Tuesday, July 16, 2019 Last Updated 50 Min 20 Sec ago English Edition
Todays E paper
Ads by Google

ഞങ്ങള്‍ക്കും പറയാനുണ്ട്‌

Beena Sebastian
Beena Sebastian
Tuesday 02 Jul 2019 10.44 AM

വരട്ടെ വത്തിക്കാന്‍ പ്രതിനിധി; ഒതുങ്ങട്ടെ അഭിഷിക്തരുടെ അധികാര-ധന മോഹങ്ങള്‍

പൊതുസമൂഹത്തില്‍ സഭ ഇതുപോലെ ലജ്ജിതയായി തലയാഴ്ത്തി നിന്ന സമയമില്ല. ക്രൈസ്തവ മതമേലധ്യന്മാരെ ആദരവോടെ കണ്ടിരുന്ന പൊതുസമൂഹം ഇന്ന് പരിഹാസത്തോടെ നോക്കുന്നു. സിറോ മലബാര്‍ സഭയ്ക്ക് ലഭിച്ച സ്വതന്ത്ര പരമാധികാരമാണ് ഈ വിഴുപ്പലക്കലുകളുടെ എല്ലാം കാരണമെന്ന വിമര്‍ശമാണ് ഉയരുന്നത്.
syro malabar church

'യേശുവിലാണെന്‍ വിശ്വാസം, കീശയിലാണെന്‍ ആശ്വാസം' ക്രിസ്ത്യാനികളെ പരിഹസിച്ച് കാലങ്ങളായി കേള്‍ക്കുന്ന ചൊല്ലാണിത്. അത് അന്വര്‍ത്ഥമാക്കുന്ന സംഭവങ്ങളാണ് സിറോ മലബാര്‍ സഭയില്‍ നിന്ന് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍. അത് ഏതെങ്കിലും ഒരു രൂപതയുടെ മാത്രമല്ല, ഒട്ടുമിക്ക രൂപതകളില്‍ നിന്നും പുറത്തുവരുന്നത് കോടികളുടെ തട്ടിപ്പിന്റെയും വഞ്ചനയുടെയും കഥകളാണ്.

അധികാരത്തിനായി അഭിഷിക്തര്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍, കോടതികളിലേക്ക് വ്യവഹാരങ്ങള്‍ വലിച്ചിഴക്കപ്പെടുമ്പോള്‍, ശരിക്കും നിരാശരാകുന്നതും അപമാനിതരാകുന്നതും യഥാര്‍ത്ഥ വിശ്വാസികളാണ്. അധികാരത്തിനും സമ്പത്തിനും വേണ്ടി അഭിഷിക്തര്‍ തുറന്ന പോര് നടത്തുമ്പോള്‍ അവരുടെ വിശ്വാസം യേശുവിലാണോ കീശയിലാണോ എന്നു തോന്നിപ്പോകും.

പൊതുസമൂഹത്തില്‍ സഭ ഇതുപോലെ ലജ്ജിതയായി തലയാഴ്ത്തി നിന്ന സമയമില്ല. ക്രൈസ്തവ മതമേലധ്യന്മാരെ ആദരവോടെ കണ്ടിരുന്ന പൊതുസമൂഹം ഇന്ന് പരിഹാസത്തോടെ നോക്കുന്നു. സിറോ മലബാര്‍ സഭയ്ക്ക് ലഭിച്ച സ്വതന്ത്ര പരമാധികാരമാണ് ഈ വിഴുപ്പലക്കലുകളുടെ എല്ലാം കാരണമെന്ന വിമര്‍ശമാണ് ഉയരുന്നത്. ആരോടും വിധേയത്വമില്ലാത്ത പൗരോഹിത്യ നേതൃത്വത്തിന് എന്ത് തോന്ന്യവാസവും കാണിക്കാമെന്ന സ്ഥിതിയായി. ഇതിന് ഒരു അറുതി വരുത്തേണ്ട സമയമായി. സഭയും അധികാരികളും കുറച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായാല്‍ കുറച്ചൊക്കെ പ്രതിസന്ധി പരിഹരിക്കപ്പെടും.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടോടെയാണ് സഭ പൊതുസമൂഹത്തില്‍ ഏറ്റവും അപമാനിതയായത്. സഭയിലെ മേധാവികള്‍ എന്തു കച്ചവടം നടത്താനും കള്ളംപറയാനും മടിയില്ലാത്തവരായി മാറിയെന്ന ധാരണ പൊതുസമൂഹത്തിനുണ്ടായി. ഇത് മാറ്റണം. അതിരൂപതയിലെ ഒരു വിഷയം ആ രൂപതയില്‍ മാത്രമല്ല, സിറോ മലബാര്‍ സഭയെ ആകമാനം ഗ്രസിച്ചിരിക്കുകയാണ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വൈദികര്‍ തെരുവിലിറണ്ടേിവന്നു. ഇരുപക്ഷത്തിനും പിന്തുണയുമായി അത്മായരുമെത്തി. ഇവരെ നേരിടാന്‍ മറ്റു രൂപതകളില്‍ നിന്നുപോലും ഏതാനും വൈദികരും വിശ്വാസികളും സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം അധിക്ഷേപം ചൊരിഞ്ഞു. ചാനല്‍ ചര്‍ച്ചകളില്‍ സഭ അപമാനിതയായി.

വത്തിക്കാന്‍ ഇടപെട്ട് താത്ക്കാലിക നടപടി സ്വീകരിച്ചതോടെ കുറച്ച് ശാന്തത വന്നു. എന്നാല്‍ അത് വലിയൊരു പൊട്ടിത്തെറിക്കു മുന്‍പുള്ള ശാന്തതയാണെന്ന് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അതിരൂപതയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാനും പരിഹാരം കാണാനും റിപ്പോര്‍ട്ട് നല്‍കാനു വത്തിക്കാന്‍ നിയോഗിച്ച അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററുടെ ദൗത്യം പൂര്‍ത്തിയായതോടെയാണ് പുതിയ പൊട്ടിത്തെറി. കര്‍ദിനാളിനെ അതിരൂപതയുടെ ഭരണചുമതലയില്‍ തിരികെ നിയമിച്ചു. അതോടൊപ്പം രണ്ട് സഹായ മെത്രാന്മാരുടെ ചുമതലകള്‍ സസ്‌പെന്റും ചെയ്തു.

അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ വ്യക്തമാക്കുന്നതായി മീഡിയ കമ്മീഷന്‍ പത്രക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഭൂമി ഇടപാടിനെ കുറിച്ച് താന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങള്‍ ഓഗസ്റ്റില്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന മാര്‍ ജേക്കബ് മനത്തോടത്തും പറയുന്നു. മാര്‍ മനത്തോടത്തിനെ തള്ളി മീഡിയ കമ്മീഷന്‍ വീണ്ടും രംഗത്തുവരുന്നു. വിശ്വാസികള്‍ വീണ്ടും ആശയക്കുഴപ്പത്തില്‍. ആരെ വിശ്വസിക്കും? ആരെ തള്ളും?

ഇനി വേണ്ടത് തിരുത്തലുകളാണ്. ബിഷപുമാരും വൈദികരും തിരുത്തലുകള്‍ക്ക് വിധേയമാകട്ടെ. അതിരുവിട്ട സ്വാതന്ത്ര്യമാണ് ആപത്തുകള്‍ വിളിച്ചുവരുത്തുന്നത്. സ്വതന്ത്ര പരമാധികാരമുള്ള സഭയില്‍ വത്തിക്കാന് ഇടപെടാന്‍ പറ്റില്ല എന്ന വാദം പൂര്‍ണ്ണമായും ശരിയല്ല. വത്തിക്കാന് ഇടപെടാം. ഭരണവും നടത്താം. അത് ഒരു അതിരൂപതയില്‍ ഒതുങ്ങിനില്‍ക്കാതെ സിറോ മലബാര്‍ സഭയില്‍ ഒന്നാകെ വരണം. എങ്കിലെ നേതൃത്വം പഠിക്കൂ. വെറുപ്പും വൈരാഗ്യവും ഉള്ളില്‍ സൂക്ഷിക്കുന്ന ചില വിശ്വാസികളും മര്യാദപഠിക്കൂ. വിശ്വാസികള്‍ക്ക് ആശ്വാസം ലഭിക്കൂ. വിശ്വാസികള്‍ ഇന്ന് പ്രതീക്ഷയോടെ നോക്കുന്നത് വത്തിക്കാനിലേക്കാണ്.

സിറോ മലബാര്‍ സഭയിലെ ഭരണം കുറേകാലത്തേക്ക് ഒരു പൊന്തിഫിക്കല്‍ ഡെലിഗേറ്റ് നടത്തണമെന്ന വാദവും ഉയര്‍ന്നുവരുന്നുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി ഒരു അപ്പസ്‌തോലിക് ആര്‍ച്ച്ബിഷപ്പ് വന്നതുകൊണ്ട് കാര്യമല്ല. അവിടെ തല്‍പരകക്ഷികളുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കി സഭയ്ക്ക് മുഴുവനായി വത്തിക്കാനില്‍ നിന്നും മാര്‍പാപ്പയുടെ പ്രതിനിധി നേരിട്ടു നടത്തുന്ന ഭരണം. ഇതോടെ സ്വതന്ത്രാധികാരം സസ്‌പെന്റു ചെയ്യപ്പെടുന്നു. മാര്‍പാപ്പയ്ക്ക് വേണ്ടി ഭരണം നടത്തുന്ന പ്രതിനിധി എടുക്കുന്ന ഓരോ തീരുമാനവും പോപ്പ് എടുക്കുന്നതുപോലെയായിരിക്കും. പരസ്പരം ഏറ്റുമുട്ടുന്ന രൂപതകള്‍ക്ക് ഒരുപോലെ ബാധകമായിരിക്കും ഈ തീരുമാനം. സ്വാതന്ത്ര്യം കുറയുമ്പോള്‍, സമ്പത്ത് നിയന്ത്രിക്കപ്പെടുമ്പോള്‍ വഴക്കും അവസാനിക്കും. തൊപ്പിതെറിക്കുമെന്ന് കണ്ടാല്‍ മെത്രാന്മാര്‍ പരസ്പരം ഐക്യപ്പെടാനും ഇടയാകും.

syro malabar church
മാര്‍ അബ്രഹാം കാട്ടുമന

മുന്‍പും സഭയില്‍ പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ഭരണം നടത്തിയിട്ടുണ്ട്. 1992 മുതല്‍ 1995 വരെ മാര്‍ ഏബ്രഹാം കാട്ടുമന മാര്‍പാപ്പയ്ക്ക് വേണ്ടി സിറോ മലബാര്‍ സഭയെ നയിച്ചു. വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന ആര്‍ച്ച് ബിഷപ് കാട്ടുമനയെ മേജര്‍ ആര്‍ച്ച്ബിഷപിന്റെ അധികാരത്തോടെയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കേരളത്തിലേക്ക് അയച്ചത്. സഭയെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തിയ സാഹചര്യത്തിലായിരുന്നു അത്. പൂര്‍ണ സിനഡിന്റെയും സ്ഥിരം സിനഡിന്റെയും സഭയിലെ പാസ്റ്ററല്‍ സമിതികള്‍ അടക്കം എല്ലാറ്റിന്റെയും അധ്യക്ഷന്‍ ഡെലിഗേറ്റ് ആയിരുന്നു. പോപ്പിനെ സന്ദര്‍ശിക്കുന്നതിന് വത്തിക്കാനിലായിരിക്കേയാണ് കാട്ടുമന പിതാവ് 1995 ഏപ്രില്‍ നാലിന് 51ാം വയസ്സില്‍ ഹൃദയഘാതത്തെ തുടര്‍ന്ന് കാലംചെയ്തത്.

ഇതുപ്രകാരം ഒരു പൊന്തിഫിക്കല്‍ ഡെലിഗേറ്റ് വന്നാല്‍ സഭയില്‍ എത്രമാത്രം സ്വീകാര്യത ഉണ്ടാകുമെന്ന ചോദ്യവും ഉയരാം. അതിരുവിട്ട സ്വാതന്ത്ര്യത്താല്‍ ദുഷിച്ച സഭാധികാരികള്‍ ഇതിന് വഴങ്ങുമോ എന്ന സംശയം. വത്തിക്കാന്‍ പ്രതിനിധിയെ അയച്ചുകഴിഞ്ഞാല്‍ പിന്നെ വഴങ്ങുകയല്ലാതെ വഴിയില്ല. അല്ലെങ്കില്‍ വത്തിക്കാന്റെ പരമാധികാരം അംഗീകരിക്കാതെ പുറത്തുപോകേണ്ടിവരും. വത്തിക്കാന്‍ ഡെലിഗേറ്റ് പക്ഷം പിടിക്കുമോ എന്ന ഭയവും ഉയര്‍ന്നുവരാം. അത്തരക്കാരെ ഒഴിവാക്കേണ്ടത് വത്തിക്കാന്റെ തെരഞ്ഞെടുപ്പിലൂടെയാണ്.

വത്തിക്കാന്‍ സ്ഥാനപതികളായി പ്രവര്‍ത്തിക്കുന്ന മലയാളി ആര്‍ച്ച് ബിഷപുമാരെയാണ് സാധാരണ ഡെലിഗേറ്റ് ആയി പരിഗണിക്കാന്‍ സാധ്യതയേറെ. അവര്‍ക്ക് സഭയിലെ പ്രശ്‌നം പരിഹരിക്കാന്‍ പ്രാപ്തിയില്ലെന്ന് വത്തിക്കാന് തോന്നിയാല്‍ സിറോ മലബാര്‍ സഭാംഗങ്ങളും വത്തിക്കാന്‍ കാര്യാലയത്തില്‍ സേവനം ചെയ്യുന്ന വൈദികരും പരിഗണിക്കപ്പെടാം. ഡെലിഗേറ്റ് ആകാന്‍ യോഗ്യതയുള്ള ചില ബിഷപ്പുമാരും വൈദികരും വത്തിക്കാന്റെ പരിഗണനയിലുമുണ്ട്.

അതിരൂപതയെ വെട്ടിമുറിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയാണ് ചിലര്‍. അതിരൂപത രൂപീകരിച്ച കാലം മുതലുള്ള ചില വിഭാഗത്തിന്റെ ആവശ്യമാണിത്. എന്നാല്‍ ആ ആവശ്യത്തിന് എല്ലാക്കാലത്തും ശക്തമായ പ്രതിഷേധവും മറുഭാഗത്ത് ഉയരുന്നുണ്ട്. വെട്ടിമുറിച്ച് ശക്തിക്ഷയിപ്പിക്കാമെന്ന് ഒരു വിഭാഗം കരുതുമ്പോള്‍ കൂടുതല്‍ ശക്തിനേടാനാണ് മറുവിഭാഗത്തിന്റെ ശ്രമം. വത്തിക്കാന്റെ കീഴില്‍ എറണാകുളം-അങ്കമാലി അതിരൂപത പുതിയ സഭയായി തുടരട്ടെ എന്നു വാദിക്കുന്നവരുമുണ്ട്. വത്തിക്കാനില്‍ നിന്ന് വേര്‍പെട്ടുപോയാല്‍ സമൂഹത്തില്‍ ലഭിക്കുന്ന വില എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്.

ഒരു ഭൂമി വിവാദം മാത്രമല്ല, എല്ലാ രൂപതകളിലെയും സാമ്പത്തിക ക്രമക്കേടുകളും ഭൂമി വില്പനകളും അധ്യാപക നിയമനങ്ങളും ആശുപത്രികള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ നിര്‍മ്മാണവും നടത്തിപ്പുമടക്കം വലിയ ആരോപണങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഈ ആരോപണങ്ങള്‍ എല്ലാം ഒരു ഡെഗിലേറ്റ് വന്ന് പരിശോധനയ്ക്ക് വിധേയമാക്കട്ടെ. അരമനകളില്‍ കയറിക്കൂടിയ ക്രിമിനല്‍, റിയല്‍ എസ്‌റ്റേറ്റ് മാഫിയ സംഘങ്ങളെ അടിച്ചുപുറത്താക്കുകയാണ് ആദ്യം വേണ്ടത്.

ധനസമ്പാദനത്തിന് വൈദിക വൃത്തിയെ മറയാക്കുന്നവരും പിടിക്കപ്പെടട്ടെ. മുന്‍പൊക്കെ വിദേശത്ത് ജോലിയുള്ളവരുടെ കുടുംബങ്ങളില്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുന്നത് സാധാരണമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് ചില വൈദിക ഭവനങ്ങള്‍ അതിലും വേഗത്തിലാണ് അഭിവൃദ്ധിനേടുന്നത്. ഭൂമി ഇടപാടില്‍ നഷ്ടപ്പെട്ടുവെന്ന് പറയുന്ന തുകയേക്കാള്‍ ഞെട്ടിക്കുന്ന ഫണ്ട് തട്ടിപ്പ് നടത്തിയ വിരുതന്മാര്‍ എറണാകുളത്തുണ്ട്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ സെമിനാരിയില്‍ എത്തുന്ന വൈദിക വിദ്യാര്‍ത്ഥികളുടെ മനോഭാവത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് സെമിനാരികളില്‍ അധ്യാപകനായ ഒരു വൈദികന്‍ തുറന്നുപറഞ്ഞത് ഓര്‍ക്കുന്നു. സഭയേയും സമൂഹത്തേയും സേവിക്കുക എന്ന ഒരൊറ്റ ലക്ഷ്യമായിരുന്നു മുന്‍പ് അവര്‍ക്ക്. എന്നാല്‍ ഇന്ന് ആ നിലപാടുകള്‍ മാറി. എങ്ങനെയും പണം സമ്പാദിക്കണം, സുഖലോലുപതയില്‍ ജീവിക്കണം, പട്ടം കിട്ടിയാല്‍ വൈകാതെ വിദേശത്തേക്ക് കടക്കണം, നാട്ടിലാണ് നിയമനമെങ്കില്‍ കൊള്ളാവുന്ന പോസ്റ്റുകള്‍ കിട്ടണം. അതിന് ആരെ മണിയടക്കാനും സ്തുതിപാടാനും മടിയില്ലാത്തവരായി പുതിയ തലമുറകള്‍ മാറുന്നു. മുന്‍പും ഇത്തരം പ്രവണത ഉണ്ടായിരുന്നുവെങ്കിലും അത്തരക്കാര്‍ വിരലില്‍ എണ്ണാവുന്നവരായിരുന്നുവെന്നും വൈദികന്‍ ചൂണ്ടിക്കാട്ടി.

സഭ കളങ്കമേശാത്തവളാണ്... പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവളാണ് എന്നൊക്കെ നേതൃത്വം പറയുമ്പോള്‍ അത് കേട്ടുനില്‍ക്കാന്‍ വിശ്വാസികളെ കിട്ടില്ല. പരിശുദ്ധാത്മാവ് നേരിട്ട് ഇറങ്ങിവന്ന് തെരഞ്ഞെടുത്തുവെന്ന് പറയുന്ന അഭിഷിക്തരില്‍ ഇപ്പോള്‍ പരിശുദ്ധാത്മാവുണ്ടോ? സഭ പരിശുദ്ധയായി തന്നെ നിലനില്‍ക്കണം. അതിന് തട്ടിപ്പുകാര്‍ക്ക് ഒരു കടിഞ്ഞാണിടേണ്ടത് അനിവാര്യമാണ്. പൂര്‍വ്വികര്‍ മുണ്ടുമുറുക്കി പട്ടിണികിടന്ന് ആര്‍ജിച്ച് നല്‍കിയ ആസ്തി സഭയിലെ ഒരു വിഭാഗം കട്ടുമുടിക്കുന്നത് വിശ്വാസികള്‍ക്ക് നല്‍കുന്നത് വലിയ വേദന തന്നെയാണ്. അതേചൊല്ലിയുള്ള വിഴുപ്പലക്കല്‍ അതിലേറെ വേദന സമ്മാനിക്കുന്നു. അഭിഷിക്തര്‍ക്ക് വിശ്വാസമില്ലെങ്കിലും വിശ്വാസികള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. അവര്‍ക്ക് ഇപ്പോഴും വിശ്വാസം ക്രിസ്തുവിലും പ്രതീക്ഷ മാര്‍പാപ്പയിലുമാണ്.

-ബീനാ സെബാസ്റ്റ്യന്‍

Ads by Google

ഞങ്ങള്‍ക്കും പറയാനുണ്ട്‌

Beena Sebastian
Beena Sebastian
Tuesday 02 Jul 2019 10.44 AM
Ads by Google
Loading...
TRENDING NOW