Monday, June 17, 2019 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 01.44 AM

മദ്യ ഉല്‍പ്പാദനശാല: സംശയം ദുരീകരിക്കപ്പെടണം

uploads/news/2018/10/255244/editorial.jpg

സംസ്‌ഥാനത്തു മൂന്നു ബ്രൂവറികള്‍ക്കും ഒരു ഡിസ്‌റ്റിലറിക്കും അനുമതി നല്‍കിയതു സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്‌. കണ്ണൂരിലെ ശ്രീധരന്‍ ബ്രൂവറീസ്‌, പാലക്കാട്ട്‌ അപ്പോളോ ബ്രൂവറീസ്‌ ആന്‍ഡ്‌ ഡിസ്‌റ്റിലറീസ്‌, എറണാകുളത്തു പവര്‍ ഇന്‍ഫ്രാടെക്‌ എന്നീ കമ്പനികള്‍ക്കാണു ബ്രൂവറി ആരംഭിക്കാന്‍ അനുമതി നല്‍കിയിരുന്നത്‌. ശ്രീചക്ര എന്ന കമ്പനിക്കു തൃശൂര്‍ ജില്ലയില്‍ ഡിസ്‌റ്റിലറി തുടങ്ങാനും അനുമതി നല്‍കി. ഇതു നിയമപരമായല്ലെന്നും പിന്നില്‍ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയാണ്‌ ആദ്യം ആരോപണം ഉന്നയിച്ചത്‌. മന്ത്രിസഭായോഗത്തിലോ ഇടതുമുന്നണിയിലോ ചര്‍ച്ച ചെയ്യാതെയും നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റിലോ പ്രഖ്യാപിക്കാതെയുമാണ്‌ ഈ അനുമതി നല്‍കിയതെന്നായിരുന്നു ആരോപണം. ഇതു ശരിവയ്‌ക്കുന്ന മട്ടിലായിരുന്നു ഭരണപക്ഷത്തെ പ്രധാന ഘടകകക്ഷികളിലൊന്നായ സി.പി.ഐയുടെ പ്രതികരണം. മുഖ്യകക്ഷിയായ സി.പി.എമ്മും അതൃപ്‌തി പ്രകടിപ്പിച്ചതോടെ സര്‍ക്കാര്‍ അനുമതി റദ്ദാക്കുകയായിരുന്നു. മദ്യ ഉല്‍പ്പാദന സ്‌ഥാപനങ്ങള്‍ വേണ്ടെന്നു വയ്‌ക്കുകയല്ലെന്നു തീരുമാനം പ്രഖ്യാപിച്ച മുഖ്യമന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇത്തരം സ്‌ഥാപനങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു നിയമപ്രകാരം അപേക്ഷ നല്‍കാമെന്നും അതു പരിശോധിച്ചശേഷം അനുമതി നല്‍കുമെന്നുമാണു സര്‍ക്കാരിന്റെ നിലപാട്‌.

കേരളത്തില്‍ ഉപയോഗിക്കുന്ന ബിയറിന്റെ 40 ശതമാനവും വിദേശമദ്യത്തിന്റെ എട്ടു ശതമാനവും പുറത്തുനിന്നു കൊണ്ടുവരുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു മദ്യ ഉല്‍പ്പാദന സ്‌ഥാപനങ്ങള്‍ക്ക്‌ അനുമതി നല്‍കാന്‍ തീരുമാനിച്ചത്‌. എന്നാല്‍, അതു വര്‍ഷങ്ങള്‍ക്കു മുമ്പു നല്‍കിയ അപേക്ഷയുടെ അടിസ്‌ഥാനത്തിലായിരുന്നു. പുതുതായി ഡിസ്‌റ്റിലറികള്‍ അനുവദിക്കേണ്ടെന്ന 1999-ലെ ഉത്തരവ്‌ നിലനില്‍ക്കുമ്പോള്‍തന്നെ ഇവയ്‌ക്ക്‌ അനുമതി നല്‍കിയതു ദുരൂഹമാണെന്നായിരുന്നു ആരോപണം. കേരളത്തിലെ ജലലഭ്യതയുടെ പഠനം പോലും നടത്താതെയുള്ള നടപടിയായിരുന്നു അതെന്ന ആരോപണത്തിനു സര്‍ക്കാരിനു മറുപടിയുണ്ടായിരുന്നില്ല.

ജലചൂഷണം നടത്തുന്നുവെന്ന പേരില്‍ കൊക്കകോള, പെപ്‌സി തുടങ്ങിയ കമ്പനികളെ കെട്ടുകെട്ടിച്ച മണ്ണില്‍തന്നെ വീണ്ടും വലിയ ജലചൂഷണത്തിനിടയാക്കുന്ന മദ്യ ഉല്‍പ്പാദന ശാലകള്‍ അനുവദിച്ചതു വിശദീകരണമില്ലാത്ത വിരോധാഭാസവുമായി. ഭൂജലവകുപ്പ്‌ അത്യാസന്നമേഖലയായി പ്രഖ്യാപിച്ച എലപ്പുള്ളി പഞ്ചായത്തിലായിരുന്നു വലിയ ഉല്‍പ്പാദനശേഷിയുള്ള ബ്രൂവറി പ്ലാന്റ്‌ അനുവദിച്ചത്‌. ഇതിനെതിരേ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ്‌. അച്യുതാനന്ദന്‍തന്നെ രംഗത്തെത്തുകയും ചെയ്‌തിരുന്നു.
മദ്യ ഉല്‍പ്പാദനത്തിന്‌ അനുമതി നല്‍കപ്പെട്ട കമ്പനികളുടെ പേരിലും സംശയം ഉണര്‍ന്നിരുന്നു. കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയായിരുന്നു ശ്രീചക്ര. ഇവര്‍ തൃശൂര്‍ ജില്ലയില്‍ എവിടെയാണ്‌ ഡിസ്‌റ്റിലറി തുടങ്ങുകയെന്നതു സംബന്ധിച്ച്‌ ഒരു ഊഹവും ഉണ്ടായിരുന്നില്ല. മാത്രവുമല്ല, പെരുമ്പാവൂരിലെ ഒരു കടമുറിയായിരുന്നു ഇവര്‍ ആസ്‌ഥാനമായി കാണിച്ചിരുന്നത്‌. അവിടെയാകട്ടെ ഓഫീസിന്റേതായ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. പവര്‍ ഇന്‍ഫ്രാടെക്‌ എന്ന സ്‌ഥാപനം നല്‍കിയിരുന്ന വിലാസത്തില്‍ അങ്ങനെയൊരു സ്‌ഥാപനം ഇല്ലെന്നു വ്യക്‌തമാവുകയും ചെയ്‌തു. ഇവര്‍ക്കു കിന്‍ഫ്രാ പാര്‍ക്കില്‍ അനുവദിച്ച സ്‌ഥലത്തു ബ്രൂവറി തുടങ്ങുമെന്നാണ്‌ പറഞ്ഞിരുന്നതെങ്കിലും അങ്ങനെ സ്‌ഥലമേയില്ലെന്നും തെളിഞ്ഞു. ബിനാമി, കടലാസ്‌ കമ്പനികളെ സര്‍ക്കാര്‍ സഹായിച്ചു എന്ന പ്രതീതിയാണ്‌ ഈ രണ്ടു കാര്യങ്ങളും സൃഷ്‌ടിച്ചത്‌. ഫലത്തില്‍ ഇത്തരം അസ്‌പഷ്‌ടതകള്‍ ഒന്നും വ്യക്‌തമാക്കാനാവാതെ സര്‍ക്കാര്‍ തലയൂരിയിരിക്കുകയാണ്‌. പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്‌ടിക്കിെട അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കേണ്ടെന്നു കരുതിയാണ്‌ ഈ നടപടിയെന്ന സര്‍ക്കാരിന്റെ വിശദീകരണം ബ്രൂവറി, ഡിസ്‌റ്റിലറി അനുമതി സംബന്ധിച്ചുണ്ടായ സംശയം ദുരീകരിക്കുന്നതിനു പര്യാപ്‌തമല്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷം ഉന്നയിച്ച എല്ലാ അരോപണങ്ങള്‍ക്കും മറുപടി നല്‍കുന്ന ധവളപത്രവുമായി സര്‍ക്കാര്‍ രംഗത്തുവരേണ്ടതുണ്ട്‌. തീരുമാനം റദ്ദാക്കുന്നെന്നു പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ല. ഈ ഇടപാടിന്റെ ഉത്തരവാദിയാരെന്നു കണ്ടെത്താന്‍ വിശദ അന്വേഷണംകൂടി നടത്തണം.

Ads by Google
Tuesday 09 Oct 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW