Sunday, July 21, 2019 Last Updated 20 Min 23 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 26 Oct 2018 01.49 AM

കേരളം ഇന്ന്‌...

uploads/news/2018/10/259786/bft1.jpg

കേരളം എവിടെയെത്തി എന്നറിയാന്‍ പഠനറിപ്പോര്‍ട്ടുകള്‍ പരതേണ്ടതില്ല, മഹാഗ്രന്ഥങ്ങള്‍ അന്വേഷിക്കേണ്ടതില്ല, വിദഗ്‌ധാഭിപ്രായത്തിനു കാതോര്‍ക്കേണ്ടതില്ല. അടുത്തിടെ നടന്ന മൂന്നു സംഭവങ്ങള്‍ ഓര്‍ത്തുവച്ചാല്‍ മതി.

പൊതുഖജനാവ്‌ കട്ടുമുടിച്ച്‌, കുളംതോണ്ടിത്തോണ്ടി സര്‍ക്കാരിനെ കുത്തുപാളയെടുപ്പിക്കുന്ന കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്‌. ഓടിക്കൊണ്ടിരുന്ന ബസുകള്‍, മൊബൈലില്‍ ഡ്രൈവര്‍ക്കും കണ്ടക്‌ടര്‍ക്കും സന്ദേശം കിട്ടിയ മുറയ്‌ക്ക്‌, അവിടെ നിര്‍ത്തി, ജീവനക്കാര്‍ ചാടി പുറത്തിറങ്ങി. അമ്പരന്ന യാത്രക്കാരെ നോക്കി, ടിക്കറ്റ്‌ വിലകൊടുത്തുവാങ്ങി സീറ്റിലിരിക്കുന്നവരെ നോക്കി, ഒരു പുച്‌ഛച്ചിരി.

പോയി കേസ്‌ കൊടുക്ക്‌ എന്നൊരു ആട്ടും; ഭാഗ്യം തുപ്പിയില്ല. രോഗികളുമായി ആശുപത്രികളില്‍ സമയത്തെത്താന്‍ കയറിയവരും ഉറങ്ങിയ കുഞ്ഞുങ്ങളുമായി ദീര്‍ഘയാത്ര തുടര്‍ന്നവരും കാര്യമറിയാതെ റോഡിലിറങ്ങി നിന്നു. ഡ്രൈവറും കണ്ടക്‌ടറും യൂണിയന്‍ നേതാക്കളുമായി ആശയവിനിമയം.

എന്തു നിയമം, എന്തു വ്യവസ്‌ഥ. ഇഷ്‌ടമുള്ളതു ചെയ്യും. ആരുണ്ടിവിടെ ചോദിക്കാന്‍. ശമ്പളത്തിനു പുറമേ, ഉത്സവബത്തയും ഇന്‍ക്രിമെന്റും സ്‌ഥാനക്കയറ്റവും ജീവിതസുരക്ഷിതതത്വവും പെന്‍ഷനുമായി ഖജനാവില്‍നിന്നു കോടാനുകോടി കൈപ്പറ്റുന്ന വിഭാഗമാണ്‌ കെ.എസ്‌.ആര്‍.ടി.സിക്കാര്‍. ഇവരാണ്‌ ടിക്കറ്റ്‌ കൗണ്ടറില്‍ കുടുംബശ്രീക്കാരെ നിയോഗിക്കുന്നുവെന്ന്‌ ആരോപിച്ച്‌ പൊതുജനത്തെ പെരുവഴിയില്‍ തള്ളിയത്‌.

മിന്നല്‍സമരം കൊണ്ട്‌ ഒരു കോടി ഇന്നലെമാത്രം നഷ്‌ടമായെന്നു കെ.എസ്‌.ആര്‍.ടി.സി. പറയുന്നു. ഇത്തരം അഴിമതിക്കാരെ ഇനിയും എന്തിനു സഹിക്കണം? ഒരുതരം ഭീകരവാദമാണിവര്‍ നടത്തിയത്‌. യഥാര്‍ത്ഥത്തില്‍ ഇത്തരക്കാര്‍ക്കെതിരെയല്ലേ ഭീകരവാദ നിരോധനനിയമപ്രകാരം കേസെടുക്കേണ്ടത്‌.

ജീവനക്കാരുടെ കൈയിലിരിപ്പു കാരണം തകര്‍ന്നു തരിപ്പണമായ കോര്‍പ്പറേഷന്‌, അന്ത്യശ്വാസം വലിക്കാതിരിക്കാന്‍, ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നു കോടികള്‍ രൊക്കമായും വായ്‌പയായും സര്‍ക്കാര്‍ നല്‍കുകയാണ്‌. ഇതേ ജീവനക്കാര്‍തന്നെ പൊതുജനത്തെ ബന്ദിയാക്കുന്നു; ഇതാണ്‌ ഇന്നത്തെ കേരളം. എന്നിട്ടോ? മിന്നല്‍ ഭീകരവാദം നടത്തിയ ഇവര്‍ക്കെതിരേ യാതൊരു ശിക്ഷാനടപടിയുമില്ല. പൊതുസ്‌ഥലത്തു പുകവലിച്ചാലും മൂത്രമൊഴിച്ചാലും കേസെടുക്കുന്ന നാടാണിത്‌.

ഓടിക്കൊണ്ടിരുന്ന ബസുകള്‍ തോന്നുന്നിടത്തു നിര്‍ത്തി താക്കോലുമെടുത്തു കടന്നുകളഞ്ഞ ജീവനക്കാരെ മന്ത്രിക്കു ഭയം. ജനം ഇത്തരക്കാരെ കൈകാര്യം ചെയ്യട്ടെ എന്നു പറഞ്ഞ കോര്‍പ്പറേഷന്‍ എം.ഡി. ടോമിന്‍ തച്ചങ്കരിക്കു നട്ടെല്ലുണ്ടെന്നു ബോധ്യമായി. ഗതാഗതമന്ത്രിക്കോ? കഷ്‌ടം... മിന്നല്‍ പണിമുടക്കിലൂടെ കോര്‍പ്പറേഷന്‌ ഒറ്റദിവസം ഒരു കോടി നഷ്‌ടം വരുത്തിയ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന്‌ ആ തുക പിടിക്കാനുള്ള തന്റേടമെങ്കിലും മന്ത്രി കാണിക്കണം.

ഭക്‌തിഭ്രാന്ത്‌ മൂത്ത്‌ കുറേ സ്‌ത്രീ-പുരുഷന്മാര്‍ നിലയ്‌ക്കലില്‍ ബസ്‌ പരിശോധന നടത്തുന്നു. അമ്പതില്‍ താഴെയെന്നു തങ്ങള്‍ക്കു തോന്നുന്നവരെ പിടിച്ചിറക്കി മര്‍ദ്ദിച്ചു തെറിവിളിച്ചോടിക്കുന്ന ഒന്നാന്തരം ഭക്‌തി! പമ്പയിലേക്കു വരുന്ന സ്‌ത്രീകളുടെ പ്രായം പ്രതിഷേധക്കാര്‍ നിശ്‌ചയിക്കും; മതിപ്പുവില എന്നു പറയുംപോലെ മതിപ്പുപ്രായം.

സര്‍ക്കാരിനൊപ്പമോ പ്രതിഷേധക്കാര്‍ക്കൊപ്പമോ എന്നതല്ല പ്രശ്‌നം. ആള്‍ക്കൂട്ടം നിയമം കൈയിലെടുത്തു എന്നതാണ്‌ പ്രശ്‌നം. ആര്‍ക്കും ആരുടെയും വാഹനപരിശോധന നടത്താം; അന്യരുടെ പ്രായം നിശ്‌ചയിക്കാം! തിരികെ പറയാന്‍ ശ്രമിച്ചാല്‍ മര്‍ദ്ദിക്കും. ഈ പ്രവണത നാളെ മറ്റ്‌ ആരാധനാലയങ്ങളിലേക്കു വ്യാപിക്കും.

ഒരിടത്തു മിന്നല്‍ പണിമുടക്ക്‌; ജനം വഴിയാധാരം. മറ്റൊരിടത്ത്‌ മിന്നല്‍ വാഹന പരിശോധന; തീര്‍ത്ഥാടകര്‍ വഴിയാധാരം. ആദ്യത്തേത്‌ യൂണിയന്‍ ദൈവത്തിന്റെ പേരില്‍. രണ്ടാമത്തേത്‌ അയ്യപ്പന്റെ പേരില്‍; ശരണം അയ്യപ്പാ.

അതാ, പാലാ സബ്‌ജയില്‍ പരിസരം; ഗോല്‍ഗുത്ത മല പോലെ ഭക്‌തിസാന്ദ്രം. ബലാത്സംഗക്കേസിലെ പ്രതി ഫ്രാങ്കോ ഇരുപത്തിയൊന്നു ദിവസത്തെ ധ്യാനത്തിനുശേഷം പുറത്ത്‌. നിരവധി ഫ്രാങ്കോ ഭക്‌തര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ നില്‍ക്കുന്നു. കൂട്ടപ്രാര്‍ത്ഥന, ചിലര്‍ ജപമാലകള്‍ കൂട്ടിപ്പിടിച്ചിരിക്കുന്നു. മറ്റു ചിലര്‍ ഹാലേലൂയ്യ പാടുന്നു. യേശുവിനെ വേണോ ഫ്രാങ്കോയെ വേണോ എന്നു ചോദിച്ചാല്‍ ഫ്രാങ്കോ മതിയെന്നു പറയുന്ന ഭക്‌തിഭ്രാന്തര്‍.

നിലയ്‌ക്കലില്‍ വണ്ടി പരിശോധിച്ചവര്‍ മറ്റൊരു വേഷത്തില്‍ പാലാ സബ്‌ജയിലിനു മുന്നില്‍. അല്ല, യാത്രക്കാരുമായി വന്ന ബസുകള്‍ നടുറോഡില്‍ നിര്‍ത്തിയിട്ട്‌ താക്കോലുമായി കടന്നുകളഞ്ഞവര്‍ യൂണിഫോം മാറ്റിയിട്ട്‌ ജയില്‍ മുറ്റത്തു പ്രത്യക്ഷപ്പെട്ടതുപോലെ. കെ.എസ്‌.ആര്‍.ടി.സി. യൂണിയന്‍ സിന്ദാബാദ്‌,ശരണമയ്യപ്പാ, ഹാലേലൂയ്യാ...

Ads by Google
Ads by Google
Loading...
TRENDING NOW