Friday, December 14, 2018 Last Updated 22 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.03 AM

ഓസീസിന്റെ ഗംഭീര പോരാട്ടം

uploads/news/2018/10/256124/s4.jpg

ദുബായ്‌: പാകിസ്‌താനെതിരേ നടന്ന ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കു തകര്‍പ്പന്‍ സമനില. തോല്‍വിയുടെ മുന്നില്‍നിന്നു പൊരുതിയാണ്‌ അവര്‍ സമനില നേടിയത്‌.
141 റണ്ണുമായി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഓപ്പണര്‍ ഉസ്‌മാന്‍ ഖ്വാജയും 72 റണ്ണുമായി പിടിച്ചുനിന്ന ട്രാവിസ്‌ ഹെഡുമാണ്‌ ഓസീസിനെ രക്ഷിച്ചത്‌. നായകനും വിക്കറ്റ്‌ കീപ്പറുമായ ടിം പെയ്‌നും (61) തോല്‍വി ഒഴിവാക്കാന്‍ ഓസീസിനെ സഹായിച്ചു. സ്‌കോര്‍: പാകിസ്‌താന്‍ ഒന്നാം ഇന്നിങ്‌സ് 482, രണ്ടാം ഇന്നിങ്‌സ് ആറിന്‌ 181 ഡിക്ലയേഡ്‌. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 202, രണ്ടാം ഇന്നിങ്‌സ് എട്ടിന്‌ 362.
ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറിയും (85) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ ഖ്വാജയാണു മത്സരത്തിലെ താരം. പാകിസ്‌താന്‍ 462 റണ്ണിന്റെ കൂറ്റന്‍ വിജയ ലക്ഷ്യമാണു മുന്നോട്ടു വച്ചത്‌്. അഞ്ചാം ദിവസം കളി തുടരുമ്പോള്‍ ഓസ്‌ട്രേലിയ മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍ 136 റണ്ണെന്ന നിലയിലായിരുന്നു.
നാലാം വിക്കറ്റില്‍ ട്രാവിസ്‌ ഹെഡുമായും പിന്നീട്‌ ടിം പെയിനുമായി പൊരുതിയ ഉസ്‌മാന്‍ ഖ്വാജയുടെ ബാറ്റിങ്‌് പ്രകടനം അവിശ്വസനീയമായി. ദുബായിയിലെ സ്‌പിന്‍ സൗഹൃദ പിച്ചില്‍ 302 പന്തുകളാണ്‌ പാക്‌ വംശജനായ ഖ്വാജ നേരിട്ടത്‌. 34 -ാം ടെസ്‌റ്റ് കളിക്കുന്ന ഖ്വാജയുടെ ഏഴാം സെഞ്ചുറിയാണിത്‌. 87/3 എന്ന സ്‌കോറിനു ഒത്തുകൂടിയ നാലാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 132 റണ്‍ നേടി. ഹെഡിനെ പുറത്താക്കി മുഹമ്മദ്‌ ഹഫീസാണ്‌ ബ്രേക്ക്‌ ത്രൂ നല്‍കിയത്‌. ഏതാനും ഓവറുകള്‍ക്ക്‌ ശേഷം മാര്‍നസ്‌ ലാബൂഷാനെ (13)
യാസിര്‍ ഷാ വിക്കറ്റിനു മുന്നില്‍ കുടുക്കിയതു പാകിസ്‌താനു ജയ പ്രതീക്ഷ നല്‍കി. ഖ്വാജയ്‌ക്കു കൂട്ടായി നായകനെത്തിയതോടെ മത്സരം ഓസീസിന്‌ അനുകൂലമായി. മത്സരത്തില്‍ ഏറെ നിര്‍ണായകമായ ആറാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ ടീമിനെ മുന്നോട്ട്‌ നയിച്ചു. 141 റണ്‍ നേടിയ ഖ്വാജയെ വിക്കറ്റിനു മുന്നില്‍ കുടുക്കി യാസിര്‍ ഷാ വീണ്ടും മത്സരം തിരിച്ചു. 79 റണ്ണാണ്‌ ആറാം വിക്കറ്റില്‍ പിറന്നത്‌. മിച്ചല്‍ സ്‌റ്റാര്‍ക്കിനെയും (ഒന്ന്‌) പീറ്റര്‍ സിഡിലിനെയും (0) യസീര്‍ ഷാ പുറത്താക്കിയതോടെ പാക്‌ ആരാധകര്‍ ജയം മണത്തു. ടിം പെയിനും നഥാന്‍ ലിയോണും (34 പന്തില്‍ പുറത്താകാതെ അഞ്ച്‌) കെട്ടിയ പ്രതിരോധ മതില്‍ ജയ പ്രതീക്ഷകളെ തകര്‍ത്തു. 194 പന്തില്‍ അഞ്ച്‌ ഫോറുകളടക്കമാണു പെയ്‌ന്‍ 61 റണ്ണെടുത്തത്‌. 29 റണ്ണാണ്‌ ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ നേടിയത്‌. പീറ്റര്‍ സിഡില്‍ പുറത്താകുമ്പോള്‍ 13 ഓവര്‍ ശേഷിക്കുന്നുണ്ടായിരുന്നുവെങ്കിലും പതറാതെ പിടിച്ചു നില്‍ക്കുവാന്‍ പെയ്‌നും ലിയോണിനും സാധിച്ചു. യാസിര്‍ ഷാ നാല്‌ വിക്കറ്റും മുഹമ്മദ്‌ അബ്ബാസ്‌ മൂന്നു വിക്കറ്റുമെടുത്തു. ടെസ്‌റ്റിലെ ഏറ്റവും മികച്ച പിന്തുടര്‍ന്നുള്ള ജയം സ്വന്തമാക്കാനുള്ള ശ്രമം ഓസീസ്‌ രാവിലെ തന്നെ ഉപേക്ഷിച്ചിരുന്നു. 2003 ലെ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ആന്റിഗ്വ ടെസ്‌റ്റില്‍ വെസ്‌റ്റിന്‍ഡീസ്‌ 418 റണ്‍ പിന്തുടര്‍ന്നു നേടിയതാണു റെക്കോഡ്‌. സമനിലയോടെ രണ്ട്‌ ടെസ്‌റ്റുകളുടെ പരമ്പരയില്‍ ഇരുവരും ഒപ്പത്തിനൊപ്പമായി.

Ads by Google
Friday 12 Oct 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW