നടനും എം.എല്‍.എയുമായ മുകേഷിനെ വളഞ്ഞുപിടിച്ചാണു കല്ലേറ്. കേട്ടപാതി കേള്‍ക്കാത്ത പാതി, മുകേഷിന്റെ കോലം കത്തിക്കുന്നവരുടെ മുഖങ്ങളില്‍ എന്തൊരു നിഗൂഢ സംതൃപ്തി! വീണുകിട്ടിയ ഇരയുടെ മേല്‍ ചാടിവീഴാനുള്ള രക്തക്കൊതി. റെയില്‍വേ ട്രാക്കിലേക്കു സൗമ്യ എന്ന യുവതിയെ തള്ളിയിട്ട് പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതി ഒറ്റക്കൈയന്‍ ഗോവിന്ദച്ചാമിയോടു കാണിക്കാത്ത ശത്രുതയാണ് കലാകാരനായ ഒരു ജനപ്രതിനിധിക്കു നേരേ. രണ്ടു പതിറ്റാണ്ടു മുമ്പ് എന്നാണു വെളിപ്പെടുത്തല്‍.
മുകേഷ് ബലാത്സംഗം ചെയ്തു കൊന്നിട്ട് ദാ, കൊല്ലത്തു നില്ക്കുന്നു; കല്ലെടുത്തെറിയൂ... എന്ന മട്ടിലാണു രാഷ്്രടീയ പ്രതിയോഗികളുടെ ആക്രോശം. മീ ടൂ സദുദ്ദേശ്യത്തോടെ ഹോളിവുഡില്‍ രൂപംകൊണ്ട അതിനവീന സ്ത്രീമുന്നേറ്റത്തിന്റെ മാതൃകയാണ്. ക്യാമ്പയിനിന്റെ അന്തസത്ത, സത്യസന്ധമായ തുറന്നുപറച്ചിലാണ്; വ്യക്തിഹത്യയല്ല. അമേരിക്കയില്‍ കണ്ട മീ ടൂ, തെരുവുനായ്ക്കളെപ്പോലെ ശത്രുക്കള്‍ക്കും രാഷ്്രടീയക്കാര്ക്കും ചാടിവീണു കടിപിടികൂടാനുള്ള എല്ലിന് കഷണമല്ല എന്നുറപ്പാണ്.
സ്ത്രീ, തന്റെ ഒരു കാലത്തെ നിസഹായത, ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തില്‍ അവള് ശാക്തീകരിക്കപ്പെട്ടപ്പോള്‍ വെളിപ്പെടുത്തുന്നു, നിറം ചേര്‍ക്കലും ഏച്ചുകെട്ടലുമില്ലാതെ. ഈ സ്വാതന്ത്ര്യം മാനിക്കപ്പെടണം. മീ ടൂവിന്റെ ആത്മാര്‍ഥതയെയും സത്യസന്ധതയേയും പിന്തുണയ്ക്കണം.
വ്യക്തിസ്വാതന്ത്ര്യവും പൗരാവകാശവും സ്വകാര്യതയും അന്തസും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ അമേരിക്കന്‍/യൂറോപ്യന്‍ സമൂഹത്തില്‍നിന്നു മീ ടൂ ക്യാമ്പയിന് കേരളം പോലുള്ള ഒരു ഉടായിപ്പ് സമൂഹത്തില്‍ എത്തപ്പെടുമ്പോള്‍ എത്രമാത്രം ദുരുപയോഗം ചെയ്യപ്പെടുമെന്ന് കാത്തിരുന്നുകാണാം. അതിസമ്പന്നമായ സ്മാര്‍ത്തവിചാര ഹാങ്ങോവര്‍ നിലനില്‍ക്കുന്ന കേരളത്തില്‍ തുറന്നുപറച്ചിലുകാരുടെ പട്ടികയില്‍ കയറിക്കൂടിയില്ലെങ്കില്‍ അതു തന്റെ ബൗദ്ധിക സൗന്ദര്യജീവിതത്തിന് അയോഗ്യതയാകുമോ എന്നു കരുതുന്നവരുണ്ട്. അമേരിക്കയില്‍ കേട്ട മീ ടൂ ശബ്ദം സത്യസന്ധതയുടെ വയലിന്നാദമായിരുന്നു. കേരളത്തിലത് സരിതാനാദമായി മാറും.
ഓരോ സമൂഹവും അതര്‍ഹിക്കുന്ന സംഗീതം കേള്‍ക്കുന്നു. അന്യന്റെ ശബ്ദം സംഗീതമാകുന്ന സാമൂഹിക മാറ്റത്തിനുവേണ്ടി കാത്തുകാത്തിരിക്കുന്നവര്ക്ക് ഓരോ ദിവസവും അന്യന്റെ ആക്രോശങ്ങളില്‍നിന്ന് ഓടിയൊളിക്കാന്‍ പാടുപെടേണ്ടിവരും. കേരളത്തില്‍, മീ ടൂ ഡിജിറ്റല്‍ സ്മാര്ത്തവിചാരമായിത്തീരും.
മുലപ്പാലില്നിന്നുതന്നെ ജാതിയും രാഷ്്രടീയവും ഊറ്റിക്കുടിച്ചുവരുന്ന കേരളമെന്ന അതിവിചിത്ര സമൂഹത്തിനു കിട്ടുന്ന ഭസ്മാസുരന്റെ വരമാണ് മീ ടൂ. എതിരാളിയുടെ കടല്‍ വറ്റിക്കാനായി ചുഴറ്റിയെറിയാന്‍ പറ്റിയ പരശുരാമന് ട്രേഡ്മാര്‍ക്ക് മഴു. ആ മഴുവിന്റെ ആദ്യ ഏറ് കൊണ്ടതു മുകേഷിനാണ്. തനിക്കു പരാതികളില്ലെന്നും ഇതു രാഷ്ട്രീയമായി ഉപയാഗിക്കരുതെന്നും ട്വീറ്റ് ചെയ്ത പെണ്‍കുട്ടി പറഞ്ഞിട്ടും, കേരളത്തില്‍ മുകേഷിനെതിരേ ആള്‍ക്കൂട്ട വിധിപ്രഖ്യാപനം നടന്നുകഴിഞ്ഞു. യുക്തിക്കപ്പുറത്ത് പടര്‍ന്നുപോകുന്ന അതിസങ്കീര്‍ണമായ സ്ത്രീപുരുഷ ജീവിതവ്യവഹാരങ്ങളാണ് മഹത്തായ കലാസൃഷ്ടികളുടെ അടിസ്ഥാനം.
സാഹിത്യവും സംഗീതവും സിനിമയും ചിത്രകലയുമൊക്കെ വിചിത്രമായ സ്ത്രീപുരുഷ ബന്ധങ്ങളാല്‍ ദീപ്തമായിട്ടുണ്ട്. കൗമാരസാഹസികതയിലും യൗവനതീക്ഷ്ണതയിലും ഇതൊക്കെ പ്രകടിപ്പിക്കാത്ത എത്ര സ്ത്രീപുരുഷന്മാര് കാണും? ഇനി ഇതൊക്കെ മീ ടൂ പട്ടികയില്‍ കടന്നുവരാം. യൗവന കോലാഹലങ്ങളില്‍ ചിലതിനെ പിടിച്ച് മീ ടൂ പാത്രത്തിലിട്ടാല്‍ സംതൃപ്തി കിട്ടാതിരിക്കില്ല.
കണ്വാശ്രമത്തിലെ ശകുന്തള മീ ടൂ ക്യാമ്പയിനില്‍ ദുഷ്യന്തനെതിരേ ട്വീറ്റ് ചെയ്യാത്തതെന്തെതോര്ത്തു ഭാരപ്പെടുന്ന മീ ടൂ പെങ്ങന്മാരുടെ നാടാണു കേരളം. തകഴി ശിവശങ്കരപ്പിള്ളയുടെ ആത്മകഥയില്‍ തന്റെ തിരുവനന്തപുരത്തെ ലോ കോളജ് കാലം അനുസ്മരിക്കുന്ന അധ്യായങ്ങളില്‍ കാര്യമായ തുറന്നുപറച്ചിലുണ്ട്. അന്നു വിവാഹിതനായിരുന്ന തനിക്കുണ്ടായ ഒരു സ്ത്രീസൗഹൃദം, ശാരീരികബന്ധത്തിലെത്തിയ കാര്യമാണത്.
സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ ഇ.വി. കൃഷ്ണപിള്ള തിരികെ നാട്ടിലേക്കുപോകാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നെന്നും തകഴി തുറന്നെഴുതി. അവര്‍ ഒരമ്മൂമ്മയായി തിരുവനന്തപുരത്തുണ്ടോ എന്നറിയില്ല. ഉണ്ടായിരുന്നെങ്കില്‍ മീ ടൂ ലിസ്റ്റില്‍ പെടുത്താമായിരുന്നു. തകഴിയല്ലേ, മരിച്ചാലും ഒന്നു നാറ്റിക്കാമായിരുന്നു! മീ ടൂവിന് യാന്ത്രിക പ്രയോഗക്കാര്‍ ഏറ്റവും കൂടുതലുണ്ടാകാന്‍ പോകുന്നതു കേരളത്തിലായിരിക്കും. മുപ്പത്തിമുക്കോടി ജാതി ഉപജാതികളും മൂവായിരം രാഷ്്രടീയ പാര്‍ട്ടികളുമുള്ള കേരളത്തില്‍ മീ ടൂ കൊടിപാറിക്കും.
സ്ത്രീയെ മാനിക്കണമെന്നും പെരുമാറ്റത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള ഒരു പരോക്ഷ ഓര്‍മ്മിപ്പിക്കല്‍ ലോകമെമ്പാടുമുള്ള മീ ടൂ ക്യാമ്പയിനില്‍നിന്ന് പുറപ്പെടുന്നുവെന്നതാണ് ഈ നവീന മുന്നേറ്റ മാതൃകയുടെ സദ്ഫലം.
എല്ലാ പുരുഷന്മാരും സത്യസന്ധരല്ല എന്നതുപോലെ, എല്ലാ സ്ത്രീകളും അങ്ങനെയല്ലാത്ത സ്ഥിതിക്ക് തുറന്നുപറച്ചിലുകള്‍ ബ്ലാക്മെയിലിങ്ങിനു വഴിതുറക്കുമെന്ന കാര്യം തീര്‍ച്ചയാണ്. മുകേഷിനെ വേട്ടയാടാനിറങ്ങിയവര്‍ അദ്ദേഹത്തിന്റെ ക്യാമ്പസ് കാലത്തെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയ "മുകേഷ് കഥകള്‍" എന്ന പുസ്തകം തേടി പുറപ്പെടാന്‍ സാധ്യത കാണുന്നു.
കൗമാര ക്യാമ്പസ് സാഹസികതയുടെ നര്‍മ്മബോധമാണ് അതിലെ ഓരോ അധ്യായവും, ഒട്ടനവധി പെണ്കുട്ടികളിലൂടെ കടന്നുപോകുന്ന പ്രണയഭാവമുള്ള സൗമ്യയാത്ര. അവരെ മീ ടൂ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റുമോ എന്നാവും ഇനിയുള്ള അന്വേഷണം. സാരമില്ല, സാധ്യത കുറവെങ്കില്‍ ആ പുസ്തകം മുകേഷിന്റെ കോലത്തോടൊപ്പം കത്തിക്കാം.