Sunday, July 21, 2019 Last Updated 7 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 02.37 PM

നോമ്പുതുറക്കാം വിഭവസമൃദ്ധമായി...

റമ്‌സാന്‍ നോയമ്പുകഴിഞ്ഞു. ഇത്തവണത്തെ റമ്‌സാന് സ്പെഷ്യല്‍ മട്ടന്‍ വിഭവങ്ങള്‍ തയാറാക്കാം...
Ramzan Special Cookery

മട്ടന്‍ ഫ്രൈ


ആവശ്യമുള്ള സാധനങ്ങള്‍
മട്ടന്‍ (ഇടത്തരം കഷണങ്ങളായി മുറിച്ചത്) - 500 ഗ്രാം
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
കറുവാപ്പട്ട - ഒരെണ്ണം
ഗ്രാമ്പൂ - 2 എണ്ണം
ഏലയ്ക്ക - ഒരെണ്ണം
പെരുംജീരകം - 1/2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടേബിള്‍ സ്പൂണ്‍
വെള്ളം - ആവശ്യത്തിന്
പച്ചമുളക് നീളത്തിലരിഞ്ഞത് - 3 എണ്ണം
ഗരം മസാലപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
സവാള അരിഞ്ഞത് - ഒരു കപ്പ്
മല്ലിയില - ഒരു തണ്ട്
എണ്ണ - 1 1/2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


മട്ടനില്‍ മുളകുപൊടി, ഇഞ്ചി അരിഞ്ഞത്, മഞ്ഞള്‍പ്പൊടി, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, പെരുംജീരകം, ഉപ്പ്, വെളളം ഇവ ചേര്‍ത്ത് യോജിപ്പിച്ച ശേഷം പ്രഷര്‍കുക്കറിലിട്ട് വേവിച്ചെടുക്കാം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി, അതിലേക്ക് കറിവേപ്പില, അരിഞ്ഞുവച്ചിരിക്കുന്ന സവാള, പച്ചമുളക് ഇവ ചേര്‍ത്ത് സവാള ഇളം ബ്രൗണ്‍ നിറം ആകുന്നത് വരെ വഴറ്റുക. ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റി വേവിച്ചുവച്ചിരിക്കുന്ന ഇറച്ചിയും, ഗരംമസാലപ്പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. വെള്ളം വറ്റി മട്ടന്‍ നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ അടുപ്പില്‍നിന്നിറക്കി വയ്ക്കാം.
Ramzan Special Cookery

ചെട്ടിനാട് മട്ടന്‍


ആവശ്യമുള്ള സാധനങ്ങള്‍
മട്ടന്‍ - 1/2 കിലോ (ഇടത്തരം കഷണങ്ങളായി മുറിച്ചത്)
സവാള നീളത്തിലരിഞ്ഞത് - 2 എണ്ണം
ചെറിയ ഉള്ളി അരിഞ്ഞത് - 7 എണ്ണം
വെളുത്തുള്ളി ചതച്ചത് - ഒരു തുടം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍സ്പൂണ്‍
മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
കുരുമുളക് - 5 എണ്ണം
ഗ്രാമ്പൂ - ഒരെണ്ണം
കറുവാപ്പട്ട - ഒരെണ്ണം
വയനയില - ഒരെണ്ണം
പെരുംജീരകം - 1/4 ടീസ്പൂണ്‍
തേങ്ങ ചിരകിയത് - 1/2 കപ്പ്
കടുക് - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്
കറിവേപ്പിലല - 2 തണ്ട്

തയാറാക്കുന്ന വിധം


മട്ടന്‍ കഴുകി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞള്‍പ്പൊടി, പകുതി മുളകുപൊടി എന്നിവ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കിചെറിയ ഉള്ളി അരിഞ്ഞത്, വെളുത്തുള്ളി ചതച്ചത് എന്നിവയിട്ടു വഴറ്റുക. ഇതിലേയ്ക്ക് മല്ലിപ്പൊടി, ബാക്കി മുളകുപൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ചശേഷം മട്ടന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി അടച്ച് മൂന്നു വിസില്‍ വരുന്നതുവരെ വേവിക്കുക. ആവി പോയശേഷം കുക്കര്‍ തുറന്ന് അല്‍പ്പസമയംകൂടി അടുപ്പില്‍വച്ച് വെള്ളം വറ്റിച്ചെടുക്കാം. ഒരു പാനില്‍ ഗ്രാമ്പൂ, കറുവാപ്പട്ട, വയനയില, കുരുമുളക്, പെരുംജീരകം എന്നിവയിട്ടു വറുത്ത് ചൂടാറിക്കഴിയുമ്പോള്‍ അല്‍പം വെളളം ചേര്‍ത്തു പേസ്റ്റുപോലെ അരച്ചെടുക്കാം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതിലേയ്ക്ക് സവാള, കറിവേപ്പില, തേങ്ങ എന്നിവയിട്ടു വഴറ്റുക. ഇതിലേക്ക് അരച്ചു വച്ചിരിയ്ക്കുന്ന അരപ്പും വെള്ളം വറ്റിച്ചെടുത്ത മട്ടന്‍ കഷ്ണങ്ങളും ചേര്‍ത്തിളക്കാം. മസാല മട്ടനില്‍ പിടിച്ചശേഷം അടുപ്പില്‍ നിന്നിറക്കി വയ്ക്കാം.
Ramzan Special Cookery

മട്ടന്‍ ഗീ റോസ്റ്റ്


ആവശ്യമുള്ള സാധനങ്ങള്‍
മട്ടന്‍ ഇടത്തരം കഷണങ്ങളായി മുറിച്ചത് - 1/2 കിലോ
നെയ്യ് - 3 ടേബിള്‍ സ്പൂണ്‍
തക്കാളി അരച്ചത് - 1/2 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
ഗരം മസാലപ്പൊടി - ഒരു ടീസ്പൂണ്‍
ജീരകപ്പൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉണക്കമുളക് - 2 എണ്ണം
വാളന്‍പുളി പിഴിഞ്ഞത് - ഒരു ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത് - ഒരു പിടി
കറിവേപ്പില - 2 തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


ഒരു പാനില്‍ നെയ്യ് ചൂടാക്കുക. ഇതിലേയ്ക്ക് ജീരകപ്പൊടി, ഉണക്കമുളക്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് തക്കാളി അരച്ചതും ചേര്‍ക്കാം. ശേഷം മല്ലിപ്പൊടി, മുളകുപൊടി എന്നിവയും ആവശ്യമെങ്കില്‍ കുറച്ചുകൂടി നെയ്യും ചേര്‍ത്തിളക്കാം. ഇനി ഇതിലേക്ക് മട്ടന്‍ കഷണങ്ങള്‍, ഉപ്പ്, ഗരം മസാല, പുളിവെള്ളം, കുരുമുളകുപൊടി എന്നിവയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കാം. വെന്ത ശേഷം മല്ലിയില ചേര്‍ത്ത് അടുപ്പില്‍നിന്ന് വാങ്ങാം.
Ramzan Special Cookery

മട്ടന്‍ ലിവര്‍ പെപ്പര്‍ ഫ്രൈ


ആവശ്യമുള്ള ചേരുവകള്‍
മട്ടന്‍ ലിവര്‍ - 1/2 കിലോ
കുരുമുളകുപൊടി - 4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ഗരം മസാലപ്പൊടി - 1/2 ടീസ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത്- 2 എണ്ണം
തക്കാളി അരിഞ്ഞത് - ഒരെണ്ണം
ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ കഷണം
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 4 അല്ലി
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - 3 എണ്ണം
എണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
മല്ലിയില, കറിവേപ്പില - കുറച്ച് വീതം

തയാറാക്കുന്ന വിധം


ലിവര്‍ വൃത്തിയാക്കി ഉപ്പും കുരുമുളകുപൊടിയും മഞ്ഞള്‍പ്പൊടിയും അല്‍പ്പം വെള്ളവും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചെറിയഉള്ളി വഴറ്റുക. നിറം മാറിത്തുടങ്ങുമ്പോള്‍ അതിലേക്ക് അരിഞ്ഞുവച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചേര്‍ക്കാം. ശേഷം തക്കാളിയും ചേര്‍ത്ത് വഴറ്റി മഞ്ഞള്‍പ്പൊടിയും ഉപ്പും ഗരം മസാലയും ചേര്‍ത്തിളക്കുക. ഇതിലേക്ക് വേവിച്ച ലിവര്‍ വെള്ളത്തോടെ ചേര്‍ക്കുക.നന്നായി ഇളക്കി റോസ്റ്റ് പരുവമായാല്‍ മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് അടുപ്പില്‍ നിന്നിറക്കി വയ്ക്കാം.

മട്ടന്‍ കട്ട്‌ലറ്റ്


ആവശ്യമുള്ള സാധനങ്ങള്‍
മട്ടന്‍ - 250 ഗ്രാം (ചെറുതായി മുറിച്ചത്)
സവാള അരിഞ്ഞത് - ഒരെണ്ണം
പച്ചമുളക് - 2 എണ്ണം
മല്ലിയില - 1/2 കപ്പ്
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - 5 അല്ലി
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ഗരം മസാല - 1/4 ടീസ്പൂണ്‍
പെരുംജീരകം പൊടിച്ചത് - 1/4 ടീസ്പൂണ്‍
ചാട്ട് മസാല - 1/4 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


മട്ടണ്‍ കഴുകി വൃത്തിയാക്കി വെള്ളം വാര്‍ന്നുപോകാന്‍ വയ്ക്കുക.
മിക്സിയുടെ ജാറിലേക്ക് മട്ടന്‍, സവാള അരിഞ്ഞത്, പച്ചമുളക്, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. ഇതൊരു മിക്സിങ് ബൗളിലേക്ക് ഇട്ട് മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കുക. 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കാം. തവ ചൂടാക്കി അതിലേക്ക് രണ്ട് ടേബി ള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് മട്ടണ്‍ കൂട്ടില്‍ നിന്ന് കുറേശ്ശെ എടുത്ത് പരത്തി രണ്ട് വശവും തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കാം.
Ramzan Special Cookery

മൈസൂര്‍ മട്ടന്‍ ചോപ്‌സ്


ആവശ്യമുള്ള സാധനങ്ങള്‍
മട്ടന്‍ - 500 ഗ്രാം (ചെറിയ കഷണങ്ങളായി മുറിച്ച് വൃത്തിയാക്കിയെടുത്തത്)
തൈര് - 100 മില്ലി
തേങ്ങ ചിരകിയത് - 1/4 കപ്പ്
പച്ചമുളക് നടുവേ കീറിയത് - 5എണ്ണം
സവാള നീളത്തിലരിഞ്ഞത് - 2 എണ്ണം
മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് - ഒരു ടേബിള്‍ സ്പൂണ്‍
ഗ്രാമ്പൂ - 3 എണ്ണം
ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ കഷണം
വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് - 10 അല്ലി
മല്ലിയില - കുറച്ച്
തക്കാളി - ഒരെണ്ണം (ചെറിയ കഷണങ്ങളാക്കിയത്)
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


തൈരും ഉപ്പും ചേര്‍ത്തിളക്കി ഇത് മട്ടനില്‍ പുരട്ടി വയ്ക്കുക. ചീനച്ചിട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് പച്ചമുളക്, വെളുത്തുള്ളി, ഗ്രാമ്പൂ, മല്ലിപ്പൊടി, തേങ്ങ ചിരകിയത്, പകുതി ഇഞ്ചി, ഇവ ചേര്‍ത്ത് വറുത്തുകോരിയെടുക്കുക. അടുപ്പില്‍നിന്നിറക്കി തണുത്ത ശേഷം പൊടിച്ചെടുക്കാം.ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ബാക്കിവന്ന ഇഞ്ചി, സവാള, തക്കാളി ഇട്ട് വഴറ്റി മട്ടനും ചേര്‍ത്ത് അഞ്ച് മിനിറ്റ് വഴറ്റുക. ഇതിലേക്ക് പൊടിച്ച മസാല, കുരുമുളകുപൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവച്ച് മട്ടന്‍ കുറുകി വരുന്നതുവരെ വേവിക്കുക. അടുപ്പില്‍നിന്നിറക്കിയ ശേഷം മല്ലിയില വിതറി വിളമ്പാം.
Ramzan Special Cookery

മട്ടന്‍ ബ്രഡ്ഡ് പിസ്സ


ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ്ഡ് - 8 കഷണം (വശങ്ങള്‍ മുറിച്ചുമാറ്റിയത്)
മട്ടന്‍ - 200 ഗ്രാം
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - 5 അല്ലി
പച്ചമുളക് - 2 എണ്ണം
ക്യാപ്സിക്കം - ഒരെണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
തക്കാളി - ഒരെണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
സവാള - ഒരെണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
മുട്ട - 2 എണ്ണം
പാല്‍ - 2 ടീസ്പൂണ്‍
ഉപ്പ് - ഒരുനുള്ള്
ചീസ് ഷീറ്റ് - 2 എണ്ണം
ബട്ടര്‍ - 40 ഗ്രാം

തയാറാക്കുന്ന വിധം


ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ഇവ അരച്ച് ഇറച്ചിയില്‍ പുരട്ടി വേവിക്കുക. ചൂടാറിയ ശേഷം മിക്സിയില്‍ ചതച്ചെടുക്കുക
ഒരു ബ്രഡ്ഡിനുമുകളില്‍ മയൊണൈസ് പുരട്ടുക. അതിനു നടുവില്‍ വട്ടത്തില്‍ മുറിച്ച ഒരു ക്യാപ്‌സിക്കത്തിന്റെ കഷണം വച്ച് ക്യാപ്‌സിക്കത്തിന്റെ നടുവില്‍ മട്ടന്‍ ചതച്ചത് കുറച്ച് വയ്ക്കാം. ഇതിനു മുകളിലായി സവാളയും തക്കാളിയും അരിഞ്ഞത് ഓരോ കഷണംവച്ച് മറ്റൊരു കഷണം ബ്രഡ്ഡ്കൊണ്ട് മൂടി നന്നായി അമര്‍ത്തണം. ഇത്തരത്തില്‍ രണ്ടെണ്ണം ഉണ്ടാക്കിയെടുക്കണം. മുട്ട പാലും ഉപ്പും ചേര്‍ത്തടിച്ചുവയ്ക്കുക. ഇതിലേക്ക് തയാറാക്കിവച്ച ബ്രഡ്ഡ് മുക്കിയെടുക്കുക. പാന്‍ ചൂടാക്കി ബട്ടര്‍ ഉരുക്കി ഓരോ വശവും തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുത്ത് ഒരെണ്ണത്തിന്റെ മുകളില്‍ ഒരു കഷണം ചീസ് സ്ളയിസ് വച്ച് അതിനുമുകളില്‍ അടുത്ത കഷണം വയ്ക്കാം. ചീസ് ഉരുകിത്തുടങ്ങുമ്പോള്‍ അടുപ്പില്‍നിന്നിറക്കിവയ്ക്കാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Tuesday 04 Jun 2019 02.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW