Sunday, July 21, 2019 Last Updated 15 Min 34 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 23 Nov 2018 01.57 AM

സന്നിധാനം ഐ.ജിയും നിലയ്‌ക്കല്‍ എസ്‌.പിയും

uploads/news/2018/11/267110/sp.jpg

സന്നിധാനത്തെ ഐജിയെപ്പറ്റിയും നിലയ്‌ക്കലെ എസ്‌.പിയെക്കുറിച്ചും കോടതി ചിലതു പറഞ്ഞു. നിസാരമായല്ല പറഞ്ഞത്‌. ചിലത്‌ ഓര്‍മിച്ചതാണ്‌; മാധ്യമങ്ങളും പൊതുസമൂഹവും മറന്നതു െഹെക്കോടതി ഓര്‍മിപ്പിച്ചു. ഭക്‌തജനങ്ങളെ സംസ്‌കാരത്തോടെയും സമചിത്തതയോടെയും സ്വീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടവരാണ്‌ ഇവര്‍. ഇവരുടെ പശ്‌ചാത്തലം ഓര്‍മിപ്പിച്ച കേരള െഹെക്കോടതി, മാധ്യമങ്ങള്‍ ബോധപൂര്‍വം ഓര്‍മിപ്പിക്കാതിരിക്കാന്‍ ശ്രമിച്ച അനുഭവങ്ങളിലേക്കാണ്‌ വിരല്‍ച്ചൂണ്ടിയത്‌.

പാലക്കാട്ടെ സമ്പത്ത്‌ വധക്കേസില്‍ ആരോപണവിധേയനാണ്‌ ഐജി വിജയസാക്കറെ. കേസിന്റെ നാള്‍വഴികള്‍ ജനം മറന്നു കഴിഞ്ഞത്‌ ഐജിക്ക്‌ ഗുണമായി. െവെപ്പിന്‍ സമരത്തിന്‌ മാസങ്ങളുടെ പഴക്കമേയുള്ളൂ. തെരുവില്‍ കണ്ടവരെ മുഴുവന്‍ പേപിടിച്ചമട്ടില്‍ തല്ലിയോടിച്ച വീരനാണ്‌ യതീഷ്‌ചന്ദ്ര. ചെറിയ കിട്ടികളെപ്പോലും ഈ വിദ്വാന്‍ വെറുതെവിട്ടില്ല. പിന്നീട്‌ മനുഷ്യാവകാശകമ്മിഷന്റെ മുന്നില്‍ മാപ്പിരന്ന്‌ നില്‌ക്കുന്ന യതീഷ്‌ചന്ദ്രയുടെ ഉളുപ്പില്ലാത്തദൃശ്യം നാട്ടുകാര്‍ മറന്നുകാണും. മറവിയുടെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച ഈ ഉദ്യോഗസ്‌ഥരാണ്‌ ശബരിമലയിലെ അതീവഗുരുതരമായ സാഹചര്യത്തെ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്‌; കോടതി ഇതില്‍ ആശങ്ക പ്രകടിപ്പിച്ചു.

ഏതു സര്‍ക്കാര്‍ വന്നാലും ഇത്തരം ഉദ്യോഗസ്‌ഥര്‍ മുന്‍നിരയില്‍ വിശ്വസ്‌തരായി കാണും, മര്‍ദനോപകരണമെന്ന നിലയില്‍. ഇവരുടെ മാതൃക പോലീസ്‌ മേധാവികളായിരുന്ന എം.കെ. ജോസഫോ, ഹോര്‍മിസ്‌ തരകനോ ഒന്നുമല്ല. കുപ്രസിദ്ധരായ ജയറാം പടിക്കലും ലക്ഷ്‌മണയും പുലിക്കോടന്‍ നാരായണനുമൊക്കെയാണ്‌. മര്യാദയും മനുഷ്യത്വവുമുള്ള ഒട്ടനവധി ഐ.പി.എസ്‌. ഉദ്യോഗസ്‌ഥര്‍ കേരളത്തിലുണ്ട്‌; അവര്‍ കുപ്രസിദ്ധരാകാന്‍ ആഗ്രഹിക്കുന്നില്ല. പൊതുജനത്തിന്റെ പിടലിക്കുകയറി കുപ്രസിദ്ധരാകാന്‍ ട്രയിനിംഗ്‌ നടത്തുന്നവര്‍ക്കുള്ള രൂക്ഷമായ മുന്നറിയിപ്പാണ്‌ െഹെക്കോടതി നല്‍കിയത്‌. വിജയ്‌ സാക്കറെയുടെയും യതീഷ്‌ചന്ദ്രയുടെയും സര്‍വീസ്‌ ബുക്കില്‍ കോടതി പരാമര്‍ശം കട്ടപിടിച്ചു കിടക്കണം.

ഇത്തരം ഉദ്യോഗസ്‌ഥര്‍ക്ക്‌ രക്ഷാകവചനമൊരുക്കാന്‍ ഐ.പി.എസ്‌. അസോസിയേഷന്‍ രംഗത്തുവന്നിരിക്കുന്നു. കോടതി കുറ്റപ്പെടുത്തിയ ഉദ്യോഗസ്‌ഥരെ വെള്ളപൂശാന്‍ സംഘടന നേരിട്ട്‌ രംഗത്തിറങ്ങുന്നു! ഇത്‌ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരേണ്ടതല്ലേ?
മുതിര്‍ന്ന ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനായ ടോമിന്‍ തച്ചങ്കരിയെ ആനത്തലവട്ടം ആനന്ദന്‍ വ്യക്‌തിപരമായി ആക്ഷേപിച്ച്‌ സംസാരിക്കുകയുണ്ടായി. ഭീഷണിപ്പെടുത്തുകയും ചെയ്‌തു. കെ.എസ്‌.ആര്‍.ടി.സിയില്‍ തച്ചങ്കരി നടത്തിയ മാറ്റങ്ങള്‍ക്കെതിരേ കലിപൂണ്ട ചെറുകിട നേതാക്കളും അദ്ദേഹത്തെ വ്യക്‌തിപരമായി ആക്ഷേപിച്ചു. തച്ചങ്കരി തെങ്ങില്‍ക്കയറി ചെത്താന്‍ തയാറാകുമോ എന്നുവരെ ആനത്തലവട്ടം പരിഹസിച്ചു.

അന്ന്‌ എവിടെപ്പോയി ഐ.പി.എസ്‌. അസോസിയേഷന്‍? ടോമിന്‍ തച്ചങ്കരിക്ക്‌ ഒരു നീതി, സന്നിധാനം ഐജിക്കും നിലയ്‌ക്കല്‍ എസ്‌പിക്കും മറ്റൊരു നീതി; ഇതാണ്‌ ഇരട്ടനീതി. കയ്യിലിരുപ്പ്‌ മോശമായാല്‍ ജനം തിരിയും. കോടതി വിമര്‍ശിക്കും. അസോസിയേഷനെ ഇറക്കി പൊതുജനത്തെ വിരട്ടാമെന്നാണിവരുടെ കണക്കുകൂട്ടല്‍. യഥാര്‍ഥത്തില്‍ കോടതി പരാമര്‍ശം നീക്കിക്കിട്ടാന്‍ സന്നിധാനം, നിലയ്‌ക്കല്‍ ഐ.പി.എസുകാര്‍ മേല്‍ക്കോടതിയെ സമീപിക്കുകയാണു വേണ്ടത്‌.

ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരെ രാഷ്‌ട്രീയക്കാരും സംഘടനാ നേതാക്കളും വിമര്‍ശിക്കുന്നതും നാട്ടില്‍ പതിവാണ്‌. വിമര്‍ശനത്തില്‍ കാര്യം കാണാം, ഇല്ലാതിരിക്കാം. ഇതിനെല്ലാം ഇങ്ങനെപോയാല്‍ നാളെ മുതല്‍ ഐ.എ.എസ്‌. അസോസിയേഷന്‍ രംഗത്തിറങ്ങുമോ? കേരളത്തില്‍ ക്രമസമാധാനപാലനത്തില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദം അനുഭവിക്കുന്നത്‌ എസ.്‌ഐമാരും സി.ഐമാരുമാണ്‌. ഇവരില്‍ പലര്‍ക്കുമെതിരേ ആരോപണങ്ങളും അധിക്ഷേപങ്ങളും ഭീഷണിയും ഉയരാറുണ്ട്‌.

കടുത്ത മാനസിക സംഘര്‍ഷത്തിലാണ്‌ പലരും. ഏതു സര്‍ക്കാരിന്റെ കാലത്തും നിലയില്‍ കാര്യമായ വ്യത്യാസം കാണില്ല. പക്ഷേ, ഒരിടത്തും എസ്‌.ഐമാരെയും സി.ഐമാരെയും സംരക്ഷിക്കാന്‍ അവരുടെ സംഘടന രക്ഷാകവചം ഒരുക്കിയതായി കേട്ടിട്ടില്ല. ഉന്നത ഉദ്യോഗസ്‌ഥരുടെ രാഷ്‌ട്രീയക്കളിക്ക്‌ ഇരയാകുന്ന താഴെത്തട്ടിലുള്ള ഉദ്യോഗസ്‌ഥര്‍ ഇതൊക്കെ സഹിച്ചു കഴിയും, അത്രതന്നെ.

ഒരുവിഭാഗം ഐ.പി.എസുകാര്‍ക്കെന്താ കൊമ്പുണ്ടോ? കേരളം ഇവര്‍ക്ക്‌ സുരക്ഷിതമാണ്‌. ഒഴിവുകാല വിനോദം പോലെയാണ്‌ പല മറുനാടന്‍ ഐ.പി.എസുകാരും കേരളത്തിലെ ഔദ്യോഗിക ജീവിതത്തെ കാണുന്നത്‌. ഛത്തിസ്‌ഗഡ്‌ പോലുള്ള മാവോവാദ മേഖലയില്‍ പോയി പണിയെടുത്താന്‍ കാര്യം പെട്ടെന്നു മനസിലാകും. വി.ഐ.പി. െശെലിയില്‍ ആഡംബരജീവിതം നയിക്കുന്ന ഇവരുടെ നേര്‍ക്ക്‌ ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍ അതാ അസോസിയേഷന്‍! െവെപ്പിനില്‍ യതീഷ്‌ചന്ദ്രയുടെ മര്‍ദനത്തില്‍ മറിഞ്ഞുവീണ പിതാവിന്റെ പിടിവിട്ട ചെറിയകുട്ടി ദീനദീനം നിലവിളിച്ചപ്പോഴും അമ്മമാരും സഹോദരിമാരും വലിച്ചിഴക്കപ്പെട്ടപ്പോഴും ഇതെല്ലാം ദൃശ്യങ്ങളായി കണ്ടിരുന്നുപോയ ഐ.പി.എസ്‌. അസോസിയേഷന്‍ നേതാക്കള്‍ക്ക്‌ എന്തുതോന്നി?

െവെപ്പിന്‍, ശബരിമലയില്‍ ആവര്‍ത്തിക്കാതിരിക്കാനാണ്‌ െഹെക്കോടതി ഇടപെട്ടത്‌. കേരളത്തില്‍ മാവോവാദം ദുര്‍ബലമായതിനെ സൗകര്യമായി കാണേണ്ടതില്ല. അംഗീകരിക്കുന്നില്ലെങ്കിലും മാവോവാദത്തെ ആശയപരമായ നിലപാട്‌ എന്ന നിലയ്‌ക്കാണ്‌ സുപ്രീംകോടതി കണ്ടത്‌. മാവോവാദത്തിന്‌ രാഷ്‌ട്രീയ പരിഹാരമാണ്‌ വേണ്ടതെന്നാണ്‌ സി.പി.എമ്മും സി.പി.ഐയും പറഞ്ഞിട്ടുള്ളതും.

Ads by Google
Ads by Google
Loading...
TRENDING NOW