Sunday, June 16, 2019 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.03 AM

വിജയ നട ചവിട്ടാന്‍ ഇന്ത്യയും വിന്‍ഡീസും , രണ്ടാം ടെസ്‌റ്റിന്‌ ഇന്നു തുടക്കം

uploads/news/2018/10/256128/s1.jpg

ഹൈദരാബാദ്‌: ഇന്ത്യയും വെസ്‌റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റ് ഇന്നു തുടങ്ങും. രാവിലെ 9.30 നു തുടങ്ങുന്ന മത്സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയവയില്‍ തത്മയം കാണാം.
ഒന്നാം ടെസ്‌റ്റ് നടന്ന രാജ്‌കോട്ടിലെ പിച്ചിനു സമാനമാണ്‌ ഇവിടെയും. തുടക്കത്തില്‍ ബാറ്റിങ്ങിന്‌ അനുകൂലമായ പിച്ച്‌ മൂന്നാം ദിവസം മുതല്‍ സ്‌പിന്നിന്‌ അനുകൂലമാകും. രാജ്‌കോട്ടിലെ കടുത്ത ചൂട്‌ ഹൈദരാബാദിലില്ല എന്നത്‌ ടീമുകള്‍ക്ക്‌ ആശ്വാസമാണ്‌്. രണ്ട്‌ ടെസ്‌റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലാണ്‌. വിന്‍ഡീസ്‌ ഇന്ത്യയില്‍ കളിച്ച കഴിഞ്ഞ മൂന്ന്‌ ടെസ്‌റ്റുകളിലും ഇന്നിങ്‌സ് പരാജയം അറിഞ്ഞിരുന്നു. രാജ്‌കോട്ട്‌ ടെസ്‌റ്റില്‍ ഇന്ത്യ വിന്‍ഡീസിനെതിരായ ഏറ്റവും വലിയ ജയവും സ്വന്തമാക്കി.
ഇതിഹാസ താരം ബ്രയാന്‍ ലാറ കളിച്ചിരുന്ന സമയത്തും ഇന്ത്യയെ അവരുടെ മണ്ണില്‍ തോല്‍പ്പിക്കാനായിട്ടില്ലെന്നു നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ ഇന്നലെ പ്രസ്‌താവിച്ചിരുന്നു. 2016 നു ശേഷം ഇന്ത്യ എട്ടു തവണ അറുനൂറോ അതിനു മുകളിലോ നേടി. രണ്ടാം ടെസ്‌റ്റിനുള്ള പ്ലേയിങ്‌ ഇലവനെ ഇന്ത്യ ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടങ്ങളോടെ ടീമിലെത്തിയ മായങ്ക്‌ അഗര്‍വാള്‍ ഇത്തവണയും പുറത്തിരുന്നു കളി കാണും.
രാജ്‌കോട്ടില്‍ തിളങ്ങാനാകാതിരുന്ന ഓപ്പണര്‍ ലോകേഷ്‌ രാഹുലിന്‌ ഒരു അവസരം കൂടി നല്‍കാന്‍ ടീം മാനേജ്‌മെന്റ്‌ തീരുമാനിച്ചതോടെയാണ്‌ അഗര്‍വാളിന്റെ കാത്തിരിപ്പ്‌ നീണ്ടത്‌. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറിയടിച്ച കൗമാര താരം പൃഥ്വി ഷാ അടക്കമുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലാണ്‌. ഉപനായകന്‍ അജിന്‍ക്യ രഹാനെയും ലോകേഷ്‌ രാഹുലുമാണ്‌ ദുഖ ബിന്ദുക്കള്‍. 14 മാസത്തിനു മുമ്പാണു രഹാനെ അവസാനം ടെസ്‌റ്റ് സെഞ്ചുറി നേടിയത്‌്. ലോകേഷ്‌ രാഹുലിനെ നിലനിര്‍ത്തിയതോടെ ഓപ്പണിങ്‌ ജോഡിയില്‍ മാറ്റംവരില്ലെന്ന സൂചനയും ലഭിച്ചു. മറുപക്ഷത്ത്‌ പരമ്പര നഷ്‌ടപ്പെടുമെന്ന ഭീതിയിലാണു വിന്‍ഡീസ്‌.
ഒന്നാം ടെസ്‌റ്റില്‍ കളിക്കാതിരുന്ന നായകന്‍ ജാസന്‍ ഹോള്‍ഡറും കീമര്‍ റോച്ചും ഇറങ്ങുന്നതാണ്‌ ആശ്വാസം. ഒന്നാം ടെസ്‌റ്റില്‍ പരാജയപ്പെട്ട സുനില്‍ ആംബ്രിസിനെ നിലനിര്‍ത്തുമെന്നാണു സൂചന.
രാജ്‌കോട്ടില്‍ നിരാശപ്പെടുത്തിയ ലെഗ്‌ സ്‌പിന്നര്‍ ദേവേന്ദ്ര ബിഷുവിനു പകരം ജോമല്‍ വാറികാനെ കളിപ്പിക്കാനും ആലോചനയുണ്ട്‌.
കീരണ്‍ പവലിന്റെയും റോസ്‌റ്റണ്‍ ചാസിന്റെയും അര്‍ധ സെഞ്ചുറികളാണ്‌ ഒന്നാം ടെസ്‌റ്റില്‍ വിന്‍ഡീസിന്‌ എടുത്തു കാണിക്കാനുണ്ടായിരുന്നത്‌. രണ്ടാം ഇന്നിങ്‌സില്‍ പിടിച്ചു നില്‍ക്കാനുള്ള ക്ഷമ ഒരു ബാറ്റ്‌സ്മാനും കാണിച്ചില്ല.
ടീം: ഇന്ത്യ - വിരാട്‌ കോഹ്ലി (നായകന്‍), പൃഥ്വി ഷാ, ലോകേഷ്‌ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഋഷഭ്‌ പന്ത്‌, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ്‌ യാദവ്‌, ഉമേഷ്‌ യാദവ്‌, മുഹമ്മദ്‌ ഷമി, ശാര്‍ദൂല്‍ ഠാക്കൂര്‍.
ടീം: വെസ്‌റ്റിന്‍ഡീസ്‌- ജാസന്‍ ഹോള്‍ഡര്‍ (നായകന്‍), സുനില്‍ ആംബ്രിസ്‌, ദേവേന്ദ്ര ബിഷു, ക്രെയ്‌ഗ് ബ്രാത്‌വെയ്‌റ്റ്, റോസ്‌റ്റണ്‍ ചാസ്‌, ഷെയ്‌ന്‍ ഡൗറിച്ച്‌, ഷാനോണ്‍ ഗബ്രിയേല്‍, ജാമര്‍ ഹാമില്‍ട്ടണ്‍, ഷിംറോണ്‍ ഹെറ്റ്‌മീര്‍, ഷായ്‌ ഹോപ്പ്‌, അല്‍സാരി ജോസഫ്‌, കീമോ പോള്‍, കീറണ്‍ പവല്‍, കീമര്‍ റോച്ച്‌, ജോമല്‍ വാറികാന്‍.

Ads by Google
Friday 12 Oct 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW