Tuesday, July 16, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 01.27 AM

സഭാധികാരികള്‍ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍

uploads/news/2019/07/321001/bft1.jpg

കാരണം കൂടാതെ ഞാന്‍ ഒരിക്കലും അപ്പനെ തല്ലിയിട്ടില്ല. അപ്പനെ തല്ലിയ മകന്റെ പ്രതികരണമാണിത്‌. ഈ മകന്‍, അപ്പനെ വീട്ടിലിട്ടല്ലാതെ തെരുവിലിട്ടു തല്ലിയതായി കേട്ടിട്ടില്ല. ഈ മകനെയും കടത്തിവെട്ടിയിരിക്കുകയാണ്‌ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വിശ്വാസികളും അവര്‍ക്കു നേതൃത്വം നല്‍കുന്ന ചില വൈദികരും!
താന്തോന്നിയായ ആ മകന്റെ നിലവാരംപോലും ഇവര്‍ക്കില്ലാതെ പോയതില്‍ കേരളസഭ ഒന്നടങ്കം ദുഃഖിക്കുന്നു. ഇത്‌, വിശ്വാസവികല്‌പ്പമോ? വിശ്വാസവൈകൃതമോ? വിശ്വാസിവികൃതിയോ? ഒന്നും മനസിലാകുന്നില്ല. കുടുംബങ്ങളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബാംഗങ്ങളൊന്നുചേര്‍ന്നു പറഞ്ഞു പരിഹരിക്കുകയല്ലേ ചെയ്യാറുള്ളത്‌? കുടുംബാംഗങ്ങള്‍ക്കു തനിച്ചു പരിഹരിക്കാന്‍ പറ്റാതെവന്നാല്‍ ബന്ധുക്കളും സ്വന്തക്കാരുംചേര്‍ന്ന്‌ അതു പരിഹരിക്കും. കത്തോലിക്കാസഭയാകുന്ന ഈ മഹാതറവാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സുഗമവും സുതാര്യവുമായ എന്തെല്ലാം നടപടിക്രമങ്ങളാണുള്ളത്‌?
കത്തോലിക്കാസഭ എന്നുപറയുന്നത്‌ ക്രിസ്‌തുകേന്ദ്രീകൃതകൂട്ടായ്‌മയാണ്‌. ക്രിസ്‌തുവാകുന്ന തായ്‌ത്തണ്ടിലെ ശാഖകളും ഉപശാഖകളും ശിഖരങ്ങളും ചില്ലകളുമാണു സഭാംഗങ്ങള്‍. യേശുവിന്റെ വാക്കുകള്‍ ഇതു വ്യക്‌തമാക്കുന്നു, ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ ശാഖകളുമാണ്‌(യോഹ15:5). പൗലോസ്‌ശ്ലീഹാ പറയുന്നു, നിങ്ങള്‍ ക്രിസ്‌തുവിന്റെ ശരീരവും ഓരോരുത്തരും അതിന്റെ അവയവങ്ങളുമാണ്‌(1 കൊറി 12:27). സഭയിലെ ഓരോ അംഗവും സഭാഗാത്രത്തോടു പൊതുവായും ശിരസിനോടു സവിശേഷമായും ചേര്‍ന്നു നില്‌ക്കേണ്ടതാണ്‌. സഭയുടെ ഘടനയും സംവിധാനങ്ങളും യേശുവാണു നിശ്‌ചയിച്ചിട്ടുള്ളത്‌; അവയിലെ മാനുഷികവശങ്ങളെ അവഗണിച്ചുകൊണ്ടല്ല ഇതു പറയുന്നത്‌. പത്രോസാകുന്ന പാറമേലാണ്‌ ഇതു പണിയപ്പെട്ടിരിക്കുന്നത്‌. പത്രോസിനെയാണ്‌ സഭയുടെ തലവനായി അവിടുന്നു നിയോഗിച്ചത്‌. തലവനോടു ചേര്‍ന്നുനിന്നു നേതൃത്വം നല്‍കാന്‍ മറ്റ്‌ അപ്പസ്‌തലന്മാരെയും അവരുടെ പിന്‍ഗാമികളായി മെത്രാന്മാരെയും അവിടുന്നാണു നിയോഗിച്ചിട്ടുള്ളത്‌. അവരുടെ സഹായികളും സഹപ്രവര്‍ത്തകരുമായി പുരോഹിതന്മാരെ തെരഞ്ഞെടുത്തതും നിയോഗിച്ചതും ദൈവംതന്നെ. നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്‌തതെന്ന്‌ യേശു അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ പറഞ്ഞിട്ടുണ്ട്‌. മാര്‍പ്പാപ്പായും മെത്രാന്മാരും വൈദികന്മാരുമെല്ലാം ദൈവവിളി സ്വീകരിച്ചിട്ടുള്ളവരാണ്‌. അവരെ തെരഞ്ഞെടുത്തതു യേശുതന്നെ.
രാഷ്‌ട്രീയത്തില്‍, തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും മന്ത്രിമാരുംചേര്‍ന്നു ഭരണം നിര്‍വഹിക്കുന്നതുപോലെയല്ല, സഭയിലെ വ്യത്യസ്‌തങ്ങളായ ശുശ്രൂഷകള്‍ നിര്‍വഹിക്കപ്പെടുന്നത്‌. ഈ സംവിധാനത്തോടും ഘടനയോടും ചേര്‍ന്നുനിന്നാണ്‌ വൈദികരും സഭാംഗങ്ങളും പ്രവര്‍ത്തിക്കേണ്ടത്‌.
വിശുദ്ധീകരിക്കുക, പഠിപ്പിക്കുക, നയിക്കുക എന്നീ ദൗത്യത്രയം മാര്‍പ്പാപ്പായ്‌ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമുള്ളതാണ്‌. ഈ ദൗത്യനിര്‍വഹണം നടത്തുന്നത്‌ വ്യത്യസ്‌ഥതതലങ്ങളില്‍ നിന്നുകൊണ്ടാണെന്നുമാത്രം. നയിക്കുന്ന പ്രക്രിയയില്‍ നേതൃത്വത്തോടൊപ്പം അധികാരവും സമന്വയിച്ചിട്ടുണ്ട്‌. അധികാരം നേതൃത്വത്തിന്റെ ഭാഗമാണ്‌. ഈ അധികാരത്തെ അംഗീകരിക്കാനും ആദരിക്കാനും അനുസരിക്കാനും കീഴ്‌ഘടകങ്ങള്‍ക്കു കടമയുണ്ട്‌. പൗലോസ്‌ ശ്ലീഹാ ഇതു വിശദീകരിക്കുന്നു, ഓരോരുത്തരും മേലധികാരികള്‍ക്കു വിധേയരായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്‌ഥാപിതമാണ്‌. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവികസംവിധാനത്തെയാണു ധിക്കരിക്കുന്നത്‌. ധിക്കരിക്കുന്നവന്‍ തനിക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്‌ക്കും (റോമാ.13:1-2).
മാര്‍പ്പാപ്പായെ മെത്രാന്മാരും, മെത്രാന്മാരെ വൈദികരും, വൈദികരെ അല്‌മായരും അംഗീകരിക്കുകയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യണം. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്റെ വൈദികശുശ്രൂഷയും ജീവിതവും സംബന്ധിച്ചുള്ള പ്രെസ്‌ബിത്തേരിയും ഓര്‍ദിനിസ്‌ എന്ന ഡിക്രിയുടെ 7-ാം ഖണ്ഡികയില്‍ ഇതു വ്യക്‌തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. വൈദികരാകട്ടെ, മെത്രാന്മാര്‍ക്കുള്ള പൗരോഹിത്യകൂദാശയുടെ പൂര്‍ണതയെക്കുറിച്ച്‌ അവബോധമുള്ളവരായി, അവരില്‍ പ്രധാന അജപാലകനായ മിശിഹായുടെ അധികാരം ആചരിക്കണം. സഹകരണമനഃസ്‌ഥിതിയാല്‍ പൂരിതമായ, വൈദികര്‍ക്കുചേര്‍ന്ന ഈ അനുസരണം വൈദികര്‍ തിരുപ്പട്ടംവഴിയും കാനോനികദൗത്യംവഴിയും നല്‍കപ്പെടുന്ന മെത്രാന്റെ ദൗത്യത്തിലുള്ള ഭാഗഭാഗിത്വത്തില്‍ത്തന്നെ അടിസ്‌ഥാനമുറപ്പിച്ചിരിക്കുന്നു (പ്രെസ്‌ബിത്തേരിയും ഓര്‍ദിനിസ്‌ ഖണ്ഡിക 7). ഇതാണു സംഭാസംവിധാനത്തിന്റെയും സഭാജീവിതത്തിന്റെയും ചൈതന്യം. ഈ സംവിധാനത്തിലും ഘടനയിലും എവിടെയെങ്കിലും താളപ്പിഴയോ അപസ്വരമോ ഉണ്ടായാല്‍ അതിനെതിരേ പരാതി നല്‍കുന്നതിനുള്ള സംവിധാനങ്ങളും ക്രമീകരണങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ട്‌.
പക്ഷേ, ഇന്നിപ്പോള്‍ എറണാകുളം-അങ്കമാലി രൂപതയില്‍ ഒരു വല്ലാത്ത തകിടംമറിച്ചില്‍ സംഭവിച്ചിരിക്കുന്നു. വിശ്വാസികള്‍ വൈദികരുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങുന്നു, മുദ്രാവാക്യം വിളിക്കുന്നു, പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നു; മെത്രാന്റെ കോലം കത്തിക്കാന്‍പോലും മുതിരുന്നു! യേശുവിന്റെ സ്‌നേഹസാന്ത്വനചൈതന്യം അവിടെ അന്യമായിരിക്കുന്നു. എല്ലാം കലക്കിമറിക്കാനുള്ള കരുനീക്കങ്ങള്‍ നടക്കുന്നതുപോലെയുള്ള ഒരു പ്രതീതി അനുഭവപ്പെടുന്നു. അതോടൊപ്പം, കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമവും സഭയ്‌ക്കുള്ളിലും പുറത്തും നടക്കുന്നു. മാധ്യമങ്ങള്‍ പതിവുപോലെ മുതലെടുപ്പുതുടരുന്നു!
തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതോ തിരുത്താന്‍ ശ്രമിക്കുന്നതോ ഒന്നും ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ, അതിനു ചില നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ട്‌. രാഷ്‌ട്രീയപാര്‍ട്ടികളുടെയും യൂണിയനുകളുടെയുമൊക്കെ തലത്തിലേക്കും താഴുന്നത്‌ അപകടകരമാണ്‌. സഭാസംബന്ധമായ കാര്യങ്ങളുടെ സംവേദനം നടക്കേണ്ടത്‌, ആത്യന്തികമായി സഭാതലത്തിലാണ്‌. വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ ഓര്‍ക്കാം, ഐഹികകാര്യങ്ങളെക്കുറിച്ച്‌ വിധി പറയേണ്ടിവരുമ്പോള്‍ സഭ അല്‍പവും വിലമതിക്കാത്തവരെ നിങ്ങള്‍ ന്യായാധിപന്മാരായി അവരോധിക്കുന്നുവോ? നിങ്ങളെ ലജ്‌ജിപ്പിക്കാനാണു ഞാനിതു പറയുന്നത്‌. സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍മാത്രം ജ്‌ഞാനിയായ ഒരുവന്‍പോലും നിങ്ങളുടെയിടയില്‍ ഇല്ലെന്നു വരുമോ? സഹോദരന്‍ സഹോദരനെതിരേ പരാതിയുമായി ന്യായാസനത്തെ സമീപിക്കുന്നു, അതും വിജാതീയരുടെ ന്യായാസനത്തെ! (1 കൊറി 6:4-7).
ഇവിടെ കോടതിയെ മാത്രമല്ല, ചാനലുകളെവരെ സമീപിക്കുന്നു. തെരുവിലിട്ടു വിഴുപ്പലക്കുന്നു! ഭൂമിയിടപാടില്‍ കര്‍ദിനാള്‍ കുറ്റക്കാരനോ അല്ലയോ എന്നു കോടതി തീരുമാനിക്കട്ടെ. സഭാനടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ മാര്‍പ്പാപ്പായും സഭാസംവിധാനങ്ങളും തീരുമാനിക്കട്ടെ. തെരുവീഥികളിലും ചാനലുകളിലുമല്ല തീരുമാനങ്ങളുണ്ടാകേണ്ടത്‌. സഭാസംവിധാനം സര്‍ക്കാര്‍ സംവിധാനംപോലെയല്ല. സഭാസംബന്ധമായ കാര്യങ്ങള്‍ക്കു വിധിതീര്‍പ്പു കല്‍പ്പിക്കേണ്ടത്‌ കാനന്‍നിയമമാണ്‌. സിവില്‍ ലോയും കാനന്‍ലോയും തമ്മില്‍ കൂട്ടിക്കുഴക്കുന്നതു ശരിയായ നടപടിയല്ല. സ്വന്തം നിലപാടുകള്‍ ന്യായീകരിക്കാന്‍ കാനന്‍ നിയമത്തെയും സിവില്‍ നിയമത്തെയും തോന്നുംപടി ഉപയോഗിക്കുന്നത്‌ ഉചിതമല്ല. സിവില്‍ നിയമം വ്യവഹരിക്കാന്‍ സിവില്‍ കോടതിയും കാനന്‍ നിയമം വ്യവഹരിക്കാന്‍ സഭാകോടതിയുമുള്ള സ്‌ഥിതിക്ക്‌ ചാനലിലും ചന്തയിലുമല്ല വ്യവഹാരം നടക്കേണ്ടത്‌.
പ്രശ്‌നപരിഹാരത്തിന്‌, നിലവിലുള്ള സഭാസംവിധാനത്തിനു വിധേയരായി പ്രവര്‍ത്തിക്കുവാനുള്ള ധാര്‍മ്മികമായ ചുമതല എല്ലാവര്‍ക്കുമുണ്ട്‌. ചര്‍ച്ചയുടെയും സംവാദത്തിന്റെയും, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും, അനുസരണത്തിന്റെയും അനുരഞ്‌ജനത്തിന്റെയും വഴിയിലൂടെ ചരിക്കുവാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിച്ചിരുന്നെങ്കില്‍...!

റവ. ഡോ.തോമസ്‌ മൂലയില്‍

(ലേഖകന്റെ ഫോണ്‍: 9048117875 )

Ads by Google
Thursday 11 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW