Monday, June 17, 2019 Last Updated 16 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 03.13 PM

ഹെപ്പറ്റൈറ്റിസ് ബി രോഗവും പ്രതിരോധവും

''ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന സ്വഭാവമാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസിനുള്ളത്. എന്നാല്‍ ശ്രദ്ധിയോടെ പരിചരിച്ചാല്‍ പ്രായപൂര്‍ത്തിയായ 95 ശതമാനം രോഗികള്‍ക്കും മരുന്നിന്റെ സഹായം കൂടാതെതന്നെ രോഗമുക്തി ലഭിക്കും''
Hepatitis B symptoms and treatment

അതീവ ജാഗ്രത പുലര്‍ത്തേണ്ട കരള്‍ രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി. ഏറ്റവും അപകടകാരിയായ ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് രോഗബാധയ്ക്കു പിന്നില്‍. അതിവേഗം പകരുന്ന മാരക രോഗമാണിത്.

വൈറസ് ബാധിച്ച് കരളില്‍ ഗുരുതരമായ നീര്‍വീക്കമുണ്ടാകുന്നു. ഇതിന്റെ ഫലമായി കരള്‍ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. കരളിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നു. അതുകൊണ്ടുതന്നെ ഹെപ്പറ്റൈറ്റിസ് ബി വൈറസ് ബാധിതരില്‍ സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന സ്വഭാവമാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസിനുള്ളത്. എന്നാല്‍ ശ്രദ്ധിയോടെ പരിചരിച്ചാല്‍ പ്രായപൂര്‍ത്തിയായ 95 ശതമാനം രോഗികള്‍ക്കും മരുന്നിന്റെ സഹായം കൂടാതെതന്നെ രോഗമുക്തി ലഭിക്കും. അഞ്ച് ശതമാനം രോഗികളില്‍ വൈറസ് ശരീരത്തില്‍ തങ്ങിനില്‍ക്കുന്നു.

മരുന്നിന്റെ സഹായത്തോടെയുള്ള ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഇവര്‍ ഹെപ്പറ്റൈറ്റിസ് ബി വാഹകരായി ജീവിക്കേണ്ടിവരും. അമ്മമാരില്‍ നിന്നും നവജാത ശിശുക്കളിലേക്ക് പകരുന്ന രോഗബാധ ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി എന്ന അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. ഈ അവസ്ഥ ഭാവയില്‍ കരള്‍ കാന്‍സറിനും സിറോസിസിനും വഴിതെളിക്കുന്നു.

രോഗം പകരാന്‍ സാധ്യത ആര്‍ക്കൊക്കെ


രക്തത്തിലൂടെയും മറ്റ് ശരീരസ്രവങ്ങളിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. രോഗം ബാധിച്ചയാളുടെ രക്തം, ശുക്ലം, യോനീ സ്രവം തുടങ്ങിയവയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായാല്‍ ഹൈപ്പറ്റൈറ്റിസ് ബി വൈറസ് പകരാം. രോഗം പകരാവുന്ന മറ്റ് സാഹചര്യങ്ങള്‍ ചുവടെ.

1. ഹെപ്പറ്റൈറ്റിസ് ബി രോഗബാധയുള്ള ഗര്‍ഭിണി പ്രസവിക്കുമ്പോള്‍ കുഞ്ഞിലേക്ക് രോഗം പകരാം.
2. രോഗിയുടെ അടുത്ത് ഇടപഴകുമ്പോഴോ രോഗിയുടെ ശരീരസ്രവവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുന്ന സാഹചര്യത്തിലോ രോഗം പകരാം.
3. രോഗിയോടൊപ്പം ജീവിക്കുന്ന സാഹചര്യത്തില്‍.
4. രോഗബാധയുള്ള വ്യക്തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് രോഗം പകരാം.
5. ഒന്നിലേറെ ലൈംഗിക പങ്കാളികളുള്ളവരില്‍.
6. എപ്പോഴെങ്കിലും ലൈംഗിക രോഗം പിടിപെട്ടിട്ടുള്ളവരില്‍.

7. സ്വവര്‍ഗ രതിയിലേര്‍പ്പെട്ടിട്ടുള്ള പുരുഷന്മാരില്‍.
8. ഒരിക്കലെങ്കിലും മയക്കുമരുന്ന് കുത്തിവയ്ക്കുകയോ മണക്കുകയോ ചെയ്തിട്ടുള്ളവരില്‍.
9. ജയിലില്‍ ജോലി നോക്കുകയോ തടവുകാരനായിരിക്കുകയോ ചെയ്തിട്ടുള്ളവരില്‍.
10. ഹെപ്പറ്റൈറ്റിസ് ബി രോഗം വ്യാപകമായ രാജ്യങ്ങളില്‍ യാത്രചെയ്യുന്നവരില്‍.
11. എപ്പോഴെങ്കിലും ഹീമോ ഡയാലിസിസിന് വിധേയരായിട്ടുള്ളവരില്‍.

Hepatitis B symptoms and treatment

ഹെപ്പറ്റൈറ്റിസ് ബിയുടെ ലക്ഷണങ്ങള്‍


അക്യൂട്ട് ഹെപ്പറ്റെറ്റിസ് രോഗികളിലും ക്രോണിക് ഹെപ്പറ്റൈറ്റിസ് രോഗികളിലും പലപ്പോഴും പ്രകടമായ രോഗലക്ഷണങ്ങളൊന്നും കാണാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ചിലരില്‍ ക്ഷീണം, പനി, വിശപ്പില്ലായ്മ, ഛര്‍ദി, തലവേദന, പേശി വേദന, കരളിന്റെ ഭാഗത്ത് വേദന, ത്വക്കിന് മഞ്ഞനിറം, വിളറിയ കണ്ണുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട്. രോഗം ബാധിച്ച് രണ്ടുമുതല്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുന്നത്. ഈ ലക്ഷണങ്ങള്‍ സാധാരണ ആഴ്ചകളോളം പ്രകടമാകും. ചിലപ്പോള്‍ ആറുമാസം വരെ നീണ്ടുനില്‍ക്കും.

രോഗം എങ്ങനെ തിരിച്ചറിയും


പ്രാഥമിക ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഹെപ്പറ്റൈറ്റിസ് ബി രോഗം നിര്‍ണയിക്കാന്‍ കഴിയില്ല. രക്തപരിശോധനയാണ് അതിന് ഫലപ്രദമായ മാര്‍ഗം. രക്തപരിശോധനയിലൂടെ ബിലിറൂബിന്റെ അളവ് നിര്‍ണയിക്കണം. രക്തത്തില്‍ ആന്റിജനുകളുടെയും ആന്റിബോഡികളുടെയും അളവ് നിര്‍ണയിക്കുന്നതും രോഗം കണ്ടെത്താന്‍ സഹായകരമാണ്. പിത്തസഞ്ചിയുടെയും കരളിന്റെയും അള്‍ട്രാസൗണ്ട് സ്‌കാന്‍, സി.ടി സ്‌കാന്‍ എന്നിവയും പരിശോധനയുടെ ഭാഗമായി ചെയ്യാറുണ്ട്.

ചികിത്സ എങ്ങനെ


രോഗം സ്ഥിരീകരിച്ചശേഷമാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസിനുള്ള ചികിത്സ നിശ്ചയിക്കുന്നത്. രോഗത്തിന്റെ തീവ്രതയും രോഗിയുടെ ആരോഗ്യവും പ്രായവും ചികിത്സയില്‍ നിര്‍ണായകമാണ്.

അക്യൂട്ട് ഹെപ്പറ്റൈറ്റിസ്


മരുന്നുകള്‍ ഫലപ്രദമല്ലാത്തതിനാല്‍ പരിപൂര്‍ണ വിശ്രമമാണ് അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. അതോടൊപ്പം ധാരാളം വെള്ളം കുടിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതുമുണ്ട്. മദ്യപാനശീലം ഉപേക്ഷിക്കണം. വൈറസ് ബാധയില്‍ നിന്നും ശരീരം പൂര്‍ണമായും മുക്തമായോ എന്നറിയാന്‍ പതിവായി ഡോക്ടറെ കണ്ട് പരിശോധന നടത്തണം.

ക്രോണിക് ഹെപ്പറ്റൈറ്റിസ്


വൈറസ്ബാധ ദീര്‍ഘകാലം തിരിച്ചറിയാതിരിക്കുന്നതുമൂലം സാവധാനം കരള്‍ നശിക്കും. ഇങ്ങനെയുണ്ടാകുന്ന കരള്‍വീക്കമാണ് ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നുപറയുന്നത്. ക്രോണിക് ഹെപ്പറ്റൈറ്റിസ് രോഗം അത്രയെളുപ്പം ചികിത്സിച്ച് ഭേദമാക്കാനാവില്ല.

എങ്കിലും ചികിത്സയ്ക്ക് സഹായകരമാകുന്ന ഒട്ടേറെ മരുന്നുകള്‍ ഇന്ന് നിലവിലുണ്ട്. പക്ഷേ, ഈ മരുന്നുകള്‍ എല്ലാ ഹെപ്പറ്റൈറ്റിസ് ബി രോഗികളിലും ഫലപ്രദമാകണമെന്നില്ല. ഈ മരുന്നുകള്‍ കഴിക്കുന്ന രോഗികള്‍ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധമായും ഡോക്ടറുടെ മേല്‍നോട്ടം ഉറപ്പുവ
രുത്തണം.

Hepatitis B symptoms and treatment

ഡോക്ടറുടെ നിദേശപ്രകാരമല്ലാതെ ഗര്‍ഭിണികള്‍ ഈ മരുന്ന് കഴിക്കാന്‍ പാടില്ല. ഹെപ്പറ്റൈറ്റിസ് ബി രോഗബാധയുള്ള ഗര്‍ഭിണികളില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നത് ചികിത്സയിലൂടെ തടയാനാവും.

രോഗബാധിതര്‍ ഫലപ്രദമായ ചികിത്സാ മാര്‍ഗങ്ങളെക്കുറിച്ച് ഡോക്ടറോട് ചോദിച്ച് അറിയണം. ആറുമാസം കൂടുമ്പോള്‍ ഹെപ്പറ്റൈറ്റിസ് ബി രോഗികള്‍ ലിവര്‍ കാന്‍സര്‍ പരിശോധനയും നടത്തണം. ഹെപ്പറ്റൈറ്റിസ് എ വാക്‌സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഡോക്ടറോട് ചോദിച്ച് മനസിലാക്കുക.

രോഗം തടായാന്‍ ഫലപ്രദമാര്‍ഗങ്ങള്‍


ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷന്‍ തന്നെയാണ് രോഗം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഏത് പ്രായത്തിലും ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ എടുക്കാവുന്നതാണ്. മൂന്ന് ഡോസുകളായാണ് ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കുന്നത്.

ആദ്യ കുത്തിവയ്പ്പിനു ശേഷം ഒരു മാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും ആറുമാസം കഴിഞ്ഞ് മൂന്നാമത്തെ ഡോസും എടുക്കണം. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഏറ്റവും സുരക്ഷിതമായി എടുക്കാവുന്ന വാക്‌സിനാണിത്.

വാക്‌സിനേഷന്‍ ആര്‍ക്കൊക്കെ


ഹെപ്പറ്റൈറ്റിസ് ബിയ്‌ക്കെതിരെ ആര്‍ക്കൊക്കെ വാക്‌സിനേഷന്‍ സ്വീകരിക്കാമെന്നത് പരക്കെയുള്ള സംശയമാണ്. നവജാത ശിശുക്കളും കുട്ടികളും ഉള്‍പ്പെടെ ആര്‍ക്കും ഹെപ്പറ്റൈറ്റിസ് വാക്‌സിന്‍ എടുക്കാവുന്നതാണ്.
1. കരള്‍ രോഗമുള്ളവര്‍ (ഹെപ്പറ്റൈറ്റിസ് ബി മൂലമല്ലാതെയും)
2. എച്ച്.ഐ.വി ബാധിതര്‍
3. ആരോഗ്യപ്രവര്‍ത്തകര്‍, ദുരന്തനിവാരണ സേനാ അംഗങ്ങള്‍
4. പട്ടാളക്കാര്‍

5. മൃതദേഹം ദഹിപ്പിക്കുന്നവര്‍, മൃതദേഹം എംബാം ചെയ്യുന്നവര്‍
6. ഒരിക്കലെങ്കിലും ഹീമോഡയാലിസിസിന് വിധേയരായവര്‍
7. ജയില്‍ ജീവനക്കാര്‍, തടവുകാര്‍
8. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികളും ജീവനക്കാരും

9. ഒന്നിലേറെ ലൈംഗിക പങ്കാളിയുള്ളവര്‍
10. സ്വവര്‍ഗ രതിയിലേര്‍പ്പെടുന്ന പുരുഷന്മാര്‍
11. ഒരിക്കലെങ്കിലും മയക്കുമരുന്ന് കുത്തിവച്ചിട്ടുള്ളവര്‍
12. ഹെപ്പറ്റൈറ്റിസ് ബി രോഗിയുടെ ലൈംഗിക പങ്കാളിയും കുടുംബാംഗങ്ങളും

Hepatitis B symptoms and treatment

13. രോഗബാധയുള്ള രാജ്യങ്ങളില്‍ പതിവായി സന്ദര്‍ശനം നടത്തുന്നവര്‍
14. ഹെപ്പറ്റൈറ്റിസ് ബി രോഗാണുബാധ കൂടുതലായി കണ്ടുവരുന്ന ഏഷ്യ, പസഫിക്, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍.
ഇവര്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷന്‍ എടുക്കുന്നത് രോഗം പകരാതിരിക്കാന്‍ സഹായിക്കും.

ഹെപ്പറ്റൈറ്റിസ് ബി ഒറ്റനോട്ടത്തില്‍


1. ഹെപ്പറ്റൈറ്റിസ് ബി വൈറസ് മൂലമുണ്ടാകുന്ന കരള്‍ രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി.
2. രക്തം, ശുക്ലം, യോനീ സ്രവം തുടങ്ങിയ ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി.
3. പ്രായപൂര്‍ത്തിയായ 95 ശതമാനം രോഗികളിലും രോഗം പൂര്‍ണമായും മാറും. മറ്റുള്ളവര്‍ ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി എന്ന അവസ്ഥയിലെത്തിച്ചേരും.
4. 5 ശതമാനം ആളുകളില്‍ മാത്രമാണ് പ്രായപൂര്‍ത്തിയായതിനു ശേഷം രോഗം പിടിപെടുകയുള്ളൂ. എന്നാല്‍ 95 ശതമാനം നവജാതശിശുക്കളിലും
രോഗബാധയുള്ള അമ്മമാരില്‍ നിന്നും ഹെപ്പറ്റൈറ്റിസ് ബി രോഗം പകരും.

5. രോഗം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിനേഷനാണ്.
6. ഹെപ്പറ്റൈറ്റിസ് ബി രോഗബാധിതരില്‍ സാധാരണ രോഗലക്ഷണങ്ങളൊന്നും പ്രകടമാവില്ല.
7. ഹെപ്പറ്റൈറ്റിസ് ബി വൈറസ് രക്തപരിശോധനയിലൂടെ കണ്ടെത്താം.
8. ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി ലിവര്‍ സിറോസിസിനും ലിവര്‍ കാന്‍സറിനും ക്രമേണ കരള്‍ നാശത്തിനും കാരണമാകും.
9. ചില രോഗികളില്‍ മരുന്നിന്റെ ഉപയോഗം ഫലപ്രദമാണ്.

റിസര്‍ച്ച് ഡസ്‌ക്

Ads by Google
Ads by Google
Loading...
TRENDING NOW