഒന്നാണ്‌.
ചൈന നിയന്ത്രിക്കുന്ന രാജ്യാന്തര കാര്‍ഷികവിപണി കാര്‍ഷികോല്‍പന്നങ്ങളുടെ വിലനിശ്‌ചയിക്കുന്നത്‌ വന്‍കിടകോര്‍പ്പറേറ്റുകളാകും. ആരോഗ്യരംഗം സാധാരണജനങ്ങള്‍ക്ക്‌ അപ്രാപ്യമാകുന്ന ദുര്‍വിധിയുണ്ടാകും. ചെറുകിട കൃഷിക്കാരില്‍നിന്നു കൃഷിഭുമി വിദേശനിക്ഷേപകരുടെ കൈകളിലെത്തും. വിത്തുകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടും. ചെറുകിട ക്ഷീരവ്യവസായവും ക്ഷീരകര്‍ഷകരും കാര്‍ഷികവൃത്തിയില്‍നിന്നു പുറന്തള്ളപ്പെടും. ജനകീയ പ്രക്ഷോഭത്തിനുമാത്രമേ ആര്‍.സി.ഇ.പി. എന്ന കരാറിനെതിരേ അധികാരകേന്ദ്രങ്ങളുടെ കണ്ണുതുറപ്പിക്കാനാകൂ.
(ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലും രാഷ്‌ട്രീയ കിസാന്‍ മഹാസംഘ്‌ സംസ്‌ഥാന ചെയര്‍മാനുമാണ്‌ ലേഖകന്‍)

അഡ്വ. വി.സി. സെബാസ്‌റ്റ്യന്‍

Ads by Google
Monday 08 Oct 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW