Sunday, July 21, 2019 Last Updated 16 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 03.11 PM

ഞാന്‍ ഇങ്ങനാണ് ഭായ്... തോന്നുന്നത് പറയും- അനാര്‍ക്കലി

''ആനന്ദത്തിലൂടെ മലയാള സിനിമയിലെത്തിയ ബോ ള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നായിക, അനാര്‍ക്കലി മരിക്കാറിന്റെ സിനിമ വിശേഷങ്ങളിലൂടെ. ''
Actress Anarkali Marikar Interview

ആനന്ദത്തില്‍ സൈലന്റ് ക്യാറ്റായി നടന്ന ദര്‍ശനയില്‍ നിന്ന് അനാര്‍ക്കലി മരിക്കാര്‍ ഏറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞു. അമലയിലെ ടൈറ്റില്‍ കഥാപാത്രവും മന്ദാരവും വിമാനവും കടന്ന് ഉയരെ എന്ന ചിത്രത്തിലെത്തി നില്‍ക്കുകയാണീ പെണ്‍കുട്ടി.

അനാര്‍ക്കലി എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്നത് ജഹാംഗീറിന്റെ പ്രേയസിയായ നര്‍ത്തകിയാണ്.

എന്നാല്‍ പേരിന്റെ പ്രത്യേകതയെക്കുറിച്ച് ചോദിച്ചാല്‍ പൊതുവേ കേട്ടിട്ടില്ലാത്ത പേര് എന്നതിനപ്പുറം പ്രണയവുമായി യാതൊരു സാമ്യവും തനിക്കില്ലെന്നാണ് അനാര്‍ക്കലി മരിക്കാര്‍ പറയുന്നത്. പറന്നുയരാന്‍ ആഗ്രഹിക്കുന്ന അനാര്‍ക്കലിയുടെ സ്വപ്നയാത്രയെക്കുറിച്ച്...

ഉയരെ പറന്ന്


ബോബി സഞ്ജയ് ടീമിന്റെ സ്‌ക്രിപ്റ്റില്‍ വളരെ ടാലന്റഡായ, വലിയൊരു ടീമിനൊപ്പമുള്ള ആദ്യ സിനിമയാണ് ഉയരെ. 11 ദിവസം മാത്രമാണ് ആ സിനിമയ്ക്കുവേണ്ടി മാറ്റിവച്ചതെങ്കിലും ജീവിതത്തില്‍ മറക്കാനാവാത്ത നിമിഷങ്ങളാണെനിക്ക് കിട്ടിയത്.

സാധാരണ ഒരു സ്‌ക്രിപ്റ്റ് വായിച്ച് നോക്കി ഇഷ്ടപ്പെട്ടാലല്ലേ സിനിമ ചെയ്യൂ. ഉയരെയില്‍ നിന്ന് ഓഫര്‍ വന്നപ്പോള്‍ അത്തരമൊരു കണ്‍ഫ്യൂഷനേ ഉണ്ടായിരുന്നില്ല. കാരണം ബോബി സഞ്ജയ് സ്‌ക്രിപ്റ്റില്‍ ഓരോ ഡയലോഗിനും ഒരു റിഥമുണ്ടാകും.

ഡയലോഗ് ഓര്‍ത്തിരിക്കാനൊക്കെ എളുപ്പമായിരിക്കും. ചിത്രത്തില്‍ പല്ലവിയുടെ സുഹൃത്തായ പൈലറ്റ് ട്രെയിനിയുടെ വേഷമാണെനിക്ക്. മുമ്പൊരിക്കലും പൈലറ്റാവണമെന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നില്ല. പക്ഷേ ഈ സിനിമയില്‍ അഭിനയിച്ചശേഷം പൈലറ്റായാല്‍ കൊള്ളാമെന്നൊക്കെ തോന്നുന്നുണ്ട്.

Actress Anarkali Marikar Interview

ആനന്ദത്തിലേക്ക്


ചേച്ചി ബാലതാരമായി അഭിനയിച്ചപ്പോള്‍ എനിക്കും ചെറിയൊരു സിനിമ മോഹമൊക്കെ തോന്നിയിരുന്നു. ഞാന്‍ ചില പരസ്യങ്ങളൊക്കെ ചെയ്തിട്ടുണ്ടായിരുന്നു. പഠി്ക്കുന്ന സമയത്ത് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് എന്റെ ചേച്ചി ലക്ഷ്മിയാണ് എന്നോട് ചോദിച്ചത്.

സിനിമാട്ടോഗ്രഫര്‍ ആനന്ദ് സി. ചന്ദ്രന്‍ ചേച്ചിയുടെ സുഹൃത്തായിരുന്നു. ആനന്ദത്തെക്കുറിച്ച് അദ്ദേഹമാണു ചേച്ചിയോടു പറഞ്ഞത്. ചേച്ചി എന്റെ ഫോട്ടോസ് അയച്ചുകൊടുത്തു.

ഫോട്ടോ ഗണേഷേട്ടന് ഇഷ്ടപ്പെട്ടു. കാരക്ടറിനു ചേരുമെന്നു തോന്നി. അങ്ങനെയാണ് ആനന്ദത്തിലേക്ക് എത്തുന്നത്. എനിക്ക് ഓഡിഷനൊന്നുമില്ലായിരുന്നു.

സ്‌ക്രീന്‍ പ്രസന്‍സ് കുറവാണെന്നും പക്ഷേ, സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണെന്നും പറഞ്ഞിരുന്നു. അധികം ഡയലോഗ്‌സ് ഒന്നുമില്ല. ആനന്ദത്തിലേക്ക് സെലക്ടഡായി എന്നറിഞ്ഞപ്പോഴും അതു വലിയ കാര്യമായി ഞാന്‍ കണ്ടിരുന്നില്ല. ഷൂട്ടിനു മുന്‍പ് പ്രത്യേകിച്ചു തയാറെടുപ്പുകള്‍ ഒന്നുമില്ലായിരുന്നു. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞപ്പോഴാണ് വലിയ കാര്യമാണെന്നു മനസിലായത്.

അഭിനയവും പഠനവും


നടിയാവണമെന്നതിനേക്കാള്‍ ഗായികയാവണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ അഭിനയരംഗത്തെത്തി. ഇനി ഗായികയായിക്കൂടെന്നില്ല.

എന്റെ ഫോട്ടോ കണ്ട് നീനയിലെ കഥാപാത്രത്തിന് ചേരുമെന്ന് തോന്നി ലാല്‍ജോസ് സാര്‍ വീട്ടില്‍ വന്ന് കണ്ടിരുന്നു. ഞാനന്ന് പ്ലസ്ടൂവിന് പഠിക്കുകയാണ്. കുറച്ചുകൂടി വലിയൊരു കുട്ടിയെയാണ് സാര്‍ പ്രതീക്ഷിച്ചത്. അതുകൊണ്ട് അന്ന് നീനയില്‍ അഭിനയിക്കാനായില്ല.

Actress Anarkali Marikar Interview

ക്യാമറയുടെ ടെക്നിക്കുകളോട് പണ്ടുതൊട്ടേ ലേശം കൗതുകമൊക്കെയുണ്ട്. അങ്ങനെയാണ് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ ചെയ്യുന്നത്.

ഇപ്പോള്‍ പഠനത്തിന് ഒരു വര്‍ഷത്തെ ബ്രേക്ക് നല്‍കിയിരിക്കുകയാണ്. അടുത്ത വര്‍ഷം പി.ജി ചെയ്യണം. ഞാനൊരു ആവറേജ് വിദ്യാര്‍ത്ഥിനിയാണ്. പഠനവും സിനിമയും ഒന്നിച്ചു കൊണ്ടുപോകാന്‍ എനിക്കാവില്ല.

മന്ദാരമേ...


ആനന്ദത്തിന് ശേഷം വളരെ എന്‍ജോയ് ചെയ്തഭിനയിച്ച ചിത്രമാണ് മന്ദാരം. അസിഫിക്കയൊക്കെ വളരെ കമ്പനിയായിരുന്നു. പുതുമുഖ താരങ്ങളായിരുന്നു കൂടുതലും. ആ ചിത്രത്തിലെ കഥാപാത്രവും എനിക്ക് പ്രിയപ്പെട്ടതാണ്.

ആ ചിത്രത്തില്‍ ഞാന്‍ ബൈക്ക് റൈഡറായാണ് അഭിനയിച്ചത്. മണാലിയിലെ ഹാര്‍ലി റൈഡിംഗൊക്കെ ഒരുപാട് എന്‍ജോയ് ചെയ്തു. വ്യത്യസ്തമായൊരു യാത്രാനുഭവമായിരുന്നു അത്.

സിനിമയില്‍ ചെയ്തില്ലായിരുന്നെങ്കില്‍ ജീവിതത്തില്‍ അത്തരമൊരു അനുഭവം ഉണ്ടാകുമോ എന്ന് പോലും സംശയമാണ്.

ഞാന്‍ ഇങ്ങനാണ് ഭായ്


ഇഷ്ടമുള്ളതൊക്കെ തോന്നുന്നതു പോലെ പറയുന്നയാളാണ് ഞാന്‍. പിന്നീട് ചിന്തിക്കും, പറഞ്ഞത് കൂടിപ്പോയോ? പണി കിട്ടുമോ എന്നൊക്കെ. നിയന്ത്രണമില്ലാതെ സംസാരിക്കും.

ആ സ്വഭാവം കൊണ്ട് ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. പൊതുവെ ഫണ്‍ ഗോയിങ്ങായിട്ടുള്ള ആളാണ് ഞാന്‍. ഇറിറ്റേറ്റ് ചെയ്യുന്ന കാര്യങ്ങളെ അവഗണിക്കാറാണ് പതിവ്. ഇപ്പോള്‍ കുറച്ച് സീരിയസ്നെസ്സൊക്കെ വന്നിട്ടുണ്ട്.

Actress Anarkali Marikar Interview

കുടുംബം


ബാപ്പ നിയാസ് മരിക്കാര്‍, ഫോട്ടോഗ്രാഫറാണ്, ഉമ്മ ലാലി. ചേച്ചി ലക്ഷ്മി നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സംവിധാനത്തോടാണ് താല്‍പര്യം. വൈറസില്‍ അസിസ്റ്റ് ചെയ്തിരുന്നു.

അശ്വതി അശോക്

Ads by Google
Wednesday 05 Jun 2019 03.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW