ജിദ്ദ : സൗദിയിലെ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ആൺകുട്ടികളുടെ വിഭാഗം സ്കൂൾ കെട്ടിട വാടകയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരമായി . ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ എത്രയും വേഗം തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഒക്ടോബർ 14 മുതൽ ഭാഗികമായെങ്കിലും പ്രവർത്തിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ആക്ടിംഗ് പ്രിൻസിപ്പൽ ഡോ. നജീബ് ഖൈസ് പറഞ്ഞു.
കഴിഞ്ഞ മാസം നാലു മുതലാണ് റിഹാബ് ഡിസ്ട്രിക്ടിലുള്ള സ്കൂളിന്റെ പ്രവർത്തനം നിർത്തിവെച്ചത്. അന്നുമുതൽ ഇവിടെനിന്നുള്ള സാധനങ്ങൾ ഗോഡൗണിലേക്ക് മാറ്റുകയായിരുന്നു .ഏതാണ്ട് 99 ശതമാനം സാധനങ്ങളുടെയും നീക്കം പൂർത്തിയായ ഘട്ടത്തിലായിരുന്നു പ്രശ്നം പരിഹരിക്കപ്പെട്ടത്. അതിനാൽ പൂർവ സ്ഥിതിയിലാക്കുന്നതിന് ദിവസങ്ങൾ വേണ്ടിവരും. കുട്ടികളുടെ ക്ലാസ് നഷ്ടപ്പെടാതെ കഴിയുന്നത്ര വേഗത്തിൽ ക്ലാസുകൾ സജ്ജമാക്കുന്നതിനുള്ള നടപടികൾ ആണ് ആരംഭിട്ടുള്ളത് .
ആറ് മുതൽ 12 വരെ ക്ലാസുകാരുടെ പരീക്ഷകൾ പെൺകുട്ടികളുടെ സ്കൂളിൽ തുടരും. രാവിലെ പെൺകുട്ടികൾക്കും ഉച്ചക്കു ശേഷം ആൺകുട്ടികൾക്കുമായാണ് ഇപ്പോൾ പരീക്ഷ നടത്തുന്നത്. പരീക്ഷ കഴിഞ്ഞ് ഒരാഴ്ചത്തെ അവധിക്കു ശേഷമായിരിക്കും ക്ലാസ് തുറക്കുക. ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഈ മാസം 13വരെ നിർത്തിവെച്ചിരിക്കുകയാണ്.
സ്കൂളിനെ പൂർവ സ്ഥിതിയിലാക്കുന്നതിന് ഭീമമായ സംഖ്യ വേണ്ടിവരും. ഗോഡൗണിലേക്കുള്ള നീക്കത്തിനിടെ സൂക്ഷ്മതക്കുറവ് മൂലം ബെഞ്ചും ഡെസ്കും ഉൾപ്പെടെയുള്ള സാധങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ തീർക്കുന്നതിനും ലാബ്, എ.സി, കംപ്യൂട്ടർ നെറ്റ്വർക് തുടങ്ങിയ സംവിധാനങ്ങളും ഫീസ് കൗണ്ടറുകളുമെല്ലാം പൂർവ സ്ഥിതിയിലാക്കുന്നതിന് സമയവും വൻതുകയും ചെലവഴിക്കേണ്ടിവരും. സാധനങ്ങൾ കൊണ്ടുപോകുന്നതിനും തിരിച്ചു കൊണ്ടുവരുന്നതിനും ഗോഡൗൺ വാടക ഇനത്തിലും വേണ്ടിവരുന്ന തുക ഇതിനു പുറെേമയാണ്.
എല്ലാ രീതിയിലും സാമ്പത്തിക ബാധ്യത വരുമെന്നതിനാൽ ഫീസ് വർധനയിലായിരിക്കും കാര്യങ്ങൾ ചെന്നെത്തുക. അടുത്തവർഷം ജൂലൈ 31 വരെയുള്ള കരാറാണ് കെട്ടിട ഉടമയുമായി ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തെ വാടക കുടിശ്ശികയും അടുത്ത വർഷം ജൂലൈ വരെയുള്ള വാടകയുമായി 12 മില്യൺ റിയാലിന്റെ ഒത്തുതീർപ്പിൽ ആണ് പ്രശ്നം അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ .
.കെട്ടിട ഉടമയുമായി നടന്ന നീണ്ട ചർച്ചയിൽ ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാദേവ് കോൺസൽ ജനറലിന്റെയും നിർദേശാനുസരണം ഡപ്യൂട്ടി കോൺസൽ ജനറലുമായ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ആണ് പ്രശ്നം ഒത്തുതീർന്നത് .
ചെറിയാൻ കിടങ്ങന്നൂർ -