Sunday, July 21, 2019 Last Updated 6 Min 38 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 09 Nov 2018 12.25 AM

രാഷ്‌ട്രീയ പോലീസും ജാതി പോലീസും

uploads/news/2018/11/263492/2.jpg

ഒരു കളവു കേസിലെ പ്രതിക്കെതിരേ 2013-ല്‍ കോടതി വാറന്റ്‌ പുറപ്പെടുവിച്ചു. പ്രതിയുടെ പേര്‌ രാധാകൃഷ്‌ണന്‍. വാറന്റ്‌ നടപ്പിലാക്കാന്‍ മണ്ണാര്‍ക്കാട്‌ പോലീസ്‌ സ്‌റ്റേഷനിലെ മൂന്ന്‌ ഉദ്യോഗസ്‌ഥര്‍ പാലക്കാട്‌ കാഞ്ഞിരപ്പുഴയിലെത്തി. അന്വേഷണത്തിനിടെ പോലീസിന്‌ ഒരു പ്രതിയെ കിട്ടി. ആദിവാസിയായ ചന്ദ്രന്‍. ചന്ദ്രനെ പിടിച്ച്‌ അകത്തിട്ട്‌ പോലീസ്‌ വാറന്റ്‌ നടപ്പിലാക്കി. പത്തു ദിവസം ചന്ദ്രന്‍ റിമാന്‍ഡില്‍ കഴിഞ്ഞു. ഒടുവില്‍ ആളുമാറിപ്പോയി എന്ന്‌ പോലീസ്‌ തിരിച്ചറിഞ്ഞു. ഗത്യന്തരമില്ലാതെ ഇക്കാര്യം കോടതിയെ അറിയിച്ചു.

ഇനി ചിലപ്പോള്‍ ആളുമാറി അറസ്‌റ്റു ചെയ്‌ത ഉദ്യോഗസ്‌ഥര്‍ക്കെതിരേ വകുപ്പുതല നടപടി വന്നേക്കാം. എങ്കിലെന്ത്‌? വീട്ടിലിരുന്ന്‌ ശമ്പളം മേടിക്കാവുന്ന സസ്‌പെന്‍ഷന്‍ - അതായത്‌, ശമ്പളത്തോടെയുള്ള സര്‍ക്കാര്‍ അവധി. പത്തു ദിവസം ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ട ആദിവാസിയുടെ കാര്യമോ? ഓ; മനുഷ്യരല്ലെ തെറ്റുപറ്റുമെന്നാണ്‌ പോലീസ്‌ ഭാഷ. കണ്ണൂര്‍ കതിരൂരില്‍ പുല്ല്യോട്ട്‌ താജുദ്ദീന്‍ എന്ന പ്രവാസി അന്‍പത്തിനാല്‌ ദിവസം ജയിലില്‍ കിടന്നു. മാല മോഷണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാണു പോലീസ്‌ പിടിച്ച്‌ അകത്തിട്ടത്‌.

താജുദ്ദീന്‍ കാലുപിടിച്ചു കരഞ്ഞു, നിങ്ങള്‍ ഉദ്ദേശിക്കുന്ന മോഷ്‌ടാവ്‌ ഞാനല്ല. എല്ലാ മോഷ്‌ടാക്കളും ഇങ്ങനെയേ പറയൂ എന്നായി ഏമാന്‍മാര്‍. ഗള്‍ഫില്‍ നിന്നും അവധിക്കു വന്ന താജുദ്ദീന്‍ മോഷ്‌ടാവ്‌ എന്ന വിശേഷണത്തില്‍ 54 ദിവസം പീഡിപ്പിക്കപ്പെട്ടു. ഒടുവില്‍ പോലീസിന്‌ അബദ്ധം മനസിലായി. ആളുമാറിപ്പോയി. താജുദ്ദീന്‍ പുറംലോകം കണ്ടു.

സാരമില്ല, മനുഷ്യരല്ലേ ആര്‍ക്കാണ്‌ അബദ്ധം പറ്റാത്തത്‌? ആത്മാഭിമാനമുള്ള മനുഷ്യര്‍ക്ക്‌ ഇതു പൊറുക്കാന്‍ പറ്റുമോ? എന്നും കേരളം, പോലീസിലെ ഒരു വിഭാഗം ക്രിമിനലുകളുടെ സ്വന്തം നാടാണ്‌. നെയ്യാറ്റിന്‍കര ഡിവൈ.എസ്‌.പി ഹരികുമാറിന്റെ കാറിനുമുന്നില്‍ കൊടാങ്ങാവിള കാവുവിള സനല്‍കുമാര്‍ തന്റെ കാര്‍ പാര്‍ക്ക്‌ ചെയ്‌തു.

ഏമാന്‍ രാത്രിയില്‍ ഒരു സ്വകാര്യ ഭവന സന്ദര്‍ശനത്തിന്‌ എത്തി തിരികെ ഇറങ്ങുമ്പോഴാണ്‌ തന്റെ പ്രജകളില്‍ ഒരുവന്റെ കാര്‍ മുന്നില്‍ കണ്ടത്‌. ഏമാനത്‌ ഇഷ്‌ടമായില്ല. ആരവിടെ? ആരും വന്നില്ല. ഏമാന്‍ പ്രജയെ തൊഴിച്ചു റെഡിയാക്കി റോഡിലേക്ക്‌ വലിച്ചെറിഞ്ഞു. അമിത വേഗതയില്‍ വന്ന കാര്‍ കയറി ആ യുവാവ്‌ പിടഞ്ഞു.

ഏമാനല്ലെ, കീഴുദ്യോഗസ്‌ഥര്‍ക്ക്‌ ഏമാനെ രക്ഷിക്കണോ, കാര്‍ കയറി പിടയുന്ന പ്രജയെ രക്ഷിക്കണോ എന്നൊരു സംശയം. ആംബുലന്‍സില്‍ മരണ വെപ്രാളമടിച്ച സനല്‍കുമാറിനെ നേരെ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. മൊഴിയെടുത്തിട്ടാവാം ആശുപത്രി എന്നായി ഏമാന്റെ കീഴുദ്യോഗസ്‌ഥരുടെ ചിന്ത. അങ്ങനെ സനല്‍കുമാര്‍ എന്ന നിസഹായന്‍ പോലീസ്‌ സ്‌റ്റേഷനുമുന്നില്‍ നിര്‍ത്തിയിട്ട ആംബുലന്‍സില്‍ പിടഞ്ഞു കിടന്നു. കുറച്ചുകഴിഞ്ഞു മരിച്ചു. ഹരികുമാര്‍ ഏമാന്‍ സുഖമായിരിക്കുന്നു. ഇപ്പോള്‍ ശമ്പളത്തോടെയുള്ള സര്‍ക്കാര്‍ അവധിയില്‍ ഒളിവില്‍ താമസിക്കുന്നു.

ചില കുബുദ്ധികള്‍ ഈ കാലഘട്ടത്തെ സസ്‌പെന്‍ഷന്‍ എന്നു വിളിച്ചാക്ഷേപിക്കും. ഏമാന്‌ മുന്‍കൂര്‍ ജാമ്യം തരപ്പെടുത്താന്‍ വേണ്ട എല്ലാ സ്വാധീനവും ഒത്താശകളുമുണ്ട്‌്. ഏമാന്‍മാരോടാണോ പ്രജകളുടെ കളി? കുറച്ചുകഴിഞ്ഞിതൊക്കെ ജനം മറക്കും. കാലാന്തരത്തില്‍ ഈ സ്‌മര്യപുരുഷന്‍ പ്രശസ്‌ത സേവനത്തിനുള്ള സര്‍ക്കാര്‍ അവാര്‍ഡു വാങ്ങി തുടര്‍ പ്ര?മോഷന്‍ നേടി ജില്ലാ പോലീസ്‌ മേധാവിയാകും. ഏതു സര്‍ക്കാര്‍ വന്നു പോയാലും കേരളത്തിലെ ഏമാന്‍ സംസ്‌ക്കാരം മാറില്ല, മാറാന്‍ ജനം അനുവദിക്കില്ല. സി.പി.എം. പോലീസും ബി.ജെ.പി. പോലീസും കോണ്‍ഗ്രസ്‌ പോലീസും പെരുകിയാല്‍ വരുന്ന ദുരന്തമാണിത്‌. എന്തു നെറികേടു കാണിച്ചാലും രക്ഷിക്കാന്‍ ആളുണ്ടെന്ന തന്റേടം.

രാഷ്‌്രടീയ പോലീസ്‌ മാറി, ഇപ്പോള്‍ ജാതി പോലീസിന്റെ കാലമായി. ഹിന്ദു പോലീസും ക്രിസ്‌ത്യന്‍ പോലീസും മുസ്ലിം പോലീസും... നമ്മെ കാത്തിരിക്കുന്ന മഹാവിപത്താണ്‌, രാഷ്‌ട്രീയ പോലീസും ജാതി പോലീസും. ജാതി പോലീസിന്റെ വേരറുക്കേണ്ടകാലം കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഐ.ജി. മനോജ്‌ ഏബ്രഹാമിനെതിരേ സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റിട്ടവര്‍ക്കെതിരേ കേസെടുത്ത വാര്‍ത്ത പുറത്തു വന്നു. ജാതീയമായി അധിക്ഷേപിച്ചത്രെ.

മനോജ്‌ ഏബ്രഹാമിനേക്കാള്‍ ഉന്നത പദവിയില്‍ ക്രൈസ്‌തവനാമധാരികളായ നിരവധി ഉദ്യോഗസ്‌ഥര്‍ കേരളത്തില്‍ ഉണ്ടായിരുന്നു. മുന്‍ ഡി.ജി.പിമാരായ ഹോര്‍മിസ്‌ തരകന്‍, കെ.ജെ. ജോസഫ്‌, ജേക്കബ്‌ പുന്നൂസ്‌ തുടങ്ങിയവര്‍ പിന്നെ സിബി മാത്യൂസ്‌, വിന്‍സന്‍ എം. പോള്‍ തുടങ്ങിയ ശ്രദ്ധേയരായ ഉദ്യോഗസ്‌ഥര്‍ വേറെയും. ഇവരുടെയൊന്നും ഔദ്യോഗിക ജീവിതകാലത്ത്‌ ഇവര്‍ക്കെതിരേ ഒരു തരത്തിലുള്ള ജാതി പരാമര്‍ശങ്ങളും ഉയര്‍ന്നു വന്നിട്ടില്ല. നിര്‍ണായകവും അതീവഗൗരവതരവുമായ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇവര്‍ ഇടപെടുകയും നടപടി എടുക്കുകയും ചെയ്‌തിരുന്നു.

രാഷ്‌ട്രീയമായി വിമര്‍ശിക്കപ്പെട്ടുകാണും. ജാതീയമായി ഉണ്ടായിട്ടില്ല . മനോജ്‌ ഏബ്രഹാം കഷ്‌ടിച്ച്‌ പമ്പവരെ പോയതേയുള്ളൂ. അപ്പോഴേക്കും...? ലോകോളേജ്‌ സമരമുഖത്തും ഡി.ജി.പി. ഓഫീസിനുമുന്നില്‍ നിരാലംബയായ ഒരമ്മ സമരം ചെയ്‌തപ്പോഴും പ്രത്യക്ഷപ്പെട്ട മനോജ്‌ ഏബ്രഹാമിനെ ശബരിമലയില്‍ കണ്ടപ്പോള്‍ സമൂഹം പലതും വിചാരിച്ചുകാണും, രാഷ്‌ട്രീയ പോലീസിനെ ജാതി പോലീസായി തെറ്റിദ്ധരിച്ചതാകും.

Ads by Google
Ads by Google
Loading...
TRENDING NOW