Sunday, December 16, 2018 Last Updated 10 Min 21 Sec ago English Edition
Todays E paper
Ads by Google
ആര്‍.സുരേഷ്
Wednesday 10 Oct 2018 12.48 PM

ശബരിമല: തള്ളാനും കൊള്ളാനും വയ്യാതെ കോണ്‍ഗ്രസ്, നിലപാടില്ലാത്തത് തിരിച്ചടിയാകും, നേട്ടം കൊയ്യാന്‍ ബി.ജെ.പി.

കോണ്‍ഗ്രസാണെങ്കില്‍ എന്തുചെയ്യണമെന്ന ആശയക്കുഴപ്പത്തിലുമാണ്. ഈ വിഷയം ഉപയോഗിച്ചുകൊണ്ട് ബി.ജെ.പി ഹിന്ദു സമൂഹത്തിനിടയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിനെ തടയുന്നതിന് ശക്തമായ നിലപാട് തന്നെ സ്വീകരിക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം.
Sabarimal, KPCC stand

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തില്‍. വിഷയം സജീവമായി നിലനിര്‍ത്തിക്കൊണ്ട് രാഷ്ട്രീയലക്ഷ്യം നേടാന്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്നുള്ള ശ്രമം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നത.

ഇക്കാര്യത്തില്‍ ശക്തമായ പ്രക്ഷോഭം വേണമെന്നും വേണ്ടെന്നുമുള്ള വ്യത്യസ്ത നിലപാടാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്നത്. രണ്ടുഭാഗത്തുംനില്‍ക്കാതെ അയഞ്ഞ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിക്ക് ഭാവിയില്‍ വലിയ തിരിച്ചടിയാകുമെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമല വിഷയത്തില്‍ ശക്തമായ പ്രക്ഷോഭപരിപാടികളുമായി രംഗത്തുവരണമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ നിലപാട്. യു.ഡി.എഫിലെ ബഹുഭൂരിപക്ഷം ഘടകകക്ഷികള്‍ക്കും അതാണ് നിലപാട്. അവര്‍ അവരുടേതായ രീതിയില്‍ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുന്നുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും തീരുമാനമുണ്ടാകാത്തതുകൊണ്ട് മുന്നണിയുടെ പരിപാടിയായി അത് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

കോണ്‍ഗ്രസാണെങ്കില്‍ എന്തുചെയ്യണമെന്ന ആശയക്കുഴപ്പത്തിലുമാണ്. ഈ വിഷയം ഉപയോഗിച്ചുകൊണ്ട് ബി.ജെ.പി ഹിന്ദു സമൂഹത്തിനിടയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിനെ തടയുന്നതിന് ശക്തമായ നിലപാട് തന്നെ സ്വീകരിക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. ഇല്ലാതെ വിശ്വാസികള്‍ക്കൊപ്പമാണെന്ന അഭിപ്രായപ്രകടനം കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ബഹൂഭൂരിപക്ഷം ഡി.സി.സി പ്രസിഡന്റുമാര്‍ക്കും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തന്നെ സമരപരിപാടികള്‍ രൂപീകരിക്കണമെന്ന അഭിപ്രായമാണുള്ളത്.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ടുചെയ്തിരുന്ന നല്ലൊരുവിഭാഗം ബി.ജെ.പിയിലേക്ക് മാറിയിരുന്നു. അത്തരത്തില്‍ കളംമാറിചവിട്ടിയവരെ ഒപ്പം നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ ഈ പ്രതിഷേധത്തിന് പിന്നിലുള്ളത്. ബി.ജെ.പി അധികാരത്തില്‍ വന്നിടത്തെല്ലാം ഇത്തരത്തില്‍ വര്‍ഗ്ഗീയത ഇളക്കിവിട്ടാണ് നേട്ടം കൊയ്തിട്ടുള്ളത്. ഇവിടെയും അവര്‍ അതാണ് പയറ്റുന്നത്. അതുകൊണ്ടുതന്നെ ഈ അവസരം ഉപയോഗിച്ച് ബി.ജെ.പിയെ പിന്തള്ളി കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയ വിഭാഗങ്ങളെ തിരിച്ചുപിടിക്കണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം.

അതേസമയം ഈ വിഷയം ഉയര്‍ത്തിക്കാട്ടികൊണ്ട് സമരരംഗത്തിറങ്ങിയാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന അഭിപ്രായമാണ് ഹരിത എം.എല്‍.എമാര്‍ ഉള്‍പ്പെടെ യുവതലമുറയ്ക്കുള്ളത്. അത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചാല്‍ അത് വലിയ തിരിച്ചടിയാകും. നവോത്ഥാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്നില്‍ നിന്നിട്ടുണ്ടെന്ന് പറയുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇതിനെ അനുകൂലിച്ചാല്‍ അത് പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്ക് ഏല്‍ക്കുന്ന തിരിച്ചടിയാകും. മാത്രമല്ല സ്ത്രീവിരുദ്ധതയായി അത് ചിത്രീകരിക്കപ്പെടുമെന്നും പാര്‍ട്ടിക്കുളളിലെ പുരോഗമനവാദികള്‍ ചൂണ്ടിക്കാട്ടുന്നു. മാമ്രമല്ല, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും പിന്നില്‍ പോകാതെ വ്യക്തമായ നിലപാടുകള്‍ സമൂഹത്തിന് മുന്നില്‍ വച്ച് നേട്ടമുണ്ടാക്കണമെന്നാണ് അവര്‍ പറയുന്നത്.

സി.പി.എം അത്തരത്തിലുള്ള പുരോഗമനപരമായ ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പുരോഗമനാശയങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നുവെന്നാണ് അവര്‍ നിരന്തരം നടത്തുന്ന പ്രചരണം. ഇന്നത്തെ സാഹചര്യത്തില്‍ ഇപ്പോള്‍ അവര്‍ക്ക് അല്‍പ്പം ക്ഷീണമുണ്ടായാലും ഭാവിയില്‍ അവര്‍ക്ക് അത് ഗുണം ചെയ്യും. സ്ത്രീകള്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന നിലയില്‍ അവര്‍ അതില്‍ നിന്ന് നേട്ടവും കൊയ്യുന്നുണ്ട്. അതുകൊണ്ട് നിലപാടുകള്‍ സൂക്ഷിച്ച് വേണമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

ഈ അഭിപ്രായങ്ങള്‍ക്കിടയില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് വലയുകയാണ്. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ പലര്‍ക്കും വല്ലാത്ത അമര്‍ഷമുണ്ട്. ബി.ജെ.പിയും സി.പി.എമ്മും വ്യക്തമായ നിലപാടുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ എന്തായാലും അയഞ്ഞ സമീപനത്തിന് പകരം കോണ്‍ഗ്രസ് വ്യക്തമായ ഒരു സമീപനം പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കണമെന്നാണ് പാര്‍ട്ടിയില്‍ നിന്നുയരുന്ന ആവശ്യം. ഇല്ലെങ്കില്‍ ഇപ്പോള്‍ ഒപ്പമുള്ള വോട്ടുപോലും പിന്നീട് നഷ്ടപ്പെട്ടുപോകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.

ആര്‍.സുരേഷ്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW