Monday, October 15, 2018 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 08 Oct 2018 12.12 AM

ശബരിമല: വ്യത്യസ്‌തതയെ എതിര്‍ക്കുന്നതെന്തിന്‌ ?

uploads/news/2018/10/254920/3.jpg

രാജ്യത്തെ പരമോന്നത നീതിന്യായ കോടതിയോടുള്ള അചഞ്ചലമായ വിശ്വാസവും ആദരവും നിലനിര്‍ത്തി കൊണ്ടു തന്നെ കുറിക്കട്ടെ. എല്ലാ പ്രായത്തിലുള്ള സ്‌ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി വിനാശകരമാണ്‌. ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ ജഡ്‌ജിയായ ഇന്ദു മല്‍ഹോത്രയുടെ വിയോജന വിധിന്യായം നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലാണ്‌. വിശ്വാസവും, യുക്‌തിയും, നിയമവും തികച്ചും വ്യത്യസ്‌ഥമാണെന്ന ഇന്ദു മല്‍ഹോത്രയുടെ കണ്ടെത്തലില്‍ എല്ലാമുണ്ട്‌.
ഈയടുത്ത കാലത്തെ ചില കോടതി വിധികള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സ്വവര്‍ഗരതിക്കും വിവാഹേതര ബന്ധങ്ങള്‍ക്കും നിയമ പരിരക്ഷ നല്‍കിയത്‌ പരിപാവനമായ കുടുംബ ബന്ധങ്ങള്‍ക്ക്‌ ഭീഷണിയാണ്‌. വിവാഹ ബന്ധം വേര്‍പ്പെടുത്തികിട്ടാനുള്ള ഏറ്റവും ശക്‌തമായ കാരണമായി പരപുരുഷ-പരസ്‌ത്രീ ബന്ധം പരിഗണിക്കുന്നതിന്റെ നിയമ സാധുത വരും നാളുകളില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം.
ശബരിമല വിധിയെ സംസ്‌ഥാന സര്‍ക്കാരും സി.പി.എം. നേതാക്കളും സ്വാഗതം ചെയ്‌തത്‌ അസലായിരിക്കുന്നു. പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത്‌ കാര്യം എന്ന്‌ ചോദിക്കുന്നതു പോലെ ദൈവ വിശ്വാസമില്ലാത്ത മന്ത്രിമാര്‍ക്കും മത നിഷേധികളായ രാഷ്‌ട്രീയ നേതാക്കള്‍ക്കും ക്ഷേത്രങ്ങളിലും ക്ഷേത്രാചാരങ്ങളിലും എന്ത്‌ കാര്യം?.
പലര്‍ക്കും പലതരത്തിലാണു വിശ്വാസങ്ങള്‍. ഏതെങ്കിലും ഒരു വിശ്വാസം ശരിയെന്നോ മറ്റൊന്നു തെറ്റാണെന്നോ ആര്‍ക്കും പറയാനാവില്ല. വിശ്വാസം അങ്ങിനെയാണ്‌. വ്യത്യസ്‌തതയാണ്‌ വിശ്വാസത്തിന്റെ മേല്‍ വിലാസം.
കേരളത്തില്‍ എമ്പാടും എത്രയോ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്‌. മറ്റ്‌ അയ്യപ്പ ക്ഷേത്രങ്ങള്‍ക്കൊന്നും ഇല്ലാത്ത പ്രസക്‌തിയും, പ്രാധാന്യവും, ആകര്‍ഷണീയതയും, ആഗോള ശ്രദ്ധയും ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിനു കൈവന്നത്‌ അതിന്റെ വ്യത്യസ്‌തത ഒന്നു കൊണ്ടു തന്നെയാണ്‌.
ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠകള്‍ക്കും ദൈവസാന്നിദ്ധ്യത്തിനും വ്യത്യസ്‌തമായ ഭാവങ്ങളും ധ്യാനങ്ങളും ഉണ്ട്‌. അക്കാരണത്താല്‍ ഓരോ ക്ഷേത്രങ്ങളിലേയും പൂജാദികര്‍മ്മങ്ങളും ആചാരാനുഷ്‌ഠനങ്ങളും വ്യത്യസ്‌തമാണ്‌. ശബരിമലയില്‍ ബ്രഹ്‌മചാരിയായ അവതാരമൂര്‍ത്തിയെയാണു പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. ജ്‌ഞ്യാനമുദ്രയും, യോഗിപട്ടവും അണിഞ്ഞ്‌ താപസ ഭാവത്തിലാണു പ്രതിഷ്‌ഠ. ധ്യാനവും അപ്രകാരം തന്നെ. അയ്യപ്പന്‍ യോഗി ആയതു കൊണ്ടാണു ഭസ്‌മാഭിഷേകത്തിനുശേഷം ഭസ്‌മസഞ്ചിവച്ച്‌ നട അടക്കുന്നത്‌. യോഗിയുടെ നിയമങ്ങള്‍ക്ക്‌ കോട്ടം തട്ടാതെയുള്ള ആചാരങ്ങളാണു ശബരിമലയില്‍ അനുഷ്‌ഠിക്കുന്നത്‌. യുവതികള്‍ക്കു ശബരിമല ദര്‍ശനം വിലക്കിയത്‌ യോഗിയുടെ നിയമങ്ങള്‍ക്ക്‌ കോട്ടം തട്ടാതിരിക്കാനാണ്‌ എന്നാണു വിശ്വാസം. മണ്ഡലകാലത്ത്‌ മാലയിട്ട്‌ 41 ദിവസം നീണ്ടുനില്‍ക്കുന്ന കഠിനവ്രതശുദ്ധിയോടെ മല ചവിട്ടി അയ്യപ്പദര്‍ശനം നടത്താന്‍ ജാതിയുടെ അതിര്‍ വരമ്പുകളില്ല.
ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെയാണ്‌ കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക്‌ പ്രവേശന സ്വാതന്ത്ര്യം കൈവന്നത്‌. ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പും ശബരിമലയില്‍ അവര്‍ണരുടെ പ്രവേശനത്തിന്‌ ഒരു വിലക്കും ഉണ്ടായിരുന്നില്ല.
അഹിന്ദുക്കള്‍ക്ക്‌ ദര്‍ശനം അനുവദിക്കുന്ന അത്യപൂര്‍വം ക്ഷേത്രങ്ങളില്‍ മുഖ്യ സ്‌ഥാനമാണ്‌ ശബരിമലക്ക്‌. ഗുരുവായൂരപ്പ ഭക്‌തനായ ഗാനഗന്ധര്‍വന്‍ യേശുദാസിന്‌ ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അദ്ദേഹം എല്ലാവര്‍ഷവും മാലയിട്ട്‌ വ്രതശുദ്ധിയോടെ മുടങ്ങാതെ ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്താനെത്തിക്കൊണ്ടിരിക്കുന്നു. അയ്യപ്പസ്വാമിയെ പാടി ഉറക്കുന്ന ഹരിവരാസനം ആലപിച്ചതും യേശുദാസ്‌ തന്നെ.
ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്‌തജനങ്ങള്‍ സമ്പന്നരെന്നോ, ദരിദ്രരെന്നോ ഉള്ള വിവേചനമോ, ജാതി, മത വര്‍ഗ, വര്‍ണ വ്യത്യാസങ്ങളോ ഒന്നും ഇല്ലാതെ പരസ്‌പരം അഭിസംബോധന ചെയ്യുന്നത്‌ അയ്യപ്പനെന്നും മാളികപ്പുറമെന്നുമാണ്‌. ശബരിമലയില്‍ സേവനം അനുഷ്‌ഠിക്കുന്ന പോലീസ്‌ ഉദ്യോഗസ്‌ഥരെ സംബോധന ചെയ്യുന്നത്‌ പോലീസ്‌ അയ്യപ്പന്‍മാര്‍ എന്നുമാണ്‌. ശബരിമലയില്‍ എല്ലാം അയ്യപ്പമയമാണ്‌.
10 വയസിനും 50 വയസിനുമിടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയാല്‍ എന്താണു കുഴപ്പം എന്ന ചോദ്യത്തിന്‌ ഒരു മറു ചോദ്യമുണ്ട്‌, ദര്‍ശനം നടത്തിയില്ലെങ്കില്‍ എന്താണ്‌ പ്രശ്‌നം?.
കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള അയ്യപ്പ ക്ഷേത്രങ്ങളില്‍ ഏതു പ്രായത്തിലുള്ള സ്‌ത്രീകള്‍ക്കും ദര്‍ശനം നടത്താന്‍ അനുവാദമുണ്ട്‌. കല്ലിലും മുള്ളിലും തൂണിലും തുരുമ്പിലും സര്‍വചരാചരങ്ങളിലും ദൈവമുണ്ട്‌ എന്നാണു ഹൈന്ദവ വിശ്വാസം. അയ്യപ്പനെ ദര്‍ശിക്കാന്‍ ശബരിമലയില്‍ തന്നെ പോകണം എന്നു ശഠിക്കുന്നതില്‍ യാതൊരു യുക്‌തിയുമില്ല. അരുതെന്നു പറഞ്ഞിട്ടും കേവലം ഒരു കൗതുകത്തിനു വേണ്ടി ശബരിമലയില്‍ പോകണം എന്നു വാശി പിടിക്കുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്‌പദമാണ്‌.
മാറിയ കാലഘട്ടത്തില്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ബ്രഹ്‌മചര്യവും വ്രതാനുഷ്‌ഠാനങ്ങളും പ്രത്യേക ഭക്ഷണക്രമങ്ങളും ഒക്കെ അസൗകര്യമാണെന്നും അതൊക്കെ അവസാനിപ്പിക്കണമെന്നും സൗകര്യം കിട്ടുമ്പോഴൊക്കെ ശബരിമല ദര്‍ശനം അനുവദിക്കണമെന്നും ആവശ്യമുയരാം. ഇതിന്റെ പേരില്‍ നിയമയുദ്ധം വന്നാല്‍ മറ്റു ക്ഷേത്രങ്ങളില്‍ ഇല്ലാത്ത നിഷ്‌ഠകള്‍ ശബരിമലയില്‍ മാത്രം ആവശ്യമില്ലെന്ന വാദവും ഉയരാം.
ഓരോ ക്ഷേത്രങ്ങളിലും വ്യത്യസ്‌ഥമായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ഉണ്ടായാല്‍ ആര്‍ക്ക്‌ എന്ത്‌ ചേതം? തനതായ വ്യത്യസ്‌തത ഇല്ലാതായാല്‍ ശബരിമല അയ്യപ്പ ക്ഷേത്രവും കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള ഒരു സാധാരണ അയ്യപ്പ ക്ഷേത്രമായി മാറും. അങ്ങനെ ആകരുതെന്നാണ്‌ അയ്യപ്പഭക്‌തരായ മഹാഭൂരിപക്ഷം സ്‌ത്രീകളും ആഗ്രഹിക്കുന്നത്‌.

അഡ്വ. എസ്‌ അശോകന്‍
(ലേഖകന്‍ മുന്‍ ഇടുക്കി ജില്ലാ ഗവണ്‍മെന്റ്‌ പ്ലീഡറും പബ്ലിക്ക്‌ പ്രോസിക്യുട്ടറുമാണ്‌).

Ads by Google
Monday 08 Oct 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW