Monday, June 17, 2019 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 08 Oct 2018 12.12 AM

സഭയെ ഇരയാക്കുന്ന (മുറിപ്പെടുത്തുന്ന) അതിക്രമം

"അച്ചോ, ഈശോമിശിഹായ്‌ക്കു സ്‌തുതിയായിരിക്കട്ടെ..." രാത്രി പത്തോടെ വന്ന ഒരു ഫോണ്‍വിളിയാണിത്‌. "അതേ, നിങ്ങള്‍ ആരാ?" "മൂന്നു മെത്രാന്മാരുംകൂടി അകത്തായി. അറയ്‌ക്കനും പുളിക്കനും ഈറാനിമോസും"! "നിങ്ങള്‍ ആരാണ്‌?" ഞാന്‍ ശബ്‌ദമുയര്‍ത്തി. ഒരു വിശ്വാസി! വിദേശത്തായിരുന്ന ബിഷപ്‌ കല്ലറങ്ങാട്ടിനെ ജയിലില്‍ കയറ്റിയതിന്റെ കലി മനസില്‍നിന്നു മാറിയിട്ടില്ലാത്തതിനാല്‍ അറിയാതെ പ്രകോപിതനായി. അയാള്‍ ഫോണ്‍ കട്ടാക്കി! ഞാന്‍ ഓടിച്ചെന്നു ടി വി ഓണാക്കിനോക്കിയപ്പോള്‍ ഇപ്പറഞ്ഞ മെത്രാന്മാര്‍ മൂന്നുപേരുംകൂടി ഫ്രാങ്കോ മെത്രാനെ സന്ദര്‍ശിച്ചു എന്ന വാര്‍ത്ത കണ്ടു. ആടിനെ പട്ടിയാക്കുന്ന, പേപ്പട്ടിയെ വേട്ടപ്പട്ടിയാക്കുന്ന, പുലിയെ പൂച്ചയാക്കുന്ന, കുറുക്കനെ രാജാവാക്കുന്ന നികൃഷ്‌ടജീവികള്‍!
ഈ കുറിപ്പെഴുതാനുള്ള ചേതോവികാരം ഇതാണ്‌. ഇങ്ങനെ, കുറെ വിശ്വാസിപ്പിശാചുക്കള്‍ വല്ലാതെ ശല്യം ചെയ്യുന്നു. ഇവറ്റകളെയും ഇവറ്റകള്‍ക്കു ചേരുന്ന കുറെ അവിശ്വാസികളെയും യുക്‌തിവാദികളെയും ചെകുത്താന്‍ സേവകരെയും സമാനചിന്താഗതിയുള്ള ഇതരമതവിശ്വാസികളെയും കലാ,സാഹിത്യകാരന്മാരെയും സാമൂഹികവിരുദ്ധരെയും ചേര്‍ത്തുപിടിച്ചു കത്തോലിക്കാ സഭയെ കടന്നാക്രമിക്കാനുള്ള അധോലോക സങ്കേതമായി ഇന്നത്തെ ചില ചാനലുകള്‍ മാറിയിരിക്കുന്നു.
കവിയുടെ വിലാപം ശ്രദ്ധിക്കാം:
അമ്പുകൊണ്ടുള്ള വ്രണം കാലത്താല്‍ നികത്തീടും,
കൊമ്പുകള്‍ കണ്ടിച്ചാലും പാദവം കിളിര്‍ത്തിടും,
കാട്ടുതീ വെന്താല്‍ വനം പിന്നെയും തളിര്‍ത്തിടും,
കേട്ടുകൂടാത്ത വാക്കാമായുധം പ്രയോഗിച്ചാല്‍
കര്‍ണങ്ങള്‍ക്കകം പുക്ക്‌ പുണ്ണായാലതുപിന്നെ-
പ്പൂര്‍ണമായ്‌ ശമിക്കില്ലൊട്ടുനാള്‍ ചെന്നാല്‍പോലും.
ഭരണസംവിധാനത്തിന്റെ ചരിത്രത്തില്‍ ഓട്ടോക്രസിയും ഡെമോക്രസിയും പിന്നിട്ട്‌, ഇന്നിതാ മീഡിയാക്രസി (മാധ്യമാധിപത്യം) നിലവില്‍ വന്നിരിക്കുന്നു! അതിനി അക്രമാക്രിസിയായി പരിണമിക്കും. നിലവിലുള്ള ഭരണസംവിധാനത്തിന്റെ ഉന്നതശ്രേണിയിലുള്ള നീതിന്യായക്കോടതിയെപ്പോലും വിസ്‌തരിക്കുകയും വിധിപറയുകയും ചെയ്യുന്ന അപ്പെക്‌സ്‌ കോടതിയായി മാറുന്നു.
മാധ്യമാധിപതികള്‍ ഒരുകാര്യം ഓര്‍ക്കുക. ഒരു വേട്ടക്കാരനെയും ഒരിരയെയും ഉയര്‍ത്തിക്കാട്ടി കത്തോലിക്കാ സഭയെ തേജോവധംചെയ്‌ത്‌ ഇല്ലായ്‌മ ചെയ്യാമെന്ന്‌ കരുതിയാല്‍, നിങ്ങള്‍ തീക്കളിയാണ്‌ നടത്തുന്നതെന്നോര്‍ത്തുകൊള്ളുക. പണ്ട്‌, നിങ്ങളെപ്പോലുള്ള നിയമജ്‌ഞരും ഫരിസേയരും യഹൂദപ്രമാണികളും ചേര്‍ന്ന്‌ കുരിശില്‍ത്തറച്ചുകൊന്ന ക്രിസ്‌തുവിന്റെ തിരുരക്‌തത്തില്‍ രക്‌തസാക്ഷികളുടെ ചുടുചോര ചാലിച്ചുചേര്‍ത്ത്‌, പത്രോസാകുന്ന പാറമേല്‍ പടുത്തുയര്‍ത്തിയതാണു സഭാസൗധമെന്നു മറക്കരുത്‌.
അധോലോകത്തെയും വെല്ലുന്ന നിഗൂഢതകളാണു ചാനലിന്റെ ഒളിത്താവളങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്‌. കത്തോലിക്കാ സഭയാകുന്ന പാവം ഇരയെ വേട്ടയാടാന്‍ എന്തെല്ലാം കുതന്ത്രങ്ങളാണ്‌ ഇവര്‍ മെനഞ്ഞെടുക്കുന്നത്‌. സ്‌ത്രീപീഡനക്കേസ്‌ ഹിന്ദുവിന്റെയാണോ മുസ്ലിമിന്റെയാണോ രാഷ്‌ട്രീയക്കാരന്റെയാണോ ക്രിസ്‌ത്യാനിയുടെയാണോ എന്നെല്ലാം തിട്ടപ്പെടുത്തിയശേഷമാണിത്‌.
പാര്‍ലമെന്റിലും അസംബ്ലിയിലും ചര്‍ച്ച നയിക്കുന്ന സ്‌പീക്കര്‍ ഏറ്റവും കുറച്ചേ സംസാരിക്കാറുള്ളൂ. ഏതൊരു ഡിബേറ്റിലും ചര്‍ച്ചയിലും മോഡറേറ്റര്‍ അങ്ങനെയേ ചെയ്യൂ. ചാനലാകുമ്പോള്‍ വാദിയും വക്കീലും മജിസ്‌ട്രേട്ടും എല്ലാം അവതാരകന്‍തന്നെ! ക്രിസ്‌ത്യാനിയുടെ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ മൂന്നില്‍ രണ്ടുപേരും അവതാരകന്റെ പക്ഷത്തായിരിക്കും. മൂന്നാമന്‍ അവതാരകന്റെ ആട്ടും തുപ്പും കൊള്ളേണ്ട ഒരു പാവത്താനും!
സമരവേദിയില്‍ പ്രത്യക്ഷപ്പെട്ട കലാസാഹിത്യ, സമ്രാട്ടുമാരേ, നിങ്ങള്‍ പൂമാലയിട്ടു പൂജിച്ചിരുത്തിയ കന്യാസ്‌ത്രീകളെയും സഭയെ ചീത്തവിളിക്കാന്‍ നേതൃത്വം നല്‍കിയ സമാരാധ്യരായ നേതാക്കളെയും കൂട്ടി ഏതെങ്കിലും ഒരനാഥമന്ദിരത്തിലേക്കോ വയോജനമന്ദിരത്തിലേക്കോ ബാലമന്ദിരത്തിലേക്കോ മാനസികചികിത്സാകേന്ദ്രത്തിലേക്കോ തീര്‍ഥാടനം നടത്തുക. എന്നിട്ട്‌, അതിലേതെങ്കിലും ഒരമ്മാമ്മയെയോ അപ്പാപ്പനെയോ കുട്ടിയെയോ മാനസികരോഗിയെയോ എയ്‌ഡ്‌സ്‌ രോഗിയെയോ ഒന്നു കഴുകി വൃത്തിയാക്കാന്‍ സഹായിക്കുക. സാധിക്കുമെങ്കില്‍ നിങ്ങള്‍നേരേ കൊല്‍ക്കത്തയ്‌ക്കു പുറപ്പെടുക. വിശുദ്ധ മദര്‍ തെരേസായുടെ സ്‌ഥാപനങ്ങള്‍ സന്ദര്‍ശിക്കുക. ഈ ലേഖകന്റെ കൊച്ചിടവകയായ പാലായ്‌ക്കടുത്തുള്ള മൂന്നാനിയിലേക്കു വരിക. ഇവിടെയും അതിനുപറ്റിയ സ്‌ഥാപനങ്ങളുണ്ട്‌. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങള്‍ ചെയ്യുന്ന ആതുരശുശ്രൂഷയുടെ ഫോട്ടോയെടുക്കുന്ന പരിപാടി ഇവിടെ നിരോധിച്ചിരിക്കുകയാണ്‌.
സഭയുടെ മൗനത്തെപ്പറ്റി വിമ്മിട്ടപ്പെടുന്ന പണ്ഡിത വരേണ്യശിരോമണികളേ, തത്വജ്‌ഞാനികളേ, വേദപാരംഗതരേ, പത്രപ്രവര്‍ത്തകരേ, ഇതര മതവിജ്‌ഞാനവിഭൂഷണന്മാരേ, അസന്തുഷ്‌ട പൗരോഹിത്യ, സന്യസ്‌ത വിശ്വാസിക്കൂട്ടായ്‌മാംഗങ്ങളേ, സഭ മൗനം ഭജിക്കുകയും ഭഞ്‌ജിക്കുകയും ചെയ്‌ത സന്ദര്‍ഭങ്ങള്‍ അനവധിയുണ്ട്‌. ഒരുദാഹരണം പറയാം. രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ പണ്ഡിതന്മാരില്‍ അഗ്രഗണ്യരായിരുന്ന കാള്‍റാനര്‍, ഷിലബക്‌. കൊങ്കാര്‍ഡ്‌, റാറ്റ്‌സിങ്കര്‍ (ബനഡിക്‌ട്‌ 16-ാമന്‍ പാപ്പാ) എന്നിവര്‍ക്കൊപ്പമോ അല്‍പ്പം മുമ്പിലോ നിന്ന ആളായിരുന്ന ഹാന്‍സ്‌ ക്യൂങ്‌. പാണ്ഡിത്യം മൂത്തു മത്തുപിടിച്ച്‌ അതിരുകടന്നപ്പോള്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ വിളിച്ചുവരുത്തിപ്പറഞ്ഞു. അങ്ങ്‌ ഇനി കത്തോലിക്കാ വിദ്യാലയങ്ങളിലോ സെമിനാരികളിലോ സര്‍വകലാശാലകളിലോ പഠിപ്പിക്കാന്‍ പാടില്ല.
മുന്നമ്മമാരേ, നാല്‍പ്പത്താറു കൊല്ലം പൗരോഹിത്യശുശ്രൂഷ ചെയ്‌ത ഈ പുരോഹിതന്‍ നിങ്ങളെ സ്‌നേഹപൂര്‍വം ഉപദേശിക്കുന്നു. നിങ്ങള്‍ തെരിവുലിറങ്ങി സമരപ്പന്തലില്‍ കയറിനിന്നു െമെക്കില്‍കൂടി പ്രസംഗിച്ചത്‌ ഈശോയുടെ സുവിശേഷമോ പിശാചിന്റെ ദുവിശേഷമോ?
ഈശോയുടെ മേശയിലും പിശാചിന്റെ മേശയിലും ഒരുപോലെ പങ്കുപറ്റാന്‍ നിങ്ങള്‍ക്കെങ്ങനെ െധെര്യം ലഭിച്ചു? നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നതു പരിശുദ്ധാരൂപിയോ ദുഷ്‌ടാരൂപിയോ ആത്മശോധന ചെയ്യൂ. പാപിനിയായ സ്‌ത്രീയെപ്പോലെ പശ്‌ചാത്തപിച്ചു കണ്ണീരൊഴുക്കി പാപസങ്കീര്‍ത്തനത്തിനണയുവിന്‍. എന്നിട്ടേ പരിശുദ്ധ കുര്‍ബാന സ്വീകരിക്കാവൂ.

ഡോ. തോമസ്‌ മൂലയില്‍
(ഈ ലേഖനത്തിലെ അഭിപ്രായം
വ്യക്‌തിപരമാണ്‌.)

Ads by Google
Monday 08 Oct 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW