Sunday, July 21, 2019 Last Updated 18 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.35 AM

ജെ.ഇ.ഇ. അഡ്വാന്‍സ്‌ഡ്: ഐ.ഐ.ടിയിലും വിഷ്‌ണുതന്നെ കേരളത്തിലെ ഒന്നാമന്‍

uploads/news/2019/06/315045/v1.jpg

പാലാ: ഒന്നാം റാങ്കിനെ മാത്രം കളിക്കൂട്ടുകാരനാക്കുന്ന വിദ്യാര്‍ഥിയെന്നു വിശേഷിപ്പിച്ചാല്‍, വിഷ്‌ണുവിനെ സംബന്ധിച്ച്‌ അതിശയോക്‌തിയാകില്ല. രാജ്യത്തെ ഐ.ഐ.ടികളിലേക്കുള്ള പ്രവേശനപ്പരീക്ഷയായ ജെ.ഇ.ഇ. അഡ്വാന്‍സ്‌ പരീക്ഷയില്‍ ദേശീയതലത്തില്‍ 90-ാം റാങ്കും കേരളത്തിലെ ഒന്നാം സ്‌ഥാനവും നേടി വിഷ്‌ണു അത്‌ തെളിയിച്ചു. രാജ്യത്തെ എന്‍.ഐ.ടികളിലേക്കുള്ള പ്രവേശനപ്പരീക്ഷയില്‍ സംസ്‌ഥാനതലത്തില്‍ ഒന്നാം റാങ്കും വിഷ്‌ണുവിനായിരുന്നു. കൂടാതെ കേരള എന്‍ജിനീയറിങ്‌ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ 919.23 മാര്‍ക്കോടെ ഒന്നാം സ്‌ഥാനവും നേടി. യുവപ്രതിഭകള്‍ക്കായി ദേശീയതലത്തില്‍ നടത്തുന്ന കിഷോര്‍ വൈജ്‌ഞാനിക്‌ പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ.) പരീക്ഷയില്‍ 21-ാം റാങ്കും നേടിയിരുന്നു.
ഇടുക്കി അണക്കര സ്വദേശി ശങ്കരമംഗലം വിനോദ്‌കുമാറിന്റെയും ചാന്ദ്‌നിയുടെയും മകനാണ്‌ വിഷ്‌ണു വിനോദ്‌. ഐ.ഐ.ടി. പ്രവേശന പരിശീലനം ലക്ഷ്യമിട്ടാണ്‌ ഇടുക്കിയില്‍നിന്നും പഠനം കോട്ടയത്തേക്ക്‌ മാറ്റിയത്‌. മാന്നാനം കെ.ഇ. സ്‌കൂളിലെ പ്ലസ്‌ടു പഠനത്തോടൊപ്പം പാലാ ബ്രില്യന്റ്‌ സ്‌റ്റഡി സെന്ററില്‍ രണ്ടുവര്‍ഷത്തെ പരിശീലനം നേടിയിരുന്നു. മദ്രാസ്‌ ഐ.ഐ.ടിയില്‍ കംപ്യൂട്ടര്‍ സയന്‍സ്‌ എടുത്ത്‌ പഠിക്കാനാണ്‌ വിഷ്‌ണു ആഗ്രഹിക്കുന്നത്‌.
ക്ലാസുള്ള ദിവസങ്ങളില്‍ ഏഴു മണിക്കൂറും ക്ലാസില്ലാത്ത ദിവസങ്ങളില്‍ പതിനഞ്ചു മണിക്കൂറുമായിരുന്നു വിഷ്‌ണു പഠനത്തിനായി നീക്കിവച്ചത്‌. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നൂറുകണക്കിന്‌ മോഡല്‍ പരീക്ഷകള്‍ ചെയ്‌തുതീര്‍ത്തു.
മാതാപിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ്‌ വിജയത്തിന്റെ പിന്നിലെന്ന്‌ വിഷ്‌ണു പറഞ്ഞു. സഹോദരന്‍ വിശ്വനാഥ്‌ വിനോദ്‌ മാന്നാനം കെ.ഇ. സ്‌കുളില്‍ പത്താംക്ലാസ്‌ വിദ്യാര്‍ഥിയാണ്‌.
കോഴിക്കോട്‌ സ്വദേശി കൃഷ്‌ണകൃപയില്‍ എന്‍.ഐ.ടി. പ്രഫസറായ എം.ജി. ജയകുമാറിന്റെയും എസ്‌. ശ്രീകലയുടെയും മകനാണ്‌ 182-ാം റാങ്ക്‌ നേടിയ നിരഞ്‌ജന്‍ ജെ. നായര്‍. കാഞ്ഞിരപ്പള്ളി സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളില്‍നിന്നും 96 ശതമാനം മാര്‍ക്കോടെയാണ്‌ ഈ വര്‍ഷം പ്ലസ്‌ടു വിജയിച്ചത്‌. ജെ.ഇ. മെയിന്‍ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 167-ാം റാങ്കും നേടിയിരുന്നു. സഹോദരി നിരുപമ ആറാംക്ലാസ്‌ വിദ്യാര്‍ഥിയാണ്‌. മദ്രാസ്‌ ഐ.ഐ.ടിയില്‍ ചേര്‍ന്ന്‌ പഠിക്കുവാനാണ്‌ നിരഞ്‌ജന്‍ ആഗ്രഹിക്കുന്നത്‌.
ഗൗതം ഗോവിന്ദ്‌ (415-ാം റാങ്ക്‌), ആദിത്യാ ഗോപന്‍ (423-ാം റാങ്ക്‌), സാം മാത്യു ബെറ്റ്‌സണ്‍ (486-ാം റാങ്ക്‌), അമിര്‍ അഹമ്മദ്‌ (573-ാം റാങ്ക്‌), ജെ ആന്റേഴ്‌സണ്‍ (858-ാം റാങ്ക്‌), അശ്വിന്‍ രാജ്‌ (981-ാം റാങ്ക്‌) എന്നീ ആദ്യ ആയിരത്തിനുള്ളില്‍ എട്ടു റാങ്കും അയ്യായിരത്തിനുള്ളില്‍ 60 ഉം പതിനായിരത്തിനുള്ളില്‍ 100ലും പാലാ ബ്രില്യന്റ്‌ സ്‌റ്റഡി സെന്ററില്‍ പരിശീലനം നേടിയവര്‍ക്കാണ്‌.
ഈ വര്‍ഷത്തെ ജെ.ഇ.ഇ. അഡ്വാന്‍സ്‌ഡ്‌ പരീക്ഷയ്‌ക്ക്‌ 280 വിദ്യാര്‍ഥികള്‍ യോഗ്യത നേടിയെടുത്തതിലൂടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ച പ്രവേശന പരീക്ഷാ പരിശീലന സ്‌ഥാപനമായി ബ്രില്യന്റ്‌ മാറി.
നാനൂറ്റി എണ്‍പതിലധികം അധ്യാപകരുള്‍പ്പെടെ എഴുനൂറില്‍പരം ജീവനക്കാര്‍ ജോലി ചെയ്യുന്ന ബ്രില്യന്റ്‌ സ്‌റ്റഡി സെന്റര്‍ ഇന്ത്യയിലെ മികച്ച പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലൊന്നാണ്‌. തികഞ്ഞ അച്ചടക്കവും വിദഗ്‌ധരായ അധ്യാപകരുടെ അര്‍പ്പണബോധത്തോടെയുള്ള അധ്യാപന മികവും ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനവും അതിവിപുലമായ ലൈബ്രറി സൗകര്യവുമാണ്‌ ബ്രില്യന്റില്‍ പരിശീലനം നേടുന്ന വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷകളില്‍ ഒന്നാമതെത്തുവാന്‍ പ്രാപ്‌തരാക്കുന്നത്‌.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ അര്‍ഹമായ സഹായം ലഭ്യമാണ്‌. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നിര്‍ലോഭമായ സഹകരണമാണ്‌ ബ്രില്യന്റ്‌ സ്‌റ്റഡി സെന്ററിന്റെ എല്ലാ നേട്ടത്തിനും കാരണമെന്ന്‌ മാനേജിങ്‌ ഡയറക്‌ടര്‍ സെബാസ്‌റ്റ്യന്‍ ജി. മാത്യു പറഞ്ഞു. ഉന്നത വിജയം കരസ്‌ഥമാക്കിയവരെ ഡയറക്‌ടര്‍മാരായ സെബാസ്‌റ്റ്യന്‍ ജി. മാത്യു, ജോര്‍ജ്‌ തോമസ്‌, സ്‌റ്റീഫന്‍ ജോസഫ്‌, സന്തോഷ്‌കുമാര്‍ ബി, മറ്റ്‌ അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന്‌ അനുമോദിച്ചു.

Ads by Google
Saturday 15 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW