തിരുവനന്തപുരം : പോലീസ് സ്റ്റേഷനുകളടക്കം പൊതുസ്ഥലങ്ങള്‍ "വാഹനശ്മശാന"മാകുന്ന പ്രശ്നത്തിനു പരിഹാരമാകുന്നു. കേസുകളില്‍പ്പെട്ട തൊണ്ടിവാഹനങ്ങളില് ഏറെയും വെറുതേകിടന്നു നശിക്കുകയാണ്. നടപടിക്രമങ്ങളിലെ കാലതാമസം മൂലം ഇവ ഉടമസ്ഥര്‍ക്കു തിരികെ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പോലീസും ഇതരവകുപ്പുകളും പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ഉടമകള്‍ക്കു വിട്ടുകൊടുക്കുകയോ കണ്ടുകെട്ടി, ലേലത്തില്‍ വില്ക്കുകയോ ചെയ്യും. ഇതു സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. കോടതി നിര്‍ദേശമില്ലെങ്കില്‍, പിടിച്ചെടുത്ത വാഹനങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട കാര്യമില്ലെന്നും ഉടമകള്‍ക്കു വിട്ടുകൊടുക്കണമെന്നുമാണു സുപ്രീം കോടതി വിധി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്.
പോലീസിന്റെയും ഇതരവകുപ്പുകളുടെയും പക്കലുള്ള തൊണ്ടിവാഹനങ്ങളുടെ കണക്കെടുത്ത് ഡിസംബര്‍ 31-നകം ഇവ കോടതിയില്‍ ഹാജരാക്കണം. ഹാജരാക്കാന്‍ കഴിയാത്ത വാഹനങ്ങളാണെങ്കില്‍ ദൃശ്യങ്ങളോ മറ്റു തെളിവുകളോ സഹിതം വിശദമായ പ്രസ്താവന സമര്‍പ്പിക്കണം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കോടതി ഉത്തരവനുസരിച്ച് കണ്ടുകെട്ടി ലേലം ചെയ്യാനുള്ള നടപടിക്രമങ്ങളും ഉത്തരവില്‍ വ്യക്തമാക്കുന്നു.
തൊണ്ടിവാഹനങ്ങള്‍ കേസിന്റെ വിചാരണാവേളയില്‍ ഹാജരാക്കേണ്ടതില്ല. പകരം ചിത്രങ്ങളും മൂുല്യനിര്ണയ റിപ്പോര്‍ട്ടും തെളിവായി സ്വീകരിക്കും. വാഹനം വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടാല്‍, രണ്ടുമാസത്തിനകം വിശദമായ സാക്ഷിമൊഴി, ചിത്രങ്ങള്‍, മൂല്യനിര്‍ണയ റിപ്പോര്‍ട്ട്, സെക്യുരിറ്റി ബോണ്ട് എന്നിവ ശേഖരിച്ചശേഷം വിട്ടുകൊടുക്കാം. കോടതി മറിച്ചുതീരുമാനിച്ചില്ലെങ്കില് വാഹനം വില്ക്കാന് ഉടമയ്ക്ക് അവകാശമുണ്ടാകും. വാഹനം ലേലം ചെയ്യാനാണു കോടതി തീരുമാനമെങ്കില്‍ രണ്ടാഴ്ചയ്ക്കകം ഇ-ലേലത്തിനു നടപടി സ്വീകരിക്കണം. ആറുമാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലേലം നടക്കണം.
കോടതിയുടെ വ്യക്തമായ ഉത്തരവുണ്ടെങ്കില്‍ വാഹനം പോലീസോ മറ്റു വകുപ്പുകളോ സുരക്ഷിതമായി സൂക്ഷിക്കണം. ഉടമസ്ഥനില്ലാതെ പൊതുസ്ഥലത്തു കാണപ്പെടുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു നീക്കം ചെയ്യാന്‍ എസ്.പിക്കോ പോലീസ് കമ്മിഷണര്‍ക്കോ അപേക്ഷ നല്‍കണം. ഇവര്‍ ഉടമസ്ഥാവകാശം ക്ഷണിച്ചു ഗസറ്റിലും പത്രങ്ങളിലും നോട്ടീസ് പ്രസിദ്ധീകരിക്കണം. മൂന്നുമാസത്തിനകം ആരും ഹാജരായില്ലെങ്കില്‍ കണ്ടുകെട്ടി ലേലം ചെയ്യണം. ഉടമ ഹാജരാകുകയും എതിര്‍വാദം ഇല്ലാത്ത സ്ഥിതിയുണ്ടാവുകയും ചെയ്താല്‍ രേഖകള്‍ ശേഖരിച്ചശേഷം മടക്കിനല്കാം. എതിര്വാദമുണ്ടായാല് കോടതി തീര്‍പ്പുകല്‍പ്പിക്കും.
വാഹനങ്ങളുടെ മൂല്യനിര്‍ണയത്തിനു ജില്ലാ കലക്ടര്‍ അധ്യക്ഷനും ജില്ലാ പോലീസ് മേധാവി കണ്‍വീനറുമായി അഞ്ചംഗസമിതി രൂപീകരിച്ചു. മതിപ്പുവില നിശ്ചയിക്കാനുള്ള വ്യവസ്ഥകളും ഉത്തരവിലുണ്ട്. മൂന്നു ലേലം നടത്തിയിട്ടും ഫലമുണ്ടായില്ലെങ്കില്‍ സമിതി നിര്‍ണയിക്കുന്ന ഇരുമ്പുവിലയ്ക്കു വില്‍ക്കാം.
എസ്. നാരായണന്