Tuesday, October 16, 2018 Last Updated 12 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.51 AM

"തിത്‌ലി" ചുഴലിക്കാറ്റ്‌: ആന്‌ധ്രയില്‍ എട്ടു മരണം, വ്യാപകനാശം

uploads/news/2018/10/256071/d4.jpg

അമരാവതി: തീവ്രശക്‌തിയോടെ കരയിലേക്കു കയറിയ തിത്‌ലി ചുഴലിക്കാറ്റ്‌ ആന്‌ധ്രാ പ്രദേശില്‍ എട്ടു പേരുടെ ജീവനെടുത്തു. ശ്രീകാകുളം, വിജയനഗരം ജില്ലകളില്‍ വ്യാപകനാശം.
ബുധനാഴ്‌ച രാത്രി മുതല്‍ വീശിയടിച്ച കാറ്റിനൊപ്പം ശക്‌തമായ മഴയും തുടങ്ങിയതോടെ ഈ ജില്ലകളില്‍ ജനജീവിതം താറുമാറായി. ഒഡിഷയില്‍ വ്യാപക നാശമുണ്ടായെങ്കിലും ആളപായമില്ല. മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ 62 വയസുകാരിയും വീട്‌ ഇടിഞ്ഞുവീണ്‌ 55 വയസുകാരനും മരിച്ചു. കടലില്‍ ബോട്ട്‌ മറിഞ്ഞ്‌ ആറു മത്സ്യത്തൊഴിലാളികളും മരിച്ചു.
ഈസ്‌റ്റ്‌ ഗോദാവരിയിലെ കാക്കിനഡയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ 67 ബോട്ടുകളില്‍ 65 എണ്ണം തിരിച്ചെത്തി. രണ്ടു ബോട്ടുകള്‍ കരയ്‌ക്കടുപ്പിക്കാനുള്ള ശ്രമം തുടരുകയാണ്‌.
ശ്രീകാകുളത്തു ഗതാഗതതടസം രൂക്ഷമാണ്‌. മരങ്ങള്‍ ഒടിഞ്ഞുവീണു ചെന്നൈ-കൊല്‍ക്കത്ത ദേശീയപാത തടസപ്പെട്ടു. ശക്‌തമായ കാറ്റില്‍ രണ്ടായിരത്തോളം പോസ്‌റ്റുകള്‍ ഒടിഞ്ഞുവീണതോടെ പലയിടത്തും വൈദ്യുതിബന്ധം തകരാറിലായി. ഫോണുകളും വിഛേദിക്കപ്പെട്ടു. സൗത്ത്‌ സെന്‍ട്രല്‍, ഈസ്‌റ്റ്‌ കോസ്‌റ്റ്‌ റെയില്‍വേയില്‍ നിരവധി ട്രെയിനുകള്‍ പാതിവഴിക്കു മുടങ്ങി. ഒട്ടേറെ സര്‍വീസുകള്‍ റദ്ദാക്കി. ചിലത്‌ വഴിതിരിച്ചുവിട്ടു. തെങ്ങ്‌, വാഴ, മാവ്‌, പച്ചക്കറി കൃഷികള്‍ വ്യാപകമായി നശിച്ചു. ഇന്നലെ പുലര്‍ച്ചെ 4.30 നാണു തിത്‌ലി ആന്ധ്രയിലെ പലസ തൊട്ടത്‌. കാറ്റിനെ തുടര്‍ന്ന്‌ ഒഡിഷയില്‍ കനത്തമഴ പെയ്‌തു. ഗന്‍ജം, ഗജ്‌പട്ടി, പുരി ജില്ലകളില്‍ ഗതാഗതം തടസപ്പെട്ടു. മൂന്ന്‌ ലക്ഷം പേരെ നേരത്തെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു.
കാറ്റിന്റെ വേഗത കുറഞ്ഞതായി കാലാവാസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ വൈകിട്ട്‌ കാറ്റിന്റെ വേഗം മണിക്കൂറില്‍ 56 കിലോമീറ്ററായി കുറഞ്ഞു.

Ads by Google
Friday 12 Oct 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW