Sunday, June 16, 2019 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.32 AM

രൂപീകരിക്കുന്നത്‌ പല്ലും നഖവും കൊഴിച്ച കമ്മിഷണറേറ്റുകള്‍

uploads/news/2019/06/314206/1.jpg

തിരുവനന്തപുരം: ജില്ലാ കലക്‌ടര്‍മാരുടേതിനു തുല്യമായ മജിസ്‌റ്റീരിയല്‍ അധികാരങ്ങള്‍ നല്‍കി, തിരുവനന്തപുരത്തും കൊച്ചിയിലും പോലീസ്‌ കമ്മിഷണറേറ്റുകള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഐ.എ.എസുകാരുടെ എതിര്‍പ്പിനേത്തുടര്‍ന്ന്‌ പാളുന്നു.
അധികാരം നല്‍കാതെ, ഐ.ജിമാരെ കമ്മിഷണറേറ്റുകളില്‍ കുടിയിരുത്താനുള്ള ഐ.എ.എസ്‌. ലോബിയുടെ നീക്കം ലക്ഷ്യം കാണുന്നതായാണു സൂചന. ക്രമസമാധാനപാലനം മെച്ചപ്പെടുത്താനും പോലീസിനെ സ്വയംപര്യാപ്‌തരാക്കാനുമാണ്‌ തിരുവനന്തപുരത്തും കൊച്ചിയിലും ഐ.ജിമാര്‍ക്കു കീഴില്‍ കമ്മിഷണറേറ്റുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്‌. ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഇത്‌.എന്നാല്‍, കേരളാ സാമൂഹികവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമ(കാപ്പ)പ്രകാരം അറസ്‌റ്റിനും ജയിലിലടയ്‌ക്കാനുമുള്ള അധികാരം ഐ.പി.എസുകാര്‍ക്കു നല്‍കുന്നത്‌ അപകടകരമാണെന്ന്‌ ഐ.എ.എസുകാര്‍ വാദിക്കുന്നു. പോലീസ്‌ രാജിലൂടെ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാന്‍ അനുവദിക്കരുതെന്ന്‌ എല്‍.ഡി.എഫിലും അഭിപ്രായമുയര്‍ന്നു. കമ്മിഷണറേറ്റ്‌ സംവിധാനത്തിനെതിരേ സി.പി.ഐയും രംഗത്തുവന്നത്‌ ഐ.എ.എസ്‌. ലോബിയുടെ നീക്കങ്ങള്‍ക്കു ശക്‌തി വര്‍ധിപ്പിച്ചു.
എന്നാല്‍ കമ്മിഷണര്‍മാര്‍ കസ്‌റ്റഡിയിലെടുക്കുന്നവരെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജാരാക്കിയശേഷമേ റിമാന്‍ഡ്‌ നടപടിയിലേക്കു കടക്കൂവെന്നാണു സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയുടെ റിപ്പോര്‍ട്ട്‌. കമ്മിഷണറേറ്റുകള്‍ രൂപീകരിച്ചാലും തങ്ങളുടെ അധികാരം കൈമാറാന്‍ തയാറല്ലെന്നാണ്‌ ഐ.എ.എസുകാരുടെ നിലപാട്‌. ഇതോടെ രണ്ട്‌ ഐ.ജി. തസ്‌തികകള്‍ സൃഷ്‌ടിക്കപ്പെടുന്നതിനപ്പുറം കമ്മിഷണര്‍മാര്‍ക്കു പ്രത്യേകിച്ച്‌ അധികാരമൊന്നുമില്ലാതെയാകും നിയമനം. ഉത്തരവിറങ്ങി അഞ്ചുദിവസം കഴിഞ്ഞിട്ടും കമ്മിഷണറേറ്റ്‌ രൂപീകരണത്തിനു തുടര്‍നടപടിയായില്ല. കമ്മിഷണറേറ്റുകള്‍ രൂപീകരിച്ചാല്‍ അടിയന്തരഘട്ടങ്ങളില്‍ ജില്ലാ കലക്‌ടറുടെ ഉത്തരവിനു കാത്തുനില്‍ക്കാതെ നിരോധനാജ്‌ഞ പ്രഖ്യാപിക്കാനും ഗുണ്ടാനിയമം ഉള്‍പ്പെടെ ഉപയോഗിച്ച്‌ പ്രതികളെ റിമാന്‍ഡ്‌ ചെയ്യാനും കമ്മിഷണര്‍മാര്‍ക്കു കഴിയും. നിയന്ത്രണാതീതമായ സാഹചര്യങ്ങളില്‍ വെടിവയ്‌പ്പിന്‌ ഉത്തരവിടാനും കമ്മിഷണര്‍മാര്‍ക്ക്‌ അധികാരമുണ്ടാകും. എന്നാല്‍, കേരളത്തില്‍ ഇത്തരം അടിയന്തരസാഹചര്യങ്ങള്‍ അത്യപൂര്‍വമാണെന്ന്‌ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണു സൂചന. ജില്ലാ കലക്‌ടര്‍മാരെയും ഐ.ജിമാരെയും പിണക്കാതെയുള്ള പ്രശ്‌നപരിഹാരമാകും ഇന്നു ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്യുക.
രാജ്യത്ത്‌ കമ്മിഷണറേറ്റ്‌ സംവിധാനം നടപ്പാക്കിയ പല നഗരങ്ങളിലും അതു ഫലപ്രദമായിട്ടില്ലെന്നും പഴയരീതിയിലേക്കു തിരിച്ചുപോകേണ്ടിവന്നെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുന്നത്‌. നടപടിക്രമങ്ങളെക്കുറിച്ച്‌ കൃത്യമായ പരിജ്‌ഞാനമുള്ള പോലീസ്‌ ഉദ്യോഗസ്‌ഥരുണ്ടെങ്കിലേ മജിസ്‌റ്റീരിയല്‍ അധികാരം പ്രയോഗിക്കാന്‍ കഴിയൂ. പ്രത്യാഘാതം വകവയ്‌ക്കാതെ ഈ അധികാരം വിനിയോഗിക്കാന്‍ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ക്കേ കഴിയൂവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള തിരുവനന്തപുരത്തും കൊച്ചിയിലും കമ്മിഷണറേറ്റ്‌ രൂപീകരിച്ചാല്‍ ക്രമസമാധാനപാലനം സുഗമമാകുമെന്ന്‌ ഉത്തരേന്ത്യന്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഐ.പി.എസുകാര്‍ വാദിക്കുന്നു. ഉത്തരേന്ത്യയിലെ സാഹചര്യമല്ല കേരളത്തിലെന്നു ചൂണ്ടിക്കാട്ടിയാണ്‌ ഐ.എ.എസുകാര്‍ ഇതിനെ എതിര്‍ക്കുന്നത്‌. നിലവിലുള്ള അധികാരങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ത്തന്നെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ക്രമസമാധാനം പാലിക്കാമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. ഐ.ജി. പദവിയില്‍ കമ്മിഷണര്‍ വന്നാല്‍, കീഴില്‍ ജോയിന്റ്‌ കമ്മിഷണര്‍മാര്‍, ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ എന്നിങ്ങനെ ഭാവിയില്‍ പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കപ്പെടും. ഐ.പി.എസ്‌. ഉദ്യോഗസ്‌ഥര്‍ക്കും ഐ.പി.എസില്ലാത്ത മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്കും എളുപ്പത്തില്‍ സ്‌ഥാനക്കയറ്റം ലഭിക്കും. ഈ ഗൂഢലക്ഷ്യവും കമ്മിഷണറേറ്റിനു വേണ്ടി വാദിക്കുന്നവര്‍ക്കുണ്ടെന്ന്‌ ഐ.എ.എസുകാര്‍ ആരോപിക്കുന്നു.
എഴുപതുകളില്‍ ഡല്‍ഹിയില്‍ കമ്മിഷണറേറ്റ്‌ സംവിധാനം നടപ്പാക്കിയതു ചൂണ്ടിക്കാട്ടി ഐ.പി.എസുകാര്‍ ഈ വാദം ഖണ്ഡിക്കുന്നു. ഐ.എ.എസുകാര്‍ നഖശിഖാന്തം എതിര്‍ത്തെങ്കിലും അന്നത്തെ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കി. ഇപ്പോഴും അതു വിജയകരമായി തുടരുന്നു. പെട്ടെന്നു തീരുമാനമെടുക്കേണ്ട സാഹചര്യങ്ങളില്‍ ജില്ലാ കലക്‌ടര്‍മാര്‍ക്കു വേണ്ടി കാത്തുനില്‍ക്കുന്നതാണു ക്രമസമാധാനപാലനത്തിനു തടസമാകുന്നതെന്നും ഐ.പി.എസുകാര്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Wednesday 12 Jun 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW