Tuesday, July 16, 2019 Last Updated 50 Min 48 Sec ago English Edition
Todays E paper
Ads by Google
വെള്ളാനകളുടെ കാട് / ഉണ്ണി വി.ജെ. നായര്‍
Tuesday 02 Jul 2019 01.17 AM

പ്രിയയും റിയയും കണ്ണിറുക്കിയാല്‍ കലക്‌ടര്‍ കരം വാങ്ങി കണ്ണടയ്‌ക്കും!

uploads/news/2019/07/318825/Opinin020719vellaanakalude.jpg

കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി... കേവലമൊരു പഴഞ്ചൊല്ലിനപ്പുറം, കേരളത്തിലെ വനങ്ങളില്‍ അന്നുമിന്നും സംഭവിക്കുന്ന യാഥാര്‍ഥ്യമാണിത്‌. മാസങ്ങള്‍ക്കു മുമ്പാണ്‌ വനംമന്ത്രിയുടെ മണ്ഡലത്തിലെ തോട്ടഭൂമികളില്‍നിന്ന്‌, റവന്യൂ വകുപ്പിന്റെ നിരോധനം മറികടന്ന്‌, കോടികളുടെ മരങ്ങള്‍ മുറിച്ചുകടത്താന്‍ വനംവകുപ്പ്‌ അനുമതി നല്‍കിയത്‌. പുനലൂര്‍ താലൂക്കിലെ അനധികൃത തോട്ടഭൂമികള്‍ ഏറ്റെടുത്ത്‌ റവന്യൂ വകുപ്പ്‌ ഉത്തരവിറക്കുകയും മരം മുറിക്കുന്നതു നിരോധിക്കുകയും ചെയ്‌തിരുന്നു. സര്‍ക്കാരില്‍ അടയ്‌ക്കേണ്ട സീനിയറേജ്‌ പോലും അടയ്‌ക്കാതെയാണു തോട്ടം മേഖലയിലെ കമ്പനികള്‍ വ്യാപകമായി മരം മുറിച്ചുകടത്തിയത്‌.

വെള്ളാനകള്‍ വാഴുന്ന നാട്ടില്‍ കാടിന്‌ എന്തു രക്ഷ? ഏതു മുന്നണി ഭരിച്ചാലും ഘടകകക്ഷികള്‍ വാഴുന്ന വനംവകുപ്പിന്റെ കൈവശം ഇനി പേരിനുമാത്രമാണു വനം. അതുകൊണ്ടുതന്നെ, സി.പി.ഐക്കാരനായ വനംമന്ത്രി കെ. രാജുവിന്റെ മണ്ഡലത്തില്‍ത്തന്നെ വനഭൂമി പതിച്ചു നല്‍കിയെന്ന വാര്‍ത്തയും ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെട്ടില്ല. ആവശ്യക്കാര്‍ക്കു വിളവു തിന്നാനാണല്ലോ ചില വേലികള്‍ സ്‌ഥാപിക്കപ്പെടുന്നതുതന്നെ!
കൊല്ലം ജില്ലയിലെ മലയോരമേഖലയായ പുനലൂര്‍ താലൂക്കില്‍, ആര്യങ്കാവ്‌ വില്ലേജില്‍പ്പെട്ട 382 ഏക്കര്‍ വനഭൂമി പ്രിയ എസ്‌റ്റേറ്റിനു രായ്‌ക്കുരാമാനം പതിച്ചുനല്‍കിയതാണു സംഭവം.

വിഷയം വനമായതിനാല്‍ പ്രതിപക്ഷത്തിനും താത്‌പര്യമില്ലാത്തതു സ്വാഭാവികം. ചോദിക്കാനും പറയാനും നാട്ടില്‍ വിവാദമേറെയുള്ളപ്പോള്‍ കാട്ടില്‍ എന്തുനടന്നാലെന്ത്‌? സംഗതി വനംമന്ത്രിയുടെ അറിവോടെയായിരുന്നോ അതോ അദ്ദേഹം വെറും നോക്കുകുത്തിയായിരുന്നോ എന്ന കാര്യത്തിലേ ജനത്തിനു സംശയമുള്ളൂ. വ്യക്‌തമായ രേഖകളില്ലാതെ നൂറുകണക്കിന്‌ ഏക്കര്‍ ഭൂമിയുടെ കരം സ്വീകരിക്കാന്‍ ജില്ലാ കലക്‌ടര്‍ വിചാരിച്ചാല്‍ മാത്രം നടക്കുമോയെന്ന കാര്യത്തിലും ദുരൂഹത നിലനില്‍ക്കുന്നു.

പ്രിയ എസ്‌റ്റേറ്റ്‌ സ്‌ഥിതി ചെയ്യുന്നത്‌ 492.13 ഏക്കറിലാണ്‌. ഇതില്‍ 382 ഏക്കറും വനഭൂമിയാണെന്നാണ്‌ ഔദ്യോഗികരേഖകള്‍. ഇക്കാര്യം മറച്ചുവച്ചാണ്‌ 492.13 ഏക്കറിനു കരം സ്വീകരിക്കാന്‍ കൊല്ലം ജില്ലാ കലക്‌ടര്‍ ഡോ. എസ്‌. കാര്‍ത്തികേയന്‍ അനുമതി നല്‍കിയത്‌. ഇതോടെ വനഭൂമിയിലും "പ്രിയ"യ്‌ക്ക്‌ ഉടമസ്‌ഥാവകാശമായി.ഇതുകൂടാതെ തെന്മല വില്ലേജിലെ "റിയ" റിസോര്‍ട്ടിന്റെ 206.51 ഏക്കറിനും കരം സ്വീകരിച്ചു.

വനഭൂമി ഉള്‍പ്പെടെ 300 ഏക്കറിലേറെ റിയയുടെ പക്കലുണ്ടെന്ന വിവരം സൗകര്യപൂര്‍വം മറച്ചുവച്ചാണ്‌, കലക്‌ടറുടെ ഉത്തരവുപ്രകാരം വില്ലേജ്‌ ഓഫീസര്‍ കരം സ്വീകരിച്ചത്‌. നിയമപ്രകാരം കരം സ്വീകരിക്കാന്‍ ഭൂമിയുടെ കൃത്യമായ സര്‍വേ നമ്പരുകള്‍ ആവശ്യമാണ്‌, എന്നാല്‍, അതൊന്നുമില്ലാതിരുന്നിട്ടും റവന്യൂ വകുപ്പിന്റെ അഭിഭാഷകര്‍ ഒത്തുകളിച്ചതുമൂലം പ്രിയ, റിയ കമ്പനികള്‍ കരമടയ്‌ക്കാന്‍ ഹൈക്കോടതിയില്‍നിന്ന്‌ ഉത്തരവ്‌ നേടി. ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിനു മുമ്പ്‌ ജില്ലാ കലക്‌ടര്‍ അനുമതിയും നല്‍കി.

പ്രിയ എസ്‌റ്റേറ്റ്‌ സര്‍ക്കാര്‍ ഏറ്റെടുത്തതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞ ഫെബ്രുവരി 23-നു പ്രഖ്യാപിച്ചെങ്കിലും അതു മറികടന്നായിരുന്നു കലക്‌ടറുടെ നടപടി. ആധാരം പോലുമില്ലാത്ത പ്രിയയുടെ ഭൂമിക്കാണു കരം സ്വീകരിച്ചത്‌. ഭൂമിയുടെ ഉടമസ്‌ഥത സംബന്ധിച്ചു സിവില്‍ കോടതിയുടെ തീര്‍പ്പിനു വിധേയമായി പ്രിയ എസ്‌റ്റേറ്റിന്റെ കരം സ്വീകരിക്കാനായിരുന്നു ഹൈക്കോടതി വിധി. അതു പരിഗണിക്കാതെയാണ്‌ ഒരു ഉപാധിയുമില്ലാതെ കരം സ്വീകരിക്കാന്‍ ജില്ലാ കലക്‌ടര്‍ വില്ലേജ്‌ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയത്‌. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി പ്രിയ എസ്‌റ്റേറ്റിനു വിട്ടുനല്‍കിക്കൊണ്ട്‌ ഉത്തരവിറങ്ങിയിട്ടില്ലെന്ന്‌ ഉന്നത റവന്യൂ ഉദ്യോഗസ്‌ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ആര്യങ്കാവ്‌ ദേവസ്വം വക ഭൂമി, പഴയ ഇംഗ്ലീഷ്‌ കമ്പനിയായ മലയാളം പ്ലാന്റേഷന്‍സ്‌ പാട്ടത്തിനെടുത്തതാണ്‌. മലയാളം പ്ലാന്റേഷന്‍സ്‌ ഇന്ത്യ വിട്ടതോടെ ഭൂമിക്കു പ്രിയ എസ്‌റ്റേറ്റ്‌ അവകാശവാദമുന്നയിച്ചു. എന്നാല്‍ ഈ ഭൂമിക്ക്‌ ആധാരമില്ലെന്നു റവന്യൂ സ്‌പെഷല്‍ ഓഫീസ്‌ അധികൃതര്‍ വ്യക്‌തമാക്കുന്നു. മലയാളം പ്ലാന്റേഷന്‍സിന്റെ പിന്‍ഗാമികളെന്നാണു ഹാരിസണ്‍സ്‌ മലയാളം കമ്പനിയും പ്രിയ പ്ലാന്റേഷന്‍സും അവകാശപ്പെടുന്നത്‌. യഥാര്‍ഥത്തില്‍, മലയാളം പ്ലാന്റേഷന്‍സ്‌ ഉപേക്ഷിച്ചുപോയ ഭൂമി ഹാരിസണ്‍സ്‌ ഉള്‍പ്പെടെയുള്ളവര്‍ കൈയേറിയതാണെന്നു വ്യക്‌തം. സെന്റില്‍മെന്റ്‌ രജിസ്‌റ്ററില്‍ സര്‍ക്കാര്‍ വക പാട്ടഭൂമിയെന്നാണു പ്രിയയുടെ കൈവശഭൂമി രേഖപ്പെടുത്തിയിരിക്കുന്നത്‌.

അതിനാല്‍ ഇതു പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയാണെന്നു കണ്ടെത്തിയാണു റവന്യൂ സ്‌പെഷല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ഏറ്റെടുക്കല്‍ ഉത്തരവിറക്കിയത്‌. ഭൂമിയുടെ ഉടമസ്‌ഥാവകാശത്തില്‍ തീര്‍പ്പു കല്‍പ്പിക്കേണ്ടതു സിവില്‍ കോടതിയാണെന്നു ചൂണ്ടിക്കാട്ടി, രാജമാണിക്യത്തിന്റെ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചിനു റിയ എസ്‌റ്റേറ്റിനു കരമടച്ച്‌ ഭൂമി പേരില്‍ക്കൂട്ടി നല്‍കാന്‍ ഒരു തരികിട നടന്നു. അതേക്കുറിച്ചു നാളെ...

Ads by Google
വെള്ളാനകളുടെ കാട് / ഉണ്ണി വി.ജെ. നായര്‍
Tuesday 02 Jul 2019 01.17 AM
Ads by Google
Loading...
TRENDING NOW