Tuesday, July 16, 2019 Last Updated 33 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 04.53 PM

അള്‍സര്‍ സൂക്ഷിക്കണം

''പ്രധാനമായും മൂന്ന് ഭാഗങ്ങളിലാണ് പെപ്റ്റിക് അള്‍സര്‍ ഉണ്ടാകുന്നത്. അന്നനാളം, ആമാശയം, ചെറുകുടല്‍ എന്നീ ഭാഗങ്ങളിലാണ് സാധാരണ അള്‍സര്‍ കാണപ്പെടുന്നത്. ദഹനവ്യവസ്ഥയുടെ ഏതുഭാഗത്തുണ്ടാകുന്ന അള്‍സറിനും ലക്ഷണങ്ങള്‍ ഒരുപോലെതന്നെയാണ്''
Ulcer Symptoms and treatment

അള്‍സര്‍ ആര്‍ക്കും പിടിപെടാം. ഉദരത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മുന്‍പന്തിയിലാണ് അള്‍സര്‍. എച്ച്. പൈലോറി ബാക്ടീരിയയുടെ ആക്രമണം, ദഹന വ്യവസ്ഥയിലെ അമിതമായ ആസിഡിറ്റി, മാനസികസമ്മര്‍ദം, ക്രമം തെറ്റിയ ഭക്ഷണരീതി, പുകവലി, മദ്യപാനം, വേദനസംഹാരികളുടെ അമിത ഉപയോഗം എന്നിവയൊക്കെ അള്‍സറിനു കാരണമായി ചൂണ്ടികാണിക്കാം. അന്നനാളത്തെയും ആമാശയത്തെയും ചെറുകുടലിനെയും സംരക്ഷിച്ചുകൊണ്ടു ഇതിനു മുകളില്‍ നേരിയ ഒരു ആവരണമുണ്ട്.

ഈ ആവരണത്തിലൂടെയാണ് നാം കഴിക്കുന്ന വസ്തുക്കള്‍ സഞ്ചരിക്കുന്നത്. ദഹനപ്രക്രിയയെ സഹായിക്കുന്ന വീര്യമേറിയ ദഹനരസങ്ങളില്‍നിന്നും ദഹന വ്യവസ്ഥയുടെ ഭാഗങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നത് ഈ ആവരണമാണ്.

ഇതിലുണ്ടാകുന്ന വ്രണമാണ് അള്‍സര്‍. വായ്പുണ്ണ് പോലെതന്നെ ഇത് ആമാശയത്തിന്റെയും അന്നനാളത്തിന്റെയും ആവരണത്തില്‍ ചെറിയ പുണ്ണായി രൂപപ്പെട്ട് താഴേക്ക് അരിച്ചിറങ്ങുന്നു.

മൂന്ന് ഭാഗങ്ങളില്‍


പ്രധാനമായും മൂന്ന് ഭാഗങ്ങളിലാണ് പെപ്റ്റിക് അള്‍സര്‍ ഉണ്ടാകുന്നത്. അന്നനാളം, ആമാശയം, ചെറുകുടല്‍ എന്നീ ഭാഗങ്ങളിലാണ് സാധാരണ അള്‍സര്‍ കാണപ്പെടുന്നത്. ദഹനവ്യവസ്ഥയുടെ ഏതുഭാഗത്തുണ്ടാകുന്ന അള്‍സറിനും ലക്ഷണങ്ങള്‍ ഒരുപോലെതന്നെയാണ്. എന്നാല്‍ അന്നനാളത്തിലെയും ആമാശയത്തിലെയും അള്‍സര്‍ തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളിലൂടെ സാധിക്കുന്നതാണ്.

രോഗം തിരിച്ചറിയാം


അള്‍സറിന്റെ രോഗലക്ഷണങ്ങളായി സാധാരണ കണക്കാക്കുന്നത് വയറുവേദനയും എരിച്ചിലുമാണ്. കഠിനമായ വേദനയാണ് മിക്കപ്പോഴും അനുഭവപ്പെടുക. അള്‍സര്‍ ഉണ്ടാകുന്ന ഭാഗത്ത് ദഹനരസങ്ങള്‍ എത്തുന്നതാണ് വേദനയ്ക്കു കാരണമാകുന്നത്. അള്‍സര്‍ ചികിത്സിച്ച് ഭേദമാകുന്നതോടെ അസ്വസ്ഥതകളും മാറുന്നതാണ്.

വിശപ്പില്ലായ്മ, ഛര്‍ദി, മലത്തില്‍ രക്തം കലരുക എന്നിവയും രോഗ ലക്ഷണമാകാറുണ്ട്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ഡോക്ടറുടെ അടുത്തെത്തി ശരിയായ രോഗ നിര്‍ണയം നടത്തുക. രോഗം കൃത്യമായി കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുന്ന പരിശോധന രീതിയാണ് എന്‍ഡോസ്‌കോപ്പി.

ഇതിലൂടെ ആന്തരീക ഭാഗങ്ങളുടെ നേരിട്ടുള്ള ദൃശ്യങ്ങള്‍ കണ്ടുപരിശോധിക്കാമെന്നതാണ് ഏറ്റവും വലിയ നേട്ടം. എവിടെയാണ് വ്രണമെന്ന് കൃത്യമായി മനസിലാക്കാനും വ്രണത്തിന്റെ വലിപ്പവും ആഴവും അറിഞ്ഞ് ചികിത്സിക്കാനും ഇതിലൂടെ സാധിക്കുന്നു.

Ulcer Symptoms and treatment

വലിച്ചുവാരി കഴിക്കരുതേ


ജീവിതത്തിലെ തിരക്കുകള്‍ കൂടിയപ്പോള്‍ സമയത്തു ഭക്ഷണം കഴിക്കാന്‍ മിക്കവര്‍ക്കും കഴിയാറില്ല. ഇത് അള്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്.

സമയത്തു ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ ആസിഡിന്റെ അളവ് കൂടി തുലനത നഷ്ടപ്പെടുന്നതിന്റെ ഫലമായി ആമാശയത്തില്‍ വ്രണം ഉണ്ടാകുന്നു. അള്‍സറുള്ളവരില്‍ അസ്വസ്ഥതകള്‍ വര്‍ധിക്കാനും മാനസികസമ്മര്‍ദം കാരണമാകാറുണ്ട്.

പുകവലിയും മദ്യപാനവും


പുരുഷന്മാരില്‍ അള്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് പുകവലിയും മദ്യപാന ശീലവുമാണ്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ആസിഡിന്റെ അളവ് ക്രമാതീതമായി വര്‍ധിപ്പിച്ച് അള്‍സറിന് കാരണമാകുന്നു.

ദഹനവ്യവസ്ഥയെ തകരാറിലാക്കുന്നതില്‍ മദ്യപാനത്തിനുള്ള പങ്കു വലുതാണ്. ആസിഡ് ഉത്പാദനം വര്‍ധിക്കുമ്പോള്‍ അന്നനാളത്തേയും ആമാശയത്തേയും ചെറുകുടലിനേയും ആവരണം ചെയ്തിരിക്കുന്ന ശ്ലേഷ്മ സ്തരത്തെ പ്രതികൂലമായിബാധിച്ച് അള്‍സറിനു കാരണമാകുന്നു.

ചികിത്സിക്കാന്‍ താമസം അരുത്


1. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയിലൂടെ രോഗശമനത്തിന് ശ്രമിക്കാതെ ഡോക്ടറെ കണ്ട് ശരിയായ ചികിത്സ ലഭ്യമാക്കണം.
2. അള്‍സര്‍ ചികിത്സിക്കാന്‍ വൈകുന്തോറും വ്രണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തി രക്തസ്രാവത്തിനു കാരണമാകുന്നു.

3. മരുന്നു ചികിത്സയിലൂടെ രോഗശമനം ലഭിക്കാത്ത സാഹചര്യത്തില്‍ ശസ്ത്രക്രിയ ആവശ്യമായിവന്നേക്കാം.
4. അള്‍സറുള്ള ഭാഗത്തെ രക്തസ്രാവത്തിന് അടിയന്തിര ശസ്ത്രക്രിയ വേണ്ടിവരും. എന്‍ഡോസ്‌കോപി പരിശോധനയില്‍ കാന്‍സറാണെന്ന് കണ്ടെത്തിയാല്‍ ശസ്ത്രക്രിയ ആവശ്യ
മാണ്.

5. അള്‍സറിന്റെ ഗുരുതരാവസ്ഥ കണകാക്കിയാണ് ഏതു ശസ്ത്രക്രിയാ രീതിയാണ് ആവശ്യമായി വരുന്നതെന്ന് തീരുമാനിക്കുന്നത്. ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയാത്ത അള്‍സ
റുമുണ്ട്. അപൂര്‍വ്വമായി കണ്ടുവരുന്ന ഈ അവസ്ഥയ്ക്ക് റിഫ്രാക്റ്ററി അള്‍സര്‍ എന്നാണ് പറയുന്നത്.

കടപ്പാട്:
ഡോ. ജോഷി ജോസഫ്
കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്റെറോളജിസ്റ്റ്

Ads by Google
Wednesday 03 Jul 2019 04.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW