തൊഴിലിടങ്ങളില്‍ നേരിടേണ്ടിവന്ന ലൈംഗിക ദുരനുഭവം ഹോളിവുഡിലെ പ്രമുഖ നടിമാര്‍ തുറന്നുപറഞ്ഞ "മീ ടൂ" കാമ്പയിന് ദേശീയ രാഷ്ട്രീയത്തെയും മലയാള സിനിമാ-രാഷ്ട്രീയ രംഗത്തെയും ചുട്ടുപൊള്ളിക്കുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരേ ഏതാനും വനിതാ മാധ്യമപ്രവര്‍ത്തകര്‍ വിരല്‍ ചൂണ്ടിയതിനു പിന്നാലെ സി.പി.എം. എം.എല്‍.എയും നടനുമായ മുകേഷും ആരോപണനിഴലില്‍. മലയാളിയായ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫാണു മുകേഷില്‍നിന്നു ദുരനുഭവമുണ്ടായെന്നു തുറന്നുപറഞ്ഞത്.
ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്സ്റ്റെയ്നായിരുന്നു തുറന്നുപറച്ചിലുകളിലെ ആദ്യ വില്ലന്‍. ഒരു വര്‍ഷമായപ്പോഴേക്കും "മീ ടൂ" ഹോളിവുഡ് നടന് നാനാ പട്ടേക്കറിനും എഴുത്തുകാരന് ചേതന്‍ ഭഗത്തിനുമെതിരായ ആരോപണങ്ങളിലൂടെ ഇന്ത്യയിലെത്തി. അക്ബറിലൂടെ അതു രാഷ്ട്രീയത്തിലും മുകേഷിലൂടെ മലയാളത്തിലുമെത്തി.
ബോളിവുഡ് സംവിധായകരായ വിവേക് അഗ്നിഹോത്രി, വികാസ് ബാല്‍, നടന്മാരായ രജത് കപൂര്‍, അലോക്നാഥ്, കൊമേഡിയന്‍ ഉത്സവ് ചക്രവര്‍ത്തി, ഗായകന് കൈലാസ് ഖേര്‍, തമിഴ് ഗാനരചയിതാവ് വൈരമുത്തു, നടന് രാധാ രവി... അമ്പു കൊള്ളുന്നവരുടെ പട്ടിക നീളുകയാണ്. ഭാര്യയോടും ആരോപണമുന്നയിച്ച യുവതിയോടും ചേതന്‍ ഭഗത് മാപ്പുപറഞ്ഞു. മറ്റുള്ളവര്‍ എല്ലാം നിഷേധിച്ച് ചെറുത്തുനില്‍പ്പിലാണ്.
മുകേഷ് മുറിയിലേക്കു വിളിച്ചു, ശല്യപ്പെടുത്തി: ടെസ് ജോസഫ്
കൊച്ചി: നടനും സി.പി.എം. കൊല്ലം എം.എല്‍.എയുമായ മുകേഷ് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നു ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. ചെന്നൈയില്‍ "കോടീശ്വരന്" ചാനല്‍ പരിപാടി ഷൂട്ടിങ്ങിനിടെയായിരുന്നു ദുരനുഭവമെന്നു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയ ടെസ്, അതു ടിവി ചാനലിലൂടെ ആവര്‍ത്തിച്ചു.
ചെന്നൈ ലെ മെറിഡിയന് ഹോട്ടലില്‍ തങ്ങിയ സംഘത്തില്‍ സ്ത്രീയായി താന്‍ മാത്രമായിരുന്നെന്നു ടെസ് ട്വിറ്ററിലെഴുതി. അന്നെനിക്ക് 20 വയസായിരുന്നു. മുകേഷ് തന്റെ മുറിയിലേക്കു പലതവണ വിളിച്ചു. ഷൂട്ടിങ്ങിന്റെ അടുത്ത ഷെഡ്യൂളില്‍ തന്റെ മുറി മുകേഷിന്റെ അടുത്തേക്കു മാറ്റി. അന്നു തന്റെ മേധാവിയായിരുന്ന ഡെറിക് ഒബ്രിയാനെ കാര്യമറിയിച്ചു. അദ്ദേഹം ഒരു മണിക്കൂര്‍ സംസാരിച്ചു. അടുത്ത വിമാനത്തില്‍ ചെന്നൈയില്‍നിന്നു മാറ്റി. 19 വര്‍ഷത്തിനിപ്പുറം, നന്ദി, ഡെറിക്... എന്നായിരുന്നു ആദ്യ ട്വീറ്റ്.
ഒരു രാത്രി നിരന്തരം ഫോണ്‍വിളികളെത്തിയതോടെ സഹപ്രവര്‍ത്തകന്റെ മുറിയിലേക്കു മാറി. ലെ മെറിഡിയന് എല്ലാറ്റിനും ഒത്താശ ചെയ്തു.
മലയാളിയാണെന്ന നിലയിലാണു മുകേഷ് പരിചയപ്പെട്ടത്. ഒരു ദിവസം പ്രോഗ്രാം നന്നായി എന്നു പറഞ്ഞ് അഭിനന്ദിച്ചു. എന്നാല്‍, തനിക്കു മലയാളം അറിയില്ലെന്നു പറഞ്ഞിരുന്നു. മലയാളം നന്നായി പഠിപ്പിക്കാമെന്നു പറഞ്ഞ് നിരവധി തവണ വിളിച്ചെന്നും മി ടൂ കാമ്പയിന് മലയാളത്തിലെത്തിച്ച വെളിപ്പെടുത്തലിലൂടെ ടെസ് ജോസഫ് പറഞ്ഞു.
ഓര്‍മയില്ല, ആരോപണം ചിരിച്ചുതള്ളുന്നു: മുകേഷ്
തനിക്കെതിരേ ഉയര്‍ന്ന ആരോപണം ചിരിച്ചുതള്ളുന്നുവെന്നു മുകേഷ്. വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന കോടീശ്വരന് പരിപാടി പോലും ശരിക്ക് ഓര്‍മയില്ല. പരാതിക്കാരി ഇത്രയും കാലം ഉറങ്ങുകയായിരുന്നോ എന്നും മുകേഷ് ചോദിച്ചു.
പരാതിക്കില്ലെന്ന് ടെസ്
മുകേഷിനെതിരേ താന്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കരുത്. പോലീസില്‍ പരാതി നല്കാന് ഉദ്ദേശിക്കുന്നില്ല.
മുകേഷിന്റെ രാജിക്ക് പ്രതിഷേധപ്രകടനം; വീടിന് പോലീസ് കാവല്‍
കൊല്ലം: ടെസ് ജോസഫിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നു മുകേഷിനെതിരേ പ്രതിഷേധം ശക്തം. എം.എല്‍.എ. സ്ഥാനം രാജവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് ദേശീയപാത ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷിന്റെ കോലം കത്തിച്ചു. ബി.ജെ.പി, മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മുകേഷിന്റെ വീട്ടിലേക്കു പ്രകടനം നടത്തി. മുകേഷിന്റെ വീടിനു മുന്നില്‍ പോലീസ് സുരക്ഷ ശക്തമാക്കി.
സ്ത്രീസുരക്ഷയുടെ പേരില്‍ അധികാരത്തിലെത്തിയ പിണറായി സര്‍ക്കാരിന്റെ ഭാഗമായ മുകേഷ് നിയമനടപടികള്‍ക്കു വിധേയനാകണമെന്നും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ എം.എല്‍.എ. സ്ഥാനം രാജിവയ്ക്കണമെന്നും കൊല്ലം ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ എം.എല്‍.എമാര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ നീളുകയാണെന്നും ബിന്ദു പറഞ്ഞു. മുകേഷിന്റെ രാജിക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു രാവിലെ പത്തിനു കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം മൈതാനത്തുനിന്ന് എം.എല്‍.എയുടെ ഓഫീസിലേക്കു പ്രകടനം നടത്തും.