Monday, December 10, 2018 Last Updated 15 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.16 AM

മീ ടു: മന്ത്രി അക്‌ബറിന്റെ രാജിക്കായി സമ്മര്‍ദം

uploads/news/2018/10/255805/d2.jpg

ന്യൂഡല്‍ഹി : മീ ടു കാമ്പയിനില്‍ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്‌ബര്‍ രാജിവയ്‌ക്കണമെന്നു കോണ്‍ഗ്രസ്‌. ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നും വിഷയത്തില്‍ മോഡി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.
അതേസമയം, മന്ത്രിക്കെതിരായ ആരോപണങ്ങളെക്കുറിച്ചു നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്‌ ഇന്നലെ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറി. എന്നാല്‍, ലൈംഗികപീഡന ആരോപണ വിധേയനായ വിദേശകാര്യ സഹമന്ത്രിക്കെതിരേ അന്വേഷണം ആവശ്യമാണെന്ന്‌ വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി പറഞ്ഞു. ദേശീയ വനിതാ കമ്മിഷന്‍ രേഖാ ശര്‍മയും മീ ടു ക്യാമ്പയിന്‍ നടത്തുന്ന സ്‌ത്രീകള്‍ക്ക്‌ പിന്തുണയുമായി രംഗത്തെത്തി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്‌ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്‌ ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ തയാറായില്ല. വിദേശകാര്യ മന്ത്രാലയവും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. തല്‍ക്കാലം പ്രതികരിക്കേണ്ടെന്നാണ്‌ പാര്‍ട്ടി വക്‌താക്കള്‍ക്ക്‌ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ നല്‍കിയ നിര്‍ദേശം.
വനിതാ മാധ്യമപ്രവര്‍ത്തകര്‍ ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ മന്ത്രി അക്‌ബര്‍ ആരോപണങ്ങളില്‍ തൃപ്‌തികരമായ വിശദീകരണം നല്‍കണമെന്നും അല്ലെങ്കില്‍ മന്ത്രിസ്‌ഥാനം രാജിവച്ചൊഴിയണമെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌
നേതാവുമായ ജയ്‌പാല്‍ റെഡ്‌ഡി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മൗനംപാലിക്കുന്നതു ഭൂഷണമല്ലെന്നും മന്ത്രിയും പ്രധാനമന്ത്രിയും ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ തയാറാകണമെന്നും കോണ്‍ഗ്രസ്‌ വക്‌താവ്‌ മനീഷ്‌ തിവാരി പറഞ്ഞു.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും ഏഷ്യന്‍ ഏജിന്റെ സ്‌ഥാപക എഡിറ്ററുമായ എം.ജെ. അക്‌ബറിനെതിരേ തിങ്കളാഴ്‌ച "മിന്റ്‌ ലോഞ്ച്‌" എഡിറ്റര്‍ പ്രിയാ രമണി നടത്തിയ ട്വീറ്റുകള്‍ മറ്റു വനിതാ മാധ്യമപ്രവര്‍ത്തകരും ഏറ്റുപിടിച്ചതോടെയാണ്‌ വിവാദം കത്തിയത്‌. മന്ത്രിക്കെതിരേ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആറു വനിതകളാണ്‌ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്‌. തനിക്ക്‌ അദ്ദേഹത്തില്‍നിന്നുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറയുന്ന "ഏഷ്യന്‍ ഏജ്‌" മുന്‍ ജേണലിസ്‌റ്റും "ഫോഴ്‌സ്‌ ഇന്ത്യ" എക്‌സിക്യൂട്ടീവ്‌ എഡിറ്ററുമായ ഗസാല വഹാബിന്റെ ലേഖനം "ദി വയര്‍" പ്രസിദ്ധീകരിച്ചു. "ഏഷ്യന്‍ ഏജി"ലെ അവസാനത്തെ ആറുമാസം നരകതുല്യമായിരുന്നെന്ന്‌ ഗസാല പറയുന്നു.
അധികാരമുള്ള പുരുഷന്‍മാര്‍ പലപ്പോഴും സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതായി മനേകാ ഗാന്ധി പറഞ്ഞു. ഇപ്പോള്‍ സ്‌ത്രീകള്‍ അതു തുറന്നുപറയാന്‍ തയാറായിട്ടുണ്ട്‌. അത്‌ ഗൗരവമായെടുക്കണമെന്നും മനേക പറഞ്ഞു. മാധ്യമ, രാഷ്‌ട്രീയ മേഖല തുടങ്ങി കമ്പനികളില്‍ വരെ പീഡനം നിലനില്‍ക്കുന്നു. പരാതി പറഞ്ഞാല്‍ സമൂഹം തങ്ങളെക്കുറിച്ച്‌ എന്തു കരുതുമെന്ന്‌ ചിന്തിച്ച്‌ ഇതുവരെ സഹിക്കുകയായിരുന്നു സ്‌ത്രീകളെന്നും മന്ത്രി പറഞ്ഞു.

Ads by Google
Thursday 11 Oct 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW