Sunday, July 21, 2019 Last Updated 11 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 09.25 AM

ചെറുപ്പത്തില്‍ തല്ലുകൊണ്ടത് വെറുതെയായില്ല, സീനിയേഴ്സിനെ വിറപ്പിച്ച ഗ്രേസ് ആന്റണി

''പുതുമുഖ നായിക ഗ്രേസ് ആന്റണിയുടെ സിനിമാ വിശേഷങ്ങളിലൂടെ...''
uploads/news/2019/03/296883/GraceAntonyINW250319a.jpg

രാത്രി ശുഭരാത്രി... ഈ പാട്ട് കേള്‍ക്കുമ്പോള്‍ സന്തോഷ് പണ്ഡിറ്റിനൊപ്പം മനസില്‍ വരുന്ന മറ്റൊരു മുഖമുണ്ട്. ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തില്‍ ഷറഫുദ്ദീന്റേയും സിജു വില്‍സന്റേയും കഥാപാത്രങ്ങള്‍ റാഗ് ചെയ്യുന്ന ആ ജൂനിയര്‍ പെണ്‍കുട്ടിയെ പ്രേക്ഷകരില്‍ പലരും മറന്നു കാണില്ല.

സീനിയേഴ്‌സിനെ ഞെട്ടിച്ച് നിര്‍ത്താതെ പാട്ടു പാടിയ ആ പെണ്‍കുട്ടി പിന്നീട് ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും പ്രേക്ഷകര്‍ക്ക് പരിചയം ആ പാട്ടുകാരിയെ തന്നെയായിരുന്നു.

സീനിയേഴ്സിനെ വിറപ്പിച്ച ഗ്രേസ് ആന്റണി ഇപ്പോഴിതാ കുമ്പളങ്ങി നൈറ്റ്സിലൂടെ ഫഹദിന്റെ ഭാര്യയായി അഭിനയിച്ച് പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുന്നു.

കുമ്പളങ്ങി നൈറ്റ്സ്


ഫഹദിക്കയുടെ ഷമ്മി എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണെനിക്ക്. സിമി എന്നൊരു പാവം കുമ്പളങ്ങിക്കാരി പെണ്‍കുട്ടി. ഭര്‍ത്താവിനെയും വീട്ടുകാരെയുമൊക്കെ സ്നേഹിക്കുന്ന ഒരു സാധാരണക്കാരി. ബോള്‍ഡാണെങ്കിലും സാഹചര്യങ്ങള്‍കൊണ്ട് ഉള്‍വലിഞ്ഞ് നില്‍ക്കേണ്ടി വരുന്നൊരു കഥാപാത്രമാണ് സിമി.

ശ്യാമേട്ടനാണ് (തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍) എന്നെ ഈ ചിത്രത്തിലേക്ക് വിളിച്ചത്. ആ ഫോണ്‍കോള്‍ വന്നപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല, ഡബിള്‍ ഒ.കെ എന്ന് പറഞ്ഞു.

സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ താല്‍പര്യം തോന്നിയിരുന്നു. ശ്യാമേട്ടന്റെ സ്‌ക്രിപ്റ്റില്‍ ഒരു ചെറിയ കഥാപാത്രമെങ്കിലും അവതരിപ്പിക്കാന്‍ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്.

കുമ്പളങ്ങി ഡേയ്‌സ്


കുമ്പളങ്ങി എന്ന തുരുത്തിലെ കുറേ സാധാരണക്കാരുടെ കഥയാണ് കുമ്പളങ്ങി നൈറ്റ്സ്. അമ്മയുടെ വീട് കൊച്ചിയിലായതുകൊണ്ട് കുമ്പളങ്ങി സ്ലാങ് പഠിക്കാന്‍ വലിയ ബുദ്ധിമുട്ട് തോന്നിയില്ല. അമ്മയുടെ കീഴിലായിരുന്നു പഠനം.
uploads/news/2019/03/296883/GraceAntonyINW250319.jpg

അതുവരെ ഞാന്‍ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ പക്വതയുള്ള കഥാപാത്രമായിരുന്നു സിമി. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അമ്മയും അടുത്ത വീട്ടിലെ ചേച്ചിയുമൊക്കെ വീടുകളില്‍ എങ്ങനെയാണ് പെരുമാറുന്നതെന്ന് നോക്കി മനസിലാക്കണമെന്ന് പറഞ്ഞിരുന്നു. പിന്നെ അമ്മയുടെ പുറകെ നടക്കുകയായിരുന്നു.

ഹാപ്പിവെഡ്ഡിങ്


സുഹൃത്തായ ഷാന്‍ ചേട്ടന്‍ അയച്ചു തന്ന കാസ്റ്റിങ് കോള്‍ കണ്ടിട്ടാണ് ഹാപ്പി വെഡ്ഡിങ്ങിന്റെ ഓഡീഷനില്‍ പങ്കെടുക്കുന്നത്. ആദ്യത്തെ ഓഡീഷനായിരുന്നു അത്. ചിത്രത്തില്‍ എന്റേത് ചെറിയൊരു കഥാപാത്രമായിരുന്നെങ്കിലും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

കുട്ടികള്‍ പോലും ഹാപ്പി വെഡ്ഡിങ്ങിലെ ടീനയെ തിരിച്ചറിഞ്ഞിരുന്നു. ആ സിനിമ കണ്ടിട്ടാണ് ശ്യാമേട്ടന്‍ എന്നെ വിളിച്ചത്. അതുകൊണ്ടുതന്നെ ടീന എന്ന കഥാപാത്രത്തെ ജീവിതത്തിലൊരിക്കലും മറക്കാനാവില്ല.

യങ് ചാമിങ് ടീം


എപ്പോഴും നല്ല സിനിമകള്‍ സമ്മാനിച്ചിട്ടുള്ളൊരു ടീമാണ് കുമ്പളങ്ങി നൈറ്റ്സിന്റേത്. എല്ലാവരും വളരെ ജോളിയാണെങ്കിലും വര്‍ക്കിന്റെ കാര്യം വരുമ്പോള്‍ സീരിയസാകും. ഫഹദിക്ക നോര്‍മ്മലായിട്ടൊന്ന് ചിരിച്ച് കാണണമെങ്കില്‍ അന്നത്തെ ഷൂട്ട് കഴിയണം. അതുവരെ കഥാപാത്രത്തെ കുറിച്ച് ചിന്തിച്ച് കഥാപാത്രമായി പെരുമാറുന്ന ആളാണദ്ദേഹം.

തല്ല് വാങ്ങിയ കഥ


സിനിമയില്‍ അഭിനയിക്കണമെന്നത് കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമാണ്. ചെറുപ്പത്തില്‍ ആരാകണമെന്ന് ചോദിച്ചാല്‍ നടിയാകണമെന്നായിരുന്നു എന്റെ ഉത്തരം. അതിന് അമ്മയുടെ കൈയ്യില്‍ നിന്ന് കുറേ അടിയും വാങ്ങിയിട്ടുണ്ട്.

എത്ര തല്ലിയാലും ഞാന്‍ കലാപരമായ കരിയറേ തെരഞ്ഞെടുക്കൂ എന്ന് വീട്ടുകാര്‍ക്ക് മനസിലായി. കുമ്പളങ്ങി നൈറ്റ്സ് കണ്ടപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും അമ്മയാണ്.

ചിലങ്കയുടെ താളം


ചെറുപ്പം മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. കാലടി ശങ്കരാചാര്യ കോളജില്‍ നിന്ന് ഭരതനാട്യത്തില്‍ ഡിഗ്രി ചെയ്തു. സെക്കന്‍ഡ് ഇയര്‍ പഠിക്കുമ്പോഴായിരുന്നു ഹാപ്പി വെഡ്ഡിങ്ങില്‍ അഭിനയിച്ചത്. പിന്നീട് ഒരു സ്‌കൂളില്‍ നൃത്താധ്യാപികയായിരുന്നു. ഇതിനിടയില്‍ ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം, കാംബോജി എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളൊക്കെ ചെയ്തു. ജോലി രാജി വച്ചിട്ടാണ് കുമ്പളങ്ങി നൈറ്റ്സില്‍ അഭിനയിച്ചത്.
uploads/news/2019/03/296883/GraceAntonyINW250319b.jpg
ഗ്രേസ് ആന്റണി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം

കുടുംബം


എറണാകുളം മുളന്തുരുത്തിയിലാണ് എന്റെ വീട്. അച്ഛന്‍ ആന്റണി, അമ്മ ഷൈനി, ചേച്ചി മേരി സെലീന, അവരാണ് എന്റെ ബാക്ബോണ്‍. എന്നെ സ്‌ക്രീനില്‍ കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും അവരാണ്.

രാത്രി ശുഭരാത്രി...


ഹാപ്പി വെഡ്ഡിങ്ങിലെ റാഗിങ് സീന്‍ ട്രോളര്‍മാര്‍ ഏറ്റെടുത്തതോടെയാണ് ഞാന്‍ ശ്രദ്ധിക്കപ്പെട്ടത്. ഫണ്‍ ട്രോളുകളേക്കാള്‍ പി.എസ്.സി റിലേറ്റഡ് ട്രോളായാണ് ആ സീന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പരീക്ഷകളില്‍ ഒരു മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ ഞാന്‍ അഭിനയിച്ച ആ സീന്‍ സഹായിച്ചു എന്ന് ചില സുഹൃത്തുക്കളൊക്കെ പറഞ്ഞപ്പോള്‍ സന്തോഷം തോന്നി.

പുതുചിത്രം

ഷമീര്‍ താഹിറും ഷൈജു ഖാലിദ് നിര്‍മ്മിക്കുന്ന പുതിയൊരു ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞു. വിനയ് ഫോര്‍ട്ടാണ് നായകന്‍. ആ ചിത്രത്തിലെ മൂന്ന് നായികമാരിലൊരാളാണ്. ഇനിയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കണമെന്നുണ്ട്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW