Monday, June 17, 2019 Last Updated 5 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 01.42 AM

പുനഃപരിശോധനാ ഹര്‍ജി സര്‍ക്കാരിന്‌ നല്‍കാനാവില്ല , ആരെങ്കിലും നല്‍കുന്നതില്‍ എതിര്‍പ്പുമില്ല

uploads/news/2018/10/255243/bft1.jpg

ഈ നൂറ്റാണ്ട്‌ കണ്ട എറ്റവും വലിയ കാലവര്‍ഷക്കെടുതിയെയാണ്‌ നാം നേരിട്ടത്‌. ഇത്തരമൊരു മുന്നേറ്റം നമുക്ക്‌ സാധ്യമായത്‌ കേരളത്തിന്റെ സവിശേഷമായ സാമൂഹ്യ പരിതസ്‌ഥിതിയില്‍ നിന്നാണ്‌. അത്തരമൊരു സ്‌ഥിതിവിശേഷം എങ്ങനെ രൂപപ്പെട്ടുവെന്ന പരിശോധന നടത്തുന്നത്‌ കൂടുതല്‍ മുന്നേറ്റത്തിന്‌ ഇടയാക്കുകയും ചെയ്യും.
ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ച സ്വാമി വിവേകാനന്ദന്‍ കേരളത്തിലെത്തിയപ്പോള്‍ നമ്മുടെ നാടിനെ വിശേഷിപ്പിച്ചത്‌ ഭ്രാന്താലയം എന്നായിരുന്നു. എന്നാല്‍, ഇന്ന്‌ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സംസ്‌ഥാനമായി മാറുന്ന സ്‌ഥിതിയുണ്ടായി. ഇതിന്‌ ഇടയാക്കിയത്‌ നവോത്ഥാന ആശയങ്ങളും അതിനെ ജനങ്ങളില്‍ എത്തിക്കുന്നതിന്‌ വേണ്ടി പ്രവര്‍ത്തിച്ച നവോത്ഥാന പ്രസ്‌ഥാനങ്ങളുമായിരുന്നു. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി തുടങ്ങിയ നിരവധി നവോത്ഥാന നായകര്‍ കേരളത്തിന്റെ ജന്മിത്ത ആചാര ക്രമങ്ങളെ വെല്ലുവിളിച്ചുകൊണ്ട്‌ രംഗപ്രവേശനം ചെയ്‌തു. കേരളത്തിലെ നവോത്ഥാന പ്രസ്‌ഥാനത്തിന്റെ സവിശേഷത എന്നത്‌ അടിസ്‌ഥാന ജനവിഭാഗങ്ങളില്‍ നിന്ന്‌ രൂപപ്പെട്ടുവന്നതും അത്‌ മറ്റ്‌ വിഭാഗങ്ങളിലേക്ക്‌ പടര്‍ന്നുകയറുകയും ചെയ്‌ത ഒന്നായിരുന്നുവെന്നതാണ്‌. 1924 ലെ വൈക്കം സത്യാഗ്രഹത്തില്‍ ടി.കെ. മാധവന്‍, സി.വി. കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ക്ക്‌ പുറമെ മന്നത്ത്‌ പത്മനാഭനെപ്പോലെയുള്ള സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും സജീവമായി പങ്കെടുത്തു. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴികളില്‍ ഹിന്ദുക്കളിലെ അവര്‍ണ്ണ വിഭാഗങ്ങള്‍ക്ക്‌ പ്രവേശനം നിഷേധിച്ച രീതിക്കെതിരായിട്ടായിരുന്നു ആ പോരാട്ടം. അന്നത്തെ ആചാരത്തിനെതിരായുള്ള സമരത്തിലൂടെയാണ്‌ മന്നത്ത്‌ പത്മനാഭന്‍ കേരളത്തിന്റെ സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്‌ഥാനത്തില്‍ സുപ്രാധനമായ സ്‌ഥാനം വഹിക്കുന്ന നിലയിലേക്ക്‌ ഉയര്‍ന്നത്‌.
തുടര്‍ന്ന്‌ ഗുരുവായൂര്‍ സത്യഗ്രഹം, പാലിയം സമരം തുടങ്ങിയ മുന്നേറ്റങ്ങളും നമ്മുടെ മണ്ണിലുണ്ടായി. ഈ പ്രക്ഷോഭങ്ങള്‍ ക്ഷേത്രപ്രവേശനത്തിനും ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ ജനാധിപത്യബോധത്തിന്റെ അലകള്‍ നാടെങ്ങും പ്രസരിപ്പിച്ചു. ജാതീയമായ അടിച്ചമര്‍ത്തലിനെതിരായ കീഴാള ജനവിഭാഗത്തില്‍ നിന്ന്‌ രൂപപ്പെട്ടുവന്ന്‌ എല്ലാ വിഭാഗങ്ങളിലേക്കും പടര്‍ന്നുകയറിയ നവോത്ഥാന കാഴ്‌ചപ്പാട്‌ സ്‌ത്രീകളുടെ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടു. ഇതിന്റെ ഭാഗമായി നമ്മുടെ ജീവിതത്തിന്‍റെ ആചാരങ്ങളിലും സ്‌ത്രീകളിലും വലിയമാറ്റങ്ങളുണ്ടായി. ഇങ്ങനെ ഒരോ വിഭാഗത്തിനകത്തു നിരന്തരമായി ഉയര്‍ന്നുവന്ന സംഘര്‍ഷങ്ങളുടെയും അതില്‍ നിന്നും രൂപപ്പെട്ടുവന്ന ആശയസംവിധാനങ്ങളുടെയും അനന്തരഫലമായാണ്‌ നമ്മുടെ ജീവിതം മാറിമറിഞ്ഞത്‌.

ശബരിമല സ്‌ത്രീപ്രവേശനം: പ്രശ്‌നങ്ങള്‍

ശബരിമല സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവരുന്ന ചര്‍ച്ചകളിലേക്ക്‌ നാം കടക്കുമ്പോള്‍ കേരളത്തിന്റെ ഈ സാമൂഹ്യമുന്നേറ്റത്തിന്റെ ചരിത്രം കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട്‌. 1990-ല്‍ എസ്‌. മഹേന്ദ്രന്‍ എന്നയാള്‍ ഹൈക്കോടതിയിലെ ഒരു ജഡ്‌ജിക്ക്‌ അയച്ച കത്ത്‌ പൊതുതാത്‌പര്യ ഹര്‍ജിയായി ഹൈക്കോടതി പരിഗണിച്ചതോടെയാണ്‌ ഈ വിഷയം കേരളത്തില്‍ കോടതി വ്യവഹാര രംഗത്ത്‌ സജീവമായത്‌. ശബരിമലയില്‍ യുവതികള്‍ കയറുന്നുവെന്നും അവിടെ പ്രാര്‍ത്ഥന നടത്തുന്നുവെന്നുമുള്ള പരാതിയാണ്‌ മഹേന്ദ്രന്‍ കത്തിലുന്നയിച്ചത്‌. തുടര്‍ന്ന്‌ കോടതി ബന്ധപ്പെട്ടയാളുകള്‍ക്ക്‌ നോട്ടീസ്‌ അയച്ച്‌ കേസ്‌ ആരംഭിച്ചു. 1991 ലെ ഈ കേസിന്റെ കോടതി വിധിയില്‍ ഓരോ കക്ഷിയും ഉന്നയിച്ച വാദങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്‌. 20 വര്‍ഷമായി പ്രായഭേദമില്ലാതെ സ്‌ത്രീകള്‍ക്ക്‌ പ്രതിമാസ പൂജയ്‌ക്കായി അമ്പലം തുറക്കുമ്പോള്‍ സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടായിരുന്നു എന്നത്‌ വാദത്തിനിടയില്‍ ഉയര്‍ന്നുവന്ന കാര്യവും രേഖപ്പെടുത്തുന്നുണ്ട്‌. മണ്ഡലം, മകരവിളക്ക്‌, വിഷുക്കാലങ്ങളില്‍ മാത്രമാണ്‌ സ്‌ത്രീകള്‍ക്ക്‌ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നുവെന്ന വാദങ്ങളും അതില്‍ രേഖപ്പെടുത്തുന്നു. ശബരിമല കയറുന്നതിന്‌ പത്തിനും 50 നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണം ശബരിമല തീര്‍ത്ഥാടനകേന്ദ്രത്തിലെ കാലാവര്‍ത്തിയായിട്ടുള്ള ആചാരമാണ്‌ എന്നായിരുന്നു കോടതി വിധി. നേരത്തേ ഉണ്ടായി എന്ന്‌ പറയുന്ന സ്‌ത്രീ പ്രവേശനത്തിന്‌ അറുതി വരുത്തുകയാണ്‌ കോടതി 1991 ഏപ്രില്‍ അഞ്ചിനുള്ള വിധിയില്‍. 1991നു ശേഷം ഈ വിധിയുടെ അടിസ്‌ഥാനത്തിലാണ്‌ ശബരിമലയിലെ തീര്‍ത്ഥാടകരുടെ പ്രവേശനം നടന്നിട്ടുള്ളത്‌. ഇതിനെ സഹായിക്കുകയാണ്‌ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്‌തിട്ടുള്ളത്‌. ഇതില്‍ നിന്നും വ്യത്യസ്‌തമായ ഒരു നിലപാട്‌ ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. ഈ സര്‍ക്കാരും ഇതിന്‌ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല.
പിന്നീട്‌ 2006 ല്‍ ശബരിമലയിലെ സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്‌ സുപ്രീംകോടതിക്ക്‌ മുമ്പാകെ റിട്ടായി വരികയായിരുന്നു. ഇന്ത്യന്‍ യങ്‌ ലോയേഴ്‌സ്‌ അസോസിയേഷനും മറ്റുള്ളവരും ആണ്‌ ഈ റിട്ട്‌ നല്‍കിയത്‌. ഈ കേസില്‍ സംസ്‌ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയായി ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍ സര്‍ക്കാരിനോട്‌ സുപ്രീംകോടതി ഇക്കാര്യത്തില്‍ അഭിപ്രായം ചോദിച്ചു. 2007 നവംബര്‍ 13-ന്‌ വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഇത്‌ സംബന്ധിച്ച്‌ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. പിന്നീട്‌ വന്ന യു.ഡി.എഫ്‌. സര്‍ക്കാര്‍ ഈ സത്യവാങ്‌മൂലം പിന്‍വലിച്ച്‌ പുതിയ ഒരു സത്യവാങ്‌മൂലം സമര്‍പ്പിച്ചു (ഇതില്‍ സ്‌ത്രീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ടാണ്‌ യു.ഡി.എഫ്‌ നിലപാട്‌ സ്വീകരിച്ചത്‌). വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 2007-ല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അതേ അഫിഡവിറ്റ്‌ നിലനിര്‍ത്തുന്നതിന്‌ തീരുമാനിച്ചു. ഈ സത്യവാങ്‌മൂലത്തില്‍ പറഞ്ഞ കാര്യങ്ങള്‍ താഴെ പറയുന്നതാണ്‌.
സ്‌ത്രീകള്‍ക്കോ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിനോ എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതിന്‌ സര്‍ക്കാര്‍ എതിരാണ്‌. സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്നതാണ്‌ നിലവിലുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ നയം. അതുകൊണ്ട്‌ തന്നെ സ്‌ത്രീ പ്രവേശനത്തിന്‌ സര്‍ക്കാര്‍ എതിരല്ല. മുന്‍കാലങ്ങളിലും സ്‌ത്രീകള്‍ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്‌ എന്നതുമായി ബന്ധപ്പെട്ട ചരിത്രപരമായ കാര്യങ്ങള്‍ ഇതില്‍ വ്യക്‌തമാക്കി. അതിന്റെ അടിസ്‌ഥാനത്തില്‍ ഹിന്ദുമത ആചാരത്തിലും ദൈവത്തിലും ക്ഷേത്ര ആരാധനയിലും വിശ്വസിക്കുന്നവരെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനോ ആരാധന നടത്തുന്നതിനോ പ്രായ വ്യത്യാസമില്ലാതെ അനുവദിക്കണം. ഈ നിലപാട്‌ സ്വീകരിക്കുമ്പോള്‍ തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം സര്‍ക്കാര്‍ ഓര്‍മ്മിപ്പിച്ചു; ശബരിമല ക്ഷേത്രത്തിന്റെ സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടത്‌ വര്‍ഷങ്ങളായി തുടരുന്ന ആചാരമായതിനാലും, അത്‌ വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതിനാലും, ജനങ്ങള്‍ സ്വീകരിച്ചതിനാലും ഇതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട ഹൈക്കോടതി വിധി നിലവിലുണ്ടെന്നും എന്നതായിരുന്നു ഇത്‌.
ഹിന്ദു ധര്‍മ്മശാസ്‌ത്രത്തില്‍ ആധികാരിക പരിജ്‌ഞാനമുള്ള പ്രമുഖ പണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മീഷന്‍ നിയോഗിച്ച്‌ അവരോട്‌ പ്രായവ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്‌ത്രീകള്‍ക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതില്‍ അവരുടെ നിര്‍ദ്ദേശങ്ങളും കാഴ്‌ചപ്പാടുകളും ലഭ്യമാക്കണമെന്ന്‌ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിര്‍ദേശം സമര്‍പ്പിച്ചു. സ്‌ത്രീകള്‍ പ്രവേശിച്ചാല്‍ ക്രമസമാധാന പ്രശ്‌നവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഉണ്ടാവും എന്നതാണ്‌ പേടിയെങ്കില്‍ അതിന്‌ സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സന്ദര്‍ശന കാലം നിശ്‌ചയിച്ച്‌ അത്‌ പരിഹരിക്കാവുന്നതാണ്‌ എന്നും നിര്‍ദ്ദേശിച്ചു. എല്ലാ മലയാള മാസത്തിലും ആദ്യത്തെ അഞ്ച്‌ ദിവസം പൂജ നടക്കുന്നുണ്ട്‌. ഈ കീഴ്‌വഴക്കം തുടങ്ങിയത്‌ ജനത്തിരക്ക്‌ കുറക്കാനാണ്‌. മുമ്പില്ലാതിരുന്ന തുലാഭാരം എന്ന ആചാരം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്‌, തുടങ്ങിയ കാര്യങ്ങളും ഓര്‍മ്മിപ്പിച്ചു. ചില കാര്യങ്ങളും ഇതോടൊപ്പം എടുത്തുപറഞ്ഞു: പത്തിനും 50 നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകളെ തടയുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും നിലവിലുള്ള കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്‌. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാര്‍ കോടി വിധി പ്രകാരം പ്രവര്‍ത്തിക്കും.
പുനപരിശോധനാ ഹര്‍ജിയെ സംബന്ധിച്ച്‌ ഇപ്പോള്‍ ചര്‍ച്ച നടക്കുന്നുണ്ട്‌. കോടതി വിധി എന്തായാലും അത്‌ നടപ്പിലാക്കാമെന്നാണ്‌ മേല്‍പ്പറഞ്ഞ സത്യവാങ്‌മൂലത്തില്‍ സര്‍ക്കാര്‍ വ്യക്‌തമാക്കിയത്‌. സര്‍ക്കാര്‍ പറഞ്ഞ നിലപാടിന്റെ അടിസ്‌ഥാനത്തില്‍ വന്ന ഒരു വിധിയില്‍ പുനപരിശോധനാ ഹര്‍ജി എങ്ങനെയാണ്‌ സാധ്യമാവുക? സ്‌ത്രീ പ്രവേശനത്തില്‍ അനുകൂലമായാലും പ്രതികൂലമായാലും ആ വിധി സ്വീകരിച്ച്‌ നടപ്പിലാക്കുമെന്നാണ്‌ ഇതിനര്‍ത്ഥം. അത്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പിന്‌ എതിരായിത്തീരുകയും ചെയ്യും. അതുകൊണ്ട്‌ കൂടിയാണ്‌ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കില്ലെന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടുള്ളത്‌. അതേസമയം മറ്റാരെങ്കിലും പുനപരിശോധന ഹര്‍ജിക്ക്‌ പോകുന്നതിനു സര്‍ക്കാരിന്‌ എതിര്‍പ്പില്ല.
വിധി വന്നപ്പോള്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിധി എല്ലാവര്‍ക്കും ബാധകമാണെന്ന്‌ പറഞ്ഞു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും അത്‌ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്‌ഥരാണ്‌ എന്നുമുള്ള നിലപാടാണ്‌ സ്വീകരിച്ചത്‌. ഇത്തരത്തില്‍ വിധിയെ സ്വാഗതം ചെയ്‌ത പ്രതിപക്ഷ നേതാവ്‌ അടുത്ത ദിവസങ്ങളില്‍ മറിച്ചൊരു നിലപാട്‌ സ്വീകരിച്ചുകാണുന്നത്‌ വിസ്‌മയകരമാണ്‌. കോണ്‍ഗ്രസ്സ്‌ ദേശീയ പ്രസ്‌ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെട്ടുകൊണ്ടാണ്‌ നിലനില്‍ക്കുന്നത്‌. അവ ഒന്നിനുപുറകെ ഒന്നായി കൈയൊഴിയുകയും ഹിന്ദുവര്‍ഗീയതയുമായി സമരസപ്പെടുകയും ചെയ്യുന്ന നിലപാട്‌ എടുക്കുന്നതാണ്‌ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയ്‌ക്കും ബി.ജെ.പിയുടെ വളര്‍ച്ചയ്‌ക്കും കളമൊരുക്കിയത്‌. ഇക്കാര്യം കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ വിസ്‌മരിക്കാതിരിക്കണം.
ബിജെപിയുടെ നിലപാടും ഇതിന്‌ സമാനമായതാണ്‌. ബിജെപിയെ നയിക്കുന്ന ആര്‍.എസ്‌.എസിന്റെ അഖിലേന്ത്യാ നേതൃത്വം ഈ വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. കേരളത്തിലെ ബി.ജെ.പി. നേതാക്കളും എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം എന്ന കാര്യമാണ്‌ ആദ്യം പറഞ്ഞിരുന്നത്‌. പിന്നീടാണ്‌ വിധിക്കെതിരായി രംഗത്തിറങ്ങി തെരുവുകളില്‍ കലാപം സൃഷ്‌ടിക്കുന്നതിന്‌ അവര്‍ തയ്യാറായിട്ടുള്ളത്‌. സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ ഇരട്ടത്താപ്പ്‌ നിലപാടാണ്‌ ബി.ജെ.പി. സ്വീകരിക്കുന്നത്‌. മഹാരാഷ്‌ട്രയിലെ ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്‌ഥാന സര്‍ക്കാര്‍ അവിടെ നടപ്പിലാക്കുകയുണ്ടായി.
സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യവും അവസരവും ഉറപ്പുവരുത്തുക എന്നതാണ്‌ ഇടതു ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നയം. സ്‌ത്രീകളെ ഇത്തരത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്‌ എന്നാണ്‌ സര്‍ക്കാരിന്റെ കാഴ്‌ചപ്പാട്‌. ജെന്‍ഡര്‍ ബജറ്റിങ്‌ നടപ്പിലാക്കിക്കൊണ്ട്‌ ബജറ്റിന്റെ 16 ശതമാനം സ്‌ത്രീകളുടെ പ്രത്യേക പദ്ധതികള്‍ക്കായി സര്‍ക്കാര്‍ മാറ്റിവച്ചു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേക വകുപ്പ്‌തന്നെ സര്‍ക്കാര്‍ ആരംഭിച്ചു. നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി അബ്രാഹ്‌മണരെ പൂജാരികളായും സര്‍ക്കാര്‍ ഉയര്‍ത്തി. ദേവസ്വം ബോര്‍ഡ്‌ റിക്രൂട്ട്‌മെന്റില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കുമുള്ള സംവരണതോത്‌ വര്‍ധിപ്പിച്ചുകൊണ്ടും സര്‍ക്കാര്‍ മുന്നോട്ടുനീങ്ങി.
ഏത്‌ മതത്തില്‍ വിശ്വസിക്കുന്നവരുടെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിന്‌ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണ്‌. ഭരണഘടനാപരമായ കാഴ്‌ചപ്പാടുകളെ മുറുകെപ്പിടിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കുമെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്‌. അതുകൊണ്ട്‌ തന്നെ അത്തരം ഉത്തരവാദിത്തം നിറവേറ്റാനും പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കാനും സര്‍ക്കാര്‍ ബാധ്യസ്‌ഥമാണ്‌. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ ഏതെങ്കിലും വിഭാഗത്തിനുണ്ടായിട്ടുണ്ടെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്യാനും തെറ്റിദ്ധാരണകള്‍ തിരുത്താനും സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണ്‌. വിശ്വാസികളുമായി ഏറ്റുമുട്ടുക എന്നത്‌ സര്‍ക്കാര്‍ നയമല്ല. അവര്‍ക്ക്‌ സൗകര്യമൊരുക്കുന്നതിനാണ്‌ സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും പരിശ്രമിച്ചിട്ടുള്ളത്‌. അത്‌ തുടരുക തന്നെ ചെയ്യും. അതേ സമയം രാഷ്‌്രടീയ പ്രേരിതമായി സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കാന്‍ പുറപ്പെടുന്നവരുടെ പരിശ്രമങ്ങള്‍ക്ക്‌ ഒരു കാരണവശാലും സര്‍ക്കാര്‍ കീഴടങ്ങുകയുമില്ല.

പിണറായി വിജയന്‍

Ads by Google
Tuesday 09 Oct 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW