Tuesday, July 16, 2019 Last Updated 43 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 04.20 PM

പ്രമേഹത്തെ വരുതിയിലാക്കാം

Diabetes Symptoms and Treatment

പ്രമേഹത്തെ നൂറു ശതമാനവും പ്രതിരോധിക്കാനാവും. അല്പം ബുദ്ധിമുട്ടണം എന്നു മാത്രം. ഭാരതത്തില്‍ 70 ദശലക്ഷം പ്രമേഹരോഗികളാണ് ഇപ്പോള്‍ ഉള്ളത്. 96 ശതമാനം പ്രമേഹവും ടൈപ്പ് 2 എന്ന പ്രമേഹമാണ്. ചികിത്സ സ്വീകരിക്കുകയാണെങ്കില്‍ പോലും 20 ശതമാനത്തില്‍ താഴെ രോഗികള്‍ക്ക് മാത്രമാണ് ചികിത്സ വിജയകരമായിമാറുന്നത്. ഈ പറഞ്ഞതൊക്കെയും ഗവേഷണങ്ങളുടെ ഫലമായി നേടിയ ചില അറിവുകളാണ്.

പ്രമേഹം ഇത്രയേറെ ഗുരുതരമാണ് എന്നു കാണുമ്പോള്‍ അത് പ്രതിരോധിക്കുവാന്‍ മാര്‍ഗങ്ങളുള്ളപ്പോള്‍ അല്പം ബുദ്ധിമുട്ടാണെങ്കില്‍ കൂടിയും അത് സ്വീകരിക്കുകയാണ് വേണ്ടത്. കുടുംബത്തിലാര്‍ക്കെങ്കിലും പ്രമേഹമുള്ളതുകൊണ്ട് രോഗം ഉണ്ടാകണമെന്നില്ല. പക്ഷേ, വേണ്ടത്ര പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ക്ഷണിക്കപ്പെടാത്ത ഒരതിഥിയെപ്പോലെ പ്രമേഹം തീര്‍ച്ചയായും വന്നെത്തും.

അമിതവണ്ണം വേണ്ട


പ്രമേഹത്തിന്റെ ഉറ്റസുഹൃത്ത് അമിതവണ്ണമാണ്. 10 വയസുള്ള കുട്ടിക്ക് പ്രായത്തിനതീതമായ ശരീരഭാരമാണെങ്കില്‍ ടൈപ്പ് 2 പ്രമേഹം പിടിപെടാം.
അമിതവണ്ണം ഒഴിവാക്കുവാനുള്ള മാര്‍ഗങ്ങള്‍ ചെറുപ്പത്തിലെ സ്വീകരിച്ചുതുടങ്ങണം. രുചികരമായഭക്ഷണം, എണ്ണ, കൊഴുപ്പ്, മധുരം എന്നിവയുടെ ഉപയോഗം കുറയ്ക്കുക. മത്സ്യമാംസാദികള്‍ ഉപയോഗം ചിട്ടപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. പ്രായത്തിനും പൊക്കത്തിനും അനുവദനീയമായ വിധത്തില്‍ ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുവാന്‍ ശ്രമിക്കുക.

അരവണ്ണം കുറയ്ക്കാം


കുടവയര്‍ പ്രമേഹവുമായി ഉറ്റപ്രണയത്തിലാണ് എന്ന യാഥാര്‍ഥ്യം വൈദ്യശാസ്ത്രം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഒരു ടേപ്പ് ഉപയോഗിച്ച് വയറിനു ചുറ്റും അളന്നു നോക്കുമ്പോള്‍ പുരുഷന് 90 സെന്റീ മീറ്ററില്‍ അധികമാകാന്‍ പാടില്ല. സ്ത്രീകള്‍ക്ക് അത് 80 സെന്റീ മീറ്ററില്‍ അധികമാകാന്‍ പാടില്ല.

ശരീരത്തിന്റെ ഭാരം കൂടുതല്‍ അല്ലായെങ്കിലും അരവണ്ണം കൂടുതലാണെങ്കില്‍ പ്രമേഹം ഏറെക്കുറെ ഉറപ്പിക്കാം. ഭക്ഷണത്തിലൂടെയും വ്യായാമമുറകളിലൂടെയും അരവണ്ണം ശരിയായ രീതിയില്‍ നിലനിറുത്തുവാന്‍ മലയാളികള്‍ക്ക് സാധിക്കണം. അരവണ്ണവും ശരീരഭാരവും അല്പംമാത്രം കൂടുന്നതും പ്രമേഹത്തിന് കാരണമാകുന്നു.

Diabetes Symptoms and Treatment

പരിശോധനകള്‍ നിര്‍ബന്ധം


25 വയസുമുതലെ വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ പരിശോധനകള്‍ നടത്തണം. രക്തത്തിലെ പഞ്ചസാര, കൊഴുപ്പ്, രക്തസമ്മര്‍ദംതുടങ്ങി നിരവധി പരിശോധനകള്‍ ഇക്കൂട്ടത്തിലുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന രക്തത്തിലെ കൊഴുപ്പ് എന്നിവ സമയോചിതമായി ചികിത്സിച്ചില്ലെങ്കില്‍ അതും ഭാവിയില്‍ പ്രമേഹത്തിന് കാരണമാകും.

ചിലകൂട്ടരാകട്ടെ, പരിശോധനകള്‍ നടത്തി അസുഖങ്ങള്‍ വളരെ നേരത്തേ കണ്ടുപിടിക്കും. പക്ഷേ, ഫലപ്രദമായി രീതിയില്‍ ചികിത്സിക്കാറില്ല. ചിലവേളകളില്‍ ഭക്ഷണം നിയന്ത്രിച്ചും വ്യായാമത്തിലൂടെയും മാത്രം ജീവിതചര്യാരോഗങ്ങള്‍ ചികിത്സിക്കുവാന്‍ സാധിക്കുമെങ്കിലും അവ എല്ലാ രോഗത്തിനും സാധ്യമാകണമെന്നില്ല. പ്രമേഹ രോഗത്തിന് ആവശ്യമായ പരിശോധനങ്ങളും ചികിത്സകളും യഥാസമയം ചെയ്യാന്‍ ശ്രദ്ധിക്കണം.

രക്തസമ്മര്‍ദം ക്രമീകരിക്കണം


ഉയര്‍ന്ന രക്തസമ്മര്‍ദം ഭാവിയില്‍ പ്രമേഹകാരണമായേക്കാം. രക്തസമ്മര്‍ദം കണ്ടുപിടിക്കപ്പെട്ടാല്‍ ഫലവത്തായി രീതിയില്‍ ചികിത്സിക്കുക വേണം. രക്തസമ്മര്‍ദം വളരെ കൂടുതലാണെങ്കില്‍ തീവ്രമായ വ്യായാമത്തിലൂടെ അതുകുറയ്ക്കാം എന്ന മണ്ടന്‍ തീരുമാനം എടുത്തുകളയരുത്! ഔഷധം ഉപയോഗിച്ച് അല്പാല്പമായി രക്തസമ്മര്‍ദം കുറയ്ക്കുകയും, അതോടൊപ്പം ഡോക്ടര്‍ നിര്‍ദേശിക്കുന്ന അനുവദനീയമായ വ്യായാമമുറകള്‍ തുടങ്ങുകയുമാണ് ചെയ്യേണ്ടത്. രക്തസമ്മര്‍ദത്തിന് മരുന്നുകള്‍ കുറിക്കുമ്പോള്‍ ചികിത്സകനോട് കുടുംബത്തിലുള്ള മറ്റു രോഗങ്ങളെക്കുറിച്ച് പറയണം.

ബീറ്റാബ്ലോക്കേഴ്‌സ് ഗണത്തില്‍പ്പെടുന്ന അറ്റെനലോള്‍ പോലെയുള്ള ഔഷധങ്ങള്‍ പ്രമേഹം വരാന്‍ സാധ്യതയുള്ളവര്‍ക്ക് രക്തസമ്മര്‍ദം കുറയ്ക്കുവാന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. സ്റ്റീറോയ്ഡ് കലര്‍ന്ന ഔഷധങ്ങളും പ്രമേഹരോഗ കാരണമായി മാറിയേക്കാം. അടിയന്തിരഘട്ടങ്ങളില്‍ മാത്രമേ ഇവ ഉപയോഗിക്കുവാന്‍ പാടുള്ളൂ.

രക്തസമ്മര്‍ദ ചികിത്സയിലാണെങ്കില്‍പോലും 50 ശതമാനത്തിലധികം രോഗികള്‍ക്ക് രക്തസമ്മര്‍ദം നിയന്ത്രണവിധേയമായി കാണാറില്ല. ഇതും അബദ്ധമാണ്. ചികിത്സിക്കുമ്പോള്‍ അളവുകോലുകള്‍ നോര്‍മലാണെന്ന് ഉറപ്പു വരുത്തണം. അല്ലാത്തപക്ഷം പ്രമേഹരോഗ സാധ്യതയും മറ്റു അവയവങ്ങള്‍ക്കുള്ള രോഗസാധ്യതയും നിലനില്‍ക്കും.

Diabetes Symptoms and Treatment

വ്യായാമം പതിവാക്കണം


പ്രമേഹത്തിനും പ്രമേഹപ്രതിരോധത്തിനും ഒരു ചെലവുമില്ലാത്ത ഔഷധമാണ് വ്യായാമം. വ്യായാമം എന്തുമാകാം. നടപ്പാകാം ഓട്ടമാകാം നീന്തലാകാം നൃത്തമാകാം. സ്വന്തം ആരോഗ്യസ്ഥിതിയും പ്രായവും കണക്കിലെടുത്തുവേണം വ്യായാമമുറകള്‍ തെരഞ്ഞെടുക്കുവാന്‍.

പ്രമേഹപ്രതിരോധത്തിന് ഒരാഴ്ച 150 മിനിട്ടെങ്കിലും കുറഞ്ഞത് നടന്നാല്‍ മതിയാകും. ആഴചയില്‍ 5 ദിവസമെങ്കിലും കുറഞ്ഞത് 30 മിനിട്ടെങ്കിലും നടക്കണമെന്നര്‍ഥം. തീവ്രമായ വ്യായാമമുറകള്‍ നല്ലതുതന്നെയാണ് പക്ഷേ അത് തുടര്‍ന്നു നടത്തുവാന്‍ കഴിയാതെ വരുമ്പോള്‍ ഗൗരവമുള്ള രോഗങ്ങള്‍ പിടികൂടി എന്നുവരാം.

പ്രതിരോധത്തിന് ഔഷധങ്ങള്‍


പ്രമേഹം പ്രതിരോധിക്കുവാന്‍ ഔഷധങ്ങള്‍ ആവശ്യമില്ല. എന്നാല്‍ ചിലരോഗികള്‍ പ്രമേഹപൂര്‍വാവസ്ഥയില്‍ എത്തിയവരായിരിക്കും. പ്രമേഹം വന്നെത്തുന്നതിന് തൊട്ടുമുമ്പുള്ള അവസ്ഥയാണിത്. ഈ അവസ്ഥയിലുള്ളവര്‍ കൊഴുപ്പും മധുരവും ഭക്ഷണത്തില്‍ കുറയ്ക്കണം.

കൂടാതെ ദിവസേന 30 മിനിട്ട് നടക്കാനും അമിത ശരീരഭാരം കുറയ്ക്കുവാനും കഴിഞ്ഞാല്‍ പ്രമേഹത്തെ ഒഴിവാക്കുവാന്‍ കഴിയും. പക്ഷേ, ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുവാന്‍ കഴിയാത്തവര്‍ക്കും പൊണ്ണത്തടിയോ മറ്റു രോഗങ്ങളുള്ളവര്‍ക്കും മെറ്റ്‌ഫോര്‍മിന്‍പോലെയുള്ള ഔഷധങ്ങള്‍ നല്‍ക്കേണ്ടതായി വരും. ഇത് വിദഗ്ധ ഡോക്ടറുടെ അഭിപ്രായം സ്വീകരിച്ചശേഷം മാത്രമേ ആകാവൂ.

Diabetes Symptoms and Treatment

ആഘോഷവേളകള്‍ ശ്രദ്ധയോടെ


ആഘോഷവേളകളില്‍ മധുരവും കൊഴുപ്പും നിര്‍ബന്ധപൂര്‍വം കഴിക്കേണ്ടി വരുന്നത് അനാരോഗ്യകരവും നിര്‍ഭാഗ്യകരവുമായ മലയാളികളുടെ ഒരവസ്ഥയാണ്. മലയാളികള്‍ക്കിടയില്‍ ആഘോഷവേളകള്‍ വളരെ കൂടുതലാണ്. വിവാഹങ്ങള്‍, പിറന്നാളുകള്‍, ഓണം, വിഷു, റംസാന്‍, ക്രിസ്മസ്, ന്യൂഇയര്‍, ബക്രീദ് തുടങ്ങി പട്ടിക ഇങ്ങനെ നീളുന്നു.

ആഴ്ചയില്‍ രണ്ടും മൂന്നും ദിവസങ്ങള്‍ ആഘോഷങ്ങളില്‍ നിര്‍ബന്ധപൂര്‍വം പലര്‍ക്കും പങ്കെടുക്കേണ്ടതായി വരുന്നു. പ്രമേഹത്തെ പ്രതിരോധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇത്തരം വേളകളില്‍ ശ്രദ്ധാപൂര്‍വം ഭക്ഷണം തെരഞ്ഞെടുക്കുകയോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയോ ചെയ്യുന്നതാകും നല്ലത്.

മനസും പ്രമേഹവും


ജോലിയിലോ കുടുംബത്തിലോ അനുഭവപ്പെടുന്ന മാനസികസംഘര്‍ഷം കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിയാതെവരിക, വ്യായാമം ചെയ്യുവാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാതെവരിക എന്നി കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. അമിതവണ്ണമുണ്ടെങ്കിലും അത് കുറയ്ക്കുവാന്‍ കഴിയാതെവരികയും പരിശോധനാഫലങ്ങള്‍ അപ്രിയമാണെങ്കിലും ഔഷധങ്ങളെ ഭയന്ന് ചികിത്സ സ്വീകരിക്കാതെ വരികയും അസ്വസ്ഥതയുണ്ടാക്കാം.

രക്തത്തിലെ കൊഴുപ്പും പഞ്ചസാരയും രക്തസമ്മര്‍ദവും അല്പാല്പമായി ഉയരുന്നതും സാഹചര്യങ്ങളാണ്. മാനസിക പിരിമുറുക്കം അമിതവണ്ണത്തിനും പ്രമേഹത്തിനും ഹൃദ്രോഗത്തിനു പ്രധാനകാരണമാകുന്നു. ഒന്നൊന്നായി കാരണങ്ങള്‍ കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുവാന്‍ നമുക്ക് സാധിക്കണം.

നിശബ്ദ രോഗത്തില്‍ പെട്ടവയാണ് പ്രമേഹരോഗം. പിടിപ്പെട്ടാലും പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കുശേഷം അവയവങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുകയാണ് ചെയ്യുക. ശാരീരികമായും മാനസികമായും നമ്മെ തളര്‍ത്തുന്ന രോഗമാണ് പ്രമേഹം.

Diabetes Symptoms and Treatment

പ്രമേഹത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുക വേണം. പ്രമേഹ പ്രതിരോധത്തെ പോലെ തന്നെ പ്രധാനമാണ് പ്രമേഹരോഗികള്‍ മറ്റു അനുബന്ധരോഗങ്ങെളയും പ്രതിരോധിക്കുന്നത്. കണക്കുകള്‍ സൂചിപ്പിക്കുന്നത് 95 ശതമാനം പ്രമേഹരോഗികള്‍ക്കും ഈ പ്രതിരോധം സാധിക്കുന്നില്ല എന്നാണ്.

ഏറ്റവും ശാസ്ത്രീയമായ പ്രമേഹരോഗ ചികിത്സ പ്രമേഹ പ്രാരംഭാവസ്ഥയില്‍ തന്നെ സ്വീകരിക്കുകയും വ്യാജചികിത്സാ പ്രലോഭനങ്ങളില്‍ വീണു പോകാതിരിക്കുകയും വേണം. ആധുനിക പ്രമേഹരോഗ ചികിത്സയില്‍ ഉപയോഗിക്കുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത ഔഷധങ്ങള്‍ക്ക് താരതമ്യേന വില കുറവാണ്.

എങ്കിലും ഹൃദയം, വൃക്ക, കാല്‍പാദങ്ങള്‍, കണ്ണ്, നാഡീവ്യൂഹം എന്നിവയില്‍ രോഗങ്ങള്‍ വരുമ്പോള്‍ ചികിത്സിക്കുന്നതിനു വേണ്ടി വരുന്ന ചിലവിനെ അപേക്ഷിച്ച് പ്രതിരോധ ചികിത്സാ വിധികള്‍ തുച്ഛമാണ്. അറിവിനൊപ്പം ആവശ്യമായ മുന്‍കരുതലുകളും എടുത്താല്‍ മനസിനും സുഖം, ശരീരത്തിനും സുഖം.

കടപ്പാട്:
ഡോ. ജോതിദേവ് കേശവദേവ്
ചെയര്‍മാന്‍ ആന്‍ഡ്
മാനേജിംഗ് ഡയറക്ടര്‍
ജോതിദേവ്‌സ് ഡയബറ്റീസ്
റിസര്‍ച്ച് സെന്റേര്‍സ്, തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW