Tuesday, July 16, 2019 Last Updated 32 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 11.02 PM

കിഴക്കിന്റെ ഏഥന്‍സ്‌

uploads/news/2019/07/320004/sun2.jpg

മുല്ലയും പിച്ചകവും ജമന്തിയും കാട്ടുതുളസിയും മണക്കുന്ന തെരുവുകളും കോടി മണക്കുന്ന ജൗളിക്കടകളും മീനാക്ഷി ക്ഷേത്രത്തിന്റെ തണുത്ത്‌ മിനുത്ത അകത്തളങ്ങളും തിലകഹോമത്തിന്റെ തിരികളും സന്ധ്യയ്‌ക്ക് തന്റെ ഗുരുനാഥന്‍ ആലപിച്ച നീലാംബരിയും സുഭദ്രയുടെ അകത്ത്‌ ചിരഞ്‌ജീവികളായി വാണു....!!! മാധവിക്കുട്ടി മധുരയെ വരച്ചിട്ടത്‌ മലയാളികളുടെ മനസ്സിലാണ്‌. തമിഴ്‌നാട്ടിലെ വൈഗ നദിക്കരയില്‍ സ്‌ഥിതി ചെയ്യുന്ന ഈ പൗരാണിക നഗരം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ്‌. മധുരയുടെ രണ്ടായിരത്തി അഞ്ഞൂറ്‌ വര്‍ഷത്തെ സാംസ്‌കാരിക ചരിത്ര പശ്‌ചാത്തലം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌.
തമിഴ്‌ പണ്ഡിതന്മാരും കവികളുമടങ്ങുന്ന തമിഴ്‌ സംഘത്തിന്റെ പ്രധാന ആസ്‌ഥാനവും ഇവിടെയായിരുന്നു. കിഴക്കിന്റെ വെനീസ്‌ എന്നറിയപ്പെടുന്നത്‌ നമ്മുടെ ആലപ്പുഴയാണെങ്കില്‍, കിഴക്കിന്റെ ഏഥന്‍സ്‌ എന്ന വിശേഷണം മധുരയ്‌ക്ക് സ്വന്തം. പാണ്ഡ്യ രാജാക്കന്മാരുടെ ഭരണ തലസ്‌ഥാനമായിരുന്ന മധുരയിലെ പ്രധാന ആകര്‍ഷണം മധുര മീനാക്ഷി ക്ഷേത്രമാണ്‌. മീനാക്ഷി- സുന്ദരേശ്വര ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്ന ഈ മഹാക്ഷേത്രം പാണ്ഡ്യ രാജാവായിരുന്ന കുലശേഖര പാണ്ഡ്യന്‍ ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതായി പറയപ്പെടുന്നു.
പതിന്നാല്‌ ഏക്കര്‍ സ്‌ഥലത്ത്‌ വ്യാപിച്ച്‌ കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന്‌ ആകെ പതിന്നാല്‌ ഗോപുരങ്ങളുമുണ്ട്‌. 170 അടി ഉയരം വരുന്ന തെക്കേ ഗോപുരമാണ്‌ ക്ഷേത്രത്തിന്റെ പ്രധാന കവാടം. 33000 ത്തില്‍ അധികം ശില്‌പങ്ങള്‍ ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു. ആയിരം കല്‍ത്തൂണുകള്‍ ഉള്ള ഇവിടുത്തെ ആയിരം കല്‍മണ്ഡപം വിദേശികളെപ്പോലും വിസ്‌മയിപ്പിക്കുന്ന പ്രൗഢ നിര്‍മ്മിതിയായി നിലകൊള്ളുന്നു. ദ്രാവിഡ വാസ്‌തു വിദ്യയുടെ മകുടോദാഹരണമാണ്‌ മധുര മീനാക്ഷി ക്ഷേത്രം.
മധുര മീനാക്ഷി ക്ഷേത്രത്തില്‍ നിന്നും 3 കി.മീ. ദൂരമേയുള്ളൂ തിരുമലൈ നായക്‌ പാലസിലേയ്‌ക്ക്. 1623-1659 കാലഘട്ടത്തില്‍ മധുര ഭരിച്ചിരുന്ന തിരുമലൈ നായിക്കിന്റെ ഈ കൊട്ടാരം ദ്രാവിഡ- രജപുത്‌ ശൈലികളുടെ സങ്കലനമണ്‌. തദ്ദേശീയ- ഇസ്ലാമിക രൂപങ്ങള്‍ ചേര്‍ന്ന തമീഷര്‍ വാസ്‌തുവിദ്യയുടെ അത്ഭുത ലോകമാണ്‌ കൊട്ടാരത്തിന്റെ അകത്തളങ്ങള്‍.
ചിലപ്പതികാരത്തില്‍ പരാമര്‍ശിക്കുന്ന കാനന ക്ഷേത്രമായ കല്ലഴകാര്‍ കോവില്‍, അധികമൊന്നും അനാവരണം ചെയ്യാത്ത മധുരയുടെ പ്രകൃതി ഭംഗി കൂടി സഞ്ചാരികള്‍ക്കായി സമ്മാനിക്കുന്നു. മധുര മീനാക്ഷിയുടെ സഹോദരനായ അഴകാര്‍, മഹാവിഷ്‌ണു തന്നെയാണെന്നാണ്‌ സങ്കല്‍പ്പം.
ഇന്ത്യയിലെ അഞ്ച്‌ ഗാന്ധി മ്യൂസിയങ്ങളില്‍ ഒന്നാണ്‌ 1959-ല്‍ സ്‌ഥാപിതമായ മധുരയിലെ ഗാന്ധി മ്യൂസിയം. തീര്‍ഥാടന കേന്ദ്രമെന്നതിലുപരി ഇന്ത്യയുടെ സാംസ്‌കാരിക- ചരിത്ര പൈതൃകത്തില്‍ മധുരയ്‌ക്ക് പ്രധാന പങ്കുണ്ട്‌.
മധുരയിലെ മധുരം രുചിച്ചില്ലെങ്കില്‍ ആ യാത്ര അപൂര്‍മാണെന്ന്‌് പറയേണ്ടി വരും. അരിമുറുക്കിനും ജിലേബിക്കും ജിഗര്‍ദണ്ടയ്‌ക്കുമൊക്കെ ഇത്രയധികം വൈവിധ്യങ്ങളുണ്ടോയെന്ന്‌ ഓരോ ഭക്ഷണപ്രിയനും അതിശയിക്കും. നോണ്‍- വെജ്‌ ഫുഡിനും ഇവിടെ പഞ്ഞമില്ല.
പൊറോട്ട പ്രേമിയായ മലയാളിയെ ബണ്‍ പൊറോട്ടയും മട്ടണ്‍ കറി ദോശയുമൊക്കെ ഞെട്ടിക്കുമെന്നതില്‍ സംശയമില്ല. സ്‌ട്രീറ്റ്‌ ഫുഡ്‌ എക്‌സ്പ്ലോര്‍ ചെയ്യാനായി മധുരയെക്കാള്‍ മികച്ച ഓപ്‌ഷന്‍ സൗത്ത്‌ ഇന്ത്യയില്‍ വേറെയില്ല. പക്ഷേ, സ്‌റ്റാര്‍ എപ്പോഴും മധുരയുടെ സ്വന്തം പരുത്തിപ്പാല്‍ തന്നെയാണ്‌. പരുത്തിക്കുരു പ്രധാന ചേരുവയാകുന്ന ഈ പാനീയം മധുരയുടെ പായസമെന്നാണ്‌ അറിയപ്പെടുന്നത്‌.
ഈ നഗരത്തിന്റെ രാത്രിക്കാഴ്‌ച്ചകള്‍ക്ക്‌ ഭ്രമിപ്പിക്കുന്ന ഭംഗിയാണ്‌. പകല്‍ക്കാഴ്‌ച്ചകളുടെ മത്ത്‌ ഇറങ്ങും മുന്‍പേ രാത്രികാല ഷോപ്പിംഗിനായി മധുരയുടെ തെരുവുകള്‍ സന്ദര്‍ശകരെ വിളിച്ച്‌ തുടങ്ങും. രാത്രിയില്‍ സജീവമാകുന്ന തെരുവുകളാണ്‌ ഇവിടെ. അതുകൊണ്ടുതന്നെ തൂങ്ങാ നഗരം (ഉറങ്ങാത്ത നഗരം) എന്ന ചെല്ലപ്പേരും മധുരയ്‌ക്കുണ്ട്‌.
എറണാകുളത്തു നിന്നും കോട്ടയം- കുമളി- കമ്പം- തേനി റൂട്ടിലൂടെ മധുരയിലേക്ക്‌ കെ. എസ്‌. ആര്‍. ടി. സി ദിവസവും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ട്രെയിന്‍ മാര്‍ഗമാണെങ്കില്‍ മധുര ജംഗ്‌ഷനാണ്‌ തൊട്ടടുത്ത റെയില്‍വേ സ്‌റ്റേഷന്‍.
പ്രകൃതി സ്‌നേഹിയേയും ചരിത്രാന്വേഷിയേയും ഭക്‌തരേയും ഭക്ഷണപ്രിയരേയും മധുര നിരാശപ്പെടുത്തില്ലെന്നുറപ്പ്‌. സോളോ യാത്രികര്‍ക്കും സധൈര്യം തിരഞ്ഞെടുക്കാവുന്ന ഡെസ്‌റ്റിനേഷനാണിത്‌. മധുരയ്‌ക്ക് വണ്ടി കയറിക്കോളൂ. മധുര സ്‌മരണകളുമായി മടങ്ങി വരാം...!!!

Ads by Google
Saturday 06 Jul 2019 11.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW