Sunday, July 21, 2019 Last Updated 16 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 11.28 PM

മുഹമ്മദ്‌ ഷമിക്ക്‌ ഹാട്രിക്‌ , ഇന്ത്യക്ക്‌ 11 റണ്‍സ്‌ ജയം

uploads/news/2019/06/316730/s1.jpg

സതാംപ്‌ടണ്‍: മഹാസമുദ്രം നീന്തിക്കടന്നവന്‍ മുട്ടോളം വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ തുടങ്ങുമ്പോഴുള്ള അവസ്‌ഥയായിരുന്നു ഇന്നലെ ഇന്ത്യക്ക്‌. കടലാസിലെ ഇന്ത്യന്‍ കരുത്തിന്‌ മുന്നില്‍ അഫ്‌ഗാന്‍ യഥാര്‍ഥ പോരാട്ടവീര്യം പുറത്തെടുത്തപ്പോള്‍ കോഹ്ലിപ്പട അക്ഷരാര്‍ത്ഥത്തില്‍ വിറച്ചുപോയി.
ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെയും പാകിസ്‌താനെയും തുരത്തി വിജയത്തുടര്‍ച്ചയ്‌ക്കിറങ്ങിയ വിരാട്‌ കോഹ്ലിയും സംഘവും ഒടുവില്‍ തോല്‍ക്കാതെ എങ്ങനെയോ തടിതപ്പി. അവസാന ഓവറില്‍ മുഹമ്മദ്‌ ഷമിയുടെ മിന്നുന്ന ഹാട്രിക്ക്‌ ഇന്ത്യക്ക്‌ ജയമൊരുക്കി.
സ്‌പിന്‍വല വിരിച്ച അഫ്‌ഗാന്റെ കെണിയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ചെന്നുചാടിയപ്പോള്‍ ടോസ്‌ നേടി ആദ്യം ബാറ്റുചെയ്‌ത ഇന്ത്യക്ക്‌ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 224 റണ്‍സ്‌ എടുക്കാനേ കഴിഞ്ഞുള്ളു. പേരുകേട്ട എതിരാളികള്‍ വച്ചുനീട്ടിയ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റുവീശിയ അഫ്‌ഗാന്റെ പരിചയക്കുറവില്‍ ഇന്ത്യക്ക്‌ ആശ്വസിക്കാം.
പലകുറി വിജയപ്രതീക്ഷ ഉയര്‍ത്തിയ ശേഷം ഇന്ത്യയുടെ പേരുകേട്ട ബൗളിങ്‌ നിരയ്‌ക്കു മുന്നില്‍ ഒരു പന്തു ബാക്കിനില്‍ക്കെ അഫ്‌ഗാനിസ്‌ഥാന്‍ തലകുനിക്കുമ്പോള്‍ വിജയത്തിലേക്ക്‌ 12 റണ്‍സ്‌ അകലമേയുണ്ടായിരുന്നുള്ളു. 49.5 ഓവറില്‍ 213 റണ്‍സിനാണ്‌ അവര്‍ പുറത്തായത്‌.
52 റണ്‍സ്‌ നേടിയ മുഹമ്മദ്‌ നബി, 36 റണ്‍സ്‌ നേടിയ റഹ്‌മത്ത്‌ ഷാ, 27 റണ്‍സ്‌ നേടിയ നായകന്‍ ഗുല്‍ബാദിന്‍ നയ്‌ബ്, 21 റണ്‍സ്‌ നേടിയ നജീബുള്ള സദ്രാന്‍ എന്നിവര്‍ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ്‌ ബാറ്റ്‌ താഴ്‌ത്തിയത്‌.
അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സായിരുന്നു അഫ്‌ഗാനു വേണ്ടിയിരുന്നത്‌. ക്രീസില്‍ അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ്‌ നബിയും. ഷമി എറിഞ്ഞ ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി നബി ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പേറ്റി. അടുത്ത പന്തിലും ആഞ്ഞു വീശിയ നബിക്കു പക്ഷേ അതിര്‍ത്തി കടത്താനായില്ല.
പിന്നീടുള്ള മൂന്നു പന്തുകളില്‍ ഷമി അഫ്‌ഗാന്റെ വിധിയെഴുതി. ആദ്യ പന്തിലേതിനു സമാനമായ ഷോട്ടിനു ശ്രമിച്ച നബി ലോങ്‌ഓണില്‍ ഹര്‍ദ്ദിക്‌ പാണ്ഡ്യയുടെ കൈയിലൊതുങ്ങി. ഇന്ത്യന്‍ ആരാധകര്‍ നിറഞ്ഞ ഗാലറിയില്‍ നിന്നു നെടുവീര്‍പ്പുയര്‍ന്ന നിമിഷം.
അതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യ അടുത്ത രണ്ടു പന്തുകളില്‍ മത്സരം അവസാനിപ്പിച്ചു. നാലാം പന്തില്‍ അഫ്‌താബ്‌ ആലത്തിന്റെയും അഞ്ചാം പന്തില്‍ മുജീബ്‌ ഉര്‍ റഹ്‌മാന്റെയും പ്രതിരോധം തകര്‍ത്ത ഷമി വന്‍ നാണക്കേടില്‍ നിന്ന്‌ ഇന്ത്യയെ കരകയറ്റി.
ചേതന്‍ ശര്‍മയ്‌ക്കു ശേഷം ലോകകപ്പ്‌ ക്രിക്കറ്റില്‍ ഹാട്രിക്‌ തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഇതോടെ ഷമി. 1987 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരേയായിരുന്നു ചേതന്‍ ശര്‍മയുടെ ഹാട്രിക്‌ പ്രകടനം. ഇന്നലത്തെ ജയത്തോടെ മറ്റൊരു നാഴികക്കല്ലും ഇന്ത്യ പിന്നിട്ടു. ലോകകപ്പില്‍ 50 ജയമെന്ന അപൂര്‍വ നേട്ടം. ഇതിനു മുമ്പ്‌ ഓഷ്യാന രാജ്യങ്ങളായ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌ എന്നിവര്‍ മാത്രമാണ്‌ ഈ നേട്ടം കുറിച്ചത്‌.
നാലു വിക്കറ്റ്‌ വീഴ്‌ത്തിയ ഷമിക്കു പുറമേ ജസ്‌പ്രീത്‌ ബുംറ, യൂസ്‌വേന്ദ്ര ചഹാല്‍, ഹര്‍ദ്ദിക്‌ പാണ്ഡ്യ എന്നിവര്‍ രണ്ടു വീതം സ്വന്തമാക്കി. 10 ഓവറില്‍ 39 റണ്‍സ്‌ മാത്രം വഴങ്ങി രണ്ടു മുന്‍നിര വിക്കറ്റുകള്‍ വീഴ്‌ത്തിയ ബുംറയാണ്‌ കളിയിലെ കേമന്‍.
നേരത്തെ ടോസ്‌ നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്‌ ഓര്‍മിക്കാന്‍ നായകന്‍ വിരാട്‌ കോഹ്ലിയുടെയും മധ്യനിര താരം കേദാര്‍ ജാദവിന്റെ അര്‍ധസെഞ്ചുറികള്‍ മാത്രമാണുണ്ടായിരുന്നത്‌. സ്‌കോര്‍ ബോര്‍ഡില്‍ ഏഴു റണ്‍സ്‌ മാത്രമുള്ളപ്പോള്‍ രോഹിത്‌ ശര്‍മയെ(1) നഷ്‌ടമായ ഇന്ത്യക്കു പിന്നീട്‌ ബാറ്റിങ്‌ സുഗമമായില്ല. 15 ഓവര്‍ പിന്നിടുമ്പോഴേക്കും മറ്റൊരു ഓപ്പണര്‍ കെ.എല്‍. രാഹുലും പവലിയനില്‍ എത്തിയിരുന്നു.
തുടര്‍ന്നു മൂന്നാം വിക്കറ്റില്‍ വിജയ്‌ ശങ്കറിനൊപ്പം കോഹ്ലി രക്ഷാപ്രവര്‍ത്തനം ആഗ്രഭിച്ചു. എന്നാല്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടില്‍ പങ്കാളിയായത്‌ ഒഴിച്ചാല്‍ കാര്യമായി ഒന്നുചെയ്യാതെ വിജയ്‌ ശങ്കര്‍(29) മടങ്ങി. തൊട്ടുപിന്നാലെ കോഹ്ലിയും പുറത്തായതോടെ മികച്ച സ്‌കോര്‍ എന്ന ഇന്ത്യന്‍ മോഹം പൊലിഞ്ഞു. പുറത്താകുമ്പോള്‍ 63 പന്തില്‍ നിന്ന്‌ അഞ്ചു ബൗണ്ടറികളോടെ 67 റണ്‍സാണ്‌ കോഹ്ലി നേടിയത്‌.
പിന്നീട്‌ അഞ്ചാം വിക്കറ്റില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണിയും കേദാര്‍ ജാദവും ചേര്‍ന്ന്‌ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയാണ്‌ ഇന്ത്യയെ 200-ലേക്ക്‌ അടുപ്പിച്ചത്‌. എന്നാല്‍ അവരുടെ മെല്ലെപ്പോക്ക്‌ ഇന്ത്യക്ക്‌ ഗുണം ചെയ്‌തില്ല.
45-ാം ഓവറില്‍ വോണി പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ അഞ്ചിന്‌ 192. തുടര്‍ന്നെത്തിയ ഹര്‍ദ്ദിക്‌ പാണ്ഡ്യ(7)യും തിളങ്ങാതെ മടങ്ങിയതോടെ 250-ഉം ഇന്ത്യക്ക്‌ അപ്രാപ്യമായി. അര്‍ധസെഞ്ചുറി തികച്ചതിനു പിന്നാലെ ജാദവിനെയും മടക്കി അഫ്‌ഗാന്‍ ഇന്ത്യക്ക്‌ മൂക്കുകയറിട്ടു. 68 പന്തില്‍ നിന്ന്‌ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതമായിരുന്നു ജാദവിന്റെ 52 റണ്‍സ്‌. അഫ്‌ഗാനു വേണ്ടി നായകന്‍ ഗുല്‍ബാദിന്‍ നയ്‌ബ്, മുഹമ്മദ്‌ നബി എന്നിവര്‍ രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തി.

ഇന്ത്യയും വലയില്‍ കുരുങ്ങി
സ്‌പിന്‍ ബൗളിങ്ങിനെ നേരിടാന്‍ ഇന്ത്യയോളം മികവ്‌ മറ്റൊരു ടീമിനുമില്ലെന്നത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകര്‍ അഭിമാനത്തോടെ അവകാശപ്പെട്ടിരുന്നതാണ്‌. ലോകകപ്പ്‌ ക്രിക്കറ്റ്‌ ചരിത്രത്തില്‍ അത്‌ അക്ഷരാര്‍ഥത്തില്‍ ശരിയുമായിരുന്നു.
കാരണം ഇതുവരെയുള്ള ഒരു ലോകകപ്പിലും എന്തിന്‌ ഈ ലോകകപ്പില്‍ പാകിസ്‌താനെതിരായ കഴിഞ്ഞ മത്സരം വരെ ഇന്ത്യ സ്‌പിന്നര്‍മാര്‍ക്കു വിക്കറ്റ്‌ സമ്മാനിച്ചിട്ടില്ല. എന്നാല്‍ ഇത്തിരിക്കുഞ്ഞന്മാരായ അഫ്‌ഗാനിസ്‌ഥാനെതിരേ ആ പതിവു തെറ്റി.
ഇന്നലെ സതാംപ്‌ടണില്‍ ഇന്ത്യക്കു നഷ്‌ടമായ എട്ടു വിക്കറ്റുകളില്‍ ആറും കൊയ്‌തത്‌ സ്‌പിന്നര്‍മാര്‍. മികച്ച ടേണ്‍ ലഭിച്ച പിച്ചില്‍ 34 ഓവറുകള്‍ തന്റെ നാലു സ്‌പിന്നര്‍മാര്‍ക്കായി വീതിച്ച അഫ്‌ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നയ്‌ബിന്റെ തന്ത്രം ഫലം കാണുകയായിരുന്നു.

ആശാന്റെ നെഞ്ചത്ത്‌
മിന്നല്‍ സ്‌റ്റംപിങ്ങുകളിലൂടെ എന്നും വാര്‍ത്ത സൃഷ്‌ടിച്ചിട്ടുള്ള മഹേന്ദ്ര സിങ്‌ ധോണി ഇന്നലെ തന്റെ തന്നെ മികവിന്റെ പ്രതിരൂപം കണ്ടു. കേദാര്‍ ജാദവുമൊന്നിച്ചു മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ധോണി അവസാന ഓവറിലെ കൊട്ടിക്കലാശത്തിനു തയാറെടുക്കവെ അഫ്‌ഗാന്‍ വിക്കറ്റ്‌ കീപ്പര്‍ ഇക്രം അലിഖിലിന്റെ മിന്നല്‍ വേഗത്തിനു മുന്നില്‍ വീണു.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 45-ാം ഓവറില്‍ റാഷിദ്‌ ഖാന്റെ പന്തിലാണ്‌ ഇക്രം ധോണിയെ ക്ഷണവേഗത്തില്‍ സ്‌റ്റംപ്‌ ചെയ്‌തത്‌. തന്റെ ഏകദിന കരിയറില്‍ ഇതു രണ്ടാം തവണമാത്രമാണ്‌ ധോണി സ്‌റ്റംപ്‌ ചെയ്യപ്പെട്ടു പുറത്താകുന്നത്‌. ഇതിനു മുമ്പ്‌ 2011 ലോകകപ്പില്‍ വെസ്‌റ്റിന്‍ഡീസിനെതിരേയായിരുന്നു അങ്ങനെ പുറത്തായത്‌. ക്രിക്കറ്റ്‌ കരിയറില്‍ ഇത്‌ ആറാം തവണയും. മൂന്നു തവണ ടെസ്‌റ്റ് ക്രിക്കറ്റിലും ഒരു തവണ ട്വന്റി 20യിലും ധോണി സ്‌റ്റംപിങ്ങിന്‌ ഇരയായിട്ടുണ്ട്‌.

Ads by Google
Saturday 22 Jun 2019 11.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW