Tuesday, July 16, 2019 Last Updated 57 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 05.14 PM

മൂത്രാശയക്കല്ല് നീക്കം ചെയ്യാം

''മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത് വൃക്കയിലാണ്. അവിടെനിന്ന് അടര്‍ന്ന് മാറി മൂത്രനാളിയിലോ, മൂത്രസഞ്ചിയിലോ തടയുമ്പോഴാണ് കടുത്ത വേദന അനുഭവപ്പെടുന്നത്''
Kidney stones Causes, symptoms and treatment

അസഹനീയമായ വേദനയാണ് മൂത്രാശയക്കല്ലിന്റെ പ്രത്യേകത. നടക്കാനും ഇരിക്കാനും കിടക്കാനും ബുദ്ധിമുട്ട്. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ല്. ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്തത്തില്‍ എത്തിച്ചേരുന്നു.

അപ്പോള്‍ വൃക്കയില്‍ രക്തം ശുദ്ധീകരിക്കുന്ന അറയില്‍ ചില കണികകള്‍ തങ്ങിനില്‍ക്കും. ഈ കണികകള്‍ക്കുമുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ച് കല്ലായി രൂപാന്തരപ്പെടുന്നു.

മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത് വൃക്കയിലാണ്. അവിടെനിന്ന് അടര്‍ന്ന് മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ് കടുത്ത വേദന അനുഭവപ്പെടുന്നത്.

വയറുവേദന ആദ്യ ലക്ഷണം


കല്ലിന്റെ വലിപ്പം, സ്ഥാനം, അനക്കം എന്നിവയനുസരിച്ച് ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. കല്ലുകള്‍ വൃക്കയില്‍തന്നെ ഇരിക്കുമ്പോള്‍ ലക്ഷണങ്ങളൊന്നും കാണിച്ചെന്നുവരില്ല. ഇറങ്ങിവരുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.

വയറുവേദനയാണ് വൃക്കയിലെ കല്ലിന്റെ ആദ്യ ലക്ഷണം. കല്ല് വൃക്കയില്‍നിന്ന് ഇറങ്ങി വരുമ്പോഴാണ് വയറിന്റെ വശങ്ങളില്‍നിന്നും പുറകില്‍നിന്നും കടുത്ത വേദന അനുഭവപ്പെടുന്നത്.

തുടര്‍ന്ന് അടിവയറ്റിലും തുടയിലേക്കും വ്യാപിക്കുന്നു. ജനനേന്ദ്രിയത്തില്‍വരെ വേദന അനുഭവപ്പെടാം. വൃക്കയിലുണ്ടാകുന്ന കല്ലുകള്‍ അവിടുത്തെ അറകളില്‍ തങ്ങിനില്‍ക്കുന്നതിനേക്കാള്‍ വലിപ്പമാകുമ്പോള്‍ തെന്നി മൂത്രവാഹിനിയില്‍ എത്തുന്നു. അപ്പോള്‍ കഠിനമായ വേദനയുണ്ടാകാം.

രോഗനിര്‍ണയം


കല്ലിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ തീരെ ചെറിയ കല്ലുകള്‍ കണ്ടെത്താന്‍ അള്‍ട്രാസൗണ്ടിലൂടെ കഴിഞ്ഞെന്നുവരില്ല. സി.ടി സ്‌കാന്‍, എം. ആര്‍ യൂറോഗ്രാം ഇവയിലൂടെ ഏതുതരം കല്ലിനെക്കുറിച്ചും വ്യക്തമായ വിവരം ലഭ്യമാകും.

എക്‌സ്‌റേയില്‍ ഒരുവിധം കല്ലുകള്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും എല്ലാ കല്ലുകളും എക്‌സ്‌റേയില്‍ തെളിഞ്ഞു കാണണമെന്നില്ല. മൂത്രപരിശോധനയിലൂടെ കല്ലുണ്ടാകാനുള്ള ഘടകങ്ങള്‍ ഉണ്ടോയെന്ന് മനസിലാക്കാന്‍ കഴിയുന്നതാണ്. അണുബാധ ഉണ്ടെങ്കിലും മൂത്ര പരിശോധനയിലൂടെ അറിയാന്‍ കഴിയും.

Kidney stones Causes, symptoms and treatment

ഗുരുതരമാകുമ്പോള്‍


മൂത്രവാഹിനിക്കകത്തുകൂടി എളുപ്പത്തില്‍ പോകാവുന്ന വലിപ്പമേ കല്ലുകള്‍ക്ക് ഉള്ളൂവെങ്കില്‍ ഒഴുകി മൂത്ര സഞ്ചിയിലെത്തും. എന്നാല്‍ കല്ലിന് വലിപ്പക്കൂടുതലുണ്ടെങ്കില്‍ മൂത്രവാഹിനിയില്‍ എവിടെയെങ്കിലും തങ്ങിനില്‍ക്കാം. അല്ലെങ്കില്‍ പോകുന്ന വഴിയില്‍ ഉരഞ്ഞ് വേദനയുണ്ടാക്കാം.
ചിലപ്പോള്‍ കല്ലുകള്‍ മൂത്രത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയില്‍ തടഞ്ഞുനില്‍ക്കാം. ഇത് വളരെ ഗുരുതരമായ അവസ്ഥയാണ്. അപൂര്‍വ്വമായി മാത്രമേ ഇത് കണ്ടുവരുന്നുള്ളൂ.

വൃക്കയില്‍നിന്ന് കല്ല് മൂത്രസഞ്ചിയിലെത്തിയാല്‍ അതിനെ പുറത്തുകളയാനായിരിക്കും ശരീരം ശ്രമിക്കുന്നത്. എന്നാല്‍ വലിയ കല്ലുകളാണെങ്കില്‍ അത് പുറത്തുപോകാതെ അവിടെ തങ്ങിനില്‍ക്കാം. ചെറിയ കല്ലുകളാണെങ്കില്‍ അത് പുറത്തു പോകുന്നതാണ്. സാധാരണയായി 48 മണിക്കൂര്‍ മുതല്‍ ഒരാഴ്ചവരെ നീണ്ടുനില്‍ക്കുന്ന വേദനയാണിത്.

1. കൂര്‍ത്തവശങ്ങളോ മുനകളോ ഉള്ള കല്ലുകള്‍ മൂത്രവാഹിനിയിലെ നേരിയ പാളിയില്‍ വിള്ളലുകളുണ്ടാക്കാം. ഇതുവഴി രക്തം മൂത്രത്തില്‍ കലരുന്നു. അതിനാല്‍ മൂത്രം ഒഴിക്കുമ്പോള്‍ രക്തം കലര്‍ന്നു പോകുന്നതായി കാണാന്‍ സാധിക്കും.

2. ഇരുവൃക്കകളിലും കല്ലുണ്ടെങ്കില്‍ ഇത് മൂത്രവാഹിനിയെ പൂര്‍ണമായും തടസപ്പെടുത്താം. ഇത് മൂത്രതടസത്തിനും വൃക്ക പരാജയത്തിനും കാരണമായിത്തീരുന്നു.

3. മൂത്രത്തിലെ കല്ലുകള്‍ ആരംഭത്തിലെ കണ്ടെത്തി ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഭാവിയില്‍ വൃക്കപരാജയത്തിന് കാരണമാകാം.
80 - 85 ശതമാനം കല്ലുകള്‍ തനിയെ മൂത്രത്തിലൂടെ ശരീരത്തുനിന്നു പുറത്തു പോകാറുണ്ട്. കുഴപ്പങ്ങളൊന്നും ഉണ്ടാകുന്നില്ല. ചെറിയ കല്ലുകള്‍ ഇങ്ങനെയാണ് പുറത്തു പോകുന്നത്. എന്നാല്‍ 20 - 25 ശതമാനം കല്ലുകള്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വരുന്നു.

ചികിത്സ


എല്ലാ കല്ലുകളും ശസ്ത്രക്രിയ ചെയ്തു നീക്കേണ്ട. വലിയ കല്ലുകള്‍ മൂത്രത്തിലൂടെ പോവുകയില്ല. അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇതുമൂലം വേദന, മൂത്രതടസം, അണുബാധ, രക്തസ്രാവം എന്നിവ ഉണ്ടാകാം. അത്തരം സാഹചര്യത്തില്‍ കല്ലുകള്‍ വേഗത്തില്‍ നീക്കം ചെയ്യേണ്ടിവരുന്നു.

കല്ല് പൊടിച്ചു കളയാനുള്ള എക്‌സ്ട്രാകോര്‍പോറിയല്‍ ഷോര്‍ട്ട് വേവ് ലിതോട്രിപ്‌സി അല്ലെങ്കില്‍ ലേസര്‍ ഉപയോഗിച്ച് കല്ലുകള്‍ പൊടിക്കുകയോ എന്‍ഡോസ്‌കോപ്പിയുടെ സഹായത്തോടെ കല്ലു നീക്കം ചെയ്യുകയോ ചെയ്യുന്നു. ഏതുതരം കല്ലായാലും കൃത്യമായ ചികിത്സയും പരിശോധനകളും ആവശ്യമാണ്. ചിലത് മരുന്നുകള്‍ നല്‍കി അലിയിച്ചു കളയാവുന്നതാണ്്. കല്ലുവരാതിരിക്കാനുള്ള കരുതലുകളാണ് ഏറ്റവും പ്രധാനം.

കടപ്പാട്:
ഡോ. സൂരജ് വൈ.എസ്.
കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ്
ഫിസിഷന്‍, കൊച്ചി

Ads by Google
Tuesday 09 Jul 2019 05.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW