Tuesday, July 16, 2019 Last Updated 33 Min 16 Sec ago English Edition
Todays E paper
Ads by Google
രേവതി ചന്ദ്രന്‍ ( അസി. മാനേജര്‍, KFPCK)
Saturday 06 Jul 2019 09.06 PM

വാഴ കൃഷി - അല്പം ശ്രദ്ധയോടെ

കൃഷിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഏറെ ഉള്ളതിനാല്‍ വാഴ കൃഷി ആദായകരമാക്കുന്നതിനും വിള വൈവിദ്ധ്യവത്ക്കരണത്തിനുമുള്ള അനന്തസാദ്ധ്യതകള്‍ നമുക്കിവിടെ ഉണ്ട്. അല്പം ഒന്നു ശ്രദ്ധിച്ചാല്‍ വാഴ കര്‍ഷകര്‍ക്ക് മികച്ച നേട്ടം നേടാന്‍ കഴിയും.
banana plantation in kerala

നമ്മുടെ കര്‍ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കൃഷിയാണ് വാഴകൃഷി. കൃഷിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഏറെ ഉള്ളതിനാല്‍ വാഴ കൃഷി ആദായകരമാക്കുന്നതിനും വിള വൈവിദ്ധ്യവത്ക്കരണത്തിനുമുള്ള അനന്തസാദ്ധ്യതകള്‍ നമുക്കിവിടെ ഉണ്ട്. അല്പം ഒന്നു ശ്രദ്ധിച്ചാല്‍ വാഴ കര്‍ഷകര്‍ക്ക് മികച്ച നേട്ടം നേടാന്‍ കഴിയും.

സീസണ്‍

മഴയെ ആശ്രയിച്ച് - ഏപ്രില്‍, മെയ്.
നന കൃഷി - ആഗസ്റ്റ്, സെപ്തംബര്‍
കടുത്ത മഴയും വരള്‍ച്ചയും - ഉചിതമല്ല.

കന്ന്

വാഴ കന്ന് രണ്ടു തരമാണ്. സൂചിക്കന്നും, പീലിക്കന്നും. സൂചിക്കന്നാണ് നടാന്‍ നല്ല കന്ന്. മാതൃവാഴയുടെ മാണത്തിന്റെ ഉള്‍ഭാഗത്തു കാണുന്നതാണ് സുചിക്കന്ന്. അടിഭാഗത്ത് നല്ല വണ്ണമുള്ള ഇത്തരം കന്നുകള്‍ മുകളിലേക്ക് പോകുംതോറും കൂര്‍ത്ത് പോകുന്നു. രോഗകീടബാധയില്ലാത്ത മാതൃവാഴയില്‍ നിന്നുള്ള 3-4 മാസം പ്രായമുള്ള സൂചിക്കന്ന് നടാന്‍ എടുക്കാവുന്നതാണ്. നടുന്നതിന് മുന്‍പ് ചാണകവും ചാരവും ചേര്‍ത്ത കുഴമ്പില്‍ 3-4 ദിവസം വെയിലത്ത് ഉണക്കും.

ഇടയകലം


banana plantation in kerala

വളപ്രയോഗം

അടിവളം - കമ്പോസ്റ്റ്/കാലിവളം/പച്ചിലവളം
1 വാഴയ്ക്ക് 10 കിലോ എന്ന തോതില്‍ നല്‍കണം
മണ്ണില്‍ പുളിരസം ഉണ്ടെങ്കില്‍ ഒരു വാഴയ്ക്ക്
ഒരു കി. ഗ്രാം കുമ്മായം ചേര്‍ക്കുന്നതും നന്നാവും.

banana plantation in kerala

മണ്ണില്‍ ഈര്‍പ്പം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് വളം ചെയ്യേണ്ടത്. ജൈവവളങ്ങള്‍ അടി വളമായി നല്‍കികൊണ്ട് രാസവളങ്ങള്‍ തവണകളായി നല്‍കാം. വാഴയില്‍ നിന്നും 60-75 സെ. മീറ്റര്‍ വിട്ട് വേണം വളങ്ങള്‍ ചേര്‍ക്കാന്‍.

മഴ ആശ്രയിക്കാത്ത കൃഷിക്ക് നനയില്ലെങ്കില്‍ നന്നാവില്ല. ഒരു വാഴയ്ക്ക് 15 ലിറ്റര്‍ വെള്ളമെങ്കിലും വേണം. മൂന്നു ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ മതിയാകും. വാഴയ്ക്ക് ഇടയില്‍ ചാലു കീറിയിരിക്കുന്നത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ സഹായിക്കും.

രോഗങ്ങളും കീടങ്ങളും

വാഴ കൃഷിയെ ഏറ്റവും അധികം ബാധിക്കുന്ന രോഗങ്ങള്‍

കുറുനാമ്പ്
കൊക്കാന്‍
ഇലപ്പുള്ളി
പനാമവാട്ടം

മേല്‍ പറഞ്ഞവയില്‍ ആദ്യത്തെ രണ്ടു രോഗങ്ങളും വൈറസ് രോഗങ്ങളാണ്. എന്നാല്‍ ഇലപ്പുള്ളിയും പനാമ വാട്ടവും കുമിള്‍ രോഗങ്ങളാണ്. വാഴപ്പേനുകളാണ് കുറുനാമ്പും, കൊക്കാന്‍ രോഗവും പടര്‍ത്തുന്നത്. വൈറസ് രോഗമായതിനാല്‍ തന്നെ രോഗബാധിതമായ വാഴകള്‍ പിഴുതു നശിപ്പിക്കുകയല്ലാതെ മറ്റു മാര്‍ണ്മങ്ങളില്ല. മറ്റു വാഴകളിലേക്ക് പടരാതിരിക്കാന്‍ കീടനാശിനി ഉപയോഗിച്ച് വാഴപ്പേനുകളെ നിയന്ത്രിക്കാം.

രോഗലക്ഷണം.

കുറുനാമ്പ് -വിരിഞ്ഞു വരുന്ന ഇലകള്‍ ചെറുതാകുകയും തിങ്ങിഞ്ഞെരുങ്ങി കൂമ്പടഞ്ഞുപോവുകയും ചെയ്യുന്നു.

കൊക്കാന്‍-വാഴയുടെ പുറം പോളകളില്‍ വല്ലാത്ത ചുവപ്പു നിറം കാണാം. രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നും ആരോഗ്യമുള്ള കന്നുകള്‍ തിരഞ്ഞെടുക്കുന്നത് വൈറസ് രോഗം ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

മഴക്കാലത്ത് വാഴ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഇലപ്പുള്ളി രോഗം. തുടക്കത്തില്‍ ചെറിയ മഞ്ഞപൊട്ടുകള്‍ ഇലയില്‍ പ്രത്യക്ഷപ്പെടുന്നു. പിന്നീട് അവ വലുതായി ഇല ഒടിഞ്ഞു തൂങ്ങുന്നു. രോഗബാധിതമായ ഇലകള്‍ മുറിച്ചു നീക്കി 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുക.

പൂവന്‍, മൊന്തന്‍ ഇനങ്ങളില്‍ അധികവും കാണാന്‍ സാധിക്കുന്ന ഒരു രോഗമാണ് പനാമ വാട്ടം. പുറമെയുള്ള ഇലകള്‍ മഞ്ഞളിച്ച് ഇലകള്‍ ഒടിഞ്ഞു വീഴുകയും വാഴത്തടയില്‍ വിള്ളല്‍ വീഴുകയും ചെയ്യുന്നു. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ വാഴ ചുവടോടെ ഒടിഞ്ഞു വീഴുകയും ചെയ്യാം. രോഗബാധിതമായ വാഴയുടെ മാണം മുറിച്ചു നോക്കിയാല്‍ തവിട്ടോ ചുവപ്പോ നിറത്തില്‍ വരകള്‍ കാണാം. അസുഖം ബാധിച്ച വാഴകളെ നശിപ്പിക്കുക, നീര്‍വാര്‍ച്ച സൗകര്യം ഉറപ്പുവരുത്തുക എന്നീ മാര്‍ണ്മങ്ങള്‍ അവലംബിച്ച് ഈ രോഗത്തെ നിയന്ത്രിക്കാം. വാഴ ഒന്നിന് ഒരു കിലോ കുമ്മായം എന്ന തോതിന് ഇട്ടുകൊടുക്കുന്നത് കുമിള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.

കീടങ്ങള്‍

വാഴയിലെ പ്രധാന കീടങ്ങള്‍

1. തടപ്പുഴു/പിണ്ടിപ്പുഴു
2. മാണവണ്ട്
3. ഇലതീനിപ്പുഴുക്കള്‍

തടപ്പുഴു

നിറമില്ലാത്ത പശപോലെ തോന്നുന്ന ഒരു ദ്രാവകം കീടം ഉള്ള വാഴത്തടയില്‍ നിന്നും ഒലിച്ചിറങ്ങുന്നത് കാണാം. തടപ്പുഴുവിന്റെ ആക്രമണം മൂലം വാഴപ്പിണ്ടിയുടെ ബലം നശിക്കുകയും ഒടിഞ്ഞു വീഴുകയും ചെയ്യുന്നു. തോട്ടം വൃത്തിയായി സൂക്ഷിക്കുക, പിണ്ടിപ്പുഴുവിന്റെ ആക്രമണം മൂലം ഒടിഞ്ഞ വാഴകള്‍ മാറ്റി കത്തിച്ച് നശിപ്പിക്കുക. ബ്യുവേറിയ ബാസിയാന എന്ന മിത്ര കുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഇല ക്കവിളുകളില്‍ ഒഴിച്ചു കൊടുക്കാം. ആക്രമണം രൂക്ഷം എങ്കില്‍ ക്രോള്‍പൈറിഫോസ് 2.5 മില്ലി/1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലക്കവിളില്‍ ഒഴുച്ചു കൊടുക്കാം. ഇതിലൂടെയെല്ലാം തടപ്പുഴുവിനെ നിയന്ത്രിക്കാം.

മാണവണ്ട്


വാഴയുടെ മാണത്തിലാണ് മാണവണ്ടിനെ കാണാന്‍ കഴിയുന്നത്. കൂമ്പില വിരിയാന്‍ താമസിക്കുക വാടിക്കരിഞ്ഞുപോവുക എല്ലാം മാണവണ്ടിന്റെ അക്രമണ ലക്ഷണങ്ങളായി കണക്കാക്കാം.
തോട്ട ശുചിത്വം പാലിക്കുന്നതും പുറം ചെത്തി വൃത്തിയാക്കി ചാണകവും ചാരവും ചേര്‍ത്ത ലായനിയില്‍ മുക്കി 3-4 ദിവസം വെയിലത്തു വച്ച് ഉണക്കി കന്ന് നടുന്നതും അക്രമണത്തെ കുറക്കുന്നു. ഇവയെ ആകര്‍ഷിച്ചു നശിപ്പിക്കുന്ന ഫെറോമോണ്‍ കോസ്‌മോല്യൂര്‍ കെണികളും ലഭ്യമാണ്.

ഇലതീനിപ്പുഴുക്കള്‍

തളിരിലകളിലെ ഹരിതകം കാര്‍ന്ന് തിന്ന് സുഷിരങ്ങളുണ്ടാക്കുന്നവയാണ് ഇലതീനിപ്പുഴുക്കള്‍. ഗോമൂത്രം കാന്താരി മിശ്രിതം ഇലക്കവിളുകളിലും ഇലകളിലും തളിച്ചു കൊടുക്കാം.
ഉപദ്രവം അസഹ്യമെങ്കില്‍ ക്വിനാല്‍ഫോസ് 25 ഋര - 2 മില്ലി. 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

വേപ്പിന്‍ പിണ്ണാക്ക് വാഴത്തടത്തിലും കവിളുകളിലും ഇട്ടുകൊടുക്കുന്നത് കീടങ്ങള്‍ക്കെതിരെ ഫലപ്രദമായി കണ്ടു വരുന്നുണ്ട്. ഇപ്പറഞ്ഞ അടിസ്ഥാനവിവരങ്ങള്‍ മനസ്സില്‍ സൂക്ഷിച്ച് കൃഷി ചെയ്താല്‍ വാഴകൃഷിയില്‍ ഉത്പാദനമികവ് നമ്മുടെ കര്‍ഷകര്‍ക്ക് കൈവരിക്കാന്‍ കഴിയും.

-രേവതി ചന്ദ്രന്‍ ( അസി. മാനേജര്‍, KFPCK)

Ads by Google
രേവതി ചന്ദ്രന്‍ ( അസി. മാനേജര്‍, KFPCK)
Saturday 06 Jul 2019 09.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW