ഹൈദരാബാദ്: ഏറ്റവും കുറച്ചുനേരം മാത്രം ഒരു പാര്‍ട്ടിയില്‍ അംഗത്വം നേടി എന്ന റെക്കോര്‍ഡ് ഒരുപക്ഷേ തെലുങ്കാനയിലെ ഈ വനിതാ നേതാവിന് ലഭിച്ചേക്കും. തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സി. ദാമോദര്‍ രാജനാരസിംഹയുടെ ഭാര്യ പദ്മിനി റെഡ്ഡിയാണ് രാവിലെ ബിജെപിയില്‍ ചേര്‍ന്ന് തിരികെ കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തിയത്.
വ്യാഴാഴ്ച രാവിലെ പദ്മിനി സംസ്ഥാന ബിജെപി അധ്യക്ഷന്റെ സാന്നിദ്ധ്യത്തില്‍ വച്ച് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇഷ്ടപ്പെട്ടാണ് കോണ്‍ഗ്രസ് വനിതാ നേതാവ് ബിജെപിയില്‍ ചേര്‍ന്നത്. ഇത് സംബന്ധിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വി. മുരളീധര്‍ റാവു ട്വിറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മണിക്കൂറുകള്‍ക്കകം നേതാവ് കാലുമാറി കോണ്‍ഗ്രസില്‍ തന്നെ കയറുകയായിരുന്നു.
പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ വികാരഭരിതമായാണ് പ്രതികരിക്കുന്നതെന്നും അതിനാല്‍ തിരികെ പോകുന്നുവെന്നുമായിരുന്നു സംഭവത്തില്‍ പദ്മിനിയുടെ പ്രതികരണം. അതേസമയം, പദ്മിനി റെഡ്ഡി വിദ്യാഭ്യാസമുള്ളതും കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ സാധിക്കുന്ന ഒരാളുമാണെന്നും. സ്ത്രീശാക്തീകരണത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും തെലങ്കാന ബി.ജെ.പി വക്താവ് കൃഷ്ണ സാഗര അറിയിച്ചു.
വിഭജനത്തിന് മുന്‍പ് എന്‍.നിരണ് കുമാര്‍ ഉപമുഖ്യമന്ത്രി പദവി അലങ്കരിച്ചിരുന്നയാളാണ് ദാമോദര്‍ രാജനാരസിംഹ. തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന തെലുങ്കാനയിലെ പാര്‍ട്ടി മാനിഫസ്റ്റോ കമ്മറ്റിയംഗമാണ് അദ്ദേഹം.