Tuesday, October 16, 2018 Last Updated 38 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.56 AM

വിസമ്മതപത്രത്തിനെതിരായ വിധി , സാലറി ചലഞ്ച്‌ 'വെള്ളത്തില്‍'

uploads/news/2018/10/256120/k4.jpg

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന ഉത്തരവ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തതോടെ സര്‍ക്കാരിന്റെ "സാലറി ചലഞ്ച്‌" പ്രതിസന്ധിയില്‍. കോടതി വിധിയോടെ, പ്രളയദുരിതാശ്വാസത്തിനു പ്രതീക്ഷിച്ച തുക കിട്ടാത്ത സാഹചര്യമുണ്ടായാല്‍ അപ്പീല്‍ നല്‍കാനുള്ള ആലോചനയിലാണു സര്‍ക്കാര്‍.
സാലറി ചലഞ്ചില്‍ പങ്കെടുത്തവര്‍ക്കുപോലും വേണ്ടിവന്നാല്‍, പിന്മാറാനുള്ള അവസരമാണു ഹൈക്കോടതി വിധിയോടെ കൈവന്നത്‌. ജീവനക്കാരുടെ സാമ്പത്തികശേഷിക്കനുസരിച്ച്‌ ഇഷ്‌ടമുള്ള തുക നല്‍കാമെന്നു കോടതി വ്യക്‌തമാക്കിയതോടെ, പങ്കെടുത്തവരും പിന്മാറുമോയെന്ന ആശങ്കയില്‍ അപ്പീലിന്‌ ഒരുങ്ങുകയാണു ധനവകുപ്പ്‌. സാലറി ചലഞ്ചില്‍ ഇതുവരെ പങ്കെടുത്തവര്‍ 2.81 ലക്ഷം പേരും വിസമ്മതപത്രം നല്‍കിയവര്‍ 1.89 ലക്ഷം പേരുമാണ്‌. വിമ്മതപത്രം നല്‍കിയവരില്‍ ഏറെയും എയ്‌ഡഡ്‌ സ്‌കൂള്‍/കോളജ്‌ അധ്യാപകരാണ്‌. സ്‌ഥലംമാറ്റം ഉള്‍പ്പെടെ പ്രതികാരനടപടികള്‍ ഭയന്നാണു മിക്കവരും സാലറി ചലഞ്ചില്‍ പങ്കെടുത്തതെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. വിസമ്മതപത്രം ആവശ്യപ്പെടുന്ന 10-ാം വ്യവസ്‌ഥയ്‌ക്കു നിര്‍ബന്ധിതസ്വഭാവമുണ്ടെന്നു വിലയിരുത്തിയാണു ഹൈക്കോടതിയുടെ സ്‌റ്റേ.
വിസമ്മതപത്രം നിര്‍ബന്ധമാക്കിയെങ്കിലും, ശമ്പളം നല്‍കാന്‍ തയാറുള്ളവരില്‍നിന്നു സര്‍ക്കാര്‍ ഔദ്യോഗികമായി സമ്മതപത്രം വാങ്ങിയിരുന്നില്ല. അതുകൊണ്ടുതന്നെ, ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കി അനുകൂലവിധി നേടിയില്ലെങ്കില്‍ ചലഞ്ച്‌ ഇനത്തില്‍ കിട്ടിയ തുകയും വെള്ളത്തിലാകും. അപ്പീലിനു പോയില്ലെങ്കില്‍, വിസമ്മപത്ര നിബന്ധന ഒഴിവാക്കി സര്‍ക്കാരിനു മറ്റൊരു ഉത്തരവിറക്കേണ്ടിവരും. നല്‍കിയ ഒരുമാസത്തെ ശമ്പളം പിന്‍വലിച്ച്‌, ഇഷ്‌ടമുള്ള തുക നല്‍കാന്‍ ജീവനക്കാര്‍ക്ക്‌ അവസരമൊരുങ്ങും. സാലറി ചലഞ്ചിന്റെ സമയപരിധി കഴിഞ്ഞെങ്കിലും ഹൈക്കോടതി വിധിപ്രകാരം അതില്‍നിന്നു പിന്മാറാന്‍ കഴിയും. പ്രതിമാസം മൂന്നുദിവസത്തെ ശമ്പളം വീതം 10 മാസം കൊണ്ടാണു തുക ഈടാക്കുക. അത്‌ ഈമാസം മുതല്‍ പിടിച്ചുതുടങ്ങി. 2019 ജൂലൈ-ഓഗസ്‌റ്റ്‌ വരെയാണു ഗഡുക്കളായി തുക പിടിക്കുക. ഇതിനിടെ എപ്പോള്‍ വേണമെങ്കിലും പദ്ധതിയില്‍നിന്നു ജീവനക്കാര്‍ക്കു പിന്മാറാം. ഇഷ്‌ടമുള്ള തുക നല്‍കുകയോ ഒന്നും നല്‍കേണ്ടതില്ലെന്നു തീരുമാനിക്കുകയോ ചെയ്യാം. അങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാരിനു വന്‍തിരിച്ചടിയാകും. സംഭാവന സ്വമേധയാ ആകുന്നതോടെ, സാലറി ചലഞ്ചില്‍ പങ്കാളിത്തം വര്‍ധിക്കുമെങ്കിലും സര്‍ക്കാര്‍ പ്രതീക്ഷിച്ച തുക ലഭിക്കില്ല. ഈ സാഹചര്യത്തിലാണ്‌ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്‌. സര്‍ക്കാര്‍ ഉത്തരവിലെ പ്രധാനഭാഗം റദ്ദാക്കപ്പെട്ടാല്‍ സാലറി ചലഞ്ചിനു പ്രസക്‌തിയില്ലെന്നാകും വാദം. വിസമ്മതപത്രത്തിനെതിരേ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിലും കേസുണ്ട്‌. ട്രിബ്യൂണല്‍ ഇക്കാര്യത്തില്‍ ഒരുമാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്നു നിര്‍ദേശിച്ചാണു ഹൈക്കോടതി സ്‌റ്റേ പുറപ്പെടുവിച്ചത്‌. ട്രിബ്യൂണലിന്റെ വിധിയും എതിരായാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.

ആര്‍. സുരേഷ്‌

Ads by Google
Friday 12 Oct 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW