Tuesday, July 16, 2019 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 09.51 AM

ഇനി സത്യന്റെ ജന്മത്തിലും!

''കളിക്കളത്തിലെ വി.പി.സത്യനെ അനശ്വരനാക്കിയശേഷം വീണ്ടുമിതാ വെള്ളിത്തിരയിലെ അനശ്വരനടന്‍ സാക്ഷാല്‍ സത്യന്‍ മാസ്റ്ററെ ജീവചരിത്ര സിനിമയില്‍ അവതരിപ്പിക്കാനുള്ള സ്വപ്‌നതുല്യമായ പരിശ്രമത്തിലാണ് ജയസൂര്യ.''
Interview with actor Jayasurya

എന്നും അത്ഭുതങ്ങള്‍ കാത്തുവയ്ക്കുന്ന നടനാണ് ജയസൂര്യ. കളിക്കളത്തിലെ വി.പി.സത്യനെ അനശ്വരനാക്കിയശേഷം വീണ്ടുമിതാ വെള്ളിത്തിരയിലെ അനശ്വരനടന്‍ സാക്ഷാല്‍ സത്യന്‍ മാസ്റ്ററെ ജീവചരിത്രസിനിമയില്‍ അവതരിപ്പിക്കാനുള്ള സ്വപ്‌നതുല്യമായ പരിശ്രമത്തിലാണ് ജയസൂര്യ.

കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച് സത്യന്‍ ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് പ്രഖ്യാപനമുണ്ടായത്. സത്യന്റെ കുടുംബാംഗങ്ങളുടെ കൂടി സമ്മതത്തോടെ വിജയ് ബാബുവാണ് നിര്‍മ്മാണം. അമൃത ടിവിയിലെ ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് എന്ന റിയാലിറ്റി ഷോയിലൂടെ വന്ന രതീഷ് രഘുനന്ദനന്‍ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

ഇതിന്റെ അനൗണ്‍സ്‌മെന്റുമായി ബന്ധപ്പെട്ട് ജയസൂര്യയും ആന്‍ അഗസ്റ്റിനും മറ്റും സതീഷ് സത്യനോടൊപ്പം സത്യന്റെ ശവകുടീരത്തില്‍ പോയി അനുഗ്രഹം തേടുകയുമുണ്ടായി. സ്വപ്‌നം
സത്യമാവുന്നു എന്നാണ് ഇതുസംബന്ധിച്ച് ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഒരു കഥാപാത്രത്തിന്റെ മാനസിക വിചാരങ്ങളില്‍ നിന്നു മറ്റൊരു കഥാപാത്രത്തിലേക്ക് ബോധപൂര്‍വ്വം പരിവര്‍ത്തനം ചെയ്യപ്പെടുമ്പോഴും പക്വതയും സൗമ്യതയും കഥാപാത്രത്തിന്റെ മുഖമുദ്രയാക്കാന്‍ ജയസൂര്യ ശ്രദ്ധിക്കാറുണ്ട്. അഭിനയ കലയെ നിസ്സാരമായി കാണാതെ ഒരുതരം ധ്യാനാമൃതമായ മനസ്സുമായാണ് ഓരോ കഥാപാത്രത്തെയും ജയസൂര്യ ധന്യമാക്കുന്നത്.

വെല്ലുവിളി നിറഞ്ഞ സങ്കീര്‍ണ്ണതയുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുമ്പോള്‍ ജയസൂര്യയ്ക്ക് വല്ലാത്തൊരു പോസിറ്റീവ് എനര്‍ജിയാണ്. മറ്റൊന്നിലും മനസ്സര്‍പ്പിക്കാതെ ക്യാമറ ചലിച്ചു തുടങ്ങിയാല്‍ അഭിനയിച്ച് പ്രതിഫലിപ്പിക്കേണ്ട കഥാപാത്രങ്ങളുടെ ഹൃദയവിചാരങ്ങളിലൂടെ അഭിരമിക്കാനും ജയസൂര്യയ്ക്ക് കഴിയുന്നു...

Interview with actor Jayasurya

ആരോപണങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ കാതോര്‍ക്കാതെ സിനിമാഭിനയത്തിലൂടെ ആത്മസായൂജ്യം അനുഭവിക്കുന്ന ജയസൂര്യ സൗഹൃദങ്ങള്‍ക്ക് എന്തെന്നില്ലാത്ത വിലകല്‍പ്പിക്കുന്നു. സിനിമയില്‍ നിന്നും പിറവിയെടുക്കുന്ന ഈ സൗഹൃദങ്ങള്‍ നല്ല കഥാപാത്രങ്ങളിലേക്കുള്ള യാത്രയാക്കി മാറ്റാന്‍ ജയസൂര്യയ്ക്ക് കഴിയുന്നു എന്നതും ശ്രദ്ധേയമാണ്....

തൃശൂര്‍ പൂരമെന്ന ശ്രദ്ധേയമായ ചിത്രത്തില്‍ മികവാര്‍ന്ന കഥാപാത്രത്തിന് പിറവി നല്‍കാന്‍ കാത്തിരിക്കുന്ന ജയസൂര്യയെ പാലക്കാട് പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ സെറ്റിലാണ് കണ്ടത്.

പ്രശോഭ് വിജയന്റെ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്?


വ്യത്യസ്ത കഥാപാത്രമാണ്. മാധ്യമ പ്രവര്‍ത്തകനായ അരവിന്ദെന്ന കഥാപാത്രം. പ്രേതത്തില്‍ അഭിനയിച്ച ശ്രുതിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ് എന്റെ സുഹൃത്താണ്.

ഫ്രാന്‍സിസാണ് ഈ കഥ എന്നോട് പറഞ്ഞത്. കഥ കേട്ടപ്പോള്‍ പ്രത്യേകത തോന്നി. വിജയ് ബാബുവിനോട് സൂചിപ്പിച്ചു. നാലുവര്‍ഷം മുമ്പ് കേട്ട കഥയാണെന്നാണ് വിജയ് ബാബു പറഞ്ഞത്. ഇപ്പോള്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ നിയോഗമുണ്ടായത് എനിക്കാണ്.

നമ്മുടെയൊക്കെ ജീവിതയാത്രയില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന ചില സംഭവങ്ങള്‍് സ്വാഭാവികമാണ്. എന്നാല്‍ അതിനെ അതിജീവിക്കുക സങ്കീര്‍ണ്ണമാണ്. ഒരു ജന്മത്തില്‍ അനുഭവിക്കേണ്ട സന്തോഷവും ദുഃഖവും ഒരു സിനിമയിലെ കഥകളിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ അഭിനയിച്ച 36 ദിവസവും ഒരു കഥാപാത്രത്തിന്റെ മാനസികാവസ്ഥയിലൂടെ ആടിത്തീര്‍ത്ത വിസ്മയാവഹമായ അനുഭവമാണ് ഈ ചിത്രത്തിലൂടെ എനിക്ക് ലഭിച്ചത്.

ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഞാന്‍ മേരിക്കുട്ടിയിലെ സൂക്ഷ്മതയാര്‍ന്ന അഭിനയം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നല്ലോ?


ഞാന്‍ മേരിക്കുട്ടിയില്‍ കഥാപാത്രത്തിന്റെ ഹൃദയം തൊട്ടറിയുമ്പോഴൊക്കെ വല്ലാത്തൊരു ടെന്‍ഷന്‍ അനുഭവിച്ചിരുന്നു. എങ്കിലും കഥാപാത്രത്തിന്റെ ജീവിതവിജയം ഹാപ്പിയായാണ് അനുഭവിപ്പിച്ചത്..മേരിക്കുട്ടിയായി അഭിനയിക്കുമ്പോള്‍ മാനസികമായും ശാരീരികമായും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു..
പക്ഷേ മേരിക്കുട്ടി വിജയിച്ചപ്പോള്‍ നടനെന്ന നിലയില്‍ വല്ലാത്തൊരു എനര്‍ജിയും സന്തോഷവും തോന്നി...

പ്രേതത്തില്‍ അഭിനയിച്ച് ഫലിപ്പിച്ച മെന്റലിസ്റ്റ് പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരുന്നല്ലോ. പ്രേതവുമായി നേരിട്ട് സംസാരിക്കുന്ന മെന്റലിസ്റ്റ് എന്ന കഥാപാത്രം നല്‍കിയ ഫീഡ്ബാക്ക് എന്തായിരുന്നു?


വല്ലാത്തൊരു ഫീഡ്ബാക്ക് തന്നെയായിരുന്നു. സ്പിരിറ്റുമായി നേരിട്ട് സംസാരിക്കാന്‍ കഴിയണം. ഡയലോഗിനെക്കാള്‍ അത്തരമൊരു ഫീല്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു.സ്പിരിറ്റുമായി സംസാരിക്കാന്‍ പറ്റുമെന്ന് തെളിയിക്കണമായിരുന്നു. ശരിക്കും ഒരു തരം ചലഞ്ച് തന്നെയായിരുന്നു. മെന്റലിസ്റ്റാവാന്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടി.
Interview with actor Jayasurya

പ്രേതത്തിന്റെ ചിത്രീകരണം തുടങ്ങിയത് മുതല്‍ 60 ദിവസം തല ഷേവ് ചെയ്യേണ്ടിവന്നു. പ്രേതം 2 ചെയ്യുമ്പോഴും അങ്ങനെ തന്നെയായിരുന്നു. തലയില്‍ മുടി വളരാന്‍ മൂന്നു മാസം വേണ്ടിവന്നു. ഇതിനിടയില്‍ ഒരുപാട് സിനിമകളിലേക്കുള്ള ഓഫര്‍ വേണ്ടെന്നുവെച്ചു. പ്രേക്ഷകര്‍ പ്രേതത്തെ സ്വീകരിക്കുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്തപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി.

അഭിനയിച്ച സിനിമകളോരോന്നും വിജയിക്കുമ്പോഴുള്ള ജയസൂര്യയുടെ ആഹ്‌ളാദത്തെക്കുറിച്ച്?


സന്തോഷമാണെങ്കിലും ദുഃഖമാണെങ്കിലും ഓരോരുത്തരും വ്യത്യസ്തമായ തരത്തിലാണ് അനുഭവിക്കാറുള്ളത്. ചിലര്‍ മദ്യത്തിലാണ് തങ്ങളുടെ ലഹരി കണ്ടെത്തുന്നത്. എന്റെ ജീവിതത്തിലെ ലഹരി ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോഴുള്ള ആക്ഷനും കട്ടുമാണ്. എനിക്ക് എല്ലാം സിനിമ മാത്രമാണ്..സിനിമയിലെ ഓരോ നിമിഷവും ഞാന്‍ എന്‍ജോയ് ചെയ്യാറുണ്ട്.

പ്രാഞ്ചിയേട്ടനിലൂടെ മമ്മൂട്ടിയാണ് തൃശൂര്‍ ഭാഷയെ സിനിമയില്‍ കൂടുതല്‍ ജനകീയമാക്കിയത്. ജയസൂര്യയും പൂര്‍ണമായി തൃശൂര്‍ ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൃശ്ശൂര്‍ ഭാഷയുമായുള്ള ഇഴുകിച്ചേരലിനെക്കുറിച്ച്?


ഡി-കമ്പനി എന്ന ചിത്രത്തിലാണ് ഞാന്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന വരാല് ജോസ് എന്ന കഥാപാത്രമായി അഭിനയിച്ചത്. നെഗറ്റീവ് ക്യാരക്ടറായിരുന്നു.

പുണ്യാളന്‍ അഗര്‍ബത്തീസില്‍ എത്തിയപ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു കാരണം ചിത്രത്തിലുടനീളം തൃശ്ശൂര്‍ ഭാഷയാണ്. പുണ്യാളന്‍ വിജയിക്കുകയും എന്റെ തൃശ്ശൂര്‍ ഭാഷ ഇഷ്ടമായെന്നും പ്രേക്ഷകര്‍ വിലയിരുത്തിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി..

പൊതുവേ സൗഹൃദങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത സിനിമാലോകത്ത് സൗഹൃദങ്ങളെ നിലനിര്‍ത്തി സിനിമ ചെയ്യാന്‍ ശ്രമിക്കുന്ന അഭിനേതാവാണ് ജയസൂര്യ. സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ജയസൂര്യയുടെ ശൈലിയെക്കുറിച്ച് സൂചിപ്പിക്കാമോ?


സൗഹൃദങ്ങള്‍ക്ക് വളരെയേറെ വില കല്‍പ്പിക്കുന്ന ആളാണ് ഞാന്‍. ഒരു സിനിമ ചെയ്യുമ്പോള്‍ കഥാപാത്രത്തിനുവേണ്ടി പ്രയത്‌നിക്കാന്‍ ഞാന്‍ തയ്യാറാണ്...

ഒരു കഥാപാത്രം എനിക്ക് നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയുമോയെന്ന് തീരുമാനിക്കേണ്ടത് സംവിധായകനാണ്. അതുകൊണ്ട് തന്നെ സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും സൗഹൃദം നിലനില്‍ക്കുന്നു.

സിനിമയ്ക്കകത്തുള്ള ബഹുമാനവും സൗഹൃദവുമാണ് ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത്. സിനിമയ്ക്കകത്ത് പരസ്പരമുള്ള ബഹുമാനം കുറയുമ്പോഴും ഹാര്‍ഡ് വര്‍ക്ക് കുറയുമ്പോഴും സൗഹൃദം നഷ്ടമാകുന്നു.

Interview with actor Jayasurya

ഓരോ സിനിമ വിജയിക്കുമ്പോഴും പ്രതിബദ്ധതയും ഉത്തരവാദിത്വവുംകൂടുകയല്ലേ?


തീര്‍ച്ചയായും. നടനെന്ന നിലയില്‍ ഏറ്റവും വലിയ ആഗ്രഹം ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ വന്‍വിജയം നേടണമെന്ന് തന്നെയാണ്. അതേസമയം സക്‌സസ് ഒരുതരത്തിലും ബാധിക്കരുതെന്ന പ്രാര്‍ത്ഥനയും എനിക്കുണ്ട്.

പരാജയത്തെക്കാള്‍ ഏറ്റവും വലിയ ഒരു ശത്രു വിജയമാണ്.കാരണം പരാജയം നമ്മളെ തിരിച്ചറിവുകളിലേക്ക് നയിക്കുന്നു.. വിജയം തിരിച്ചറിവുകളെ മനസ്സിലാക്കാത്ത സാഹചര്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു..

മലയാളസിനിമയിലെ പുതിയ തലമുറയെ എങ്ങനെയാണ് വിലയിരുത്തുന്നത്?


ഒരുപാട് കഥകള്‍ കേള്‍ക്കുന്ന ആളാണ് ഞാന്‍.. ജൂനിയര്‍-സീനിയര്‍ വേര്‍തിരിവില്ലാതെയാണ് കഥ കേള്‍ക്കാറുള്ളത്. ചില സിനിമകള്‍ വിജയിക്കുമെന്ന് സ്വയം വിലയിരുത്താറുണ്ട്. അതേസമയം അബദ്ധം പറ്റിയ സിനിമകളുമുണ്ട്.

കാരണം കഥ പറയുമ്പോഴുള്ള പുതുമയും ആവേശവുമൊന്നും സംവിധാനം ചെയ്ത് വരുമ്പോള്‍ കാണാറില്ല. യഥാര്‍ത്ഥത്തില്‍ സംവിധാനം നല്ലൊരു കലയാണ്.

മിടുക്കരായ സംവിധായകര്‍ക്ക് നല്ല കഥയെ മികവാര്‍ന്ന സിനിമയാക്കാന്‍ അറിയാം. മലയാളത്തിലെ പുതു തലമുറയിലെ സംവിധായകരും ക്യാമറാമാന്‍മാരും ഉള്‍പ്പെടെയുള്ള ടെക്‌നീഷ്യന്മാര്‍ പ്രതിഭയുള്ളവരാണ്.. അതോടൊപ്പം പ്രേക്ഷകരും അപ്ടുഡേറ്റാണ്

കഴിഞ്ഞ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രേക്ഷകര്‍ കൂട്ടത്തോടെ തിയേറ്ററുകളിലെത്തി സിനിമ കാണുന്ന കാലമാണിത്?


ഇതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. കേരളത്തില്‍ ഇപ്പോള്‍ തിയേറ്ററുകള്‍ വളരുകയാണ്. തിയേറ്ററുകള്‍ അടച്ചുപൂട്ടി കല്യാണമണ്ഡപങ്ങളാക്കിയ കാലം കഴിഞ്ഞു. ഗ്രാമീണ മേഖലകളില്‍ പോലും ആധുനിക സൗകര്യങ്ങളുള്ള തിയേറ്ററുകള്‍ ഉണ്ടാവുന്നു. മള്‍ട്ടിപ്ലസ് തിയേറ്ററുകള്‍ സജീവമാണ്.

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന നല്ല സിനിമകള്‍ മലയാളത്തില്‍ പിറവിയെടുക്കുന്ന കാലമാണിത്. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ സിനിമകള്‍ കാണാന്‍ തിയേറ്ററിലേക്ക് ഒഴുകിയെത്തുകയാണ്..

പൃഥ്വിരാജും കലാഭവന്‍ ഷാജോണും പിഷാരടിയും സംവിധാനരംഗത്തേക്ക് തിരിഞ്ഞു. ജയസൂര്യയും സംവിധാന ശാഖയിലേക്ക് കടന്നു വരുമോ?


പൃഥ്വിരാജും പിഷാരടിയും ഷാജോണും എന്റെ സുഹൃത്തുക്കള്‍ തന്നെയാണ്. കഥയെഴുതി സംവിധാനം ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഒരു സിനിമ സംവിധാനം ചെയ്യണമെങ്കില്‍ ഒരു വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ വേണ്ടിവരും. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമ സംവിധാനം ചെയ്യുന്ന കാര്യം ഞാന്‍ ചിന്തിച്ചിട്ടേയില്ല. ഇപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി അഭിനയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്..

ഇനി ചെയ്യാന്‍ പോകുന്ന പുതിയ സിനിമകളെക്കുറിച്ച് സൂചിപ്പിക്കാമോ?


പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന് ശേഷം ഞാന്‍ ജോയിന്‍ ചെയ്യാന്‍ പോകുന്നത് വലിയ ക്യാന്‍വാസില്‍ രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശ്ശൂര്‍ പൂരമാണ്.

സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ഈ ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിനുവേണ്ടി വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്റെ അടുത്ത സുഹൃത്ത് കൂടിയായ വിജയ് ബാബുവിന്റെ കൂടെ മങ്കിപെന്‍, ആട് ഒരു ഭീകര ജീവിയാണ് എന്ന് ചിത്രങ്ങളില്‍ സഹകരിച്ചിട്ടുണ്ട്.

Interview with actor Jayasurya

തൃശ്ശൂര്‍ പൂരത്തില്‍ റൗണ്ട് ജയന്‍ എന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. റൗണ്ട് ജയന്‍ പഴയ ഗുണ്ടയാണ്. ഒരു പ്രശ്‌നത്തില്‍ റൗണ്ട് ജയന്‍ ഉള്‍പ്പെടുകയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് തൃശൂര്‍ പൂരത്തിന്റെ ഇതിവൃത്തം..

തൃശ്ശൂര്‍ പൂരത്തിന് ശേഷം ക്യാപ്റ്റന്റെ സംവിധായകന്‍ പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം എന്ന ചിത്രത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്. ഇതിനുശേഷമാവും വിജയ് ബാബുവിന്റെ സത്യന്‍ ചിത്രം.

ജയസൂര്യയുടെ ചിത്രങ്ങളിലെ കോസ്റ്റിയൂം ഡിസൈനര്‍ കൂടിയായ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തെക്കുറിച്ച്?
എന്റെ എല്ലാ സിനിമകളുടെയും കോസ്റ്റിയൂം ഡിസൈനര്‍ ഭാര്യയാണ്. പുതിയ ചിത്രമായ തൃശ്ശൂര്‍ പൂരത്തിലെയും എന്റെ കോസ്റ്റിയൂം ഡിസൈന്‍ ചെയ്യുന്നത് ഭാര്യയാണ്...

സ്‌ക്രിപ്റ്റ് പൂര്‍ണ്ണമായും വായിച്ചശേഷം ക്യാരക്ടറിന്റെ പ്രത്യേകതകളനുസരിച്ചാണ് കോസ്റ്റിയൂം നിര്‍ണയിക്കുന്നത്. 85 സീന്‍ ഉണ്ടെങ്കില്‍ 85 കോസ്റ്റിയൂം മാര്‍ക്ക് ചെയ്യുന്നത് ഭാര്യയാണ്. ഭാര്യ എന്നതിനേക്കാളുപരി നല്ലൊരു സുഹൃത്തുകൂടിയാണ്.

മകന്‍ അദ്വൈത് എന്ന ആദി എറണാകുളം ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. മകള്‍ വേദ ഇതേ സ്‌കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു.. മകന്‍ ആദിക്ക് സംവിധാനത്തിലാണ് താല്പര്യം.

ആദി ഷൂട്ട് ചെയ്ത് എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിച്ച കളര്‍ഫുള്‍ ഹാന്‍ഡ്‌സ് എന്ന ഷോര്‍ട്ട് ഫിലിം അമേരിക്കയിലെ ഒറിലാന്റ് ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയിരുന്നു.

എം.എസ്. ദാസ് മാട്ടുമന്ത
രതീഷ് കരിമ്പനക്കല്‍, വിഷ്ണു എസ് രാജന്‍

Ads by Google
Ads by Google
Loading...
TRENDING NOW