Sunday, July 21, 2019 Last Updated 20 Min 19 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 16 Jun 2019 01.28 AM

സി.ഐ. നവാസ്‌ തിരിച്ചെത്തി, തിരോധാനത്തിനു പിന്നില്‍ ചേര്‍ത്തല സ്വദേശിനിയുടെ അറസ്റ്റ് ? ഉന്നതബന്ധമുള്ള തട്ടിപ്പുകാരിയുടെ അറസ്റ്റ് എ സി പിയെ അറിയിച്ചില്ലെന്നതിനെ ചൊല്ലി തമ്മില്‍ വയര്‍ലസിലൂടെ രൂക്ഷമായ തര്‍ക്കം; വിവാദങ്ങള്‍ ബാക്കി

VS navas missing case

കൊച്ചി : നാടകീയമായ തിരോധാനത്തിനൊടുവില്‍ സി.ഐ: വി.എസ്‌. നവാസിനെ തമിഴ്‌നാട്ടില്‍ ട്രെയിന്‍ യാത്രയ്‌ക്കിടെ കണ്ടെത്തി.
എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീറായ നവാസിനെ നാഗര്‍കോവില്‍-കോയമ്പത്തൂര്‍ ട്രെയിനില്‍ യാത്രചെയ്യവേ ഇന്നലെ പുലര്‍ച്ചെ കരൂരില്‍വച്ചാണ്‌ റെയില്‍വേ പോലീസ്‌ കണ്ടെത്തിയത്‌. കേരളാപോലീസിനു കൈമാറിയ നവാസിനെ കളമശേരിയിലെത്തിച്ചു മൊഴിയെടുത്തു. വൈകിട്ട്‌ ഏഴരയോടെ പനമ്പിള്ളിനഗറില്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയശേഷം നവാസിനെ വീട്ടിലേക്കു വിട്ടു. മേലുദ്യോഗസ്‌ഥനില്‍നിന്നുള്ള കടുത്ത മാനസികപീഡനത്തെത്തുടര്‍ന്നാണ്‌ നാടുവിട്ടതെന്നു ഭാര്യ ആരിഫ നല്‍കിയ പരാതി വന്‍വിവാദമായതിനെത്തുടര്‍ന്ന്‌ പോലീസ്‌ നവാസിനായുള്ള അന്വേഷണം വിപുലമാക്കിയിരുന്നു.

ട്രെയിനില്‍ യാത്ര ചെയ്യവേ റെയില്‍വേ പോലീസിലെ മലയാളി ഉദ്യോഗസ്‌ഥന്‍ സുനില്‍കുമാര്‍ നവാസിനെ തിരിച്ചറിഞ്ഞു. ഇതിനിടെ നവാസ്‌ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓണ്‍ ചെയ്‌തത്‌ ലൊക്കേഷന്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്‌ സഹായവുമായി. സുനില്‍കുമാര്‍ വിവരം കൈമാറിയതിനെ തുടര്‍ന്ന്‌ നവാസിനെ കരൂരില്‍ ഇറക്കി. ഇതിനകം വിവരം ലഭിച്ചതോടെ അന്വേഷണസംഘത്തിന്‌ നേതൃത്വം വഹിക്കുന്ന എറണാകുളം ഡി.സി.പി: ജി. പൂങ്കുഴലിയുടെ നിര്‍ദേശപ്രകാരം പാലക്കാടുനിന്നു ക്രൈം സ്‌ക്വാഡ്‌ അംഗങ്ങള്‍ റോഡുമാര്‍ഗം കരൂരിലേക്ക്‌ പുറപ്പെട്ടാണ്‌ നവാസിനെ ഏറ്റുവാങ്ങിയത്‌.

എ.സി.പി. സുരേഷുമായുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ്‌ ഔദ്യോഗിക സിം കാര്‍ഡ്‌ തിരിച്ചേല്‍പ്പിച്ച്‌ നവാസ്‌ ആരോടും പറയാതെ സ്‌ഥലംവിട്ടത്‌. ഡ്യൂട്ടി സമയത്ത്‌ എ.സി.പി. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നവാസിനെ കിട്ടാതിരുന്നതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ്‌ ഇരുവരും തമ്മിലുള്ള വാക്‌പോരിന്‌ ഇടയാക്കിയത്‌. ഔദ്യോഗിക വയര്‍ലെസ്‌ സെറ്റിലൂടെയായിരുന്നു തര്‍ക്കം.

നവാസിനൊപ്പം സുരേഷിനേയും മട്ടാഞ്ചേരിയിലേക്ക്‌ സ്‌ഥലംമാറ്റിയിരുന്നു. ഈ പശ്‌ചാത്തലത്തിലാണ്‌ നവാസ്‌ മാനസിക സംഘര്‍ഷം താങ്ങാനാവാതെ രാമേശ്വരത്തേക്ക്‌ പോയതെന്ന്‌ കരുതുന്നു. ഇതോടെ നവാസിന്റെ ഭാര്യ ആരിഫ എറണാകുളം സൗത്ത്‌ സ്‌റ്റേഷനില്‍ പരാതിയുമായി എത്തി. തുടര്‍ന്ന്‌ പോലീസ്‌ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയയിലും നവാസിന്റെ ഫോട്ടോ പ്രസിദ്ധപ്പെടുത്തിയിരുന്നു. മറ്റു സംസ്‌ഥാനങ്ങളിലേക്കും വിവരം കൈമാറിയിരുന്നു. ഇതിനിടെ ഭാര്യ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ അറിയില്ലെന്ന്‌ നവാസ്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. എന്നാല്‍ ആരിഫ നല്‍കിയ പരാതിയിലെ ആരോപണങ്ങളില്‍ പോലീസ്‌ അന്വേഷണമാരംഭിച്ചിട്ടുണ്ട്‌.

ഇതിനിടെ നവാസ് അവസാനം നടത്തിയ അറസ്റ്റിനെ ചൊല്ലിയാണ് ഇപ്പോള്‍ ദുരൂഹതകള്‍ ഉയരുന്നത്. ചേര്‍ത്തല സ്വദേശിനിയുടെ അറസ്റ്റാണ് സി ഐയുടെ തിരോധാനത്തിന് കാരണമായതെന്നാണ് സൂചന. കൊച്ചി സെന്‍ട്രല്‍ സി ഐ ആയിരുന്ന നവാസിന്റെ നേതൃത്വത്തില്‍ 12ന് ആശാ അനില്‍കുമാര്‍ എന്ന യുവതിയെ പിടികൂടിയിരുന്നു. ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയതിനാണ് യുവതിയെ പിടികൂടിയത്. ഇത് എ സി പിയെ അറിയിച്ചില്ലെന്നതിനെ ചൊല്ലി എ സി പിയും സി ഐയും തമ്മില്‍ വയര്‍ലസിലൂടെ തര്‍ക്കിച്ചിരുന്നു. അതേസമയം അറസ്റ്റിലായ ആശാ അനില്‍കുമാറിന് പോലീസ് ഉന്നതരുമായും ഹൈക്കോടതിയിലെ അഭിഭാഷകരുമായും ബന്ധമുണ്ടെന്നാണ് വിവരം. അഭിഭാഷകന്റെ ക്ലാര്‍ക്ക് എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആശയ്ക്ക് ചേര്‍ത്തലയിലും എറണാകുളത്തും പല ബിസിനസുകളുണ്ട്. വനിതകളെ മുന്‍നിര്‍ത്തി നാല് ഹോട്ടലുകള്‍ രണ്ടിടങ്ങളിലുമായി ഇവര്‍ നടത്തുന്നുണ്ട്.

Ads by Google
സ്വന്തം ലേഖകന്‍
Sunday 16 Jun 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW