Monday, December 10, 2018 Last Updated 14 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.16 AM

റാഫേലില്‍ സുപ്രീം കോടതി ഇടപെടല്‍, കേന്ദ്രം വിശദാംശങ്ങള്‍ നല്‍കണം

uploads/news/2018/10/255804/d1.jpg

ന്യൂഡല്‍ഹി : ഫ്രാന്‍സില്‍നിന്നു റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തതിലെ നടപടിക്രമങ്ങള്‍ വിശദമാക്കണമെന്നു കേന്ദ്രസര്‍ക്കാരിനോടു സുപ്രീം കോടതി. റാഫേല്‍ ഇടപാടില്‍ അഴിമതിയാരോപിച്ച്‌ പ്രതിപക്ഷആക്രമണം തുടരുന്നതിനിടെയുള്ള സുപ്രീം കോടതി ഇടപെടല്‍ കേന്ദ്രസര്‍ക്കാരിനു പ്രഹരമായി. റാഫേല്‍ ഇടപാടില്‍ അഴിമതിയാരോപിച്ചുള്ള ഹര്‍ജികളിലാണു കോടതി ഇടപെടല്‍. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കരാറായതിനാല്‍ ഹര്‍ജി തള്ളണമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി നിരസിച്ചു. അതേസമയം വിഷയത്തിന്റെ രഹസ്യസ്വഭാവം കണക്കിലെടുത്ത്‌ സാങ്കേതിക, വില വിവരങ്ങള്‍ അറിയിക്കേണ്ടെതില്ലെന്നു കോടതി വ്യക്‌തമാക്കി.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ ഈ ഘട്ടത്തില്‍ നോട്ടീസ്‌ അയയ്‌ക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ കരാറിലേയ്‌ക്കെത്തിയ വിശദാംശങ്ങളുടെ രേഖകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നു ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌, ജസ്‌റ്റിസുമാരായ എസ്‌.കെ കൗള്‍, കെ.എം ജോസഫ്‌ എന്നിവരടങ്ങിയ മൂന്നംഗബെഞ്ച്‌ ആവശ്യപ്പെട്ടു. രേഖകള്‍ 29നു മുമ്പു സമര്‍പ്പിക്കാനാണു നിര്‍ദേശം.
കോണ്‍ഗ്രസ്‌ നേതാവ്‌ തെഹ്‌സീന്‍ പൂനെവാല, അഭിഭാഷകരായ വിനീത്‌ ദാണ്ഡെ, എം.എല്‍. ശര്‍മ്മ എന്നിവര്‍ നല്‍കിയ മൂന്നുഹര്‍ജികളാണ്‌ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതി മുമ്പാകെയുള്ളത്‌. കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ എതിര്‍കക്ഷിയാക്കിയാണ്‌ ഹര്‍ജിയെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിനു നോട്ടീസയയ്‌ക്കില്ലെന്നു കോടതി വ്യക്‌തമാക്കി. ഉയര്‍ന്ന വിലയ്‌ക്ക്‌ ഫ്രാന്‍സില്‍നിന്ന്‌ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയതിലൂടെ പൊതുഖജനാവിന്‌ വലിയ സാമ്പത്തികബാധ്യതയുണ്ടായെന്ന്‌ ഹര്‍ജിക്കാരനായ എം.എല്‍. ശര്‍മ്മ വാദിച്ചു. ഇടപാടിനു പിന്നില്‍ പിന്നില്‍ വന്‍ അഴിമതി നടന്നതായ ഹര്‍ജിക്കാരുടെ ആരോപണം രാഷ്‌ട്രീയപ്രേരിതമെന്നാണ്‌ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചു.
ഹര്‍ജിക്കു പിന്നില്‍ യാതൊരു പൊതുതാല്‍പ്പര്യവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുതെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുള്ള ഹര്‍ജിയാണിത്‌. ഇത്തരം ഹര്‍ജികള്‍ കോടതി പ്രോത്സാഹിപ്പിക്കരുതെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. റാഫേല്‍ വിഷയത്തിലുള്ളത്‌ രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള രാജ്യാന്തരകരാറാണ്‌. അതില്‍ കോടതി ഇടപെടരുത്‌. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള പോരാട്ടങ്ങളുടെ ഭാഗമായി രാഷ്‌ട്രീയനേട്ടം മുന്നില്‍ക്കണ്ടാണ്‌ ഹര്‍ജിയെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിടുന്നതിനോട്‌ സര്‍ക്കാരിന്റെ നിലപാടും അറ്റോര്‍ണി ജനറലിനോട്‌ കോടതി ആരാഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നതിനു തടസമില്ലെന്ന്‌ അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി. ഇതോടെയാണ്‌ എല്ലാ രേഖകളും 19നു ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്‌. അതിനിടെ റാഫേല്‍ ഇടപാട്‌ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം (എസ്‌.ഐ.ടി) അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ആം ആദ്‌മി പാര്‍ട്ടി എം.പി. സഞ്‌ജയ്‌ സിങ്‌ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

'റിലയന്‍സിനെ പങ്കാളിയാക്കിയത്‌ കരാറിലെ വ്യവസ്‌ഥ പ്രകാരം'

പാരീസ്‌: റാഫേല്‍ യുദ്ധവിമാനക്കാര്‍ സംബന്ധിച്ച വിവാദങ്ങള്‍ക്ക്‌ ശക്‌തിപകര്‍ന്നു പുതിയ വെളിപ്പെടുത്തല്‍. ഫ്രാന്‍സിലെ മാധ്യമമായ മീഡിയാ പാര്‍ട്ടാണു റിലയന്‍സിന്റെ പങ്ക്‌ സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്‌.
റാഫേല്‍ ജെറ്റുകള്‍ നിര്‍മിക്കുന്ന ദസോയുടെ ആഭ്യന്തര രേഖകളിലാണ്‌ ഇതു സംബന്ധിച്ച പരാമര്‍ശമുള്ളത്‌. റാഫേലില്‍ റിലയന്‍സിന്റെ പങ്കാളിത്തം നിര്‍ബന്ധമാക്കുന്ന വ്യവസ്‌ഥ കരാറില്‍ ഉണ്ടായിരുന്നെന്നാണു രേഖകളിലുള്ളത്‌. കരാര്‍ ഒപ്പിടുമ്പോള്‍ ഫ്രാന്‍സ്വ ഒലാദായിരുന്നു ഫ്രാന്‍സ്‌ പ്രസിഡന്റ്‌. കരാറില്‍ റിലയന്‍സ്‌ ഇടംപിടിച്ചതില്‍ ഫ്രഞ്ച്‌ സര്‍ക്കാരിനു പങ്കില്ലെന്നു അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. ഇതു ശരിവയ്‌ക്കുന്ന രേഖകളാണു പുറത്തുവന്നത്‌. മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഫ്രാന്‍സിലെത്തിയതിനു പിന്നാലെയാണു റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Thursday 11 Oct 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW